'എത്ര വൈവിധ്യപൂര്‍ണ്ണം ഈ വഴിത്താര, എന്തുമാത്രം വര്‍ണ്ണങ്ങള്‍, എത്രമാത്രം സുഗന്ധം, ഈ ഉദ്യാനവഴിയെ നടക്കുമ്പോള്‍ ഓരോ കാല്‍വെപ്പിലും നിറവസന്തം!

വൈവിധ്യമാര്‍ന്ന വിശ്വാസങ്ങള്‍, അവിശ്വാസികള്‍, ആധ്യാത്മികര്‍, അനാധ്യാത്മികര്‍, രാഷ്ട്രീയമനസ്സുള്ളവര്‍, അരാഷ്ട്രീയവാദികള്‍ ഇങ്ങനെ നൂറുക്കണക്കിനു വ്യതിരിക്തതകള്‍!

ഈ മഹാ വൈവിധ്യങ്ങള്‍ക്കകത്ത്, ഒരു സര്‍ണ്ണനൂലിനാല്‍ കോര്‍ത്ത ദൈവികസ്പര്‍ശം ഹൃദയത്തിലുണരുമ്പോള്‍,  ഒന്നൊഴിയാതെ ഈ പ്രപഞ്ചത്തോട് മുഴുവന്‍ തോന്നുന്ന ആ പ്രണയാശ്ലേഷമാണു യഥാര്‍ത്ഥ ദൈവസ്പര്‍ശത്തിന്റെ ആത്മാവ്.

സകല ജീവജാലങ്ങളോടും, സര്‍വ്വ മനുഷ്യരോടും അലിവും കൃപയും അനുഭവപ്പെടുന്ന അനുഗ്രഹീതമായ ഹൃദയാവസ്ഥയാണു ശരിയായ ആധ്യാത്മികത.'

മൗലായുടെ വാക്കുകള്‍ ശ്രവിച്ച് കൂടെ നടക്കുകയായിരുന്ന മതപണ്ഡിതന്‍ അപ്പോള്‍ ഇങ്ങനെ ചോദിച്ചു: 'എല്ലാം വൈവിധ്യമായി കാണുമ്പോള്‍, അത് സത്യത്തെയും അസത്യത്തെയും ഒരുപോലെ കാണലാവില്ലേ? സത്യത്തെ മനസ്സിലാക്കി അതില്‍ വിശ്വസിക്കുന്ന നാം, സത്യമല്ലാത്തതിനെ എതിര്‍ക്കുകയും, അസത്യത്തിന്റെ വക്താക്കളെ വെറുക്കുകയും വേണ്ടേ?'

സിദ്ദിഖ് മുഹമ്മദിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒന്ന് കണ്‍ചിമ്മിത്തുറന്ന് മൗലാ ഇങ്ങനെ പറഞ്ഞു തുടങ്ങി: 'നാം ജീവിതത്തിന്റെ ബാഹ്യനിയമ തലത്തിലിരിക്കുമ്പോള്‍ നേര്‍ രേഖയില്‍ മാത്രമാണു കാഴ്ചകള്‍ കാണുന്നത്. അവിടെ നല്ലതും ചീത്തയും, കറുപ്പും വെളുപ്പും, വലുതും ചെറുതും, ഉയര്‍ന്നതും താഴ്ന്നതും എല്ലാമുണ്ട്.

എന്നാല്‍, ആന്തരികവളര്‍ച്ച പ്രാപിക്കുമ്പോള്‍ കാഴ്ചകള്‍ മാറുന്നു. നേര്‍രേഖാ കാഴ്ചക്ക് പകരം മുകളില്‍ നിന്ന് താഴേക്ക് കാണാന്‍ തുടങ്ങുന്നു. സമഗ്രവും സന്തുലിതവുമായ ആ കാഴ്ച അനുഗ്രഹമായി വന്നെത്തുമ്പോള്‍, കൃപാസാഗരമായ അഭൗമശില്‍പിയുടെ കരവിരുത് സൂക്ഷ്മതലത്തില്‍ ദര്‍ശിയ്ക്കാനാവുന്നു.

അവിടെ വൈരുധ്യങ്ങളില്ല; വൈവിധ്യങ്ങള്‍ മാത്രം. നിലയ്ക്കാത്ത ഒഴുക്കിന്റെ അനിവാര്യമായ താളലയം മാത്രം! ദൈവികതയുടെ അതിമനോജ്ഞമായ തിരുവിളയാട്ടം. വൈവിധ്യമാര്‍ന്ന നിറവും സുഗന്ധവും താളവും രാഗവും ഭാവവും വിശ്വാസഗതികളുമെല്ലാം ആ മഹാലീലയുടെ സൗന്ദര്യപ്രകാശനം!'

മൗലാ തുടര്‍ന്നു പറഞ്ഞു: 'ശാരീരികമായ കാഴ്ചകള്‍ക്ക് ആത്മാവ് ലഭിക്കുമ്പോള്‍ മാത്രമാണു ആകാശവീക്ഷണം സാധ്യമാകുന്നത്. ആ ദര്‍ശനത്തിന്റെ സമഗ്രതയും സൗന്ദര്യവും ഹൃദയത്തെ വിശാലതയിലേക്കും സമഗ്രതയിലേക്കും നയിക്കുന്നു.

അവിടെയാണു, ഹൃദയാന്തരത്തില്‍  ദൈവികതയുടെ നിഗൂഢപ്രകാശം  കാഴ്ചയായി തെളിഞ്ഞ്, കൃപയായി നിറയുന്നത്.' മൗലായുടെ വാക്കുകള്‍ ഹൃദയം കൊണ്ട് ശ്രവിച്ച മതപണ്ഡിതന്‍ കുറച്ചു നേരം കണ്ണുകളടച്ച്, ഒരു ശാന്തമായ പുഞ്ചിരിയോടെ പുതിയ ലോകത്തേക്ക് കണ്‍തുറന്നു.

(പ്രമുഖ സൂഫി എഴുത്തുകാരനാണ് ലേഖകന്‍)