നിശ്ശബ്ദത എന്ന തന്റെ പ്രസിദ്ധഗ്രന്ഥത്തിൽ ജോൺകേജ് ഇങ്ങനെ എഴുതുന്നു: ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ചില ശാസ്ത്രീയ പരീക്ഷണങ്ങൾക്കായി പൂർണമായും നിശ്ശബ്ദമായ ഒരു മുറിയുണ്ട്. ലോകത്തിൽ ഇത്രയും സൗണ്ട് പ്രൂഫായ ശബ്ദത്തിന്റെ നേർത്ത ഒരു കണികപോലുമില്ലാത്ത മറ്റൊരിടവുമില്ലത്രേ.

ഒരിക്കൽ അദ്ദേഹം ആ മുറിയിൽ പ്രവേശിച്ചു. പക്ഷേ, പെട്ടെന്നദ്ദേഹം രണ്ടുതരം ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. ഇതിനെപ്പറ്റി ടെക്നീഷ്യൻ പിന്നീട് അദ്ദേഹത്തോട് പറഞ്ഞത് ഈ ശബ്ദം മറ്റെവിടെനിന്നുമല്ല, അതു നിങ്ങളിൽനിന്നുതന്നെയുള്ളതാണ്. ഒന്നാമത്തെ ശബ്ദം നിങ്ങളുടെ മനസ്സ്, നാഡീവ്യവസ്ഥ പ്രവർത്തിക്കുമ്പോഴുള്ളതാണ്. രണ്ടാമത്തേത് നിങ്ങളുടെ രക്തം ശരീരത്തിലൂടെ ഒഴുകുന്നതിന്റെതും. മറ്റൊരിക്കലും താനിത് കേട്ടിട്ടില്ലെന്നുപറഞ്ഞപ്പോൾ ടെക്നീഷ്യൻ പറഞ്ഞത്രേ പുറത്ത് അത്രയേറെ ശബ്ദങ്ങളാണ്. ഈ മുറിയിൽ പരിപൂർണ നിശ്ശബ്ദതയാണ്. ഒരു ശബ്ദകണംപോലുമില്ല. അതുകൊണ്ടാണ് നിങ്ങളുടെ ശരീരയന്ത്രം പുറപ്പെടുവിക്കുന്ന അതിസൂക്ഷ്മശബ്ദങ്ങൾ നിങ്ങൾ കേൾക്കുന്നത്.

തലച്ചോറിൽ ലക്ഷക്കണക്കിന് നാഡികൾ നിരന്തരം പ്രവർത്തിക്കുന്നു. ഒരരുവിയൊഴുകിക്കൊണ്ടിരിക്കുന്നതുപോലെ നിരന്തരം രക്തമൊഴുകിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം ചേർന്നുണ്ടാക്കുന്ന സൂക്ഷ്മശബ്ദങ്ങൾക്കുപുറമേ മനുഷ്യനും യന്ത്രങ്ങളും ചേർന്നുണ്ടാക്കുന്ന അസഹനീയമായ ഒരു സ്ഥൂല ശബ്ദപ്രപഞ്ചത്തിലാണ് പെറ്റുവീണ ശിശുമുതൽ മരണം കാത്തുകിടക്കുന്ന ഒരു വൃദ്ധരോഗിവരെ ജീവിക്കുന്നത്.

ജോൺ കേജ് എഴുതി: നിശ്ശബ്ദതയാണ്. പൂർണമായ നിശ്ശബ്ദതയാണ് മനുഷ്യനാവശ്യം. നിശ്ശബ്ദതയില്ലെങ്കിൽ ഒരാൾക്ക് സന്തോഷമോ സുഖമോ ഉണ്ടാവില്ല. പരമമായ നിശ്ശബ്ദതയുള്ള ഒരു മുറിക്കകത്തിരിക്കുമ്പോൾപോലും ഒരാളുടെ ഉള്ളിൽ ആന്തരിക ശബ്ദങ്ങളുടെ ഒരു കുഴമറിച്ചിൽ തുടരുകയാണ്. അപ്പോൾ അയാൾ സ്വന്തം ചിന്തകളുടെ ശബ്ദം കേൾക്കുന്നു. സ്വശരീരം പ്രവർത്തിക്കുന്നത്‌ കേൾക്കുന്നു. സ്വന്തം ഹൃദയമിടിപ്പ് കേൾക്കുന്നു.

