ഭാരതീയ പാരമ്പര്യത്തില്‍ മനുഷ്യന്‍ അനുഷ്ടിക്കേണ്ട ജീവിതഘട്ടങ്ങളെയാണ് ആശ്രമങ്ങള്‍ എന്നു പറയുന്നത്. ആശ്രമധര്‍മ്മങ്ങള്‍ സാമൂഹ്യമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിധിക്കപ്പെട്ടിട്ടുള്ള അനുഷ്ടാനമാര്‍ഗങ്ങളാണ്. ഒന്നിനു പുറകേ ഒന്നായി അനുഷ്ടിക്കേണ്ട ഈ ആശ്രമങ്ങള്‍ നാലെണ്ണമാണ്.
ബ്രഹ്മചര്യം - ജീവിതത്തെ ആദ്യവര്‍ഷങ്ങളില്‍ ലഘുജീവിതം നയിച്ച് വിദ്യാഭ്യാസം നടത്തുക.
ഗൃഹസ്ഥം - വിവാഹിതനായി കുടുംബജീവിതം നയിക്കുക
വാനപ്രസ്ഥം - കാട്ടിലോ ഗൃഹത്തിന് പുറത്തോ വസിച്ച് ധ്യാനത്തിലേര്‍പ്പെടുക
സന്യാസം - സര്‍വവും ഉപേക്ഷിച്ച് സന്യാസിയായി മാറുക
ആശ്രമധര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗൃഹസ്ഥാശ്രമം. വിവാഹത്തോടെ ഗാര്‍ഹസ്ഥ്യം തുടങ്ങുന്നു. ഗൃഹസ്ഥന്‍ പഞ്ചമഹായജ്ഞം അനുഷ്ഠിക്കണമെന്നും ധര്‍മശാസ്ത്രഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നു.
ബ്രഹ്മയജ്ഞം: പ്രഭാതത്തില്‍ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക.
ദേവയജ്ഞം: പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും ജപം, ധ്യാനം, ദീപം, ധൂപം, പുഷ്പചന്ദനാദികള്‍ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
പിതൃയജ്ഞം: നമ്മുടെ ശരീരം ലഭിച്ചതില്‍ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിന്‍തലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാല്‍ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.
തര്‍പ്പണം- ശരീരശുദ്ധിക്കുശേഷം ജലം കൈകളിലെടുത്ത് പിതൃക്കള്‍ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജല തര്‍പ്പണം ചെയ്യുന്നു. ദേവന്മാര്‍, ഋഷിമാര്‍, പിതൃക്കള്‍ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതര്‍പ്പണം നടത്തുന്നു. (തര്‍പ്പണം = പ്രീതിപ്പെടുത്തുക)
ശ്രാദ്ധം- ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നത് ശ്രാദ്ധം. ബലികര്‍മമാദികള്‍ ചെയ്യുന്നത് തുലാം, കര്‍ക്കിടക അമാവാസി നാളുകളിലും മരിച്ചനാളുകളിലും ആണ്.
നൃയജ്ഞം: നരനെ നാരായണനെന്നുകണ്ട് സേവിക്കുക, സഹായം ചെയ്യുക, അശരണരെയും രോഗികളേയും വൃദ്ധരേയും അവശരേയും പരിപാലിക്കുക. 'അതിഥി ദേവോ ഭവ' എന്നഭാവനയില്‍ സല്‍ക്കരിക്കുക.
ഭൂത യജ്ഞം: മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നല്‍കുകയും വേണം
തുടങ്ങിയവയാണ് പഞ്ചമഹായജ്ഞങ്ങള്‍. ഇതിനുപുറമെ ഗൃഹസ്ഥാശ്രമിക്ക് ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട കടമകള്‍ ഇപ്രകാരമാണ്
- നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.
- അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം. പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക് നയിക്കും.
- നാസ്തികത,വേദനിന്ദ,ദേവനിന്ദ,ദേഷ്യം,ഡംഭ്,ദുരഭിമാനം,ക്രൂരത, ക്രോധം എന്നിവ ഉപേക്ഷിക്കണം.
- സത്യം,ധര്‍മ്മം,സദാചാരം, ശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.
- പ്രയോജനമില്ലാതെ കൈകള്‍കൊണ്ട് എന്തെങ്കിലും ചെയ്യുക,താളം പിടിക്കുക,വെറുതെ കാലുചലിപ്പിക്കുക,പരസ്ത്രീയെ ആസക്തിയോടെ നോക്കുക,അര്‍ത്ഥ രഹിതവും അനാവശ്യവുമായി പുലമ്പുക,അന്യരെ നിന്ദിക്കുക ഇവ പാടില്ല.
- ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോ ,തുളസിയിലയോ മുടിയില്‍ ചൂടരുത്.
- ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരിക്കരുത്.
- ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്.
- വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്.
- അമിതമായി ഭക്ഷിക്കരുത്.
- അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍,ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത് ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്.
- അംഗഹീനര്‍,അംഗവൈകല്യമുള്ളവര്‍,വിദ്യഭ്യാസമില്ലാത്തവര്‍,വൃദ്ധന്മാര്‍,വൈരൂപ്യമുള്ളവര്‍,ദരിദ്രര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്.
- കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനും,എല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.
- സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.
- സന്ധ്യാ സമയത്ത് സ്ത്രീസംഗം പാടില്ല.
- ദാനം,മൈഥുനം,ഉപവാസം,വിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു.
- ആയുസ്സ്,ധനം,സ്ത്രീസംസര്‍ഗ്ഗം,മന്ത്രം,ഔഷധദാനം,മറ്റൊരുത്തനാല്‍ നേരിട്ട അപമാനം,മാനം,ഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.
- സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവും ,ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.
- മറ്റൊരാളെ നിന്ദിച്ചോ, കുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്.
- യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കന്‍ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്.
- ഇത് മറ്റൊരാള്‍ക്ക് എന്ന് പറഞ്ഞ് വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്.
- പഞ്ചമഹാപാതകങ്ങളില്‍ ഏര്‍പ്പെടരുത്. ബ്രഹ്മഹത്യ,നിഷിദ്ധ മദ്യം സേവിക്കല്‍,മോഷണം,ഗുരുപത്‌നീ ഗമനം,ഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു പഞ്ചമഹാപാതകങ്ങള്‍.
- ഉറങ്ങുക, ഉറക്കമൊഴിക്കുക,കുളിക്കുക,ഇരിക്കുക,കിടക്കുക,വ്യായാമം ചെയ്യുക എന്നിവ അധികമാകരുത്.
- കലഹം,വൈരം എന്നിവ കഴിവതും ഒഴിവാക്കണം. ദേവപൂജ, പിതൃപൂജ,അതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക് ശുഭ ഫലങ്ങള്‍ കൈവരും.