ആറു വയസ്സുകാരിയായ പെൺകുട്ടി തന്റെ കൂട്ടുകാരനോടു ചോദിച്ചു. “എന്താണ് ഫ്രണ്ട്സ്ഷിപ്പ്?” “ഫ്രണ്ട്സ്ഷിപ്പ് എന്നാലെന്താണെന്നോ.....? എല്ലാ ദിവസവും എന്റെ ബാഗിൽനിന്നു നീ ചോക്കലേറ്റ് മോഷ്ടിച്ചു കഴിക്കാറുണ്ടല്ലോ? അതറിയാമായിരുന്നിട്ടും ഞാൻ ദിവസവും മുടങ്ങാതെ അതേ സ്ഥാനത്തു വീണ്ടും വീണ്ടും ചോക്കലേറ്റ് വയ്ക്കുന്നില്ലേ? ആതാണ് ഫ്രണ്ട്സ്ഷിപ്പ്.”
* *  *  *
സൗഹൃദം സമബുദ്ധി ആവശ്യപ്പെടുന്ന ആത്മഭാവപ്രകാശനമാണ്‌, പൗരുഷവും അതേ. പുരുഷന്റെ സ്ഥായിയായ ഭാവത്തെയാണു പൗരുഷം എന്ന പദംകൊണ്ടു സൂചിപ്പിക്കുന്നത്. ഏതാനും പതിറ്റാണ്ടുകൾക്കു മുൻപ്‌ ആരംഭിച്ച് ഇന്ത്യയുൾെപ്പടെ എഴുപതിൽപ്പരം രാജ്യങ്ങളിൽ ആഘോഷിക്കുന്ന അന്തർദേശീയ പുരുഷദിനം നവംബർ 19-നാണ്. പുരുഷന്റെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുക ലക്ഷ്യമിട്ടുകൂടിയാണ് ഈ ദിനാചരണം. പുരുഷാവസ്ഥയെക്കുറിച്ചും ആദിമ ഭാവങ്ങളെക്കുറിച്ചും പറയാനിടയായ സാഹചര്യം ഇതാണ്. പുരുഷന്റെ അവസ്ഥ തന്നെയാണു പൗരുഷം. എന്നാൽ സാധാരണഗതിയിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥകൂടിയാണ് ഇത്‌. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാനാവും.

ജീവിതത്തിൽ മറ്റുള്ളവരോടു കയർത്തുസംസാരിക്കാനും പിന്നെ പോർവിളി നടത്താനുമുള്ള ദുരവസ്ഥകളിൽ നമ്മൾ പലപ്പോഴും അറിയാതെ പെട്ടുപോകാറുണ്ട്; ആലോചിച്ചാൽ അതുതീരെ ഇഷ്ടമല്ലാത്ത കാര്യമാണെങ്കിൽപ്പോലും. അപ്പോൾ ആദ്യം പറയാറുള്ള വാചകങ്ങളിൽ ചിലത് ഇങ്ങനെയാവും.“നിനക്കറിയില്ല, ഞാനാരാണെന്ന്. നിനക്ക് ‍ഞാനാരാണെന്നു കാട്ടിത്തരാം” എന്നൊക്കെയാവും.

വീരശൂരത്വവും വിഷാദാത്മകതയും എപ്പോൾ വേണമെങ്കിലും കെട്ടുപിണയാവുന്ന അവസ്ഥയിലൂടെയാവും പലപ്പോഴും ഒരു വ്യക്തിക്ക് മനസ്സുകൊണ്ടു  സഞ്ചരിക്കേണ്ടിവരുന്നത്. ശരിയായി കർമനിരതനായ ഒരാൾ , ജീവിതവ്യസനങ്ങൾക്കിടയിൽ അവനവനെത്തന്നെ മനസ്സിലാക്കാനാവാത്ത അവസ്ഥാന്തരങ്ങളിൽപ്പോലുമാകാം. അപ്പോഴാണു സ്വയമറിയാത്ത വ്യക്തി, മറ്റുള്ളവരെ അറിയിക്കാനായി ചാടിപ്പുറപ്പെടുന്നത്. അതല്ല പൗരുഷം.


ഭഗവദ്‌ ഗീതയിലെ
“നിത്യം ച സമചിത്തത്വം
ഇഷ്ടാനിഷ്ടോപപത്തിഷു”

എന്ന വരികളുടെ വ്യാഖ്യാനം ഇങ്ങനെയാണ്. ‘ഇഷ്ടാനിഷ്ടങ്ങൾ വന്നുചേരുമ്പോൾ സമചിത്തത പുലർത്തുക. ദിവസവും സംഭവിക്കുന്ന കാര്യങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെയോ മറിച്ചോ ആവാം.അത് അനുകൂലമോ പ്രതികൂലമോ ആഗ്രഹിച്ചതോ വിപരീതമോ ആയാലും അത് ഉൾക്കൊള്ളാനാവുന്ന തുറന്ന മനസ്സുവേണം. ജീവിതത്തിൽ ആഗ്രഹിച്ചതു മാത്രമല്ല അതിന് എതിരായതും വന്നുചേരും. അതു ലോകസ്വഭാവമാണെന്നറിഞ്ഞു സമചിത്തരായിരിക്കുകയാണു വേണ്ടത്.’  