പരമമായ നിശ്ശബ്ദത അകത്തും പുറത്തുമുള്ള എല്ലാതരം ശബ്ദങ്ങൾക്കുമപ്പുറത്തുള്ള എന്തോ ഒന്നാണ്‌. ശരീരം ശാന്തവും നിശ്ചലവുമാകുമ്പോൾ, മനസ്സു ശാന്തവും നിശ്ചലവുമാകുമ്പോൾ മനസ്സും ദേഹവും പതുക്കെ നിശ്ശബ്ദമാകാൻ തുടങ്ങുന്നു. അപ്പോൾ ചിന്തകളെല്ലാം അപ്രത്യക്ഷമാവുന്നു. മനസ്സ് ശാന്തവും ശീതളവുമാകുന്നു. അത്തരത്തിലുള്ള ഒരു മനസ്സ് എയർ കണ്ടീഷൻ ചെയ്ത മുറിപോലെയാണ്. അത്തരമൊരു മനസ്സിൽ സംഘർഷമോ പിരിമുറുക്കമോ ഇല്ല. അതിന്റെ ഭാഗമായുള്ള രോഗങ്ങളും.

അബു പർവതത്തിൽ ദാദാ ലേഖരാജ് സ്ഥാപിച്ച വിശ്രുതമായ ബ്രഹ്മകുമാരീസ് ലോക ആത്മീയ സർവകലാശാലയിലെ ധ്യാന മഹാമന്ദിരത്തിൽ പത്തുദിവസം നീണ്ടുനിന്ന റിട്രീറ്റുകളിൽ പങ്കെടുത്തു വരുമ്പോഴെല്ലാം എന്റെ ദേഹവും മനസ്സും ശാന്തവും നിശ്ശബ്ദവുമായി മാറിയിരുന്നതിന്റെ മൂല്യം അവിസ്മരണീയമായിരുന്നു. ഗോയങ്കാജിയുടെ ‘വിപസന്ന’ ധ്യാനത്തിന്റെ പത്തുദിവസത്തെ പൂർണ മൗന പരിശീലനത്തിലിരുന്നപ്പോഴും അലൗകികമായ നിശ്ശബ്ദതയുടെ ശക്തി, ആഴം, ശാന്തി ഞാനറിഞ്ഞിട്ടുണ്ട്.

മൗനം, നിശ്ശബ്ദത എനിക്കുതന്ന സമ്പത്ത് വളരെ വലുതാണ്. എന്നിലും മറ്റുള്ളവരിലുമുള്ള അമൂല്യമായതിനെ എനിക്കത്‌ കാട്ടിത്തന്നു. ജീവിതത്തിന്റെ ദിവ്യതയെ തിരിച്ചറിയാൻ അതെനിക്ക് അവസരംതന്നു. ചിട്ടയായി ധ്യാനിച്ചുകൊണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്ത കാലമായിരുന്നു അത്. എത്ര വൈകിയുറങ്ങിയാലും നാലുമണിക്കുണരും കുളിക്കും ധ്യാനിക്കും. ധ്യാനത്തിലൂടെ എന്നിലേക്കുവന്ന നിശ്ശബ്ദതയെ, ശാന്തിയെ, ആനന്ദത്തെ, വിശാലതയെ, അതിരറ്റതിനെ രുചിക്കുക, അതിൽ ജീവിക്കുക എന്നതായിരുന്നു ധ്യാനം.

