ത്മനിയന്ത്രണത്തിന്റെ ജീവിതവഴിയിൽ വിശുദ്ധിയുടെ മാസം പിന്നിട്ട വിശ്വാസി സമൂഹം ആത്മഹർഷത്തിന്റെ നിറവിൽ ചെറിയ പെരുന്നാൾ വലിയ ആഘോഷങ്ങളില്ലാതെ ആഘോഷിക്കുകയാണ്.

നാടും നഗരവും ഭീതിയുടെ കൺമുമ്പിൽ നിൽക്കുേമ്പാൾ ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു ഈ മഹാമാരിക്കുമുമ്പിൽ നമ്മുടെ പെരുന്നാൾ രക്ഷയ്ക്കായുള്ള നാഥനോടുള്ള പ്രാർഥനയാവട്ടെ ശഅബാന്റെ സന്ധ്യയിൽ വിരുന്നുവന്ന് വിശ്വാസിയുടെ ജീവിത വാതായനങ്ങളെ സജീവമാക്കിയ റമദാൻ, ശവ്വാലിന്റെ പെരുന്നാൾ പുലരിയിലേക്ക് അവനെ കൈപിടിച്ചേൽപ്പിച്ചുകൊടുത്തുകൊണ്ടാണ് വിടവാങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈദിന്റെ ധ്വനികൾ ആത്മനിർവൃതിയുടെ തക്ബീർ മന്ത്രങ്ങളായി നാവുകളിലുയരാൻ വ്രതചൈതന്യം ഒരു തരം ഊർജപ്രവാഹമായി ആത്മാവിൽ നിറയേണ്ടതുണ്ട്.

പെരുന്നാൾ ആഘോഷം ധാർമിക മൂല്യങ്ങൾ നിരസിക്കുന്നതും മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതുമാവരുതെന്ന് പ്രവാചക തിരുമേനി (സ്വ)കർശന നിർദേശം നൽകിയിട്ടുണ്ട്. കുടുംബവീടുകളിൽ സന്ദർശനം നടത്താനും കുടുംബ ബന്ധങ്ങൾ ദൃഢമാക്കാനും സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ശ്രമിക്കണം. സമൂഹത്തിനുതകുന്ന നല്ല പ്രവൃത്തികൾ നിർവഹിച്ചുകൊണ്ട് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുന്ദരസന്ദേശങ്ങൾ പകർന്നു നൽകുന്നതാവണം നമ്മുടെ ഓരോ പെരുന്നാളും.

പ്രമാണങ്ങളിൽ പരാമർശിക്കപ്പെട്ട ഇത്തരം കർമധർമങ്ങളെല്ലാം ചേർത്തുവെക്കുമ്പോൾ കിട്ടുന്ന മറ്റൊരു ചിത്രം കൂടിയുണ്ട്. സമാനതകളില്ലാത്തൊരൈക്യ ബോധത്തിന്റെ സമുന്നതമായൊരു സന്ദേശമാണതുൾക്കൊള്ളുന്നത്; ഒരുമയുടെയും സഹജീവനത്തിന്റെയും ഉദാത്തമായ സന്ദേശം!

ആഘോഷങ്ങളെ അർഥപൂർണമാക്കുന്ന ഈ ഐക്യബോധത്തിലേക്ക് കൂടെക്കൂട്ടേണ്ട ഒരുപാടുപേരുണ്ട് നമുക്കുചുറ്റും.

മാറാരോഗങ്ങളും തീരാവേദനകളുമായി നമ്മോടൊപ്പം ചേരാൻ കഴിയാതെ പോയ സഹജീവികൾ, രോഗക്കിടക്കകളിലും ആശുപത്രി വരാന്തകളിലുമായി അവർക്ക് കൂട്ടിരിക്കേണ്ടിവന്നവർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വട്ടമിട്ടു പറക്കുന്ന വർഗീയതയ്ക്കു താഴെ നെഞ്ചിടിപ്പുമായി കഴിയുന്നവർ, അതിനുമപ്പുറത്ത് ഇതര രാജ്യങ്ങളിൽ യുദ്ധഭീതിയിൽ കഴിയുന്ന നിസ്സഹായരായ സാധാരണക്കാർ, ഈ മഹാമാരിക്കുമുമ്പിൽ ജന്മനാട് സ്വപ്നം കണ്ട് ഭീതിയോടെ കഴിയുന്ന പ്രവാസികൾ...

എല്ലാവർക്കും വേണം നമ്മുടെ പ്രാർഥനകളിലൊരു പങ്ക്...

അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്.

(സമസ്ത കേരള ജംഇയ്യത്തുൽ ഉമല ജനറൽ സെക്രട്ടറിയാണ് ലേഖകൻ)