ത്സവവുമായി വൃശ്ചികം എത്തിയിരിക്കുന്നു. ഇനി എടവം വരെ വാദ്യഘോഷങ്ങളുടെ ആരവം. ഇത് മലയാളത്തിന്റെ രാപ്പകല്‍ ഭേദമില്ലാത്ത ഉത്സവകാലം. കേരളത്തിലങ്ങോളമിങ്ങോളമുള്ള കാവുകളിലും ക്ഷേത്രങ്ങളിലും പള്ളികളിലും ആഘോഷങ്ങള്‍ നിറയുന്ന സമയം. പൂരങ്ങള്‍, വേലകള്‍, താലപ്പൊലികള്‍, കെട്ടുകാഴ്ചകള്‍, നേര്‍ച്ചകള്‍, തിരുനാളുകള്‍ ഇങ്ങനെ നീളുന്നു ആഘോഷങ്ങളുടെ പൊലിമ.

ഉത്സവകാലത്ത് കര്‍മ്മനിരതരാകുന്ന മനുഷ്യര്‍ ഏറെയുണ്ട്. തട്ടുകെട്ടി വിളക്കു തൂക്കി കാവലിരിക്കുന്ന കുപ്പിവളക്കാരനും, വര്‍ണ്ണ സ്വപ്നങ്ങള്‍ ഊതിവീര്‍പ്പിച്ച് വില്‍പ്പനക്കെത്തുന്ന ബലൂണ്‍കാരനും, കൊട്ടിക്കയറി കൈയ്യടിവാങ്ങുന്ന ചെണ്ടക്കാരനും, കഴുത്തിലെ ഞരമ്പ് വീര്‍പ്പിച്ച് കുഴലൂതുന്ന കൊമ്പുകാരനും, നിരന്നു നിന്ന് താളമിടുന്നവരും, ഉറഞ്ഞു തുള്ളുന്ന കോമരത്തിനും, നിലകളുള്ള പന്തല്‍ തീര്‍ക്കുന്ന പന്തല്‍ക്കാരനും, കണ്ണഞ്ചിപ്പിക്കുന്ന ദീപാലങ്കാരങ്ങളൊരുക്കുന്ന മൈക്ക് സെറ്റുകാരനും, ആകാശത്ത് വര്‍ണ്ണ വിസ്മയമൊരുക്കുന്ന വെടിക്കെട്ട് കാരനും, മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ച് ചീട്ടു നിരത്തികൊണ്ടിരിക്കുന്ന കൈനോട്ടക്കാരിക്കും, പട്ടയേന്തി പകലുകള്‍ താണ്ടി പോകുന്ന ആനക്ക് കൂട്ടുപോകുന്ന ആനക്കാരനും ഉത്സവം ജീവിതം തന്നെയാണ്.

മലമുകളില്‍ നാറാണത്തു ഭ്രാന്തന് ദേവി ദര്‍ശനം നല്‍കിയതിന്റെ ഓര്‍മ്മപുതുക്കലായി കരുതുന്ന രായിരനല്ലൂര്‍ മലകയറ്റം തുലാം ഒന്നിനാണ്. പട്ടാമ്പി വളാഞ്ചേരി റൂട്ടിലെ കൊപ്പം എന്ന സ്ഥലത്താണ് രായിരനല്ലൂര്‍ മല .പാലക്കാട് കല്പാത്തി രഥോത്സവം,മണ്ണാറശാല ആയില്യം,തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ട് ഉത്സവങ്ങളില്‍ ഒന്ന് എന്നിവ തുലാം മാസത്തിലാണെങ്കിലും യഥാര്‍ത്ഥ ഉത്സവ സീസണ്‍ തുടങ്ങുന്നത് വൃശ്ചികമാസം പിറക്കുന്നതോടെയാണ്.

