കായംകുളം ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി വാഗീശാനന്ദയുമൊത്താണ് ജനുവരി 28-ന് സ്വാമി സദ്‌ഭവാനന്ദ യാത്ര പുറപ്പെട്ടത്. ആദ്യമെത്തിയത് കാശിയിൽ. അവിടെ രണ്ടുദിവസം താമസിച്ച് വിശ്വനാഥക്ഷേത്രത്തിൽ ദർശനം നടത്തി. ശേഷം പ്രയാഗിലേക്ക്. സർക്കാർ ബസിനേക്കാളും വേഗത്തിൽ മനസ്സ് ആ മഹാതീർഥത്തിലേക്ക് കുതിച്ചു. ദേവഭൂമിയിൽ എത്തുന്നതിന്റെ ലക്ഷണങ്ങളായി ടെൻഡുകൾ കണ്ടുതുടങ്ങി. ആ കണ്ട പതിനായിരക്കണക്കിനു ടെൻഡുകളിൽ ഒരെണ്ണം തനിക്കും താമസിക്കാനുള്ളതാണെന്ന ചിന്ത സ്വാമിയെ സന്തോഷവാനാക്കി.

ബസിറങ്ങിയ ശേഷം പ്രയാഗിലെ ശ്രീരാമകൃഷ്ണാശ്രമത്തിലേക്കാണ് ചെന്നത്. അവിടെ ഭക്ഷണം കഴിച്ച് അനുവദിച്ചിരിക്കുന്ന ടെൻഡിലേക്ക് പോയി. 30 സ്വാമിമാർക്കുള്ള സൗകര്യങ്ങളാണ് ആ ടെൻഡിൽ. ടാർപോളിൻ, തുണി എന്നിവകൊണ്ടുണ്ടാക്കിയ ടെൻഡ്‌ ഏറെ തൃപ്തി ഉണ്ടാക്കി. വൃത്തിയുടെ കാര്യത്തിലും ഏറെ മുന്നിൽ.

ചെന്നിറങ്ങിയപ്പോൾ മുതൽ ശ്രദ്ധിച്ച ഒരു കാര്യം വൃത്തിയെക്കുറിച്ചായിരുന്നു. ലക്ഷക്കണക്കിന് ആൾക്കാർ വരുന്ന സ്ഥലത്ത് ശുചിത്വത്തിന്റെ കാര്യത്തിൽ സർക്കാരുകൾ മുന്തിയ പരിഗണന നൽകിയിരുന്നു. മുമ്പ് നടന്ന മേളകളിൽനിന്ന് ഇത്തവണത്തേതിനെ വ്യത്യസ്തമാക്കുന്നത് നല്ല ശുചിത്വസംവിധാനങ്ങളാണെന്ന് സ്വാമിമാരുമായുള്ള സംസാരത്തിൽ നിന്ന് മനസ്സിലായി.

പതിനായിരങ്ങളിൽ ഒരുവനായി

ഫെബ്രുവരി ഒന്നിനാണ് പ്രയാഗിലെത്തിയത്. പിറ്റേന്ന് പുലർച്ചെ മൂന്നു മണിക്ക് എഴുന്നേറ്റു. രാത്രിയിലെ എല്ലുതുളയ്ക്കുന്ന തണുപ്പിനെ രോമക്കുപ്പായങ്ങൾകൊണ്ട് അതിജീവിച്ചു. മൂന്നരയോടെ എല്ലാ സ്വാമിമാരും സ്‌നാനത്തിനു പോകാൻ തയ്യാറായി.

ടെൻഡ്‌ നിൽക്കുന്നിടത്തുനിന്ന് മൂന്നു കിലോമീറ്റർ അകലെയാണ് സ്‌നാനഘട്ട്‌. നടന്നാണ് യാത്ര. തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ വേണ്ടെന്ന് ഉപദേശം കിട്ടി. കാവിവേഷത്തിൽ സന്ന്യാസിസംഘത്തിനൊപ്പം പുറപ്പെട്ടു. മൂന്നു കിലോമീറ്റർ നടന്നപ്പോഴേക്കും തണുപ്പ് വഴിമാറി. ത്രിവേണി സംഗമത്തിലേക്കിറങ്ങി. പതിനായിരങ്ങളിലൊരുവനായി സദ്ഭവാനന്ദയും മുങ്ങിനിവർന്നു മൂന്നുവട്ടം. 

