ജീവിതമെന്നത് സുഖദുഃഖങ്ങളിലൂടെയും നല്ല അനുഭവങ്ങളിലൂടെയും ദുരനുഭവങ്ങളിലൂ ടെയുമൊക്കെയുള്ള നിരന്തരയാത്രയാണ്. ഓരോ  ദിവസവും സമ്മിശ്രമായ ജീവിതപാഠങ്ങളാവും അതിലൂടെ നമുക്ക് പകർന്നുകിട്ടുക. പക്ഷേ ചിലർ മാത്രം ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് മുന്നോട്ട് കുതിച്ചുകൊണ്ടേയിരിക്കുന്നു. ജീവിതത്തിൽ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന തത്ത്വം എല്ലായ്പോഴും കണ്ടറിഞ്ഞ് പ്രായോഗികതലത്തിലെത്തിക്കുക എന്നതാണ് അത്തരക്കാരുടെ വിജയത്തിന് അടിസ്ഥാനമാകുന്നത്. ഇന്നലെ എന്തായിരുന്നുവോ അതേ അവസ്ഥയിൽത്തന്നെ തുടരുകയെന്നത് ഒരു സ്ഥിരം  സുരക്ഷാസംവിധാനമൊന്നും ആകണമെന്നില്ല. എല്ലാം മാറ്റത്തിന് വിധേയമായേ പറ്റൂ. മാറ്റം കൂടാതെ ഒന്നും ശേഷിക്കാൻ പോകുന്നില്ല. ക്രമമായ മാറ്റങ്ങൾക്ക് വിധേയമാകേണ്ട അസ്ഥിരമായ സാഹചര്യങ്ങളെയും വസ്തുതകളെയും സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്‌ നാം ആത്മനാശത്തിന് വഴിതെളിച്ചേക്കാം. മാറുന്ന സാഹചര്യങ്ങളിൽ നാം സ്വയം മാറേണ്ടതെങ്ങനെ എന്ന കാര്യത്തിൽ പലപ്പോഴും ആശയക്കുഴപ്പമുണ്ടായെന്നു വരാം. ചിലപ്പോൾ അടിവേരുകളിൽ പ്രകടമാകുന്ന മാറ്റത്തിനായി നാം കൊമ്പുകൾ തോറുമാവും തപ്പിനടക്കുക. തിരിച്ചുമാവാം. ചുവട് കുഴിച്ച് ചെന്ന് ഒന്നുമില്ലെന്ന് കണ്ടെത്തുമ്പോഴാവും ഫലം നിറഞ്ഞ ശാഖകൾ ആശ്വാസമായി നമ്മെ മാടിവിളിക്കുന്നത്. 

