ഒരു ദര്‍വീശ് മൗലായുടെ സമീപം വന്ന് ഇങ്ങനെ പാടിക്കൊണ്ടിരുന്നു:

' പുരോഹിതന്റെ  പ്രലോഭനങ്ങളൊന്നും എന്നെ ഉന്മത്തനാക്കിയില്ല;
 പേടിപ്പിക്കല്‍ എന്നെ സ്പര്‍ശിച്ചതുമില്ല.

സ്വര്‍ഗ്ഗത്തിലെ വീഞ്ഞൊഴുകുന്ന അരുവിയും,
സ്വര്‍ഗീയത വഴിഞ്ഞൊഴുകുന്ന അപ്‌സരസ്സും
പറഞ്ഞ് ദേഹകാമനകള്‍ മാത്രമുള്ളൊരു വെറും ശരീരമായി അവരെന്നെ നിസ്സാരപ്പെടുത്തി.

എന്റെ ആത്മദാഹത്തിന് ശമനം നല്കുന്ന ചഷകവും പാനീയവും തിരഞ്ഞപ്പോഴാണ് ഞാന്‍ സത്യമറിഞ്ഞത്:
പുരോഹിതന്റെ കൈയിലുള്ളത്; ആണ്‍ശരീരം ഉദ്ധരിക്കുന്ന വെറും സങ്കല്‍പ്പനങ്ങള്‍ മാത്രമാണെന്ന്.

എന്റെ ആത്മീയ ദാഹം അവരെങ്ങനെ അറിയാന്‍?
ദേഹത്തിന് ഉപരി ഒരു ദാഹമേ അവര്‍ക്കില്ലല്ലോ.

ദേഹിയില്ലാത്ത അവരുടെ പ്രാര്‍ഥനകള്‍ എന്നെ ക്ഷീണിതനാക്കി.

ആത്മബോധം നഷ്ടപ്പെടുത്തുന്ന ആള്‍ക്കൂട്ട സംഗമങ്ങള്‍ എന്നെ നൈരാശ്യത്തിലുമാക്കി.

വേഷഭൂഷാദികള്‍ മാത്രമായ്  'ഉള്ള് ' ഇല്ലാതായ കൂട്ടത്തില്‍ നിന്നും,
എന്റെ  'ഉള്ളി'നെ കാത്തുസൂക്ഷിക്കാനായി ഞാന്‍  ആ വേഷം വലിച്ചെറിഞ്ഞു.

അഹന്തയുടെ തലക്കനമില്ലാതെ, ഇമേജുകളുടെ ഭാരമില്ലാതെ
ഇന്നെനിക്ക് ഞാനായി ജീവിക്കാം. '

പുരോഹിതവേഷം വലിച്ചെറിഞ്ഞ്  ദര്‍വീശ് ആയിത്തീര്‍ന്ന  ആത്മാന്വേഷി,ഈ കവിത പാടിയ ശേഷം മൗലായോട് ഇങ്ങനെ ചോദിച്ചു: ' പുരോഹിതന്മാര്‍  പഠിപ്പിച്ച ആചാരാനുഷ്ഠാനങ്ങളുമായി, ആള്‍ക്കൂട്ടത്തിലൊരാളായി നിലകൊള്ളാന്‍ ഇന്നെനിക്ക് കഴിയുന്നില്ല. പക്ഷേ, പഴയ കണ്ടീഷനിംഗിങ്ങിന്റെ കുറ്റബോധം ചില സമയങ്ങളില്‍ കയറി വരുന്നു. ഞാനെന്തു ചെയ്യണം മൗലാ?