വൃശ്ചികം

വൃശ്്ചികമാസത്തില്‍ മണ്ഡലകാലം പിറക്കുന്നതോടെ അയ്യപ്പന്‍വിളക്കുകളും ദേശവിളക്കുകളും ചിറപ്പ് മഹോത്സവങ്ങളും തുടങ്ങുകയായി. മധ്യകേരളത്തിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രാത്സവത്തോടെയാണ്. വൃശ്ചികം ഒന്നു മുതല്‍ അങ്ങാടിപ്പുറം തിരുമാന്ദാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും തുടങ്ങും. ഓച്ചിറവിളക്ക് വൃശ്ചികം ഒന്നു മുതലാണ്.12 ദിവസം നീണ്ടു നില്‍ക്കുന്ന ഓച്ചിറ വിളക്കില്‍ ഭക്തര്‍ ക്ഷേത്രത്തില്‍ തന്നെ കുടില്‍കെട്ടി ഭജനമിരിക്കും. വൈക്കം ക്ഷേത്രത്തിലെ അഷ്ടമിവിളക്ക്,ഗുരുവായൂരിലെ  ഏകാദശി എന്നിവയും വൃശ്ചികത്തിലാണ്.ശ്രീകൃഷ്ണ്‍ അര്‍ജ്ജുനന് ഗീത ഉപദേശിച്ചുകൊടുത്ത ദിവസമാണത്രെ ഉത്ഥാന ഏകാദശി. വൃശ്ചികമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണ് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ പ്രധാനം. പിടിയാന തിടമ്പേറ്റുന്ന പെരുമ്പാവൂര്‍ മേത്തല കല്ലില്‍ ഭഗവതിക്ഷേത്ര ഉത്സവവും ഇടിതൊഴല്‍ വഴിപാടും കോട്ടയം കൂമാരനെല്ലൂര്‍ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക,കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്റെ ഉത്സവം,ചക്കുളത്ത്കാവ് പൊങ്കാല,കാടാമ്പുഴ പ്രതിഷ്ഠാ ദിനം എന്നിവയും വൃശ്ചികത്തിലാണ്

ധനു

ധനുമാസത്തിലെ പത്താമുദയം,തിരുവാതിര എന്നീ ദിവസങ്ങളിലെ ആഘോഷങ്ങള്‍ പ്രധാനമാണ്. ഇതില്‍ പ്രധാനം പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ പാര്‍വ്വതി ദേവിയുടെ നടതുറപ്പ് മഹോത്സവമാണ്. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിലും നെല്ലുവായ് ധന്വന്തരീ മൂര്‍ത്തി ക്ഷേത്രത്തിലും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ  ക്ഷേത്രത്തിലും സ്വര്‍ഗ്ഗവാതില്‍ ഏകാദശി,ശുചീന്ദ്രത്ത് തേരോട്ടം,ഷൊര്‍ണ്ണൂര്‍ കൊളപ്പുള്ളി അയ്യപ്പന്‍കോവില്‍ കെട്ടുത്സവം,നിലമ്പൂരില്‍ വലിയകളംപാട്ടുത്സവം ,ആറന്മൂള പാര്‍ത്ഥസാരഥി ക്ഷേത്രം കൊടിയേറ്റ്, മാവേലിക്കര കണ്ടിയൂര്‍ ശിവക്ഷേത്രം,കവിയൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവം എന്നിവയും ധനുമാസത്തിലാണ്. വിവിധ പള്ളികളിലെ ക്രിസ്മസ്സ് ആഘോഷങ്ങളും ധനുമാസത്തിലാണ്.

മകരം

മകരം പിറന്നാല്‍ മകരം ഒന്ന്, മകരചൊവ്വ, മകരം പത്ത്, മകരം ഇരുപത്തെട്ട് ഉച്ചാല്‍ എന്നിങ്ങനെ അഘോഷങ്ങള്‍ തുടങ്ങും. സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ തൈപ്പുയങ്ങളും ഷഷ്ഠിമഹോത്സവങ്ങളും ഇക്കാലത്താണ്. മകരം ഒന്നു മുതല്‍ കൊടുങ്ങല്ലൂര്‍ താലപ്പൊലി, അമ്പലപ്പുഴ ക്ഷേത്രത്തില്‍ പന്ത്രണ്ടു കളഭം, മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രഥോത്സവം, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവം, ചേര്‍പ്പുളശ്ശേരി ഉത്തനാക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കാളവേല, കീഴൂര്‍ കാളിക്കാവ് പൂരം,കറുകപുത്തൂര്‍ പള്ളി നേര്‍ച്ച എന്നിവയും മകരമാസത്തിലാണ്. പ്രശസ്തമായ മണത്തല ചന്ദനക്കുടം നേര്‍ച്ച മകരത്തിലാണ്.

കുംഭം

മധ്യകേരളത്തിലെ ഉത്സവപറമ്പുകള്‍ സജീവമാകുന്നത് കുംഭമാസത്തിലാണ്. ഇതില്‍ പ്രധാനം ഭരണിനാളിലെ പതിനെട്ടരക്കാവുകളിലെ വേലയാണ്. മച്ചാട്ടുമാമാങ്കം എന്ന പേരില്‍ പ്രസിദ്ധമായ തിരുവാണിക്കാവ് വേലയും കുംഭത്തിലാണ്. ആനകള്‍ക്കു പകരം കെട്ടുകുതിരകളെയാണ് ഇവിടെ എഴുന്നള്ളിക്കുന്നത്.

