ഋഗ്വേദത്തിന്റെ ആലാപനപാരമ്പര്യവുമായി ബന്ധപ്പെട്ട കടവല്ലൂര്‍ അന്യോന്യത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമാണ്. കൊല്ലംതോറും വൃശ്ചികമാസം ഒന്നാം തിയ്യതിമുതല്‍ കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലാണ് അന്യോന്യം സംഘടിപ്പിക്കുന്നത്. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് കേരളത്തിലെ ഋഗ്വേദികളായ നമ്പൂതിരിമാരാണ്. തിരുനാവായ ബ്രഹ്മസ്വ മഠങ്ങളുടെ കീഴിലുള്ള ഇരുവിഭാഗത്തില്‍പ്പെടുന്നവരാണ് അവര്‍. ഋഗ്വേദത്തിലെ പതിനായിരത്തിലേറെ മന്ത്രങ്ങളുടെ ആലാപനത്തിലാണ് പരീക്ഷകള്‍ നടക്കുന്നത്. ഇതിന്റെ സംഗ്രഹവിശദീകരണം മാതൃഭൂമി ദിനപ്പത്രം (2019 നവംബര്‍ 20) പ്രസിദ്ധീകരിച്ചിട്ടണ്ട്. പതിനായിരത്തിലധികം മന്ത്രങ്ങളുള്ള ഋഗ്വേദം വിവിധ ആലാപനരീതികളിലൂടെ പൂര്‍ണ്ണമായി വരുംതലമുറകള്‍ക്ക് പകര്‍ന്നുനല്‍കി സംരക്ഷിക്കുകയാണ് ലക്ഷ്യം. ഓര്‍മ്മശക്തി, അക്ഷരശുദ്ധി, അര്‍ത്ഥബോധം, സ്വരച്ചിട്ട മുതലായ ഘടകങ്ങള്‍ അന്യോന്യംവഴി നിലനിര്‍ത്തണമെന്നും ആ പാര മ്പര്യം ശക്തിപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും ഈ ആചാരത്തിന്റെ പിന്നിലുള്ള താല്‍പര്യം അതാണെന്നും വിശദീകരിക്കപ്പെടുന്നു. മറ്റൊരു വേദത്തിനുംവേണ്ടി നടക്കാത്ത വേറിട്ടൊരു സംഗമമാണിത്. കടവല്ലൂര്‍ അന്യോന്യം വ്യത്യ സ്ത സമുദായങ്ങളിലെ വേദപണ്ഡിതന്മാര്‍ക്ക് പകര്‍ത്താവുന്ന മാതൃകയാണ്. ആഭ്യന്തരസംഘടനകളുടെ ഇടുങ്ങിയ പരിധികള്‍ക്കപ്പുറം പണ്ഡിതന്മാര്‍ യോജിച്ച് തങ്ങളുടെ വേദങ്ങളിലൂന്നിയ വേദവിചാരചര്‍ച്ചക്ക് പ്രാധാന്യം നല്‍കാന്‍ വിശാലത കാട്ടിയാല്‍ ഗുണഫലം തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.

കടവല്ലൂര്‍ അന്യോന്യത്തിന്റെ വേരുകള്‍ വേദസംസ്‌കാരത്തിന്റെ ആഴങ്ങള്‍ തേടിയുള്ള പണ്ഡിതമനസ്സുകളുടെ താര്‍ക്കികവും ബൗദ്ധികവുമായമുഖമാണോ? എങ്കില്‍, അത് മഹത്തരം തന്നെയാണ്. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ജാതിഘടനയിലെ ഉന്നതശ്രേണിയായ നമ്പൂതിരി-ബ്രാഹ്മണവിഭാഗത്തിന്റെ സമ്മര്‍ദ്ദം എന്തായാലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ജ്ഞാനവിജ്ഞാനീയങ്ങളുടെ പ്രമുഖസ്രോതസ്സ് എന്ന മഹാസാന്നിദ്ധ്യമായി ഇന്നും ഋഗ്വേദം നില നില്‍ക്കുന്നു. താഴ്ന്നവന് ഉരുവിടാനോ പഠിക്കുവാനോ അവകാശമില്ലാതിരുന്നിട്ടും അവരുടെപോലും ആദരവാര്‍ജ്ജിച്ച് ഇന്ത്യയുടെ ഏകീകരണഭാഷ എന്ന ധാരണ ഉളവാക്കി സംസ്‌കൃതം സംരക്ഷിക്കപ്പെടുന്നു. ചരിത്രരാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ എന്തായാലും വേദാധിഷ്ഠിതമായ 'അന്യോന്യ'ങ്ങളുടെ പാരമ്പര്യം അത്ഭുതകരംതന്നെയാണ്. ജാതിവ്യവസ്ഥയില്‍ അതിന്യൂനപക്ഷമാണ് നമ്പൂതിരിബ്രാഹ്മണ വിഭാഗങ്ങള്‍. എന്നിട്ടും പൂജനീയമായ സങ്കല്‍പംകൊണ്ട് അവര്‍ക്ക് വേറിട്ട നിലനില്‍പ് സാധ്യമായതിന്റെ അടിസ്ഥാനം സംസ്‌കൃതഭാഷയുടെയും വേദങ്ങളുടെയും അധികാരികള്‍ എന്നനിലയ്ക്കുള്ള ജനസമ്മതിയാണ്.