ഭഗവദ്‌ ഗീതയിലെ തന്നെ
“ കാര്യകാരണ കർത്തൃത്വേ
ഹേതുഃ പ്രകൃതി രുച്യതേ
പുരുഷഃ സുഖദുഃഖാനാം
ഭോക്തൃത്വേ ഹേതുരുച്യതേ”

എന്ന വരികളുടെ ആശയം
വ്യക്തമാക്കുന്നിടത്തും പുരുഷന്റെ സ്ഥാനത്തെക്കുറിച്ചു വിശദമാക്കുന്നുണ്ട്.  ‘കാര്യകാരണങ്ങളുണ്ടാക്കുന്നതിൽ പ്രകൃതി കാരണമെന്നു പറയപ്പെടുന്നു; സുഖ ദുഃഖങ്ങൾ അനുഭവിക്കുന്ന കാര്യത്തിൽ പുരുഷൻ കാരണമെന്നു പറയപ്പെടുന്നു’ എന്നുമാണ്. ഇതിനു നല്കപ്പെട്ടിട്ടുള്ള വിശദീകരണത്തിൽ “പറയപ്പെട്ട ദൃശ്യപ്രപഞ്ചത്തേയും അതുമായി മനുഷ്യനുള്ള പ്രതികരണത്തേയും അതിനാലുണ്ടാകുന്ന സുഖ ദുഃഖ അനുഭവങ്ങളേയും പ്രകശിപ്പിക്കുന്ന ചൈതന്യമാണ് പുരുഷൻ അഥവാ ആത്മാവ് അഥവാ ബ്രഹ്മം” എന്നാണ് വ്യക്തമാക്കുന്നത്‌.  ഈ ചൈതന്യത്തിന്റെ പ്രധാന ലക്ഷണം ജ്ഞാനമാണ്. അതിന്റെ പ്രകാശമാണു ബോധം. അപ്പോൾ പുരുഷസാന്നിദ്ധ്യം അറിയിക്കുന്ന ഘടകമാണു ബോധമെന്നും അതില്ലെങ്കിൽ അനുഭവസാദ്ധ്യമല്ലെന്നുമാണു സൂചന. ജീവനുണ്ടെങ്കിലും ബോധമില്ലെങ്കിൽ ആത്മഭാവം പ്രകാശിക്കുന്നില്ല എന്നു സാരം.

ഋഗ്വേദത്തിൽ ലോകോത്‌പത്തിയെക്കുറിച്ചു വിശദീകരിക്കുന്ന പുരുഷസൂക്തത്തിലെ വിവരണവും ശ്രദ്ധേയമാണ്.
“സഹസ്രശീർഷാ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാത്.”
എന്നുതുടങ്ങുന്ന ഭാഗം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. “ ആയിരക്കണക്കിനു തലകളിലൂടെയും ആയിരക്കണക്കിനു കണ്ണുകളിലൂടെയും പാദങ്ങളിലൂടെയും പ്രകാശിക്കുന്നതു പരമാത്മ ബോധമാണ്.

അതിനെ ഋഷിമാർ വിളിച്ച പേരുകൾ പരമപുരുഷൻ, പരബ്രഹ്മം എന്നൊക്കെയാണ്. ആയിരക്കണക്കിനു ജീവജാലങ്ങളിൽ അവൻ ചൈതന്യമായി പ്രകാശിക്കുന്നു എന്നാണ്. ഇനി ഗഹനമായ തത്ത്വവിചാരങ്ങളിലേക്കു കടക്കാതെ തങ്ങൾക്കുവേണ്ട പുരുഷൻ എങ്ങനെയാവണമെന്ന സ്ത്രീകളുടെ മനോഭാവത്തെക്കുറിച്ച്‌ പ്രചാരത്തിലുള്ള ഒരു നർമഭാവനയിലേക്ക്.  
* *  *  *
ഒരിക്കൽ ഒരാൾ സ്ത്രീകൾക്ക് ഇഷ്ടാനുസരണം ഭർത്താക്കന്മാരെ തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥാപനം ആരംഭിച്ചു.
ആവശ്യമുള്ള കടയിൽ നേരിട്ടുചെന്ന് ഇഷ്ടമുള്ള പുരുഷനെ  ഭർത്താവായി സ്വന്തമാക്കാം. ആ കടയ്ക്ക് ആകെ ആറുനിലകളുണ്ടായിരുന്നു. ഓരോ നില മുകളിലേക്കു കയറുമ്പോഴും ഭർത്താവിന്റെ മൂല്യം കൂടിക്കൊണ്ടിരിക്കും. ഒരു സ്ത്രീ ഭർത്താവിനെ തിരഞ്ഞെടുക്കാനെത്തി. ഒന്നാംനിലയിലെ  ബോർഡിൽ ഇങ്ങനെ  രേഖപ്പെടുത്തിയിരുന്നു: ഇവിടെയുള്ള പുരുഷന്മാർക്കു ജോലിയുണ്ട്.

