ക്താ, മുത്തപ്പനെ കണ്ടു,ല്ലേ..
എന്തെങ്കിലും മുത്തപ്പനോട് വിശേഷിപ്പിക്കാനുണ്ടോ..
സന്ധ്യാനേരത്ത് മുത്തപ്പനെ പ്രാർഥിക്കണം, കേട്ടോ..
എപ്പോഴും മുത്തപ്പൻ വിളിപ്പുറത്തുണ്ടാകും, കേട്ടോ...”

കൈവിരലിൽ തെരുപ്പിടിച്ച് മുത്തപ്പൻ ഉരചെയ്യുമ്പോൾ ഭക്തരുടെ മുഖത്തുനിന്ന്‌ മാഞ്ഞുപോകുന്നത് സങ്കടത്തിന്റെ വേലിയേറ്റത്തിരകൾ. ആപത്തുകൾ തട്ടിയകറ്റുന്ന, വിഷമകാലത്ത് പിരിയാതെ ഒപ്പമുണ്ടാകുന്ന ഇഷ്ടദേവൻ നീട്ടുന്ന തെച്ചിപ്പൂക്കൾ പ്രസാദമായി വാങ്ങിപ്പിരിയുന്ന ഓരോ മുഖത്തുമുണ്ട് നിർവൃതിയുടെ വെട്ടം. മുത്തപ്പനും ഭക്തനും തമ്മിലുള്ള ബന്ധം മറ്റു ദൈവങ്ങളും ഭക്തനുംപോലുള്ളതല്ല. ഭക്തനും മൂർത്തിയും തമ്മിലുള്ള ബന്ധത്തിൽനിന്ന്‌ ഏറെ വ്യത്യസ്തമായ ഒന്നാണത്.

“എല്ലാം അവസാനിച്ചുവെന്ന ഒരുസമയം വരും. അത് തളരാൻ വേണ്ടിയല്ല. പൊരുതാനാണ്. മുത്തപ്പൻ കൂടെയുണ്ട്.... എല്ലാവരും കൈവിട്ടപ്പോൾ മുത്തപ്പൻ കൂടെയുണ്ടെന്ന് മറന്നുപോയോ. ഞാനും കൈവിട്ടെന്നുകരുതിയോ. അങ്ങനെ കൈവിടില്ല മുത്തപ്പൻ....”മുത്തപ്പന്റെ അനുഗ്രഹവർഷം ഏറ്റുവാങ്ങി പടിയിറങ്ങുന്നവരിൽനിന്ന്‌ ഒഴിയുന്നതേയില്ല,താളക്രമത്തിലുള്ള മുത്തപ്പന്റെ വചനങ്ങൾ.

നാനാജാതിമതസ്ഥരായ ഭക്തരും സാധാരണക്കാരുടെ ദൈവമായ മുത്തപ്പനും തമ്മിലൊരു ആത്മബന്ധമുണ്ട്‌. ഇതുകൊണ്ടുതന്നെയാണ് പ്രാദേശികമായി നിരവധി മുത്തപ്പൻ ആരൂഢസ്ഥാനങ്ങൾ ഉയർന്നുവരുന്നതും. കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയുള്ള തീവണ്ടിയാത്രയ്ക്കിടയിൽ ഒരുപ​േക്ഷ റെയിൽവേസ്റ്റേഷനുകളുടെ എണ്ണത്തോളംതന്നെവരും റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങളും.

റെയിൽവേ സ്റ്റേഷൻ വളപ്പിൽ സ്ഥിതിചെയ്യുന്നവയാണ് ഈ ക്ഷേത്രങ്ങൾ. റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും ഇഷ്ടദൈവമാണ് റെയിൽവെ മുത്തപ്പൻ. ബ്രിട്ടീഷ് ഭരണകാലത്തുതന്നെ മലബാറിൽ മുത്തപ്പൻ ക്ഷേത്രങ്ങളുണ്ടായിരുന്നതായി ചരിത്രം പറയുന്നു. റെയിൽ​േവ മുത്തപ്പൻ എന്നു കേൾക്കുമ്പോൾ തന്നെ തെക്കൻ കേരളക്കാർക്ക് കൗതുകമാണ്. മലബാറിലെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് തുടങ്ങിയ മുത്തപ്പൻ ക്ഷേത്രങ്ങൾക്ക് പറയാൻ കഥകളേറെയുണ്ട്.

കേൾക്കാൻ കഥകളേറെ..