ഋഗ്വേദികള്‍ നടത്തിവരുന്ന 'അന്യോന്യ'ങ്ങളില്‍നിന്ന് ഉത്ഭവിച്ച ചില വിചാരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്: ഋഗ്വേദവായനയുടെ മുഖാമുഖങ്ങളില്‍ മറ്റുമതവിഭാഗങ്ങള്‍ക്കും മാതൃകയാക്കാവുന്ന ചില ഘടകങ്ങളില്ലേ? വേദങ്ങള്‍ മുന്‍നിര്‍ത്തി ആലാപനഭംഗിക്കപ്പുറം അര്‍ത്ഥബോധത്തോടെയുള്ള കാലികവിചിന്തനത്തിനും കാലം കടന്നുവന്ന നാള്‍വഴികളിലൂടെ ചരിത്രപഠനത്തിന്റെ ആധാരമായി വേദവാക്യങ്ങളെ വിശകലനം ചെയ്തു ഉള്‍ക്കൊള്ളുന്നതിനു മുള്ള പഠനവേദി; ആഭ്യന്തരഗ്രൂപ്പുകള്‍ക്കതീതമായി തങ്ങളുടെ വിശ്വാസാധിഷ്ഠിത വാദമുഖങ്ങള്‍ അവതരിപ്പിച്ച് സമര്‍ത്ഥിക്കാനുള്ള അവസരം ഇതാണ് അന്യോന്യത്തോടൊപ്പം ഉരുത്തിരിഞ്ഞുവരേണ്ട അനുബന്ധ സങ്കല്‍പനം. മത പ്രമാണങ്ങളും ആചാരങ്ങളും തര്‍ക്കത്തിന്റെ യുദ്ധക്കളം സൃഷ്ടിക്കുന്ന പരിഹാസ്യത മുസ്ലിം സംഘടനകളില്‍ വ്യാപകമാണ്. വര്‍ഷത്തിലൊരിക്കല്‍ പൊതുപണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്ന വിജ്ഞാന സംവാദത്തിനായി ഏതാനും ദിവസങ്ങള്‍. അറേബ്യയില്‍ 'ഉക്കാള്' ചന്തയുമായി ബന്ധപ്പെട്ടുനടന്ന മത്സരാധിഷ്ഠിതമായ കവിസമ്മേളനങ്ങള്‍ ഉദാഹരണമായി എടുത്തുകാട്ടാം. ഒന്നാംസ്ഥാനം കല്‍പിക്കപ്പെട്ട കവികതകളുടെ രചയിതാക്കളെ ആദരിച്ചത് കഅ്ബയുടെ ചുമരില്‍ ആ കൃതികള്‍ തൂക്കിയിട്ടുകൊണ്ടാണ്. ഇങ്ങനെ ഏഴു കവിതകള്‍ കഅ്ബയില്‍ സ്ഥിരമായി. അവ അറിയപ്പെടുന്നത് 'കെട്ടിത്തൂക്കിയ ഏഴു കവിതകള്‍' (സബ്ഉല്‍മുഅല്ലഖാത്) എന്നാണ്. (Seven Jewels of Arabia).  

