ബോധോദയം നേടിയ ഗൗതമബുദ്ധൻ ശ്രദ്ധാരകൂടപർവതത്തിന്റെ താഴ്‌വരയിൽ ഒരു സത്‌സംഗത്തിൽ ഇരിക്കുകയായിരുന്നു. അതിൽ പങ്കെടുത്ത  ഒരു ചെറുപ്പക്കാരൻ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു: ‘‘ബോധോദയത്തിനുശേഷം അങ്ങേയ്ക്ക്‌ ഈ ലോകം എങ്ങനെ അനുഭവപ്പെടുന്നു?’’
ഇതിനു മറുപടിയായി ബുദ്ധൻ പറഞ്ഞു: ‘രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും പദവികൾ മൺപൊടിപോലെ എനിക്ക്‌ അനുഭവപ്പെടുന്നു. സ്വർണത്തിന്റെയും രത്നത്തിന്റെയും സമ്പാദ്യങ്ങളെ വെറും കല്ലിൻകഷ്ണങ്ങളും കൃമികളുമായി ഞാൻ കാണുന്നു. മുന്തിയ സിൽക്ക്‌ തലപ്പാവുകളെ കീറപ്പഴന്തുണിയായി ഞാൻ വീക്ഷിക്കുന്നു. പ്രപഞ്ചത്തിലെ എണ്ണമറ്റ ലോകങ്ങളെ പഴത്തിലെ ചെറുകീടങ്ങളെപ്പോലെ ഞാൻ കാണുന്നു. ഇന്ത്യയിലെ മഹത്തായ തടാകങ്ങളെ എന്റെ പാദത്തിലെ ഒരു കണം എണ്ണയായി ഞാൻ കാണുന്നു. 

ലോകത്തിന്റെ അറിവുകളെയെല്ലാം മാന്ത്രികരുടെ മായക്കാഴ്ചയായി ഞാൻ കാണുന്നു. മുക്തിയെപ്പറ്റിയുള്ള ഉന്നതമായ സങ്കല്പങ്ങളെയെല്ലാം സ്വപ്നത്തിൽ കണ്ട തൂണുകൾപോലെ ഞാൻ കാണുന്നു. പ്രകാശപൂർണമായ വ്യക്തികളുടെ പാവനമായ പാതയെ ഒരുവന്റെ കണ്ണിൽ പൂക്കൾ പ്രത്യക്ഷപ്പെടുന്നതുപോലെ ഞാൻ വീക്ഷിക്കുന്നു. ധ്യാനത്തെ ഒരു പർവതത്തിന്റെ തൂണുപോലെയും നിർവാണത്തെ പകൽ കണ്ട ഒരു ദുഃസ്വപ്നംപോലെയും ഞാൻ കാണുന്നു. ശരിതെറ്റുകളുടെ വിധിനിർണയങ്ങളെ തീവ്യാളിക്ക്‌ മീതെയുള്ള ഒരു സർപ്പനൃത്തംപോലെയും വിശ്വാസത്തിന്റെ ഉദയാസ്തമയങ്ങളെ നാലു ഋതുക്കൾ അവശേഷിപ്പിച്ച കാൽപ്പാടുകൾ പോലെയും ഞാൻ കാണുന്നു...’’

ലാളിത്യത്തിന്റെ ബൈബിളായ ‘താവോ തെ ചിങ്ങി’ൽ ലാവോത്സു ‘സ്വതന്ത്രനാവണമെന്ന്‌ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ ലളിതമായി ജീവിക്കുവാൻ പഠിക്കുക. നിങ്ങൾക്കെന്താണോ ഉള്ളത്‌ അതിൽ തൃപ്തനാവുക. നിങ്ങളെവിടെയാണോ ഉള്ളത്‌ അവിടെ തൃപ്തിയോടെയിരിക്കുക. ഉള്ളതിനെ മാനിക്കാതെ ഇല്ലാത്ത മറ്റൊന്നിലേക്ക്‌ നോക്കിക്കൊണ്ട്‌ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കെല്ലാം വിരാമമിടുക’’ എന്ന്‌ ഓർമിപ്പിക്കുന്നു.

‘ലോകത്തിലെ ഒരു മൺപൊടിയോടുപോലും ബന്ധമില്ലാത്തവനായി ജീവിക്കുക’ ലാളിത്യത്തിന്റെ അപ്പോസ്തലനായ ധ്യാനഗുരു ദാദാലേഖരാജ്‌, അദ്ദേഹം തുടർന്നു: ‘‘ലാളിത്യവും ശുചിത്വവുമുള്ളവർ തങ്ങളിലേക്ക്‌ ചുറ്റുമുള്ളവരെ ആകർഷിക്കുന്നു’’.‘നിങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കുക. എന്നാൽ, നിങ്ങളുടെ യഥാർഥ പ്രകൃതത്തിലുള്ളതിൽ അധികമായി ഒന്നും പറയാതിരിക്കുക’ എന്നും അദ്ദേഹം മൊഴിഞ്ഞു.

