രോ പ്രഭാതത്തിലും തനിക്കു സിംഹത്തെക്കാൾ വേഗത്തിൽ ഓടേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ കൊല്ലപ്പെടുമെന്നും അറിഞ്ഞുകൊണ്ടാണ് കലമാൻ ഉണരുക. ഓരോ പ്രഭാതത്തിലും താൻ കലമാനിനെക്കാൾ വേഗത്തിൽ ഓടേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ വിശന്നു മരിക്കുമെന്നും അറിഞ്ഞുകൊണ്ടാണ് സിംഹം ഉണരുക.നീ മാനാണോ സിംഹമാണോ എന്നത് പ്രധാനമല്ല, സൂര്യനുദിക്കുമ്പോൾ ഓടിത്തുടങ്ങുന്നതാണ് നല്ലത്.

ആഫ്രിക്കയിൽ പ്രചാരത്തിലുള്ള ഒരു പഴമൊഴിയാണിത്. തനിക്കും കുടുംബത്തിനും ജീവിക്കാൻവേണ്ടി രാപകൽ ഓടിത്തളരുന്ന....അങ്ങനെ  ഉരുകിത്തീർന്നുകൊണ്ടിരിക്കുന്ന....  ഓരോ വീട്ടമ്മമാരുടെയും തത്രപ്പാടുകളെ ഓർമിപ്പിക്കുന്ന സമന്വയ വാക്യങ്ങൾ. ഒരു മനുഷ്യായുസ്സിനിടെ സങ്കല്പിക്കാൻപോലുമാകാത്ത  എന്തൊക്കെയോ വൈഷമ്യങ്ങളിലൂടെയാവും മിക്കവാറും നാമോരോരുത്തരും കടന്നുപോവുക. മറ്റു ചിലപ്പോൾ സന്തോഷം വന്നൊന്നെത്തിനോക്കി പോകുന്നുമുണ്ടാകാം. എങ്കിലും ഒരു കുടുംബത്തിൽ ഒരു സ്ത്രീ പരത്തുന്ന നന്മയുടെ പ്രകാശത്തോളം പ്രകാശം മറ്റൊന്നിനും മറ്റെന്തിനും  പകരാനാകണമെന്നില്ല. കുടുംബത്തിനും സമൂഹത്തിനും സമാധാനവും ഐശ്വര്യവും ആഗ്രഹിച്ച് ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിടാനായി ഏറ്റവും വലിയൊരു സ്ത്രീ കൂട്ടായ്മ തലസ്ഥാന നഗരിയിലെത്തിക്കഴിഞ്ഞു. പൊങ്കാലയിടാനെത്തുന്നവരും ആ ദിവ്യാനുഭൂതി മനസ്സാ ഏറ്റുവാങ്ങുന്നവരുമായി സ്ത്രീലക്ഷങ്ങൾ ആ ഐശ്വര്യജ്യോതിസ്സ് എങ്ങും പകരും.  അപ്പോൾ മറ്റൊരു പ്രത്യേകതകൂടി ഓർമയിലെത്തേണ്ടതുണ്ട്. മാർച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാദിനമെന്ന കാര്യം കൂടിയാണത്. ഈ പാരസ്പര്യങ്ങളുടെ പശ്ചാത്തലത്തിൽ, പ്രതിസന്ധികളോട് എങ്ങനെ പൊരുതണമെന്ന രണ്ട് അനുഭവ സാക്ഷ്യങ്ങളെ ഒത്തുനോക്കുന്നതും ഇത്തിരി നുറുങ്ങുവെട്ടം പകരാതിരിക്കില്ല. അതേക്കുറിച്ച് ചുവടെ.  

ജീവിതത്തിൽ ഒന്നുകൊണ്ടും ഒരു കാര്യമില്ലെന്നുകണ്ട്  വല്ലാതെ മനസ്സുമടുത്ത് വിഷമിക്കുകയാണെങ്കിൽ അതിനൊരു പോംവഴിയെന്നോണം പകർന്നുകിട്ടിയ അനുഭവ കഥയാണിത്. ഇതുപറഞ്ഞത് ഇതേ നഗരത്തിലെതന്നെ ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിലെ ഒരുന്നതോദ്യോഗസ്ഥയാണ്. ആ സഹോദരിയുടെ വാക്കുകളിലൂടെ. 
“ഒരു ദിവസം ഞാൻ ഓഫീസിൽനിന്ന്‌ ഓട്ടോറിക്ഷയിൽ കയറി. ഒരു സ്ത്രീതന്നെ ആയിരുന്നു ആ ഓട്ടോറിക്ഷ ഓടിച്ചിരുന്നതും. പരസ്പരം ഓരോന്ന് സംസാരിച്ച് പോകുന്നതിനിടെ അവരുടെ വാക്കുകളിലൂടെ വെളിവായത് അവരുടെ കദനകഥതന്നെയായിരുന്നു. 

