യാത്ര കഠിനമാണെങ്കിൽപ്പോലും മനോഹരമായ ഈ ഭൂമിയിൽ നമ്മുടെ കുട്ടികൾക്കും പേരക്കിടാങ്ങൾക്കും തുടർന്നും ജീവിക്കാവുന്ന പാത നാം നിശ്ചയമായും ഒരുക്കണം.ഈശ്വരൻ മനുഷ്യനെ നിസ്സഹായാവസ്ഥയിൽ വിട്ടിരിക്കുകയാണ്‌. ഈശ്വരൻ മനുഷ്യനെ അവന്റെ വഴിക്ക്‌ വിട്ടിരിക്കുകയാണ്‌. മനുഷ്യൻ സ്വയം രക്ഷിച്ചില്ലെങ്കിൽ മറ്റാരും അവനുവേണ്ടി അതുചെയ്യില്ല -ഫുക്കുവോക്ക

രിക്കലും പ്രഭാഷണം നടത്താത്ത, ഉപദേശങ്ങൾ ചെയ്യാത്ത ഹാക്യുയിൻ എന്ന സെൻഗുരുവിനോട്‌ ഒരുകൂട്ടം ഭിക്ഷുക്കൾ ഒരു ഭാഷണം നടത്താൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘നിങ്ങൾ വയലിൽപ്പോയി വേലചെയ്യുക. അതിനുശേഷം ബുദ്ധധർമത്തെപ്പറ്റി ഒരു പ്രഭാഷണം നടത്താം.’’അവർ അപ്രകാരം ചെയ്തതിനുശേഷം ഗുരുവിന്റെ ധർമഭാഷണം കേൾക്കാനായി വന്നുചേർന്നു.ഭിക്ഷുക്കളോട്‌ ഒരു വാക്കുപോലും പറയാതെ അദ്ദേഹം തന്റെ തഴമ്പുള്ള തുറന്ന കൈപ്പത്തി അവരുടെ നേരേ ഉയർത്തികാണിക്കുക മാത്രം ചെയ്തു!

ഒരു വേള കൃഷിയെക്കാൾ മഹത്തായി ഒന്നുമില്ല. എന്ന്‌ ഇതുപോലെ സൂചിപ്പിക്കുന്ന മറ്റൊരു പ്രബോധനവും നമുക്കു കാണാനാവില്ല. ഭൂമിയുമായി മണ്ണുമായി അടുത്തിടപെടുന്ന ഒരാളെന്ന നിലയിൽ ഒരു കൃഷിക്കാരൻ വളരെ അസാധാരണമായ ഒരു തലത്തിലാണ്‌. ഭൂമിയിൽ മറ്റേതു തൊഴിലിനെക്കാളും കൃഷിപ്പണി ഒരാളെ സാന്ത്വനിപ്പിക്കുകയോ സമാധാനിപ്പിക്കുകയോ ചെയ്യുന്നു. നനഞ്ഞ മണ്ണിൽ പദമൂന്നി നിൽക്കുമ്പോഴും നഗ്നമായ ദേഹത്തിൽ സൂര്യവെളിച്ചം ഏൽക്കുമ്പോഴും പ്രകൃതിയിൽ നിന്നുള്ള മൃദുവായ ഒച്ചകൾ കേൾക്കുമ്പോഴും മൃഗങ്ങളുമായോ പക്ഷികളുമായോ സ്വാഭാവികമായൊരു മൈത്രി വളരുമ്പോഴും താനുണ്ടാക്കിയ അന്നം തൃപ്തിയോടെ കഴിക്കുമ്പോഴും ഒരു യഥാർഥ കൃഷിക്കാരന്റെ ഉള്ളിലുണ്ടാവുന്ന തൃപ്തി അതിരില്ലാത്തതാണ്‌. അതുകൊണ്ട്‌ ഭൂമിയിൽ ഒരു കൃഷിക്കാരനും എത്ര കടുത്ത നിരാശയ്ക്കടിപ്പെട്ടാലും ഒരിക്കലും ആത്മഹത്യ ചെയ്തിരുന്നില്ല.

റഷ്യക്കാരനായ തർജനീവിന്റെ ‘മുമു’ എന്ന അസാധാരണമായ കഥയിൽ ഈ സത്യം മനോഹരമായി പറയുന്നുണ്ട്‌. ഊമയും ബധിരനുമായ ജറാസിം എന്നൊരാളാണ്‌ ഇതിലെ നായകൻ. അദ്ദേഹം സഹോദരങ്ങളിൽനിന്നെല്ലാം അകന്ന്‌ ഏകനായി കൃഷിപ്പണിയിൽ മുഴുകി ഗ്രാമത്തിലെ കൂരയിൽ ജീവിക്കുകയായിരുന്നു. അപ്പോഴാണ്‌ മോസ്കോ നഗരത്തിലെ ഒരു പ്രഭ്വിയുടെ വസതിയിൽ അയാൾക്ക്‌ തോട്ടക്കാരന്റെ പണി കിട്ടുന്നത്. മണ്ണിനോടും മരങ്ങളോടും ബന്ധമറ്റുകൊണ്ടിരുന്ന ജറാസിം അലക്കുകാരിയും സുന്ദരിയുമായ ടാറ്റിയാനയെ മൗനമായി സ്നേഹിച്ചു. പരുക്കനും ഭീമാകാരനുമായ ജറാസിമിന് ഇഷ്ടമായത് അവളുടെ നനുത്തതും നിഷ്കപടവുമായ പ്രകൃതമായിരുന്നു. ഒരിക്കലയാൾ പൂവൻകോഴിയുടെ ആകൃതിയുള്ള ഒരു കേക്ക് അവൾക്ക് സമ്മാനിച്ചത് പേടികൊണ്ടുമാത്രം വാങ്ങുകയായിരുന്നു.

