നദിയുടെ തീരത്തുകൂടി നടക്കുകയായിരുന്നു ഒരു ഒട്ടകം. ആ നടത്തത്തിന്റെ  ഗംഭീര്യം കണ്ട് ആരാധന തോന്നിയ  ഒരു ചുണ്ടെലി ഒട്ടകത്തിന്റെ കാലില്‍ അള്ളിപ്പിടിച്ചു. കാലില്‍ പറ്റിപ്പിടിച്ചു മുന്നോട്ടു നീങ്ങവേ എലിയുടെ മനസ്സില്‍ ചെറിയൊരു അഹങ്കാരം നാമ്പിട്ടു. മറ്റുളള ജീവികളെല്ലാം കഷ്ട്ടപ്പെട്ടു നടക്കുമ്പോള്‍, താന്‍  സുഖമായി മുന്നോട്ടു നീങ്ങുന്നു.

ക്രമേണ മറ്റൊരു വിശ്വാസം കൂടി എലിയുടെ അഹങ്കാരം ഇരട്ടിയാക്കി. ഈ വലിയ ഒട്ടകത്തെ താനാണ് മുന്നോട്ടു കൊണ്ടുപോകുന്നതെന്നു എലി ധരിച്ചുവശായി. അതോടൊപ്പം, ഒട്ടകം  നടക്കുന്ന വഴിയെ പോകുന്ന കുഞ്ഞു പ്രാണികളും ചെറു ജീവിയുമെല്ലാം ഒട്ടകത്തെ ഇല്ലാതാക്കാന്‍ വരുന്ന ശത്രുക്കളാണെന്നും, അവയെ പോരാടി നശിപ്പിക്കല്‍ തന്റെ കര്‍ത്തവ്യ മാണെന്നും എലി ധരിച്ചു. ആ വഴി വന്ന ജീവികളെയെല്ലാം പേടിപ്പിച്ചു ഓടിക്കുകയും, ഉപദ്രവിക്കുകയും ചെയ്തു. 

അങ്ങനെ  ഒട്ടകത്തിന്റെ കാലില്‍ അള്ളിപ്പിടിച്ചു മുന്നോട്ടു നീങ്ങവേ, നദിയുടെ തൊട്ടടുത്തെത്തി. നദി കടക്കാനായി ഒട്ടകം വെള്ളത്തിലേക്ക് കാലു  വെച്ചപ്പോള്‍ എലി ഭയചകിതനായി. എന്ത് ചെയ്യണമെന്നറിയാതെ കരയിലേക്ക് ചാടി. 

അപ്പോള്‍ ഒട്ടകം എലിയോട് ചോദിച്ചു: 'വെള്ളം കണ്ടപ്പോള്‍ എന്തേ നീ ചാടിയിറങ്ങി?  എന്നെ ഇനി ആര് സംരക്ഷിക്കും ?എന്നെ മുന്നോട്ടു കൊണ്ടുപോകുന്ന, എന്നെ സുരക്ഷിതമായി നിലനിര്‍ത്തുന്ന എന്റെ 'ഗുണ്ട'യായി നീ സ്വയം അവരോധിച്ചിരുന്നില്ലേ? എന്നിട്ടെന്തേ വെള്ളം കണ്ടപ്പോള്‍ ഓടിയൊളിക്കുന്നു? ഒട്ടകത്തിന്റെ പരിഹാസം കേട്ട എലി ജാള്യതയോടെ തല താഴ്ത്തി മിണ്ടാതിരുന്നു. 

