ഹാഭാരതത്തിൽ ഒരു മഹാ ക്ഷാമകാലത്തിന്റെ വർണനയുണ്ട്‌: ഭൂമിയിലെല്ലാം ഉണങ്ങിക്കരിഞ്ഞു. മുനിമാർ വിശപ്പടക്കാൻ തിന്നാറുള്ള വൃക്ഷങ്ങളുടെ വേരുകളൊക്കെ ഉണങ്ങി. വിശ്വാമിത്ര മഹർഷി വനത്തിൽ ഒന്നും തിന്നാനില്ലാതെ, കൊടിയ വിശപ്പിൽ എന്തു തിന്നണമെന്നറിയാതെ വലഞ്ഞു. ഒടുവിൽ ക്ഷീണവും തളർച്ചയും താങ്ങാനാവാതെ അദ്ദേഹം അടുത്തുള്ള ഒരു ഗ്രാമത്തിലേക്കു യാത്രയായി. അവിടെ ഒരു ചണ്ഡാളന്റെ കട്ടിലിനടിയിൽ ഒരു നായയുടെ കാൽ കിടക്കുന്നത്‌ അദ്ദേഹം കണ്ടു. അദ്ദേഹം ആ കുടിലിൽ ആ നായയുടെ കാൽ ആരും കാണാതെ കട്ടുതിന്നാമെന്ന വിചാരത്തോടെ ഒളിച്ചിരുന്നു.

ചണ്ഡാളന്‌, പക്ഷേ, ഉറക്കം വരുന്നതേയില്ല. മഹർഷിയുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട്‌ അയാൾ ഉറങ്ങുന്നതുപോലെ കിടന്നു. ഒടുവിൽ വിശ്വാമിത്ര മഹർഷി ആ നായക്കാൽ ആർത്തിയോടെ തിന്നാനൊരുങ്ങിയപ്പോൾ ചണ്ഡാളൻ ഉണരുകയും അതു കണ്ടു നടുങ്ങുകയും മഹർഷിയുടെ നേരേ നോക്കി ‘‘എന്തു ഹീനമായ കാര്യമാണങ്ങ്‌ ചെയ്യുന്നത്‌’’ എന്നു ചോദിക്കുകയും ചെയ്തു. അപ്പോൾ വിശ്വാമിത്രൻ, ഒരു മനുഷ്യൻ വിശന്നിരിക്കുമ്പോൾ ജീവരക്ഷയ്ക്കായി എന്തും തിന്നാൻ അനുവദിക്കപ്പെട്ടവനാണെന്ന്‌ ശാസ്ത്രോക്തിയെ മുൻനിർത്തി പറയുന്നുണ്ട്‌!

അതാണ്‌ വിശപ്പ്‌... വിശപ്പ്‌ മനുഷ്യന്റെ മുഴുവൻ മൂല്യങ്ങളും പറപ്പിക്കുന്നത്‌ ദാരുണമായ ഒരു കാഴ്ചയാണ്‌.  ഒരിക്കൽ കൃഷ്ണൻ ദ്രൗപദിയോട്‌ താങ്ങാനാവാത്ത വിശപ്പിന്റെ തീയെപ്പറ്റി പറയുകയായിരുന്നു. കൃഷ്ണൻ തന്റെ മായാശക്തിയാൽ ദ്രൗപതിയെ കൊടുംവിശപ്പിന്റെ പിടിയിലമർത്തി അവിടെയപ്പോൾ മധുരിക്കുന്ന പഴങ്ങളുടെ ഒരു വൃക്ഷം പ്രത്യക്ഷമായി.  മരത്തിലെ പഴം അവളുടെ കൈയെത്തുന്നതിനെക്കാൾ ഒരല്പം ഉയരത്തിലാണ്‌. പഴം പറിക്കാനുള്ള ഉയരം കൂട്ടാനായി അവളുടെ മരിച്ചുകിടക്കുന്ന മക്കളിലൊരാളെ വലിച്ചുകൊണ്ടുവരികയും അതിന്റെ മീതെ കയറി നിൽക്കുകയും ചെയ്തു.

പഴം അപ്പോഴും ഒരല്പംകൂടി ഉയരത്തിലാണ്‌. തുടർന്ന്‌ ഉയരം കൂട്ടാനായി ബാക്കി നാലു മക്കളുടെയും മൃതദേഹങ്ങൾ അവർ മേൽക്കുമേൽ വെച്ച്‌ അതിന്റെ മീതെ കയറിനിന്ന്‌ പഴം പറിക്കാനായി കൈകൾ നീട്ടി!.. ഈയൊരവസ്ഥയിൽ കൃഷ്ണൻ  അപ്രത്യക്ഷനാവുകയും മായ നീങ്ങുകയും ചെയ്തപ്പോൾ താനെന്താണ്‌ ചെയ്തുകൊണ്ടിരിക്കുന്നതെന്ന്‌ ദൗപദി നടുക്കത്തോടെ അറിയുകയായിരുന്നു. അതാണ്‌ വിശപ്പ്‌!