നിറഞ്ഞ ഭക്തിമാത്രമാണ് മനസ്സിൽ. ആരും ആരേയും ശ്രദ്ധിക്കാതെ തെളിനീരിലേക്ക് ഇറങ്ങുന്ന കാഴ്ചമാത്രം. നഗ്നരായ നാഗസന്ന്യാസിമാരും സ്ത്രീകളും ഒക്കെ സ്‌നാനത്തിനുണ്ടാവും. ഈ സ്‌നാനഘട്ടത്തിൽ ഓരോ ഭക്തനിലും ലൗകികതയെക്കാൾ ആത്മീയതയാണ് മുന്നിൽ നിൽക്കുക.

മൗനി അമാവാസി

കുംഭമേളയിൽ അതിപ്രധാനമായ വിശേഷ ദിവസങ്ങളിലൊന്നാണ് മൗനി അമാവാസി. അതിൽ ഒരു ദിവസം സദ്ഭവാനന്ദ പ്രയാഗിലുണ്ടായിരുന്നു. വലിയ തിരക്കുള്ള ദിവസം. രാവിലെ മൂന്നരയോടെ സ്‌നാനഘട്ടിലേക്ക് നടന്നുതുടങ്ങി.

മൗനി അമാവാസി ദിവസം നാഗസന്ന്യാസിമാരുടെ സ്‌നാനം കഴിഞ്ഞശേഷമേ മറ്റുള്ളവരെ അനുവദിക്കൂ. സദ്ഭവാനന്ദയും സംഘവും നടക്കുന്നതിന്റെ തൊട്ടു മുന്നിലായിട്ടായിരുന്നു നാഗസന്ന്യാസിമാരുടെ സംഘം. നൂറുകണക്കിനു നാഗസന്ന്യാസിമാർ അതിലുണ്ട്.

നാഗസന്ന്യാസിമാർ

കുംഭമേളകളിലെ സ്ഥിരസാന്നിധ്യമാണ് നാഗസന്ന്യാസിമാർ. ഹിമാലയമാണ് വാസസ്ഥലം. വസ്ത്രം ഉപേക്ഷിച്ച ഈ സന്ന്യാസിമാരെ മറ്റുള്ളവർ വേറൊരു ദൃഷ്ടിയിൽ കാണാറില്ലെന്ന് സ്വാമി പറയുന്നു. ലൗകികസുഖങ്ങൾ പൂർണമായും വെടിഞ്ഞ് ആത്മീയപാതയിലായ ഇവരോട്‌ ബഹുമാനം തോന്നും.

സദ്ഭവാനന്ദയ്ക്ക് ഏതാനും നാഗസന്ന്യാസിമാരെ പരിചയപ്പെടാൻ അവസരമുണ്ടായി.

ഒരുദിവസം ടെന്റിൽനിന്ന് സന്ധ്യയ്ക്ക് നടക്കാനിറങ്ങി. വഴിയോരത്ത് ഒരു നാഗസന്ന്യാസിയുടെ ടെന്റുകണ്ട് അല്പനേരം നിന്നു. പ്രായംചെന്ന സന്ന്യാസിയാണ്. ടെന്റിനു മുന്നിൽ കത്തുന്ന ഹോമകുണ്ഡം. സന്ന്യാസിയുടെ ദേഹം മുഴുവൻ ഭസ്മം. കിലോക്കണക്കിന് രുദ്രാക്ഷവുമുണ്ട്. കണ്ണുകളിൽ നല്ല തിളക്കം. സദ്ഭവാനന്ദ അല്പം ഭീതിയോടെയാണ് ടെന്റിനുമുന്നിൽ നിന്നത്. അവിടെനിന്ന് ഒന്നു പ്രണമിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട നാഗസന്ന്യാസി ഇദ്ദേഹത്തെ അടുത്തേക്കു വിളിച്ചു. ടെന്റിലേക്ക് കയറിച്ചെന്നപ്പോൾ അടുത്തിരിക്കാൻ പറഞ്ഞു. തോളിൽ കൈവെച്ച് അനുഗ്രഹിച്ചു. കിടക്കാനുള്ള ഒരു പായ മാത്രമേ ആ ടെന്റിനുള്ളിൽ കാണാനുണ്ടായിരുന്നുള്ളൂ.

ഈ സന്ന്യാസിയുടെ രൗദ്രഭാവം കാഴ്ചയിൽ മാത്രമേയുള്ളൂവെന്ന്‌ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ആ കൂടിക്കാഴ്ച. എങ്കിലും അദ്ദേഹത്തോട് ഒന്നും ചോദിച്ചില്ല. പൂർണമായും മാറാത്ത ഒരുപേടി എവിടെയോ ഉള്ളതുപോലൊരു തോന്നലിലായിരിക്കാം അത്.