അപ്പോള്‍ ഒട്ടകം സഹതാപത്തോടെ എലിയോട് പറഞ്ഞു : 'എന്നെ സംരക്ഷിക്കുന്നവനും എന്നെ കൊണ്ടു നടക്കുന്നവനുമാണെന്ന അഹങ്കാരവും തെറ്റിദ്ധാരണയും ആദ്യം ഉപേക്ഷിക്കുക.എന്റെ പേരില്‍ നീ ഉപദ്രവിച്ച സകല ജീവികളോടും മാപ്പു പറയുക. അവയെല്ലാം എന്റെ വഴിയിലെ അനിവാര്യതകള്‍ മാത്രം. സകല ജീവികളോടും കാരുണ്യത്തോടെയും സ്‌നേഹത്തോടെയും വര്‍ത്തിച്ചു സമര്‍പ്പിതനായി ജീവിച്ചാല്‍ ഞാന്‍ നിന്നെ എന്റെ  പുറത്തേറ്റാം. പിന്നെ, നിനക്ക് ഏത് മരുഭൂമിയിലൂടെയും, ഏത് വെള്ളക്കെട്ടിലൂടെയും നടക്കാം; ഭയമേതുമില്ലാതെ. '

ദൈവത്തിന്റെ സംരക്ഷകര്‍ ചമയുന്ന പല വിശ്വാസികളുടെയും അവസ്ഥ ഈ എലിയെ പോലെയാണ്.  സകല പ്രപഞ്ചങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ആ മഹാശക്തിയുടെ പേരില്‍ ഈ  കുഞ്ഞു മനുഷ്യര്‍ പോരടിക്കുന്നത് എത്രമേല്‍ അപഹാസ്യമാണെന്നു ദൈവീകതയുടെ പൊരുളറിഞ്ഞവര്‍ എക്കാലവും ഉദ്ഘോഷിച്ചിട്ടുണ്ട്. 

അത് തിരിച്ചറിയാത്ത പൗരോഹിത്യ താല്പര്യങ്ങളാണ് മനുഷ്യരെ ദൈവത്തിന്റെ പേരില്‍ വിഭജിച്ചുകൊണ്ടിരിക്കുന്നത്. അവിവേകികളും  അന്ധരുമായ അനുയായികള്‍ ദൈവത്തിന്റെ 'ഗുണ്ട'കളായി സ്വയം ബലിയാടാവുകയും ചെയ്യുന്നു. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാവങ്ങള്‍ ഹൃദയത്തില്‍ തെളിഞ്ഞവരാണ് യഥാര്‍ത്ഥ മനുഷ്യര്‍. അവര്‍ മാത്രമാണ് ദൈവത്തിന്റെ ആളുകള്‍.

 റൂമി പാടുന്നു :  

' സ്‌നേഹത്തിന്റെ മതം മറ്റെല്ലാ മതങ്ങളില്‍ നിന്നും വൃതിരിക്തം.

കാരണം, സ്‌നേഹത്തെ പ്രണയിച്ചവന് ദൈവം മാത്രമാണ് ഒരേ ഒരു മതം'

ദൈവത്തെ തിരിച്ചറിഞ്ഞവന്‍ സ്‌നേഹമറിയുന്നു ;

സ്‌നേഹമായ് ജീവിച്ചവന്‍ ദൈവത്തെയും. '

ഇവരാണ് ദൈവീകതയായി ജീവിക്കുന്നവര്‍. ദൈവീകതയെ സംരക്ഷിക്കുന്നവര്‍.  റൂമി ഓര്‍മപ്പെടുത്തുന്നു :

'തെറ്റ് തിരഞ്ഞു നടക്കുന്ന നിന്റെ കണ്ണുകള്‍ അടച്ചു വയ്ക്കുക. 

അപ്പോള്‍, നിന്റെ അധ്യാത്മ നയനങ്ങള്‍ തുറക്കപ്പെടും. 

 പിന്നെ, കാരുണ്യമായ്ത്തീര്‍ന്ന നിന്റെ മിഴികള്‍ക്കു മുന്നില്‍

വിശ്വാസിയും അവിശ്വാസിയും തമ്മില്‍ ഒരു വേര്‍തിരിവും കാണില്ല. '


  മനുഷ്യനെയും ദൈവത്തെയും തിരിച്ചറിയാനായി സ്വയം വെളിപ്പെടുത്തുന്നു റൂമി :       

 'പ്രണയവുമായി പ്രണയത്തിലാണ് ഞാന്‍ ;
കാരണം പ്രണയം മാത്രമാണ് ഒരേയൊരു മോക്ഷം. '