കണ്ണൂർ ജില്ലയിലാണ് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ആദ്യമായി മുത്തപ്പൻ ക്ഷേത്രം തുടങ്ങുന്നത്. ചരിത്രത്തിലാദ്യമായി ഒരു സർക്കാർ സ്ഥാപനം ക്ഷേത്രം തുടങ്ങുന്നതിന് തുടക്കമായത് ഇവിടെയാണെന്ന് കരുതാം.ഇതിനു പിറകിലുള്ള ഐതിഹ്യത്തെക്കുറിച്ച് എഴുതപ്പെട്ട രേഖകൾ ഏറെയില്ല. കണ്ണൂരിലെ മുത്തപ്പൻ ക്ഷേത്രം നിർമിക്കുന്നതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച ഒരുകഥ വാമൊഴിയായി നിലനിൽക്കുന്നുണ്ട്. കഥ ഇങ്ങനെ: ബ്രിട്ടീഷ് ആധിപത്യകാലത്ത് സൗത്ത് ഇന്ത്യൻ റെയിൽവേ എന്നായിരുന്നു സതേൺ റെയിൽവേ അറിയപ്പെട്ടിരുന്നത്.

ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക്‌ കൊണ്ടുവന്ന മദ്യം വഴിമധ്യേ നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് അച്ചടക്കനടപടിയുടെ ഭാഗമായി സ്റ്റേഷൻ മാസ്റ്ററെയും ജീവനക്കാരയും പിരിച്ചുവിട്ടു. ദുഃഖവും അപമാനവും സഹിക്കാനാകാതെ ജീവനക്കാർ പറശ്ശിനിക്കടവ് മുത്തപ്പനെ പ്രാർഥിച്ചു.തങ്ങളുടെ നിരപരാധിത്വം തെളിയിച്ചുതരണമെന്നായിരുന്നു പ്രാർഥന. 

ഉദ്ദിഷ്ടകാര്യം നേടിയാൽ റെയിൽവേ സ്റ്റേഷനിൽ മാസത്തിൽ ഒരുതവണ മുത്തപ്പന് പയങ്കുറ്റിവെച്ചുകൊള്ളാമെന്ന് നേർച്ചയും നേർന്നു. പിന്നീട് റെയിൽവേ ഉന്നതോദ്യോഗസ്ഥർ നടത്തിയ വിശദാന്വേഷണത്തിൽ മദ്യം മോഷണം പോയതാണെന്ന് കണ്ടെത്തി. ശിക്ഷാനടപടികൾക്കിരയായവരെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. 

കടുത്ത അപമാനഭാരത്തിൽനിന്ന്‌ രക്ഷിക്കുകയും ജോലി തിരികെനൽകുകയും ചെയ്ത മുത്തപ്പനോടുള്ള ആരാധന റെയിൽവേ സ്റ്റേഷനിൽ വിളക്ക് കൊളുത്തിയാണ് തുടങ്ങിയത്. പിന്നീട് സ്റ്റേഷൻ പരിസരത്തെ മരച്ചുവട്ടിലേക്ക് വിളക്കുവെക്കുന്നത് മാറ്റി. താമസിയാതെ യാത്രക്കാരും പ്രദേശവാസികളും ഇവിടെ ആരാധനയ്ക്കായി എത്തിച്ചേർന്നുതുടങ്ങി.

ഭക്തജനങ്ങളുടെ തിരക്ക്‌ വർധിച്ചതോടെ അടിസ്ഥാനസൗകര്യങ്ങൾ കുറവാണെന്നുകണ്ട് ആരാധന പുതിയ കെട്ടിടത്തിലേക്കു മാറ്റി. ഇതിനുശേഷം ജില്ലയിൽ പലയിടങ്ങളിലുമായി റെയിൽവേ സ്റ്റേഷന് തൊട്ട് മുത്തപ്പൻ ക്ഷേത്രങ്ങൾ ഉയർന്നുതുടങ്ങി.

വളപട്ടണം പാലത്തിന്റെ നിർമാണവേളയിൽ വിഘ്നം നേരിട്ടുവെന്നും പാലം നിർമാണത്തിലേർപ്പെട്ടവർ മുത്തപ്പനെ പ്രാർഥിച്ചുവെന്നും തടസ്സം ഒഴിഞ്ഞുപോയെന്നും മറ്റൊരു വാമൊഴിക്കഥയും പ്രചാരത്തിലുണ്ട്. വിഘ്നം ഒഴിഞ്ഞുപോയതിനെത്തുടർന്ന് മുത്തപ്പനെ വിളക്കുവെച്ച് ആരാധിക്കാൻ തുടങ്ങിയെന്നും പറയപ്പെടുന്നു.

 

muthappan

വടക്കെ മലബാറിലുടനീളം...