അവർ അടുത്തനിലയിലേക്കു കയറി. ആ നിലയിലെ ബോർഡ് ഇങ്ങനെയായിരുന്നു: ഇവിടെ ഉള്ള പുരുഷന്മാക്ക്‌ ജോലിയുമുണ്ട്‌ അവർ കുട്ടികളെ സ്നേഹപൂർവം പരിപാലിക്കുന്നവരുമാണ്. അവർ തൃപ്തിയാകാതെ അടുത്ത നിലയിലേക്കു കയറി. അവിടത്തെ ബോർഡിൽ: ഇവിടെയുള്ള പുരുഷമാർക്കു ജോലിയുണ്ട്; കുട്ടികളെ സ്നേഹപൂർവം  പരിപാലിക്കുന്നവരാണ്; നല്ല സുന്ദരന്മാരുമാണ് എന്നൊക്കെയാണ് രേഖപ്പെടുത്തിയിരുന്നത്. ഇതു കൊള്ളാമല്ലോ എന്നു ചിന്തിച്ച്, ആ സ്ത്രീ അടുത്തനിലയിലേക്കു കയറി.

നാലാംനിലയിലെ ബോർഡിൽ,മേല്പറഞ്ഞ എല്ലാ ഗുണഗണങ്ങൾക്കും പുറമേ വീട്ടുജോലിയിലും സഹായിക്കുന്ന പുരുഷന്മാരാണ്‌ ഇവിടെയുള്ളതെന്നാണ്‌ സൂചിപ്പിച്ചിരുന്നത്. ദൈവമേ ! അങ്ങനെയുള്ളവരും  ഉണ്ടല്ലോ.. എന്നാലോചിച്ചുകൊണ്ട് അവർ അടുത്തനിലയിലേക്കു പോയി. അഞ്ചാംനിലയിലെ ബോർഡിൽ, ജോലിയുള്ള, കുട്ടികളെ സ്നേഹപൂർവം പരിപാലിക്കുന്ന, നല്ല സുന്ദരന്മാരായ, വീട്ടുജോലിയിൽ സഹായിക്കുന്ന, ഇതിനൊക്കെ പുറമേ വളരെ റൊമാന്റിക്കുമായ സ്വഭാവപ്രകൃതം ഉള്ളവരുമായ പുരുഷന്മാരാണ്‌ എന്നുമാണ്‌ എ​ഴുതിയിരുന്നത്‌.

ആ നിലയിലേക്കു പോകാൻ തോന്നിയെങ്കിലും മനസ്സനുവദിക്കാതെ അവർ വീണ്ടും അടുത്തനിലയിലേക്കാണു പോയത്. ആറാംനിലയിലെ ബോർഡ് ഇങ്ങനെയായിരുന്നു : നിങ്ങൾ ഇവിടത്തെ 99,896-ാം നമ്പർ സന്ദർശക ആണ്. ഈ കടയിൽ ഷോപ്പിങ്‌ നടത്തിയതിനു നന്ദി. ഈ നിലയിൽ പുരുഷന്മാർ ആരുമില്ല. പക്ഷേ, ഈ നില ഇവിടെ  സ്ഥാപിച്ചത്, നിങ്ങളുടെ ആഗ്രഹങ്ങൾക്കു പരിമിതിയില്ലെന്നും അതു സാധിക്കുന്ന കാര്യമല്ല എന്നും വ്യക്തമാക്കാൻ വേണ്ടിയാണ് എന്നായിരുന്നു.

ഇതേ കടക്കാരൻ സമീപത്തായി ഭാര്യമാരെ തിരഞ്ഞെടുക്കുന്ന മറ്റൊരു  സ്ഥാപനവും നടത്തുന്നുണ്ടായിരുന്നു. ഒന്നാംനിലയിലെ ബോർഡ്, ഇവിടെ ഭർത്താക്കന്മാർ പറയുന്നത് ക്ഷമയോടെ കേൾക്കുന്ന ഭാര്യമാരെ ലഭിക്കും..! എന്നായിരുന്നു. രണ്ടും, മൂന്നും, നാലും, അഞ്ചും, ആറും നിലകളിലേക്ക് ഇന്നുവരെ ഒരൊറ്റ പുരുഷനും പോയിട്ടേയില്ല എന്നാണ്‌ കഥാകൃത്ത്‌ വ്യക്തമാക്കുന്നത്.