സന്ന്യാസിയെ കണ്ടതോടെ മനസ്സ് ഒന്നു ശക്തമായി. മറ്റൊരു ടെന്റിൽ കയറി. അവിടെയുണ്ടായിരുന്ന സന്ന്യാസിയുടെ കൈയിൽ വലിയൊരു മയിൽപ്പീലിക്കെട്ടുണ്ടായിരുന്നു. അത് സദ്ഭവാനന്ദയുടെ ശിരസിൽ വെച്ച് അനുഗ്രഹിച്ചു. മറ്റൊരു സന്ന്യാസിയാണ് അല്പമെങ്കിലും സംസാരിക്കാൻ തയ്യാറായത്. ഇംഗ്ലീഷിലായിരുന്നു സംസാരം.

കേരളത്തിൽനിന്നാണെന്നു പറഞ്ഞെങ്കിലും പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നും കണ്ടില്ല. താൻ ഹരിദ്വാറിൽനിന്ന് വരുന്നു എന്നായിരുന്നു ആ സന്ന്യസിയുടെ മറുപടി. നാഗസന്ന്യാസിമാരിൽ നല്ല വിദ്യാഭ്യാസമുള്ളവർ ധാരാളമുണ്ടെന്ന വിവരം അദ്ദേഹം പങ്കുവെച്ചു. ഐ.എ.എസ്.ഉപേക്ഷിച്ചവരും ഡോക്ടർമാരും തങ്ങൾക്കിടയിലുണ്ടെന്നും സന്ന്യാസി പറഞ്ഞു. ചില സന്ന്യാസിമാർ വഴിയരികിൽ അഭ്യാസപ്രകടനങ്ങൾ കാണിക്കുന്നതും കാണാൻ കഴിഞ്ഞു.

സ്വീകരണവും കിട്ടി

സ്വാമിമാരെ ക്ഷണിച്ച് സദ്യകൊടുക്കുന്ന ഒരു രീതി കുംഭമേളയ്ക്കിടെ ഉണ്ട്. അത്തരം രണ്ടു സ്വീകരണങ്ങളിൽ പങ്കെടുക്കാനും സ്വാമിക്കു കഴിഞ്ഞു. ആദ്യത്തേത് ഒരു ആശ്രമത്തിലായിരുന്നു. 1500 സ്വാമിമാരെയാണ് അന്ന് ക്ഷണിച്ചിരുന്നത്. വിഭവസമൃദ്ധമായ സദ്യ കഴിഞ്ഞപ്പോൾ 500 രൂപ വീതം എല്ലാ സ്വാമിമാർക്കും ദക്ഷിണയും നൽകി. മറ്റൊരു സ്വീകരണം നടന്ന ആശ്രമത്തിൽ ചെന്നപ്പോൾ അവിടെ ശ്രീശ്രീ രവിശങ്കറുണ്ടായിരുന്നു.

മടക്കം കാൺപുർ വഴി

പ്രയാഗിൽനിന്ന് ട്രെയിൻമാർഗം കാൺപുരിലേക്കാണ് പോയത്. അവിടത്തെ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ അധിപൻ, സദ്ഭവാനന്ദയ്‌ക്കൊപ്പം സന്ന്യാസം സ്വീകരിച്ച സ്വാമി ആത്മശ്രദ്ധാനന്ദയാണ്. വേദാന്തകേസരി എന്ന മാസികയുടെ എഡിറ്ററായിരുന്നു അദ്ദേഹം. ശ്രീരാമകൃഷ്ണാശ്രമത്തിന്റെ മലയാളം മാസികയായ 'പ്രബുദ്ധകേരള'ത്തിന്റെ എഡിറ്ററാണ് സദ്ഭവാനന്ദ.

കാൺപുർ ആശ്രമത്തിൽ രണ്ടുദിവസത്തെ താമസത്തിനിടെ ബിട്ടൂർ എന്ന സ്ഥലത്തുള്ള വാല്‌മീകിക്ഷേത്രവും സന്ദർശിച്ചു. ലവ-കുശൻമാർ ജനിച്ച സ്ഥലം എന്നതാണ് ഈ സ്ഥലത്തിന്റെ ഐതിഹ്യപ്രാധാന്യം.

Content Highlights: Kumbhmela, Hindu Festival