മൗനം, ധ്യാനം പകർന്നുതരുന്ന നവ്യത അതിസാധാരണവും ചെറുതുമായ ഏതു കാര്യത്തിലും നിറഞ്ഞുനിൽക്കുന്നുണ്ടെന്നും അത്‌ കാണാനുള്ള സംവേദനക്ഷമതയുടെ അഭാവംകൊണ്ടാണ് നമുക്കത് തിരിച്ചറിയാത്തതെന്നും ധ്യാനം ശീലിക്കാൻ തുടങ്ങിയതിനുശേഷമാണ് എനിക്ക് മനസ്സിലാകുന്നത്.

ജയിലിലായിരുന്നപ്പോഴുള്ള ഒരനുഭവം ഓർക്കുന്നു. പനിവന്ന് ഒരാഴ്ചയോളം ഞാൻ ജയിൽ ആസ്പത്രിയിലായിരുന്നു. ആസ്പത്രിയിലായതുകൊണ്ട്‌ അവിടെ കിടക്കാനും പെരുമാറാനും തടവുമുറിയിലുണ്ടായിരുന്നതിനെക്കാൾ അൽപ്പംകൂടി സ്ഥലവും സൗകര്യവും കിട്ടിയിരുന്നു. ഒറ്റയ്ക്കായപ്പോൾത്തന്നെ അതൊരു സ്വസ്ഥതയിലേക്കെന്റെ ദേഹത്തെ എത്തിച്ചു. അവിടെനിന്ന്‌ ജയിലിലേക്കു തിരിച്ചുവന്നപ്പോൾ അത്യധികം ക്ഷീണിതനും ദുർബലനുമായ എന്റെ മുന്നിലേക്ക് ഒരുദിവസം ഉച്ചയ്ക്ക് ഞങ്ങളുടെ ഏറ്റവും പ്രിയങ്കരനായ എ. വാസുവേട്ടൻ ചൂടുള്ള പാലും റൊട്ടിയുമായി എത്തി. തിളങ്ങുന്ന കണ്ണുകളിൽ അലിവുനിറച്ച് അദ്ദേഹം എന്നെ നോക്കുകയും ആ ഭക്ഷണം എന്റെനേരെ വെച്ചുനീട്ടുകയും ചെയ്തപ്പോൾ തോന്നിയ നന്ദിയും സന്തോഷവും മറന്നുപോവില്ല.

പിെന്ന പത്തുപതിനഞ്ചുദിവസത്തോളം വാസുവേട്ടന്റെ ‘മിൽക്ക് ഡയറ്റ്’ ഞാനാണ് കഴിച്ചിരുന്നത്. ദീർഘകാല തടവുകാരനും പലതരം രോഗങ്ങൾക്ക് അധീനനുമായി
കഴിയുന്ന വാസുവേട്ടന്‌ ഡോക്ടർമാർ ഇടയ്ക്കിടെ ‘മിൽക്ക്‌ ഡയറ്റ്‌’ എഴുതിയിരുന്നത്‌ ആ ബ്ലോക്കിലുള്ള ഏറ്റവും ക്ഷീണിതനും അവശനുമായ ഒരാൾക്ക്‌ മാറിമാറി കൊടുത്തുകൊണ്ടുള്ള ഒരു ശീലമാണ്‌ വാസുവേട്ടന്‌ ഉണ്ടായിരുന്നത്‌. വാസുവേട്ടന്റെ തടവുമുറിക്കു മുന്നിലായി അദ്ദേഹം സുന്ദരമായൊരു റോസാപ്പൂന്തോട്ടം പണിതിരുന്നു. രാഷ്ട്രീയത്തടവുകാരനായതുകൊണ്ട്‌ മറ്റു തടവുകാരെപ്പോലെ ജോലികളൊന്നും ചെയ്യാനുള്ള അവസരം കിട്ടാത്തതുകൊണ്ട്‌ വാസുവേട്ടൻ ജയിൽ മുറ്റത്ത്‌ പൂച്ചെടികൾ നട്ടുവളർത്തിയും അണ്ണാൻ കുഞ്ഞുങ്ങളെ പോറ്റുകയും തനിക്കു കിട്ടുന്ന നല്ല ആഹാരം രോഗികളായ സഹതടവുകാർക്ക്‌ നൽകിയും ഒരു ഋഷിയെപ്പോലെ ജീവിക്കുകയായിരുന്നു.