മച്ചാട്ടു വേലയുടെ എട്ടാംദിവസം ഉത്രാളിക്കാവ് പൂരം. മൂന്നുദേശക്കാര്‍ മത്സരിച്ചു നടത്തുന്ന ആഘോഷമാണിത്. പ്രസിദ്ധമാണ് ചെട്ടികുളങ്ങര കുംഭഭരണി. ഇതോടൊപ്പം കുത്തിയോട്ടവും കെട്ടുകാഴ്ചയും നടക്കും. ഗുരുവായൂര്‍ ഉത്സവ കൊടിയേറ്റം കുംഭത്തിലെ പൂയം നക്ഷത്രത്തിലാണ്. വില്വമംഗലം സ്വാമിയാര്‍ക്ക് ദേവീ ദര്‍ശനം നല്‍കിയ ഓര്‍മ്മയില്‍ ചോറ്റാനിക്കര മകം തൊഴല്‍ നടക്കും. ഏറ്റുമാനൂരിലെ ഏഴരപൊന്നാന ദര്‍ശനവും, ചരിത്രമെഴുതിയ ചിറ്റൂരിലെ കൊങ്ങന്‍പട ഉത്സവവും, ഏഴംകുളം തൂക്കവും, ചിനക്കത്തൂര്‍ പൂരവും, ആറ്റുകാല്‍ പൊങ്കാലയും കുംഭത്തിലെ പ്രസിദ്ധമായ ഉത്സവങ്ങളാണ്. പള്ളിപെരുന്നാളുകളുടെ കാലം കൂടിയാണ് കുംഭം.

മീനം

പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ഭരണി മീനമാസത്തിലാണ്. കോഴിക്കല്ലുമൂടല്‍, കോമരക്കൂട്ടത്തിന്റെ വരവ്, പാലക്കവേലന്റെ വരവ്, കാവുതീണ്ടല്‍ എന്നിവയെല്ലാം ഇതോടൊപ്പം നടക്കുന്നു. ശബരിമല ഉത്സവം മീനം ഒന്‍പതിനു കൊടിയേറി 18 ന് സമാപിക്കും. നെന്മാറ വല്ലങ്കിവേലയും ഇതേ കാലയളവിലാണ്. ഭരണികഴിഞ്ഞ് പത്താം നാളില്‍ ആറാട്ടുപുഴ പൂരം എന്ന ദേവമേള. തൃപ്രയാര്‍ തേവരാണ് മേളയ്ക്ക് നടുനായകത്വം വഹിക്കുന്നത്. കൊല്ലം ഉമയനെല്ലൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആനവാല്‍പ്പിടുത്തം മീനത്തിലെ അശ്വതി നാളിലാണ്. പറശ്ശിനിക്കടവ് മടപ്പുരയിലെ പ്രസിദ്ധമായ മീനമാസത്തിലെ കൂട്ടക്കളിയാട്ട ദിനവും നീനത്തിലാണ്.

വടകര ലോകനാര്‍ക്കാവിലെ എട്ടുദിവസം ഉത്സവത്തിന് മീനത്തിലെ പൂരം നാളില്‍ ആറാട്ട്.ചേര്‍ത്തല കാര്‍ത്യായനി ക്ഷേത്രം,കോട്ടയം തിരുനക്കര 
മഹാദേവ ക്ഷേത്രം,നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവും, പുരുഷന്‍മാര്‍ പെണ്‍വേഷം കെട്ടി വിളക്കെടുക്കുന്ന ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കും, കൊല്ലങ്കോട് വട്ടവിള ഭദ്രകാളി ക്ഷേത്രത്തിലെ തൂക്കവും മീനമാസത്തിലാണ്.