ഇടയ്ക്ക് ടാറ്റിയാനയുമായി സംസാരിച്ചതിന് അവിടത്തെ വേലക്കാരനെ സ്വകാര്യമായി മുറിയിലേക്ക് കൊണ്ടുപോയി, ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊല്ലുമെന്നുപേടിപ്പിച്ചു. ഇതോടെ അവളോടാരും മിണ്ടാൻ ധൈര്യപ്പെടാതായി. ജറാസിമും അവളും തമ്മിൽ സ്നേഹത്തിലാണെന്ന് ആളുകൾ പറയാൻ തുടങ്ങി. ടാറ്റിയാനയ്ക്കാകട്ടെ അയാളുമൊത്തുള്ള ഒരു ജീവിതത്തെപ്പറ്റി ഓർക്കാൻപോലും വയ്യ. അതുകൊണ്ട് മദ്യപനായ ഒരു ചെരിപ്പുകുത്തിയുമായുള്ള വിവാഹാലോചനവന്നപ്പോൾ  അവളതിന് വഴങ്ങുകയായിരുന്നു. ഒരു ദിവസം മുഴുവൻ ജറാസിം മുറിയടച്ചിട്ട് കടുത്ത വേദനയോടെയിരിക്കുകയും പതുക്കെയത് മറക്കാൻ ശ്രമിക്കുകയും ചെയ്തു. ഒരു വർഷംതികയുംമുമ്പ് മുഴുക്കുടിയനായ ഭർത്താവിന്റെ ഒപ്പം സ്ഥലംവിട്ടുപോകുന്ന ടാറ്റിയാനയെ അവസാനമായൊന്ന് കാണാൻ ജറാസിം പോയി. അവൾക്കു സമ്മാനിക്കാനായി കരുതിയിരുന്ന വെള്ളപ്പട്ടുതൂവാല അവൾക്കുനേരേ നീട്ടിയപ്പോൾ ഒരു പൊട്ടിക്കരച്ചിലോടെയാണ് അവളതു വാങ്ങിയത്. അവൾപോയി. അതോടെ അയാളുടെ ജീവിതത്തിൽനിന്ന് സ്ത്രീയും എന്നേക്കും പോവുകയാണ്!

ടാറ്റിയാന പോയ ദിവസം താങ്ങാനാവാത്ത ദുഃഖഭാരത്തോടെ പുഴത്തീരത്തെത്തുന്ന ജറാസിം ഒരു കാഴ്ചകണ്ടു. പിറന്നിട്ടധികമാകാത്ത ഒരു പട്ടിക്കുട്ടി നദിക്കരയിലെ ചെളിവരമ്പിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും വെള്ളത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുകയും ചെയ്യുന്നു... അയാൾ അതിനെ അല്പനേരം നോക്കി. അയാൾക്കതിനോട് കരുണതോന്നി. അതിനെ ഉള്ളംകൈയിൽ കോരിയെടുത്ത് നെഞ്ചോടടുപ്പിച്ചുകൊണ്ട് നടന്നു; വീട്ടിലെത്തിയപ്പോൾ കട്ടിലിൽ കിടത്തി. തുണികൊണ്ടു പുതപ്പിച്ചു. അടക്കളയിൽപ്പോയി പാൽകൊണ്ടുവന്നു. പട്ടിക്കുട്ടി പതുക്കെ കണ്ണുതുറക്കാനും നോക്കാനും പാലുകുടിക്കാനും തുടങ്ങി; അയാൾ ആനന്ദംകൊണ്ട് ഒരു കുട്ടിയെപ്പോലെ തുള്ളിക്കളിക്കാനും അതിനെ നോക്കി സ്വന്തം ഭാഷയിലോരോന്നു പറയാനും തുടങ്ങി. രാത്രിമുഴുവൻ അതിനെ കെട്ടിപ്പിടിച്ചുറങ്ങി. അതിന് ഒരു പേരിട്ടു. ഊമയായ അയാൾക്കുച്ചരിക്കാവുന്ന ഒരു പേര്; മുമു.