കവിതയും ചോദ്യവും അനുതാപത്തോടെ കേട്ടിരുന്ന മൗലാ, ഒരു മന്ദഹാസത്തോടെ മറുപടി പറഞ്ഞു:' ജന്മസിദ്ധമായി ആത്മാന്വേഷണമുള്ള, ദൈവദാഹവും ദിവ്യപ്രണയവും ഹൃദയത്തിലുള്ള ആയിരക്കണക്കിന് അന്വേഷികളുടെ ആത്മാവസ്ഥയാണ് താങ്കള്‍ പങ്കുവെച്ചത്. ഇത് സൂക്ഷ്മ തലത്തില്‍ മനസ്സിലാക്കാന്‍ ഞാന്‍ ഒരു ഉപമാ കഥ പറഞ്ഞു തരാം:

ഒരു ഗുരു, തന്റെ സതീര്‍ഥ്യരുടെ ഹൃദയങ്ങളില്‍ വസന്തം തീര്‍ക്കാനായി,  നിറയെ പൂക്കളുള്ള ഒരു മനോഹരമായ ഉദ്യാനം  വളര്‍ത്തിയുണ്ടാക്കി. എന്നാല്‍, ഉദ്യാനമോ വസന്തമോ അറിയാത്ത ആ നാട്ടിലെ അപരിഷ്‌കൃതരായ മനുഷ്യര്‍
പൂക്കള്‍ പറിച്ചു കളയുകയും, ചെടികളും മരങ്ങളും നശിപ്പിക്കുകയും  ചെയ്യുക പതിവായി. അപ്പോള്‍,  ഉദ്യാനത്തിന് ചുറ്റും മുള്‍വേലി കെട്ടാന്‍ ഗുരു ശിഷ്യരോട് പറഞ്ഞു.

പുറത്ത് കാവല്‍ നില്ക്കാനും അതിക്രമിക്കുന്നവരെ തുരത്താനും ശിഷ്യര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചില ഘട്ടങ്ങളില്‍ ഗുരുവിനും ശിഷ്യര്‍ക്കും നേരിട്ട് വന്നും അക്രമികളെ ഓടിക്കേണ്ടി വന്നിരുന്നു. ആ പൂന്തോട്ടത്തിനു സെക്യൂരിറ്റി നില്‍ക്കുന്നവരുടെ ദിവസക്കൂലിയെ  കുറിച്ചും പ്രതിഫലത്തെ കുറിച്ചും ഗുരു പറഞ്ഞു.

എന്നാല്‍,  പില്‍ക്കാലത്ത് വന്ന അനുയായികള്‍ ഗുരു ഉണ്ടാക്കിയ മുള്‍വേലിയെ കുറിച്ചും, അതിക്രമികളെ കൈകാര്യം ചെയ്തതും മാത്രം  വായിച്ചു പഠിച്ചു. അങ്ങനെ അവര്‍ ഈ മുള്‍വേലിയാണ് ഗുരു കൊണ്ടുവന്ന ധര്‍മ്മമെന്നു തെറ്റിദ്ധരിച്ചു. അവര്‍ ഉദ്യാനത്തെയും വസന്തത്തെയും വിസ്മരിച്ചു. എന്തിനു തീര്‍ത്തതാണ് ഈ മുള്‍വേലിയെന്ന് പോലും  അറിയാതെ, അവര്‍ ആ  മുള്‍വേലിയില്‍ ജീവിതം തീര്‍ക്കുന്നു. '

മൗലാ തുടര്‍ന്നു :' ഈ സന്നിഗ്ദ്ധ സാഹചര്യത്തിലാണ്, മരുഭൂമി പോല്‍ വിരസവും വിരക്തവുമായ പൗരോഹിത്യ മതത്തില്‍ നിന്നും ദൈവികതയുടെ വസന്തം വര്‍ഷിക്കുന്ന  ഗുരുപരമ്പരയുടെ ഉദ്യാനവഴികളിലേക്ക് ആത്മാന്വേഷികള്‍ ഓടിയെത്തുന്നത്. '

മൗലാ ആ ദര്‍വീശിനോട്  അവസാനമായി  ഇങ്ങനെ പറഞ്ഞു: ' ആയതിനാല്‍,  പൗരോഹിത്യ അറിവുകളെല്ലാം ഉപേക്ഷിച്ചു, ഒരു പുതിയ മനുഷ്യനായി ഈ ഉദ്യാനത്തിലേക്ക് പ്രവേശിക്കുക. ഒന്നും ഭയപ്പെടേണ്ട; ദുഃഖിക്കുകയും വേണ്ട. നിശ്ചയം, ഈ ദൈവികോദ്യാനത്തിലെ ദിവ്യവസന്തം നിനക്ക് വഴി കാണിക്കുക തന്നെ ചെയ്യും... '