Thrissur Pooramമേടം

സൂര്യഗ്രഹണ സമയത്ത് പൂജനടത്തുന്ന ക്ഷേത്രമായ കോട്ടയം തിരുവാര്‍പ്പ്  ക്ഷേത്ര ഉത്സവം മേടത്തിലാണ്. പ്രശസ്തമായ തൃശ്ശൂര്‍ പൂരം മേടമാസത്തില്‍ നടക്കും. പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാരുടെ എഴുന്നള്ളത്തും, മഠത്തില്‍വരവും, ഇലഞ്ഞിത്തറമേളവും, തെക്കോട്ടിറക്കവും,കുടമാറ്റവുമൊക്കെ തൃശ്ശൂര്‍ പൂരത്തിന് മാറ്റുകൂട്ടുന്നു. തൃശ്ശൂര്‍ പൂരത്തിന്റെ പിറ്റേദിവസം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവം കൊടിയേറും.പഞ്ചാരിയുടെ ഉത്സവമാണ് കൂടല്‍മാണിക്യം ഉത്സവം .എട്ടുദിവസത്തെ കഥകളി ഇവിടെ പ്രത്യേകതയാണ്. വലിയവിളക്ക് ദിവസം കഥ ശ്രീരാമ പചട്ടാഭിഷേകം. കൊല്ലങ്കോട് കാച്ചാംകുറിച്ചി പെരുമാള്‍ വിഷ്ണു ക്ഷേത്രോത്സവം, കൊട്ടാരക്കര മണികണ്ഠ ക്ഷേത്രോത്സവം, താണിക്കുടം ക്ഷേത്രത്തിലെ വിഷു സംക്രമ വേല,മേടം വരെ നീളുന്ന മലബാറിലെ തെയ്യം,തിറ വരവ് എന്നിവയും പ്രധാനമാണ്. കടമനിട്ട വലിയ പടയണി,കാട്ടകാമ്പാല്‍ ഭഗവതി പൂരം,തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി, ഇടപ്പള്ളി പെരുനാള്‍ എന്നിവയും മേടമാസത്തിലാണ്.

എടവം മുതല്‍ കന്നിവരെ

എടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി മാസങ്ങളില്‍ പൊതുവായി ഉത്സവാഘോഷങ്ങള്‍ കുറവാണ്. എടവമാസത്തിലെ ചോതി നാള്‍ മുതല്‍ മിഥുനമാസത്തിലെ ചിത്തിര നാള്‍ വരെയുള്ള 28 ദിവസങ്ങളിലാണ് കൊട്ടിയൂരെ വൈശാഖ മഹോത്സവം. കണ്ണൂര്‍ ബാബലി പുഴയുടെ ഇരുകരകളിലായാണ് അക്കരെകൊട്ടിയൂരും ഇക്കരെ കൊട്ടിയുരും സ്ഥിതിചെയ്യുന്നത്. ദക്ഷന്റെ യാഗഭൂമി സ്ഥിതി ചെയ്യുന്നത് അക്കരെ കൊട്ടിയൂരിലാണെന്നാണ് വിശ്വാസം.

കര്‍ക്കിടകം ഒന്നാംതീയതി തൃശ്ശൂര്‍ വടക്കുംനാഥനിലെ ആനയൂട്ട് പ്രസിദ്ധമാണ്.കര്‍ക്കിടകത്തിലെ പ്രസിദ്ധമായ നാലമ്പല ദര്‍ശനം(തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം,കൂടല്‍മാണിക്യം ഭരത ക്ഷേത്രം, മൂഴിക്കുളം ലഷ്മണ ക്ഷേത്രം,പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം)വിശേഷമാണ്. ചിങ്ങം പിറന്നാല്‍ വള്ളംകളിയുടെ നാളുകള്‍. തിരുവോണ ദിവസം ആറന്മുള പ്രാര്‍ത്ഥസാരഥി ക്ഷേത്ത്രില്‍ തിരുവോണ സദ്യ.കന്നിമാസത്തിലെ ആയില്യം നാളിലാണ് കായംകുളം വെട്ടിക്കോട്ട് നാഗരാജക്ഷേത്രത്തിലെ ആയില്യം പൂജ.

ആഘോഷങ്ങളില്ലാത്ത ഒരു ഗ്രാമം പോലും കേരളത്തിലുണ്ടാവില്ല. ഓരോ ആഘോഷവും ആ ഗ്രാമത്തിന്റെ തനത് ദേശീയോത്സവമാണ്. അമ്പലത്തിലെ ഉത്സവത്തിനും പള്ളിയിലെ പെരുന്നാളിനും മോസ്‌ക്കിലെ ചന്ദനക്കുടത്തിനും ഗ്രാമീണരെല്ലാവരും സാഹോദര്യത്തോടെ പങ്കെടുക്കുന്നു എന്നത് പരസ്പര സ്നേഹത്തിന്റേയും ഐക്യത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റേയും മുഖമുദ്രയായി വിശേഷിപ്പിക്കാം.

Content Highlights: Kerala religious festivals, Hindu, Muslim, Christian