വിശപ്പുപോലെ, പട്ടിണിപോലെ മനുഷ്യനെ നിസ്സഹായനാകുന്ന വേദനിപ്പിക്കുന്ന ഒന്നുമില്ല. വിശപ്പ്‌, പട്ടിണി, അതിന്റെ മുഴുവൻ രൂപത്തിൽ ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിച്ച ഒരാളും വിശന്ന ഒരു മനുഷ്യനെ വേദനിപ്പിക്കുകയില്ല. അടിയന്തരാവസ്ഥയിൽ ജയിലിൽ അടയ്ക്കപ്പെടുന്നതിനുമുമ്പ്‌ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്ന ഒരു മാസക്കാലം ജീവിതത്തിൽ ഒരു പുസ്തകവും ബോധോദയം നേടിയ ഒരു ഗുരുവും പഠിപ്പിക്കാത്ത പാഠങ്ങളാണ്‌ ഞാൻ പഠിച്ചത്‌. ആദ്യത്തെ ദിവസം രാവിലെ കഞ്ഞിവെള്ളമാണ്‌ കിട്ടിയത്‌. അന്നുച്ചയ്ക്കും രാത്രിയും കഞ്ഞിവെള്ളംതന്നെ.  

പൂത്തുപുഴുത്ത അരികൊണ്ടുള്ള കഞ്ഞിവെള്ളം. ഇതു നാലുദിവസം തുടർച്ചയായി കുടിച്ചുകൊണ്ടിരുന്നപ്പോൾ ദേഹവും മനസ്സും തളർന്നുകൊണ്ടിരുന്നു. വിശന്നുപൊരിയുന്ന ഉച്ചനേരങ്ങളിൽ ഞങ്ങളീ കഞ്ഞിവെള്ളം കുടിച്ചും കൂടുതൽ ക്ഷീണിച്ചും  നിരാശനായിരിക്കുമ്പോൾ, മൂക്കറ്റംതിന്ന്‌ തൃപ്തമായ  മുഖത്തോടെ, തിന്ന ഭക്ഷണത്തിന്റെ സൂക്ഷ്മമായ മണം പരത്തി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന പോലീസ്‌ ഓഫീസർമാർ, കാവൽക്കാർ എത്ര ഭാഗ്യവാന്മാരാണെന്ന്‌ അപ്പോൾ തോന്നുമായിരുന്നു. കാരണം, അവർക്ക്‌ ഭക്ഷണമുണ്ട്‌.

ഒരു ക്ഷാമക്കാലത്ത്‌ ചൈനയിലെ ഒരു നാട്ടുരാജാവിന്റെ മുന്നിൽ ദരിദ്രനായ ഒരു മനുഷ്യനെ കൃഷിക്കാർ പിടിച്ചുകെട്ടി വലിച്ചിഴച്ചുകൊണ്ടുവന്നു. ‘‘ഇവൻ ഞങ്ങളുടെ കൃഷിസ്ഥലത്തുനിന്ന്‌ പതിവായി നെല്ല്‌ മോഷ്ടിച്ചുകൊണ്ടുപോകുന്നു. ഇയാൾക്ക്‌ കടുത്ത  ശിക്ഷ കൊടുക്കണം’’-അവർ പറഞ്ഞു. പട്ടിണിയുടെ പേക്കോലമായി മാറിയ ആ മനുഷ്യനോട്‌ രാജാവ്‌ തൊണ്ടകീറിക്കൊണ്ടു ചോദിച്ചു: ‘‘എടാ, തെണ്ടി, നീ ഇവരുടെയൊക്കെ സ്ഥലത്തുപോയി നെല്ല്‌ കക്കുന്നുണ്ടോ?’’ അതുകേട്ട്‌ ആ സാധു മനുഷ്യൻ ഭയന്നുകൊണ്ട്‌ തലയിളക്കി ‘അതെയതെ’ എന്ന്‌ ശബ്ദമില്ലാതെ പറഞ്ഞു.‘‘കണ്ടില്ലേ കള്ളക്കളി? ഇവന്‌ നല്ല ശിക്ഷകൊടുക്കണം. ഇനിയൊരുത്തനും ഇങ്ങനെ കക്കരുത്‌.’’

