കരിങ്കല്ലിൽ വിഗ്രഹങ്ങൾ തീർക്കുന്ന കാർക്കളയിലെ ചിന്നസ്വാമി ഈ രംഗത്ത് മികച്ച നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ്. എടത്തോട് മാണിയൂർ മഹാദേവ ക്ഷേത്രത്തിൽ വിഗ്രഹമൊരുക്കുകയാണ് അദ്ദേഹം ഇപ്പോൾ. ജൂൺ 20 മുതലാണ് മാണിയൂർ മഹാദേവക്ഷേത്രത്തിൽ പ്രതിഷ്ഠാ ഉത്സവം നടക്കുന്നത്.

12-ാം വയസ്സിൽ പിതാമഹന്മാരോടൊപ്പം വിഗ്രഹങ്ങൾ കൊത്തിയെടുക്കുന്ന യജ്ഞത്തിന്‌ തുടക്കം കുറിച്ചതാണ്. പ്രായം എഴുപത്തിയേഴിനടുത്തെത്തിയ ചിന്നസ്വാമി ഇതിനകം നിരവധി ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ കരിങ്കല്ലിൽ കൊത്തിയെടുത്ത് സമർപ്പിച്ചു. സ്വാമിയുടെ പൂർവികർ തഞ്ചാവൂരിലെ ശില്പിമാരിൽ ശ്രദ്ധേയരായിരുന്നു. അവരുടെ കരവിരുതിന്റെ ചാരുത സ്വാമിക്കും പരമ്പരാഗതമായി ലഭിച്ചു.

വിഗ്രഹങ്ങൾ കൊത്തിയെടുക്കുന്ന ജോലി അതി സൂക്ഷ്മതയോടെയും വേഗത്തിലും ചെയ്തുതീർക്കുന്നതിൽ ചിന്നസ്വാമി പ്രതിബദ്ധത പുലർത്തുന്നു. ഉറക്കമില്ലാതെ രാവും പകലും മെനക്കെട്ടുള്ള തപസ്യ ചെയ്യാനുള്ള ഊർജം ദൈവികമായി ലഭ്യമായതെന്ന് ഇദ്ദേഹം ദൃഢസ്വരത്തിൽ പറയുന്നു. വടക്കൻ കേരളത്തിൽ മാത്രം പ്രശസ്തമായ ഇരുപത്തിരണ്ടോളം ക്ഷേത്രങ്ങളിലും നിരവധി ദേവസ്ഥാനങ്ങളിലും വിഗ്രഹങ്ങൾ ഇദ്ദേഹം തീർത്തിട്ടുണ്ട്.

ചീമേനി വിഷ്ണുമൂർത്തി ദേവസ്ഥാനം, കൊയാമ്പുറം വിഷ്ണുമൂർത്തി ക്ഷേത്രം, പാൽക്കുളം ദേവിക്ഷേത്രം, നാരാംകുളം വിഷ്ണുമൂർത്തി, ബാനം പൊന്നാമ്പുറത്ത്, വട്ടക്കയം കരിച്ചേരി തറവാട്, മഞ്ഞടുക്കം തുളൂർവനത്ത് ഭഗവതി ക്ഷേത്രം, പെർളടുക്ക ഗോപാലകൃഷ്ണ ക്ഷേത്രം, കരിപ്പാടകം ദേവിക്ഷേത്രം തുടങ്ങിയ ഇതിൽ ഉൾപ്പെടുന്നു.

കരിങ്കൽശില്പങ്ങളുടെ കേദാരമായ കർണാടകയിലെ കാർക്കള ക്ഷേത്രശില്പികളുടെ നാടാണ്. കരിങ്കല്ലിൽ വിസ്മയം തീർക്കുന്ന നിരവധി കുടുംബങ്ങളാണ് ഇവിടെയുള്ളത്. പ്രശസ്ത ശില്പി മൺമറഞ്ഞ ധർമസ്ഥല പി.രഞ്ജൻ ഗോപാലാണ് ശില്പനിർമാണത്തിൽ ഗുരു. ചിന്നസ്വാമിയുടെ മകൻ ധനശേഖരനും ശില്പരംഗത്തെ തങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നു.

പരപ്പക്കടുത്ത എടത്തോട് മാണിയൂർ മഹാദേവക്ഷേത്ര പരിസരം പ്രകൃതിഭംഗിയാൽ ഏറെ അനുഗൃഹീതമാണ്. ഇവിടെ ഉയരുന്ന ക്ഷേത്രം ഏറെ ശ്രദ്ധേയമാകുമെന്ന് ചിന്നസ്വാമി സാക്ഷ്യപ്പെടുത്തുന്നു. ആലമ്പാടി പത്മനാഭ പട്ടേരിയാണ് അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന് കാർമികത്വമേകുന്നത്.