'ശാന്തിയെ കൂട്ടി യോജിപ്പിക്കുക', എന്ന് പേരുള്ള ഈ വർഷത്തെ വിശ്വശാന്തിദിനത്തിന്റെ പേര് ഈ സമയത്ത് വളരെ അനുയോജ്യമാണ്. സംഘട്ടനത്തിന്റെയോ, ഹിംസയുടെയോ അഭാവം മാത്രമല്ല, ശാന്തി. അത് ശുഭകരമായ ഒരു ആന്തരികാവസ്ഥയാണ്. ലോകശാന്തിയെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വളരെ പ്രധാനപ്പെട്ട ഒരു സത്യം മറക്കുന്നു. ആളുകൾക്ക് ഉള്ളിൽ ശാന്തി ഇല്ലെങ്കിൽ, ബാഹ്യമായ ശാന്തി, അഥവാ ലോകശാന്തി കൈവരിക്കുക അസാദ്ധ്യമാണ്, എന്ന സത്യം.

ആന്തരിക ശാന്തി

മനസ്സിലെ അഗാധമൗനം, മൂർച്ചയേറിയ ബുദ്ധി,വികാരങ്ങളുടെ ലഘുത്വവും, ശുഭാത്മകതയും, മെച്ചപ്പെട്ട ശാരീരിക ആരോഗ്യം, സദാ സേവനസന്നദ്ധമായ ഹൃദയം, പെരുമാറ്റത്തിൽ ദയ, മുതലായവ ആന്തരിക ശാന്തിയെ സൂചിപ്പിക്കുന്നു.

നീതിശാസ്ത്രത്തിന്റെ ആവശ്യം

ശാന്തി നിറഞ്ഞ ലോകത്തെ വാർത്തെടുക്കാൻ, നമ്മൾ ഏതു മനുഷ്യസമൂഹത്തി ന്റെയും അടിസ്ഥാനമായ നീതിശാസ്ത്രമൂല്യങ്ങളിലേയ്ക്ക് നീങ്ങേണ്ടിയിരിക്കുന്നു. നീതിശാസ്ത്രം എന്നാൽ എന്താണ്? മറ്റുള്ളവർ നിങ്ങളോട് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കാത്തത് നിങ്ങൾ മറ്റുള്ളവരോട് ചെയ്യരുത്. നിങ്ങളുടെ അനുഷ്ഠാനങ്ങൾ മറ്റുള്ളവർ മുടക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ മറ്റുള്ളവരുടെ അനുഷ്ഠാനങ്ങളും മുടക്കരുത്. നമ്മൾ സ്വന്തം വ്യക്തിത്വം സംരക്ഷിക്കണം, അതേ സമയം മറ്റുള്ളവരുടെ വ്യക്തിത്വങ്ങളെ ആദരിക്കുകയും വേണം.

ആന്തരിക ശാന്തിയിൽ നിന്ന് ബാഹ്യശാന്തിയിലേയ്ക്ക്

ആന്തരിക ശാന്തി യാണ് ലോകശാന്തിയുടെ താക്കോൽ. ഉള്ളിലെ ശാന്തിയിലേയ്ക്ക് എത്താൻ കഴിഞ്ഞാൽ ബാഹ്യമായ ശാന്തി യാഥാർത്ഥ്യമാകും. ആന്തരിക ശാന്തിക്കു വേണ്ടി യുള്ള അന്വേഷണത്തിന് ലോകത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാക്കേണ്ടിയിരിക്കുന്നു- എല്ലാം മാറുമെന്നും, എല്ലാം മാറിക്കൊണ്ടിരിക്കുമെന്നും ഉള്ള തിരിച്ചറിവ്.. ഒരു ദിവസം എല്ലാം അവസാനിക്കും എന്ന അവബോധം നിങ്ങളെ വേവലാതികളിൽ നിന്ന് പുറത്ത് കടക്കാൻ സഹായിക്കും. മുമ്പ് പലതും സംഭവിച്ചു, അവയിൽ ചിലത് നല്ലതായിരുന്നു, ചിലത് ചീത്തയും. എല്ലാം മാറുന്നു, അപ്രത്യക്ഷനാകുന്നു, എന്ന് കാണുമ്പോൾ, നിങ്ങൾ ഒരേ സമയം തന്നെ ശക്തരും, മൃദുലരും, കേന്ദ്രീകൃതരുമാകും.

ചേതന വൈവിധ്യം ഇഷ്ടപ്പെടുന്നു. ലോകത്തിൽ ഒരേ തരത്തിലുള്ള പഴങ്ങൾ മാത്രമല്ല ഉള്ളത്, ഒരേ തരത്തിലുള്ള ആളുകൾ മാത്രമല്ല, ഒരേ തരത്തിലുള്ള മൃഗങ്ങൾ, മാത്രമല്ല. ചേതനയെ നമ്മൾ യൂണിഫോം ഇടുവിക്കേണ്ടതില്ല. നമുക്ക്, സൃഷ്ടിയെ ആകമാനം സ്നേഹിച്ച്, അതിലെ വൈവിധ്യത്തെ ആദരിക്കാം. നമ്മൾ 'മതസഹിഷ്ണുത' എന്ന പദം വളരെ കൂടുതൽ ഉപയോഗിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്നാൽ ഇന്ന് അതിന് പ്രസക്തി വലുതായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. സ്നേഹമില്ലാത്തതിനോട് മാത്രമേ സഹിഷ്ണുത തോന്നുകയുള്ളൂ. മറ്റുള്ളവരുടെ മതങ്ങളെ സ്വന്തം മതം പോലെ സ്നേഹിക്കേണ്ട സമയമായിരിക്കുന്നു. ഒരു പ്രത്യേക മതം എന്റേതായതുകൊണ്ടു മാത്രമല്ല നല്ലതാകുന്നത്, അത് എന്താണോ , അത് ആയതുകൊണ്ടാണ് അത് മഹനീയമാകുന്നത്. ആത്മീയതയുടെ പ്രകാശം ആളുകളിലേക്ക് എത്തിക്കുന്നവർക്ക് ഈ തിരിച്ചറിവ് വന്നാൽ , അത് ഈ സുന്ദരലോകത്തിലെ മതഭ്രാന്ത് അവസാനിപ്പിക്കും . ഓരോ മതത്തെയും, സംസ്കാരത്തെയും കുറിച്ച് അല്പമെങ്കിലും അറിവ് നമ്മൾ എല്ലാവർക്കും കൊടുക്കണം. ഇങ്ങനെ ജീവിതത്തെക്കുറിച്ച് വിശാലമായ വീക്ഷണം വളർത്താൻ കഴിയും. ആത്മീയതയുടെ സത്തയായ ധ്യാനവും, സാർവലൗകിക സാഹോദര്യവും ഇല്ലെങ്കിൽ, മതം ഒരു പുറംതോട് മാത്രമാകും.

നമ്മുടെ ഉള്ളിലെ ശാന്തിയുടെ സ്രോതസ്സ് കണ്ടെത്തിയാൽ മാത്രം മതി. ശാന്തരായ മനുഷ്യർ നാനാത്വം, ദയ, സേവനം, എന്നിവയെ ആദരിക്കുന്ന ലോകത്തെയാണ് സൃഷ്ടിക്കുക.