ഇതുകേട്ട്‌ രാജാവ്‌ തലകുലുക്കുകയും അപ്പോളവിടെ എത്തിച്ചേർന്ന ലാവോത്സു എന്ന മഹാതത്ത്വജ്ഞാനിയുടെ നേരേ വണങ്ങി ‘‘ഈ കള്ള‌ന്‌ നല്ലൊരു ശിക്ഷ വിധിക്കണം’’ എന്ന്‌ അപേക്ഷിക്കുകയും ചെയ്തു.  ഒരുനിമിഷം കണ്ണടച്ചിരുന്നശേഷം ലാവോത്സു പറഞ്ഞു.
‘‘കെട്ടിയിട്ട  ഈ മനുഷ്യന്റെ കെട്ടഴിച്ചുവിണം. ഇയാളെ കൊണ്ടുപോയി കുളിപ്പിച്ച്‌ ഇയാൾക്ക്‌ വയറുനിറയെ നല്ല ഭക്ഷണവും പുതിയ വസ്ത്രവും കൊടുക്കണം. കൂടാതെ, ഇയാൾക്ക്‌ ഒരു മാസം കഞ്ഞിവെച്ചു കുടിക്കാനുള്ള അരിയുംകൊടുക്കണം’’. ഇതുകേട്ട്‌ അന്തംവിട്ടുനിന്ന ആ പാവം കള്ളനെയും ഞെട്ടിക്കൊണ്ടുനിന്ന കൃഷിക്കാരെയും ഒരു നിമിഷം ജ്വലിക്കുന്ന കണ്ണുകളോടെ  നോക്കി അദ്ദേഹം പറഞ്ഞു. 

‘‘നിങ്ങളെല്ലാം ചേർന്നാണീ പാവത്തെ കള്ളനാക്കിയത്‌. ഇയാൾ നിങ്ങളുടെ വയലുകളിൽ എല്ലുമുറിയെ പണിയെടുക്കുന്നുണ്ട്‌.  കൃഷിയുടെ വിളവെല്ലാം നിങ്ങളുടെ പത്തായങ്ങളിൽ ഇയാൾതന്നെ കൊണ്ടുവന്ന്‌ നിറയ്ക്കുന്നുണ്ട്‌. നിങ്ങൾ വയറുനിറച്ചുണ്ട്‌ സുഖമായിരിക്കുമ്പോൾ ഈ പാവത്തിന്റെ വീട്ടിൽ ഒരു നേരത്തെ കഞ്ഞിക്ക്‌ അരിയില്ലാതെ കുട്ടികൾ കരഞ്ഞിരിക്കയാണ്‌. അതുകൊണ്ട്‌ ഇത്തരം പാവങ്ങളെ കള്ളന്മാരാക്കുന്ന നിങ്ങളെ അഞ്ചുപേരെയും ആറുമാസത്തേക്ക്‌ ജയിലിൽ അടയ്ക്കാനും ഇവർക്ക്‌ മൂന്നുദിവസത്തേക്ക്‌ കഞ്ഞിവെള്ളംമാത്രം ഭക്ഷണമായിക്കൊടുക്കാനും ഈ സാധുവിന്‌ വരാൻപോകുന്ന പഞ്ഞമാസങ്ങളിൽ ചോറുവെച്ചു തിന്നാനുള്ള അരി പിഴയായി അടയ്ക്കാനും രാജാവ്‌ കല്പിക്കണമെന്ന് അപേക്ഷിക്കുന്നു’’.

ഇതുകേട്ട്‌ മൂകനായി നിന്ന രാജാവിന്റെ നേരേ വിരൽച്ചൂണ്ടി ലാവോത്സു പറഞ്ഞു: ‘നിങ്ങളെപ്പോലുള്ള രാജാക്കന്മാർ നീതി നടപ്പാക്കുന്നില്ലെങ്കിൽ ജനങ്ങളൊന്നിച്ച്‌ നിങ്ങൾക്കെതിരായി ഇളകിവരാൻ പോകുന്നു.

അതുകൊണ്ട്‌ ദാരിദ്ര്യമെന്ന കുറ്റത്തിനുള്ള പ്രതിവിധിയായി ധനം കുന്നുകൂടിവെയ്ക്കുന്ന അവസ്ഥ നാട്ടിലില്ലാതാക്കാനായി ഭരണാധികാരി നീതിയിലും സത്യത്തിലും കരുണയിലും അധിഷ്ഠിതമായി കുറ്റവാളികളെ  കണ്ടുപിടിച്ച്‌ യഥാർഥ കുറ്റവാളികൾക്ക്‌ കടുത്തശിക്ഷ കൊടുക്കുകയും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കപ്പെടുന്ന പാവങ്ങൾക്ക്‌ ശരിയായ രക്ഷയും സംരക്ഷണവും കൊടുക്കണമെന്നും ഞാനപേക്ഷിക്കുന്നു’’.

നിരപരാധിയായ മധുവിനെ കള്ളനായി മുദ്രകുത്തി പരിഷ്കൃത കേരളത്തിലെ ഏതാനും മനുഷ്യർ അയാൾക്ക്‌ വധശിക്ഷ നടപ്പാക്കുന്നതിനും 2600 വർഷങ്ങൾക്കുമുമ്പാണ്‌ ലാവോത്സു ചൈനയിൽ ജീവിച്ചിരുന്നത്‌.