സ്‌നേഹത്തിന്റെ ഹൃദയനിലാവ് അനുഭവിക്കാന്‍ ഭാഗ്യമില്ലാത്തവരാണ് അസഹിഷ്ണുതയുടെ ഭാരവുമായി നടക്കുന്നവര്‍. സഹജീവികളോട് കാരുണ്യവും ദയയും മനസ്സില്‍ വരാത്തവര്‍ തെറ്റായ വിശ്വാസങ്ങളില്‍ അകപ്പെടുന്നു. അത്തരക്കാര്‍ തങ്ങളില്‍ മറഞ്ഞു കിടക്കുന്ന വൈരത്തിന്റെ വിഷവുമായി  മറ്റുള്ളവരെ  ദംശിക്കുന്നു. 

റൂമി പറഞ്ഞ ഒരു കഥയുണ്ട് :

തണുത്തുറഞ്ഞ ഒരു പര്‍വ്വത പ്രദേശത്തിലൂടെ നടക്കുകയായിരുന്നു ഒരു പാമ്പുപിടുത്തക്കാരന്‍.  വഴിയില്‍, മഞ്ഞില്‍ പുതഞ്ഞു ചത്തുകിടക്കുന്ന ഒരു വലിയ വിഷ സര്‍പ്പത്തെ കണ്ടു. അപൂര്‍വമായി മാത്രം കണ്ടുവരുന്ന ആ സര്‍പ്പത്തെ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആളാവണമെന്ന മോഹം അയാള്‍ക്കുണ്ടായി. 

ഉടന്‍ ആ പാമ്പിനെ എടുത്തു സഞ്ചിയിലാക്കി അയാള്‍ അങ്ങാടിയിലേക്ക് നടന്നു. വലിപ്പമേറിയ ആ സര്‍പ്പത്തെ കാണിച്ചു അയാള്‍ ആളെ കൂട്ടി. ജനക്കൂട്ടത്തിന് ഇടയിലേക്ക് അയാള്‍ സര്‍പ്പത്തെ എറിഞ്ഞു. ആളുകള്‍ അതിനെ തൊടാനും ചവിട്ടാനും തുടങ്ങി. 

സിദ്ദിഖ് മുഹമ്മദിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മഞ്ഞില്‍ പുതഞ്ഞു മരവിച്ചു കിടന്നിരുന്ന ആ പാമ്പ് യഥാര്‍ത്ഥത്തില്‍ ചത്തിട്ടുണ്ടായിരുന്നില്ല.  ചൂട് കിട്ടിത്തുടങ്ങിയതോടെ ആ പാമ്പ് മെല്ലെ ചലിക്കാന്‍ തുടങ്ങി.  പൊടുന്നനെ, അത് ഫണം വിടര്‍ത്തി ചീറ്റി. അടുത്തുണ്ടായിരുന്ന പാമ്പ് പിടുത്തക്കാരനെ തന്നെ ആദ്യം കടിച്ചു. ചുറ്റും കൂടിയവരില്‍ പലര്‍ക്കും കടിയേറ്റു. ആളുകള്‍ പേടിച്ചു നാലുപാടും ഓടി. ഒടുവില്‍ പാമ്പ്  പരിസരത്തുള്ള ഏതോ മാളത്തില്‍ കയറി ഒളിച്ചു.

കാലഹരണപ്പെട്ടെന്ന് നാം കരുതുന്ന പല തെറ്റായ വിശ്വാസങ്ങളും ഈ പാമ്പിനെപ്പോലെയാണ്.  സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ സമൂഹത്തിലേക്ക് കൊണ്ടുവരുന്ന മനുഷ്യവിരുദ്ധമായ, സ്‌നേഹശൂന്യമായ ഇത്തരം  ആശയങ്ങള്‍ പലപ്പോഴും അവരെയും ചുറ്റുമുള്ളവരെയും തിരിഞ്ഞു കൊത്തുന്നു. 

ആയതിനാല്‍, നമ്മുടെ സമൂഹം ശിഥിലമാവും മുന്‍പേ അതിനുള്ള പ്രതിവിധി നാം കണ്ടെത്തുകയും അനുവര്‍ത്തിക്കുകയും വേണം. സ്‌നേഹമാണ് ആ ദിവ്യഔഷധം! സ്‌നേഹശൂന്യതയാണ് സര്‍വ്വ  ശൈഥില്യങ്ങള്‍ക്കും നിദാനം 

റൂമി പാടുന്നു :

' സ്‌നേഹമെന്ന മതത്തെ പിന്‍പറ്റുന്നു ഞാന്‍. 
സ്‌നേഹമാണ് എന്റെ മതം ; വിശ്വാസവും. 
എന്റെ മാതാപിതാക്കള്‍ സ്‌നേഹമാണ്. 
എന്റെ ദൈവവും പ്രവാചകനും സ്‌നേഹം. 
ഞാന്‍ സ്‌നേഹത്തിന്റെ സന്തതി. 
സ്‌നേഹമല്ലാതെ മറ്റൊന്നും 
ഉരിയാടാന്‍ എനിക്കില്ല. '