‘തൃപ്തി വളരെയേറെ സമ്പത്തിലല്ല മറിച്ച്‌ ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങളിലത്രെ കുടികൊള്ളുന്നത്‌’ -എപ്പിക്യൂറിയസ്‌.
പതിനേഴാം നൂറ്റാണ്ടിൽ കാസ്പർഹോസർ എന്ന ഒരു തടവുകാരനെ ജർമനിയിലെ ജയിലിൽനിന്ന്‌ തുറന്നുവിട്ടു. മുപ്പതുകാരനായ അദ്ദേഹം സ്കൂളിൽ പഠിക്കാത്ത, എഴുതാനോ വായിക്കാനോ പറയാനോ ഒന്നും കഴിയാത്ത തീർത്തും ഒരു മൃഗത്തെപ്പോലെ വളർത്തപ്പെട്ട ഒരാളായിരുന്നു. സ്വതന്ത്രനാക്കപ്പെട്ട അയാൾ ഒരു ഗ്രാമച്ചന്തയിൽ ജയിൽവാർഡൻ കൊടുത്ത ഒരു കത്തുമായി ഒരു പ്രദർശനവസ്തുപോലെ ഏറെ നേരംനിന്നു. കത്ത്‌ അദ്ദേഹത്തെപ്പറ്റിയുള്ള ഒരറിയിപ്പായിരുന്നു. താത്‌പര്യമുള്ള ഏതെങ്കിലുമൊരു കുടുംബം അദ്ദേഹത്തെ ഒപ്പം പാർക്കാൻ സഹായിക്കണമെന്ന്‌ അതിലെഴുതിയിരുന്നു.

കാസ്പർ ഹോസർ ഒരു മൃഗത്തെപ്പോലെയായിരുന്നു. അദ്ദേഹം ഒരു മൃഗത്തെപ്പോലെ മുരളുകയും തിന്നുകയും ചെയ്തു. ഗ്രാമീണർ അദ്ദേഹത്തെ ഒരു മൃഗത്തെപ്പോലെയാണ്‌ നോക്കിയത്‌. പക്ഷേ, പത്തുവർഷങ്ങൾ പിന്നിട്ടപ്പോൾ ജർമൻകാർ മുഴുവൻ ശ്രദ്ധിക്കുന്ന ഒരപൂർവ വ്യക്തിയായി അദ്ദേഹം വളർന്നു. പ്രാകൃതത്വത്തിന്റെയും അപരിഷ്കൃതത്വത്തിന്റെയും അടിയിൽ മനുഷ്യന്റെ അതിസ്വച്ഛമായ, ലാളിത്യമാർന്ന ഒരുതലം അദ്ദേഹത്തിൽ പ്രവർത്തിച്ചിരുന്നു. അത്‌ 17-ാം ശതകത്തിലെ തത്ത്വജ്ഞാനികളെയും പണ്ഡിതന്മാരെയും ഏറെ സ്പർശിച്ചു. അവർക്കുത്തരമില്ലാത്ത ചോദ്യങ്ങൾക്ക്‌ അദ്ദേഹം ഉത്തരം പറഞ്ഞു. അദ്ദേഹം ജീവിത മഹാഗ്രന്ഥത്തിൽ ആഴമേറിയ ജ്ഞാനം നേടിയിരുന്നു.

അദ്ദേഹത്തിന്റെ മികച്ച ഗുണം ലാളിത്യമായിരുന്നു. വളക്കൂറുകളുള്ള മണ്ണിൽ സൂര്യവെളിച്ചമേറ്റ്‌ ആഴത്തിൽ പോരാടി നിൽക്കുന്ന ഒരു വനവൃക്ഷത്തെപ്പോലെയായിരുന്നു അയാൾ. ജീവിതപുസ്തകത്തിൽ നിന്നുള്ള സൂക്ഷ്മപാഠങ്ങൾ മാത്രമായിരുന്നു അയാളറിഞ്ഞതും പഠിച്ചതും. പക്ഷികളും മൃഗങ്ങളും മരങ്ങളും പ്രാണികളും സ്വച്ഛമായി പ്രകൃതിക്കിണങ്ങി സരളമായി, സഹജമായി ജീവിക്കുന്നതിൽ ഒളിഞ്ഞുനിന്ന രഹസ്യപാഠങ്ങളാണ്‌ അദ്ദേഹത്തെ പ്രബോധിതനാക്കിയത്‌. ലളിതമായി ജീവിക്കുന്നതിന്റെ സത്യം അപ്രകാരമാണദ്ദേഹം വശമാക്കിയത്‌.
ധ്യാനിക്കുന്ന ഓരോ ആളും ഇതുപോലെ സഹജമായ ഒരു ലാളിത്യത്തിലേക്കു നയിക്കപ്പെടുകയാണ്‌. 