മാലിന്യം മാറ്റുന്നതുൾപ്പെടെ കുടുംബശ്രീയിലെ പലജോലികളിലുമേർപ്പെട്ടാണ് അവർ ജീവിക്കാനുള്ള വഴി കണ്ടെത്തിയിരുന്നത്. ഇടയ്ക്ക് എങ്ങനെയോ അത് നിന്നു. അപ്പോൾ കുടുംബശ്രീ പദ്ധതിയുടെ സഹായത്തോടെയോ മറ്റോ ആണ് ഓട്ടോറിക്ഷ ശരിയായത്‌. അതിനിടയിൽ ഏതാനും ചില വീടുകളിൽ ജോലിക്കു പോകുന്നുമുണ്ട്. കൂടാതെ വൈകുന്നേരങ്ങളിൽ തട്ടുകടയും നടത്തുന്നുണ്ട്.  ഒരു മകളെ കല്യാണം കഴിപ്പിച്ചു. അതിന്റെ കടം കാര്യമായി വീട്ടാനുണ്ട്. ഭർത്താവിന് അത്യാവശ്യ വരുമാനം മാത്രമുള്ള ചെറിയ പണി ആയിരുന്നു നിലവിലുണ്ടായിരുന്നത്. അതിനിടെ അദ്ദേഹം കാൻസർ ബാധിതനായി. റീജണൽ കാൻസർ സെന്ററിൽ ചികിത്സ ആരംഭിച്ചു. അതിന്റെ ചെലവുകൾ...ഭീമമായിരുന്നു. 

താൻ കടന്നുപോയ ദുരിതാനുഭവങ്ങൾ ഒന്നൊന്നായി  പറയുമ്പോഴും അവർ വല്ലാതെ വിഷമിക്കുന്നൊന്നുമില്ല എന്നാണ് തോന്നിയത്. പക്ഷേ, രണ്ടാമത്തെ മകൾ നഗരത്തിലെതന്നെ ശ്രദ്ധേയമായ ഒരു സ്വകാര്യസ്ഥാപനത്തിൽ ഏതോ കോഴ്സിന് പഠിക്കുന്നുണ്ടായിരുന്നു. ഒരു തവണ ഫീസ് കൊടുക്കാൻ താമസിച്ചു. കൂട്ടുകാരുടെ മുന്നിൽവച്ച്, മാനേജ്മെൻറ് പ്രതിനിധികളോ അധ്യാപകരോ ഇതുപറഞ്ഞ് കളിയാക്കുകയോ വഴക്കു പറയുകയോ ചെയ്തെന്നാണ് കേട്ടത്. അന്നു വൈകീട്ട് ആ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. അതു പറഞ്ഞപ്പോൾ ആ അമ്മ നിർത്താതെ ഏങ്ങലടിച്ചു കരഞ്ഞു. കേട്ടിരുന്ന എനിക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു
‘ജീവിതം എന്നെ തോല്പിച്ചില്ല.. പക്ഷേ, എന്റെ മോൾ എന്നെ തോല്പിച്ചു’ എന്നു പറഞ്ഞുകൊണ്ട് അവർ കുറേ നേരം കരഞ്ഞു. ആശ്വസിപ്പിക്കാൻ വാക്കുകളൊന്നും മതിയാകാതെ കേട്ടിരിക്കാനേ കഴിഞ്ഞുള്ളൂ. 