റെയിൽവേയുടെ സ്ഥലത്ത് റെയിൽവേ തന്നെയാണ് ക്ഷേത്രങ്ങൾ പണിയിക്കുന്നത്. അതത് സ്റ്റേഷൻമാസ്റ്ററുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല. പല ക്ഷേത്രങ്ങളിലെയും കമ്മിറ്റികളുടെ ഘടനയിലും ചടങ്ങുകളിലും മാറ്റങ്ങളുണ്ട്. ചിലയിടങ്ങളിൽ വിരമിച്ച ജീവനക്കാരെയും നാട്ടുകാരെയും കമ്മിറ്റിയിലുൾപ്പെടുത്തുമെങ്കിലും മറ്റു ചിലയിടങ്ങളിൽ ഈ സമ്പ്രദായം നിലവിലില്ല. ചിലയിടങ്ങളിൽ വെള്ളിയാഴ്ച മാത്രമാണ് വെള്ളാട്ടം കെട്ടിയാടുന്നതെങ്കിൽ മറ്റു ചില സ്ഥലങ്ങളിൽ മറ്റുദിവസങ്ങളിലും വെള്ളാട്ടം കെട്ടാറുണ്ട്. പഴയങ്ങാടിയിലും മറ്റു ചിലയിട ങ്ങളിലും മുത്തപ്പൻ കെട്ടിയാടുമ്പോൾ സ്റ്റേഷൻ സന്ദർശിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഷൊറണ്ണൂർ മുതൽ മംഗളൂരു വരെയുള്ള പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ മിക്കതിലും മുത്തപ്പൻ ക്ഷേത്രങ്ങളുണ്ട്. മംഗളുരു, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, പാപ്പിനിശ്ശേരി, കണ്ണൂർ, മാഹി, വടകര,ഷൊറണൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും മുത്തപ്പൻ ക്ഷേത്രങ്ങളുള്ളത്. 
തലശ്ശേരിയിൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രമില്ലെങ്കിലും പ്രസിദ്ധമായ മേലൂട്ട് മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത് തീവണ്ടിപ്പാളത്തിനു തൊട്ടും സ്റ്റേഷന് ഏറെ അകലെയല്ലാതെയുമാണ്.

റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങൾക്കു പുറമെയാണ് ജയിൽ അധികൃതർ സ്ഥാപിക്കുന്ന ജയിൽ മുത്തപ്പൻ ക്ഷേത്രങ്ങൾ. റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമാനമാണ് ഇവ. കണ്ണൂർ സെൻട്രൽ ജയിലിന് അഭിമുഖമായി പാതയോരത്താണ് ജയിൽ മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജയിൽ അധികൃതർക്കാണ് ഇതിന്റെ മേൽനോട്ടച്ചുമതല.

കണ്ണൂരിൽ ഇങ്ങനെ

റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് ആദ്യം തുടക്കമിട്ട കണ്ണൂരിലെ മുത്തപ്പൻ ക്ഷേത്രത്തിൽ ഇരുപത്തൊന്നംഗ കമ്മിറ്റിക്കാണ് ചുമതല. മൂന്നു വർഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പ്. അഞ്ചംഗ രക്ഷാധികാരി കമ്മിറ്റിയുമുണ്ട്.കെ.കിഷോർ (പ്രസി.), എം.എൻ.വിനേഷ് (സെക്ര.), പി.കെ.ദീപേഷ് (ഖജാ.) എന്നിവരാണ് ഭാരവാഹികൾ. 

എല്ലാ വെള്ളിയാഴ്ചയും ഇവിടെ മുത്തപ്പൻ കെട്ടിയാടുന്നുണ്ട്‌. ഉച്ചയ്ക്കുമുമ്പ് മലയിറക്കത്തോടെ ചടങ്ങുകൾ തുടങ്ങും. തുടർന്ന് അന്നദാനം.ശരാശരി 2000 പേർ എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ പ്രസാദ ഉൗട്ടിനെത്താറുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. 

വൈകിട്ട് നാലോടെയാണ് മുത്തപ്പൻ കെട്ടിയിറങ്ങുക. വേവിച്ച കടലയും തേങ്ങാപ്പൂളുമാണ് പ്രസാദം. തുലാപ്പത്ത് കഴിഞ്ഞ് ഒന്നാമത്തെ വെള്ളിയാഴ്ചയാണ് പുത്തരി വെള്ളാട്ടം. വർഷത്തിലൊരിക്കലാണ് ഉത്സവം.രോഗശാന്തിക്കും സന്താനലബ്ധിക്കുമായി ഒട്ടേറെപ്പേർ മുത്തപ്പന്റെ അനുഗ്രഹംതേടി ദിനംതോറും ഇവിടെയെത്തുന്നു.