അടിയന്തരാവസ്ഥയിൽ പുറത്തും അകത്തും പിരിമുറുക്കം അനുഭവപ്പെടുന്ന നാളുകളിൽ ജയിലിനകത്തെ വിപ്ളവകാരികൾ ജയിലിനകത്ത്‌ ആയുധങ്ങൾ ശേഖരിക്കുകയോ, കലാപത്തിനൊരുങ്ങുകയോ ചെയ്യുന്നുണ്ടോ എന്ന്‌ പരിശോധിക്കാനായി ചില സായാഹ്നങ്ങളിൽ ജയിൽ വാർഡൻമാർ ആയുധധാരികളായി ഓരോ മുറിയിലും ഓരോ തടവുകാരരെയും പ്രത്യേകം പ്രത്യേകം പരിശോധിച്ചിരുന്നു. പലപ്പോഴും വളരെ ‘സീരിയസാ’യി ഇതു ചെയ്യുന്ന ഉദ്യോഗസ്ഥന്മാർ വാസുവേട്ടനെ പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ കുപ്പായക്കീശയിൽ നിന്നോ മുറിയിൽ നിന്നോ അണ്ണാൻകുഞ്ഞുങ്ങളെ കിട്ടിയിരുന്നത്‌ ഒരു തമാശയോടെ വാർഡർമാർ പറയുന്നതു കേട്ടിട്ടുണ്ട്‌.

ഒരു അർധരാത്രി പനിവന്നു വിറച്ചുതുള്ളുന്ന എനിക്ക്‌ കുടിക്കാൻ മുറിയിൽ ഒരു തുള്ളി വെള്ളവും ഇല്ലാത്തതുകൊണ്ട്‌ എന്റെ സെല്ലിൽ നിന്നു മൂന്നു സെല്ലുകൾക്കപ്പുറത്തുള്ള സെല്ലിൽ നിന്ന്‌ സിവിക്‌ചന്ദ്രൻ പ്ലേറ്റിൽ വെള്ളം നിറച്ച്‌ പുതപ്പിന്റെ മീതെ വെച്ച്‌ അടുത്ത മുറികളിലേക്കതിന്റെ അറ്റം കൈമാറിക്കെമാറി എന്റെ മുറിയിലെത്തിയതും അതു കുടിച്ചപ്പോളുണ്ടായിരുന്ന കൃതജ്ഞതയും സുഖവും മറക്കില്ല.

ധ്യാനവും നിശ്ശബ്ദതയുമുള്ള ശാന്തമായ ഒരു മനസ്സുകൊണ്ട്‌ ജീവിതത്തിലെ കഴിഞ്ഞുപോയ ഓരോ ചെറുതും വലുതുമായ അനുഭവങ്ങൾക്കുനേരെ നോക്കുമ്പോൾ ഓരോന്നും ജീവിതത്തെ എത്ര സമ്പന്നമാക്കിയെന്നും ഓരോന്നിനു നേരെയും എത്ര കൃതജ്ഞത ഇന്നും തോന്നുന്നുവെന്നും ഒാർക്കുന്നു. ഈ നന്ദിയുടെ നിറവിലാണ്‌ ‘ജീവിതഗാനം’ എന്ന കൃതിയുടെ ഓരോ താളും എഴുതിയതെന്നും പ്രിയവായനക്കാരോടായി പറയട്ടെ...