പലപ്പോഴും മാറ്റത്തിനിടയിലെ മാർഗവിഘ്നങ്ങളും മനഃശാസ്ത്രവും നമുക്ക് ഒറ്റനോട്ടത്തിൽ ഉൾക്കൊള്ളാൻ പറ്റുന്നതാവണമെന്നില്ല. ചിപ്പിക്കുള്ളിലെ മുത്തിനുണ്ടാകുന്ന രൂപപരിണാമം എത്ര തീവ്രമായ നോവ് പകരുന്നതാണെന്ന് നമ്മളറിയണമെന്നില്ല. മുത്ത്, ചിപ്പിയിൽ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന പ്രകൃതിദത്തമായ ഒരമൂല്യവസ്തുവാണ്. സ്വാഭാവികമായ രീതിയിൽ മുത്തുണ്ടാകുന്നത് പക്ഷേ, കഠിനമായ ഒരു പരിവർത്തനപ്രക്രിയയിലൂടെയാണ്. സമുദ്രത്തിനുള്ളിലുള്ള ചിപ്പിക്കുള്ളിൽ ഒരു മൺതരിയോ, ചെറിയ കരടോ പോലെ പുറത്തുനിന്നുള്ള ഒരു വസ്തു യാദൃച്ഛികമായി പ്രവേശിക്കാനിടവരുന്നു. ചിപ്പിക്കുള്ളിൽ തീരെ മൃദുലമായ മാംസമാണ്. അതിൽ മണൽത്തരിയുടെ മൂർച്ചയുള്ള അരികുകൾ വീഴുമ്പോഴുള്ള വേദന കഠിനമായിരിക്കും. അപ്പോൾ, ചിപ്പിക്കുള്ളിലെ മാംസളമായ ഭാഗം അത് തള്ളിക്കളയാൻ ശ്രമിക്കുമെങ്കിലും മണൽത്തരി വീണ്ടും അതിനുള്ളിൽപ്പെട്ട്‌ അവിടെതുടരുന്നു. ഈ പ്രവർത്തനം നിരന്തരം ആവർത്തിക്കുന്നതോടെ മണൽത്തരിയുടെ അരികുകൾക്ക് മൂർച്ചകുറഞ്ഞ് അത് മിനുസമായിത്തുടങ്ങുന്നു. ക്രമേണ അതിനുചുറ്റും തിളങ്ങുന്ന പല പാളികളുള്ള ഒരു ആവരണമുണ്ടാകുന്നു. മൂർച്ചയുള്ള ഭാഗം, ചിപ്പിയുടെ ശരീരത്തോടുചേർന്ന്‌ മിനുസമാക്കിക്കൊണ്ടേയിരിക്കും. അങ്ങനെയാണ്, ചിപ്പി മുത്തിനെ തന്റെയുള്ളിൽ അമൂല്യമായ മുത്തുച്ചിപ്പിയായി രൂപാന്തരപ്പെടുത്തുന്നത്. മുട്ടയിൽനിന്ന് പുഴുവായും പ്യൂപ്പയായും മാറി മനോഹരമായ ഒരു ചിത്രശലഭം രൂപപ്പെടുന്നതും ഇതുപോലെ വിവിധ പരിണാമഘട്ടങ്ങൾ കടന്നിട്ടാണ്. ഇനി കാലപ്രവാഹത്തിൽ മാറ്റം  എങ്ങനെ  വേണമെന്ന്‌ വ്യക്തമാക്കുന്ന ഒരു സെൻ കഥ കൂടി.
 *  * *  *
സെൻ ഗുരുവായ സുസുക്കി റോഷിയുടെ പ്രഭാഷണം കേട്ട ഒരു ശിഷ്യൻ ചോദ്യോത്തരവേളയിൽ ഒരിക്കൽ ഇങ്ങനെ ചോദിച്ചു. “ഗുരോ വർഷങ്ങളായി ഞാൻ അങ്ങയുടെ പ്രഭാഷണം ശ്രദ്ധിച്ചുകേൾക്കുന്നു. പക്ഷേ, സത്യത്തിൽ, അതിലൊരു വസ്തുതയും എനിക്കിതേവരെ മനസ്സിലായിട്ടില്ല. അതിന്റെയെല്ലാം സാരാംശം അങ്ങൊന്ന് ചുരുക്കിപ്പറയാമോ...?  ബുദ്ധപ്രബോധനങ്ങളെ ഒറ്റവാക്യത്തിൽ അങ്ങേക്ക്‌ ഒതുക്കി അവതരിപ്പിക്കാൻ കഴിയുമോ...? ” സെൻ ഗുരു ഉൾപ്പെടെ എല്ലാവരും അത് കേട്ടു ചിരിച്ചു. എന്നിട്ട് ഗുരു ഇത്രമാത്രം പറഞ്ഞു.  “സർവതും മാറ്റങ്ങൾക്ക് വിധേയമാണ്.”  ബുദ്ധകല്പനയിലെ ദർശനങ്ങളിൽ പ്രധാനമായ ഒരു കാര്യമാണ്, ഗുരു ആ ജീവിതസാരാംശത്തിലൂടെ വ്യക്തമാക്കിയത്. ജീവിതത്തിൽ സർവതും അസ്ഥിരമാണെന്ന ശാശ്വത സത്യം തന്നെയാണത്. ആലോചിച്ചാൽ വ്യക്തിയും കുടുംബവും സമൂഹവും... എന്തിന് ഈ ഭൂമി ഉൾപ്പെടെ പോലും ജീവിതത്തിലെല്ലാം  ക്ഷണികമാണെന്ന് നമുക്ക് ബോധ്യമാകും. പലപ്പോഴും ഒന്നും ശാശ്വതമല്ലാത്തതാണെന്ന സത്യം മറന്നുകൊണ്ടാണ് നാം വർത്തമാനസാഹചര്യങ്ങളോട് അപ്പപ്പോൾ പ്രതികരിക്കുന്നത്. എന്നാലോ.... ഈ ക്ഷണനിമിഷം ഇപ്പോൾ കടന്നുപോവുകയാണെന്ന ബോധ്യത്തോ‍ടെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കാതെ നാം പാഴാക്കി കളയുന്നുമുണ്ടാവും. 

ബുദ്ധന്റെ ദർശനങ്ങളിൽ ജീവിതത്തെ ഒരു നദിയെന്നോണം പരിഗണിക്കുന്നുണ്ട്. ഇന്നലത്തെ നദിയല്ല ഇന്നത്തെ നദി. എന്തിന്... പോയ നിമിഷത്തെ നദി പോലുമല്ല വരുന്ന നിമിഷത്തെ നദി. അനുനിമിഷം മാറുന്ന ആ നദിയിലെ ജലംപോലെ  ജീവിതവും നിമിഷത്തിന് നിമിഷം മാറുന്നു. ഒരു മനുഷ്യനും ഒരേനദിയിൽ രണ്ടുതവണ കാൽ കുത്താനാവില്ലെന്നും  ആ മനുഷ്യൻ, അതേ മനുഷ്യനാവില്ലെന്നുമുള്ള ഹെരാക്ളിറ്റസിന്റെ കാഴ്ചപ്പാട് കൂടി ഇതോടൊപ്പം ഓർമിക്കാം. മാറ്റം അനസ്യൂതമാണെങ്കിലും നദി നദിയായിത്തന്നെ നിലകൊള്ളുന്നു. അങ്ങനെ ഹെരാക്ലിറ്റസ് പങ്കുവച്ചത്, ഒഴുകിപ്പോകൽ ഒഴുകിച്ചേരലുമാണ് എന്ന വിശ്വാസം കൂടിയാണ്.

ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോട് ആവശ്യപ്പെട്ടു- കൊട്ടാര കവാടത്തിലെ ചുമരില്‍ ഒരൊറ്റ വാചകത്തില്‍ ഒരുപ്രചോദനസന്ദേശം രേഖപ്പെടുത്തണം. പക്ഷെ, ഒരു നിബന്ധനയുണ്ട്, സങ്കടമുള്ളപ്പോള്‍ അത് വായിച്ചാല്‍ സന്തോഷമാണ് തോന്നേണ്ടത്. എന്നാല്‍ സന്തോഷമുള്ളപ്പോള്‍ നോക്കിയാലോ സങ്കടമുണ്ടാകണം. അതുകേട്ട് ബീര്‍ബല്‍ ആ വാചകം ഇങ്ങനെ എഴുതി- ഈ സമയവും നമ്മെ കടന്നുപോവുക തന്നെ ചെയ്യും....