ങ്കരാചാര്യ പരമ്പരയില്‍ ജയേന്ദ്രസരസ്വതിയോളം ഊര്‍ജ്ജസ്വലനായ ഒരു സ്വാമിയെ കണ്ടെത്തുക ദുഷ്‌കരമാണ്. മുന്‍കാമികളും സമകാലികരുമായ മറ്റ് സ്വാമിമാരെക്കാള്‍ അത്രത്തോളം വ്യത്യസ്തനായിരുന്നു അദ്ദേഹം. ഒരു വാഹനത്തില്‍ സഞ്ചരിക്കുകയോ, കടലുകടക്കുകയോ ചെയ്യാതെ വേദഗ്രന്ഥങ്ങളെ അതേപടി പിന്തുടര്‍ന്ന് മുന്‍ഗാമികള്‍ സന്ന്യാസ ജീവിതം പൂര്‍ത്തിയാക്കിയപ്പോള്‍ ജയേന്ദ്ര സരസ്വതി അതില്‍നിന്നെല്ലാം വേറിട്ടു നിന്നു. 

"എനിക്ക് പറ്റാത്തത് ഇവന്‍ ചെയ്യും"- എന്നാണ് ജയേന്ദ്രസരസ്വതിക്ക് ശിഷ്യത്വം നല്‍കിക്കൊണ്ട് കാഞ്ചി കാമകോടി മഠത്തിന്റെ അറുപത്തിയെട്ടാമത്തെ മഠാധിപതിയായിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികള്‍ പറഞ്ഞത്. "ഞാന്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ക്കുള്ളിലാണോ ജീവിച്ചത്. അതൊന്നും ഇവന് ബാധകമായിരിക്കില്ല." - ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ ഈ വാക്കുകൾ അനുസ്മരിപ്പിക്കും വിധമായിരുന്ന ജയേന്ദ്ര സരസ്വതിയുടെ ജീവിതം. 

ധര്‍മശാസ്ത്ര പാരായണ അനുഷ്ഠാനങ്ങളില്‍ അദ്ദേഹം അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. വേദാതികാര്യങ്ങളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം അതിനൊപ്പം തന്നെ ജനങ്ങളുടെ ക്ഷേമത്തിനും പ്രാധാന്യം കൊടുത്തു. 1998ല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. അസാം സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് നേത്രസംബന്ധമായ അസുഖങ്ങളുണ്ടെന്ന് കണ്ട അദ്ദേഹം ശങ്കരനേത്രാലയത്തിന്റെ ഒരു ശാഖ ശ്രീമന്ത ശങ്കരദേവ നേത്രാലയം എന്ന പേരില്‍ സ്ഥാപിച്ചു.  

ധര്‍മശാസ്ത്രപരമായി നമുക്കെല്ലാം അനുഷ്ഠാനങ്ങളും ആചാരങ്ങളുമുണ്ട്. അനുഷ്ഠാനം എന്നാല്‍ ഉള്ളിലുള്ളതിന്റെ അഭിവൃദ്ധിപ്പെടുത്തലും വികാസവുമാണ്. ആചാരം എന്നാല്‍ ബാഹ്യമായതിന്റെ പ്രകാശനവും വികാസവുമാണ്. അനുഷ്ഠാനത്തിന് പ്രാധാന്യം കുറഞ്ഞുവരുന്ന കാലഘട്ടത്തില്‍ അതിലേയ്ക്ക് ധര്‍മിഷ്ടരായവരുടെ ശ്രദ്ധകൊണ്ടെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യകര്‍മം. 

സാധാരണ ഗതിയില്‍ വിവാദപരമായ ഒന്നിലും മഠാധിപതികള്‍ ഏര്‍പ്പെടാറില്ല. എന്നാല്‍ ധര്‍മശാസ്ത്രപരമായ നൂനതകള്‍ ഏവിടെ ഉണ്ടാകുന്നുവോ അത് തുറന്ന് പറയാനും പരിഹരിക്കാനും ശ്രമിച്ച ആദ്യ ശങ്കരാചാര്യയായിരുന്നു ഇദ്ദേഹം. അതിനാല്‍ തന്നെ വിവാദങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. അറസ്റ്റ് ചെല്ലപ്പെടുകയും ജയില്‍വാസം അനഷ്ഠിക്കുകയും ചെയ്യേണ്ടിവന്നു. അത് ഒരു ധീരതയായും ന്യൂനതയായും വിലയിരുത്താവുന്നതാണ്. 

ശങ്കരപീഠങ്ങളിലൊന്നും കാണാത്ത പതിവും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലുണ്ടായി. ഒരു ശങ്കരാചാര്യര്‍ അദ്ദേഹത്തിന്റെ ശിഷ്യനെ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ. എന്നാല്‍ ജയേന്ദ്രസരസ്വതിയുടെ ഗുരു അടുത്ത മഠാധിപതിയായി ശങ്കരവിജേന്ദ്ര സരസ്വതിയെക്കൂടി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകളായിരിക്കാം അദ്ദേഹത്തെക്കൊണ്ട് അത്തരത്തില്‍ ഒരു തീരുമാനമെടുപ്പിച്ചത്.

( കോഴിക്കോട് തളി ബ്രാഹ്മണ സമൂഹം സെക്രട്ടറിയാണ് ലേഖകന്‍ )