സാമൂഹികമായും ഭൂമിശാസ്ത്രപരമായും വ്യത്യാസങ്ങളുള്ള ഇന്ത്യയില്‍ നൂറ്റാണ്ടുകളായി ഋഗ്വേദത്തിന്റെ പാരായണരീതിയോടൊപ്പം അര്‍ത്ഥതലങ്ങളെക്കുറിച്ചുമുള്ള സമാലോചന നടക്കുന്നുവെങ്കില്‍ അത് 'സെമറ്റിക്' മതങ്ങളായ ജൂത-ക്രൈസ്തവ-മുസ്ലിം വേദഗ്രന്ഥങ്ങളിലും ഫലപ്രദമായി പരീക്ഷിക്കാവുന്നതാണ്. പക്ഷേ, ജന്മഭൂമിയായ അറബ്ദേശങ്ങളിലെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വ്യത്യസ്ത സാഹചര്യങ്ങളിലൂന്നി കാലികമായ പ്രശ്നങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടാവണം ഈ ചിന്താവിചാരണ നടക്കേണ്ടത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വേദബോധവും മതസാമുദായികതക്കപ്പുറമുള്ള വസ്തുതാപരമായ യാഥാര്‍ത്ഥ്യചിന്തയും അതില്‍ അനിവാര്യഘടകമായിരിക്കും.  

വ്യത്യസ്ത താല്‍പര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി വിശ്വാസി തേടുന്നത് ഇന്നും സ്വന്തം വേദഗ്രന്ഥത്തിലാണ്. വേദവാക്യങ്ങളുടെ അര്‍ത്ഥവും വ്യാഖ്യാനവും നടത്തുന്നത് മതപണ്ഡിതന്മാരും. മനസ്സിരുത്തേണ്ട പ്രധാന വസ്തുത ഇതാണ്: പൊതുവായ ലോകഘടനയുടെ ഭാഗമാണ് ഓരോ മനുഷ്യനും. ജാതിമതഭേദങ്ങള്‍ക്കപ്പുറം ജീവിതത്തിന്റെ അടിസ്ഥാനപ്രശ്നം പൊതുവേ ഏകമാണ്. ഈ സാഹചര്യത്തെ എല്ലാ മതവേദങ്ങളും സ്വാഭാവികമായ താത്വിക ദൃഷ്ടിയോടെ അംഗീകരിച്ചാദരിക്കുന്നു. ഏതുമതമായാലും വേദവായന വസ്തുതയ്ക്ക് സമാന്തരമായി നടത്തേണ്ടതുണ്ട്. ഋഗ്വേദികളുടെ അന്യോന്യവും മറ്റുമതവേദപണ്ഡിതരുടെ അന്യോന്യവും വേറിട്ടും സംയുക്തമായും നടക്കണം. അതാണ് ആധുനികയുഗം ആവശ്യപ്പെടുന്നത്. ജീവിതം നേരിടുന്ന പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും ഒഴുകി മനുഷ്യസംസ്‌കൃതിയുടെ മഹാസാഗരത്തില്‍ ലക്ഷ്യം കാണുന്ന വിചാരധാരയുടെ പ്രഭവസ്ഥാനമായി വേദസാരങ്ങള്‍ മനസ്സിലാക്കണം. 

ഇന്ത്യന്‍ വേദശാസ്ത്ര വിചാരങ്ങളുടെയും ഓള്‍ഡ്-ന്യൂ ടെസ്റ്റുമെന്‍ഡുകള്‍, ഖുര്‍ആന്‍ എന്നിവയുടെയും പൊതുവായ ഉറവിടങ്ങള്‍ കെണ്ടത്താന്‍ അന്യോന്യ വേദികളിലൂടെ കഴിയണം. ഏകലോകത്തിലേയ്ക്കുള്ള തീപടരുന്ന വഴികളില്‍ കുളിര്പെയ്ത്, മാനവികസംസ്‌കൃതിയുടെ മഹാസാഗരത്തില്‍ അന്യോന്യപഠനങ്ങള്‍ ചെന്നുചേരണം. ജയിക്കാനും തോല്‍പിക്കാനുമുള്ള പ്രമാണരേഖകളല്ല മതവേദങ്ങള്‍.  മനുഷ്യരില്ലാത്ത, മനുഷ്യജീവിതം മാത്രമുള്ള ശുദ്ധപ്രകൃതിയാണ് മതങ്ങളുടെ സന്ദേശം. അര്‍ത്ഥം ചോര്‍ന്നുപോയ വാക്യങ്ങളുടെ ആലാപനമോ പാരായണഭംഗിയോ അല്ല; അന്വര്‍ത്ഥവും സത്യസന്ധവുമായ ചിന്താഭാവപ്രസാരണികളാണ് വേദങ്ങള്‍. മനുഷ്യന്‍ ഏത് ആവാസ വ്യവസ്ഥയുടെ പരിധിയിലാണെങ്കിലും ജീവിതം ഒന്നേയുള്ളു. അത് അവിഭാജ്യമായ ഒരേയൊരു ജീവിതം മാത്രം.

Content Highlights: Kadavallur Anyonyam is a model for other religion