ധ്യാനം സഹജമാകുമ്പോൾ ചുറ്റുപാടുകളിൽനിന്ന്‌ ഉയർന്നുവരുന്ന അത്യാവശ്യമായ കെട്ടുപാടുകളിൽനിന്നും മോഹവലയങ്ങളിൽനിന്നും മുക്തനായി ആന്തരികമായ ഒരേകാന്തതയിലേക്കും മൗനത്തിലേക്കും ഒരാൾ പ്രവേശിക്കുകയാണ്‌. ജീവിതത്തിന്റെ അതിരറ്റ ലാളിത്യത്തിന്റെ ഒരു വിസ്തൃതി സ്വയം തുറക്കപ്പെടുകയാണ്‌. അതോടെ രണ്ടു കാര്യങ്ങൾ അയാളിൽ സംഭവിക്കുകയാണ്‌. ഒന്നാമതായി ജീവിതശൈലി ലളിതമായിത്തീരുന്നു. തുടർന്ന്‌ ജീവിതചുറ്റുപാടുകളിൽ എളുപ്പത്തിൽ ഇടപഴകാൻ കഴിയുന്നു. ഇതൊരാളുടെ കാഴ്ചയെ നാടകീയമായി ഉയർത്തുകയാണ്‌. ഇതൊരാൾ വീണ്ടും കാണുന്നതുപോലെ ഒരവസ്ഥ നൽകുകയാണ്‌. 

അറിയുന്നതിന്റെ നിരവധി തലങ്ങൾ പിന്നിട്ടുകൊണ്ടേ ഒരാൾക്ക്‌ സഹജമായ ലാളിത്യത്തിലേക്ക്‌ അണയാനാകൂ. ശാന്തമായി തിരകളടങ്ങി പരന്നുകിടക്കുന്ന കടവിന്റെ മുന്നിലെ വിശാല ഭൂഭാഗം പോലെയത്രെ ഇത്‌. ആത്മാവിൽ വാർധക്യവും ശരീരത്തിൽ യൗവനവുമുള്ള ഒരാളിലാണ്‌ ലാളിത്യത്തിന്റെ പൂവിരിഞ്ഞു നിൽക്കുന്നത്‌.

ആകാശത്തിനു താഴെ എന്റെ കുടിൽ ഈ വസന്തത്തിലവിടെയൊന്നുമില്ലഅവിടെ എല്ലാമുണ്ട്‌’
-സെൻ കവി സെദോ (1641-1761)

‘‘സന്തോഷമുള്ള ഒരു ജീവിതത്തിൽ വളരെ കുറഞ്ഞ ആവശ്യങ്ങളേയുള്ളൂ’’ 
-മാർക്കസ്‌ മൗറേലിയസ്‌.

ഉപഭോഗതൃഷ്ണയെ ഇപ്പോൾത്തന്നെ കീഴടക്കാൻ ശ്രമിക്കൂ. കാരണം മനുഷ്യൻ വൃദ്ധനാകും തോറും അവന്റെ ഭോഗാസക്തി യൗവനയുക്തമാവുകയാണ്‌’’ എന്നോർമിപ്പിച്ചത്‌ അജ്ഞാതനായ ഒരു സെൻ ഗുരുവാണ്‌. ഇന്നു ജീവിക്കുന്ന നമ്മെ മുൻകൂട്ടിക്കണ്ടുകൊണ്ടാണ്‌ നൂറ്റാണ്ടുകൾക്കുമുമ്പ്‌ ആ മഹാനായ ഗുരു ഇതെഴുതിവെച്ചതെന്ന്‌ തോന്നിപ്പോകുന്നു. ഉപഭോഗത്തിന്റെ തീ മനുഷ്യവംശത്തെ ഇതുപോലെ ഗ്രസിച്ച ഒരു കാലമുണ്ടായിട്ടില്ല. ഇതു കെടുത്താൻ ഒരാത്മീയ പ്രസ്ഥാനത്തിനും കഴിയുന്നില്ല.

ഉപഭോഗതൃഷ്ണയുള്ള ഒരാൾക്ക്‌ പഞ്ചേന്ദ്രിയങ്ങൾ മുഴുവൻ ഉപയോഗിച്ച്‌ സുഖത്തെ ഏതു വിധേനയായാലും അനുഭവിക്കണമെന്നേയുള്ളൂ. എന്നാൽ, ആർത്തിയറ്റ സരളതയുള്ള ലാളിത്യമുള്ള ഒരാൾക്ക്‌ കടുപ്പമുള്ള വീഞ്ഞും  തുടുത്ത മാംസവും കടും മധുരവും രുചികരമായി തോന്നില്ല.ഭക്ഷണത്തിന്റേതായാലും ജീവിതത്തിന്റേതായാലും ഉപഭോഗത്തിന്റെ തീ പറ്റാത്ത ഒരാളിൽ യഥാർഥരുചി തുറന്നതും ലളിതവുമാണ്‌.