കുറേ കാലത്തിനു ശേഷം പിന്നീട് ഒരിക്കൽക്കൂടി അവർ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ കയറാൻ ഇടയായി. അവർ എന്നെ തിരിച്ചറിഞ്ഞു. എങ്കിലും കാര്യങ്ങളൊക്കെ കൊണ്ടുനടത്താവുന്നവിധം വലിയ കുഴപ്പമില്ലാതെ പോകുന്നുവെന്നുതന്നെ അവർ പറഞ്ഞു. ഇപ്പോൾ ഭർത്താവിന്റെ ചികിത്സ, കൊച്ചിയിലെ ആധുനിക സൗകര്യങ്ങളുള്ള ഒരു പ്രധാന ആശുപത്രിയിലേക്കു മാറ്റി. ഇപ്പോഴും വീട്ടുജോലികൾക്ക് പോകാറുണ്ട്. തട്ടുകടയുമുണ്ട്. പകൽ ഓട്ടോറിക്ഷാ ഡ്രൈവറുമാണ്.  അനുഭവ കഥ ഇവിടെ തീരുന്നു .
നോക്കൂ.. അവർക്ക് ഇതിനെല്ലാം സമയമുണ്ട്. ഈ വിഷമതകൾ ഒന്നും അവരെ തളർത്തുന്നില്ല. നമ്മൾക്കോ...? പലപ്പോഴും വന്നുപോകുന്ന കഷ്ടനഷ്ടങ്ങൾ പലതും പരിഹരിക്കാവുന്നതായിരിക്കും. പലതും അപരിഹാര്യമായ നഷ്ടങ്ങളൊന്നും ആയിരിക്കുകയുമില്ല. എന്നിട്ടും ചെറിയ വിഷമങ്ങളിൽപ്പോലും നാമെന്തുകൊണ്ടാണ് ഇങ്ങനെ വാടിത്തളർന്നുപോകുന്നത്? 

മറ്റൊരനുഭവം ഒരു വീട്ടമ്മ താനനുഭവിക്കുന്ന ദുരിതങ്ങളെന്ന പേരിൽ എഴുതിയ അനുഭവകഥയെപ്പറ്റിയാണ്. കൗമാരപ്രായം കഴിഞ്ഞ രണ്ടു മക്കളുടെ അമ്മയായ അവരെ 20 വർഷത്തിനുശേഷം ഉപേക്ഷിക്കാൻ ശ്രമിക്കുകയാണ്  ഭർത്താവ്. ഭാര്യയുടെ ശമ്പളമുൾപ്പെടെയുള്ള പണമാകെ  ചെലവഴിക്കുന്നത് ഭർത്താവാണ്.  അദ്ദേഹത്തിനുള്ള ദുശ്ശീലങ്ങളൊന്നും പ്രകടമാക്കാതെ ഭാര്യയ്ക്ക് മാനസിക രോഗമുണ്ടെന്നുവരുത്തി കുട്ടികളെ അവരിൽ നിന്നകറ്റുകയാണെന്നും അവർ എഴുതുന്നു. അമ്മ എന്ന നിലയിൽ കുട്ടികളുടെ കാര്യത്തിലുള്ള നേരിയ കരുതൽപോലും കുട്ടികൾ തന്നെ തെറ്റിദ്ധരിക്കപ്പെടാവുന്ന സാഹചര്യത്തിലേക്കാണ് എത്തിച്ചത്.  ഒരുദ്യോഗസ്ഥയായിട്ടും എതിർത്താൽ ദേഹോപദ്രവം ഉൾപ്പെടെയുള്ള പീഡനങ്ങൾ ഭയന്ന് താൻ നിസ്സഹായയായി നി​ല​കൊള്ളുകയാണെന്നും അവർ എഴുതുന്നു. 

ഇപ്പറഞ്ഞ വിവരങ്ങളൊക്കെ തീർത്തും ശരിയാവണമെന്നില്ല. ഈ അനുഭവം ഒരാളുടെയെന്നല്ല, നമുക്കു ചുറ്റും പറഞ്ഞുകേട്ട് പഴകിയ ഒരു കഥ പോലെ തികച്ചും സാധാരണമാണെന്ന് തോന്നാം. പക്ഷേ, പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന രണ്ടു സാഹചര്യങ്ങൾ നല്കുന്ന അനുഭവ പാഠങ്ങളായിത്തന്നെ ആ രണ്ടു സന്ദർഭങ്ങളെയും കാണണം.

ആദ്യത്തെ അനുഭവത്തിലെ  കുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചതും ഇപ്പറഞ്ഞ വീട്ടമ്മയുടെ ദുരനുഭവങ്ങളും ഉൾപ്പെടെയുള്ള   കാര്യങ്ങളിൽ പരിഹാരമുണ്ടാകുമായിരുന്നു. 
അതിന് സാമൂഹികമായ നല്ല ഇടപെടലുകൾ മാത്രമല്ല, സ്ത്രീകൾ ആദരിക്കപ്പെടുകതന്നെ വേണമെന്ന  മനോഭാവം കൂടി ഉറ്പ്പാക്കുകയും വേണ്ടതുണ്ട്‌.