സുന്ദരിയായ പട്ടിക്കുട്ടിയെ സ്വന്തമാക്കാൻ പ്രഭ്വി ആഗ്രഹിച്ചു. മുമുവാകട്ടെ ജറാസിമിനെയല്ലാതെ ആരെയും സ്നേഹിക്കാൻ കഴിയാത്ത തരത്തിൽ ആ ഊമയുടെ ജീവിതവുമായി അങ്ങേയറ്റം അടുത്തുപോയിരുന്നു. ജറാസിമിനു മുമുവിനെ പിരിഞ്ഞ ഒരു ജീവിതം സങ്കല്പിക്കാനേ കഴിയില്ല. ഒരു ദിവസം നിനച്ചിരിക്കാതെ മുമുവിനെ കാണാതാകുന്നു. അന്നുരാത്രി ജറാസിം നഗരംമുഴുവൻ അതിനെ നോക്കിയലഞ്ഞു. പ്രഭ്വിയുടെ ആൾക്കാർ മുമുവിനെ ദൂരെയെവിടെയോ നാടുകടത്തുകയായിരുന്നു.

രണ്ടുദിവസം കിടപ്പുമുറിയിൽ തളർന്നുകിടക്കുന്ന ജറാസിമിനെ ആരോവന്ന്‌ തട്ടിവിളിച്ചുകൊണ്ടിരുന്നു. നോക്കിയപ്പോൾ മുമു! ജറാസിം സന്തോഷംകൊണ്ട് ഉറക്കെ കരഞ്ഞു. നിർഭാഗ്യം ജറാസിമിനെ പിരിയുന്നില്ല. മുമുവിനെ ഉപേക്ഷിക്കണമെന്നുതന്നെ പ്രഭ്വിയുടെ സിൽബന്ധികൾ ശഠിക്കുന്നു. ഒടുവിലൊരുനാൾ മുമുവിനെ ഉപേക്ഷിക്കാൻതന്നെ ജറാസിം ഉറപ്പിക്കുന്നു. ഉറച്ച ഒരു തീരുമാനവുമായി മുമുവിനെയും കൂട്ടി അയാൾ പുറത്തിറങ്ങി. ഹോട്ടലിൽച്ചെന്ന് മുമുവിന് വേണ്ടുവോളം റൊട്ടിയും ഇറച്ചിയും തീറ്റിയശേഷം അയാൾ ഏതോ ലഹരിക്കടിപ്പെട്ടവനെപ്പോലെ നടന്നകന്നു. വഴിയിലുള്ള വിശാലമായ മൈതാനത്ത്‌ മുമു, സന്തോഷത്തോടെ ചാടിയോടിക്കളിക്കുന്നത് അയാൾ കൺനിറയെ കണ്ടുനിന്നു.

ഒടുവിൽ മുമുവിനെ മാറോടുചേർത്തുപിടിച്ച് പുഴക്കരയിലെത്തുകയും അവിടെക്കണ്ട ഒരു തോണിയിൽ കയറുകയും ചെയ്യുമ്പോൾ ഒരു പാറക്കല്ല് അയാൾ എടുക്കുകയുണ്ടായി. പുഴയുടെ നടുവിലേക്കാ തോണി തുഴഞ്ഞുപോയി. അയാൾ മുമുവിനെ വാരിയെടുക്കുകയും ഒടുക്കത്തെ സ്നേഹലാളനകളാൽ അതിനെ വീർപ്പുമുട്ടിക്കുകയും ചെയ്തു. ഒന്നും മനസ്സിലാകാതെ കൊഞ്ചിക്കൊണ്ടിരുന്ന മുമുവിനെ പെട്ടെന്ന് അയാൾ കഴുത്തിലെ പട്ടയോടു ചേർത്ത ചരടിൽ കല്ലുകെട്ടി, ഒന്നും ഓർക്കാതെ, അല്ലെങ്കിൽ എല്ലാം ഓർത്തുകൊണ്ട് വെള്ളത്തിലേക്കിടുന്നു. ആണ്ടുപോയ മുമുവിനെ ഒരു നിമിഷമൊന്നു നോക്കുകയും പൊട്ടിക്കരയുകയും ചെയ്ത ജറാസിം പിന്നെ അവിടെനിന്ന്‌ കരയിലേക്ക്‌ തുഴഞ്ഞുപോയി.
ഒടുവിലയാൾ സ്വന്തം അമ്മയിലേക്ക്, ഭൂമിയിലേക്ക്, കൃഷിയിലേക്ക് മടങ്ങുകയാണ്.

സ്ത്രീയോടുള്ള സ്നേഹവും മൃഗത്തോടുള്ള വാത്സല്യവും അതിരുകളും തടസ്സങ്ങളുമുള്ളതാണെന്ന അറിവിൽനിന്ന് അയാൾ പിന്നെയൊരിക്കലും പിന്തിരിഞ്ഞു നോക്കിയില്ല. അതിരുകളില്ലാത്ത ഭൂമി. അതിൽനിന്നത്രെ അതിരില്ലാത്ത സ്നേഹം പൂക്കുന്നത്. അതുകൊണ്ട് ജറാസിം മണ്ണിനെ, കൃഷിയെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഒരാളായി ജീവിക്കുകയും മരിക്കുകയും ചെയ്തു. ഭൂമിയിൽ മറ്റേതൊരാളെക്കാളും നിസ്സാഹയനായി, ഊമയും ബധിരനുമായി പിറന്ന ജറാസിം, താൻ സ്നേഹിച്ചവയൊക്കെയും വിട്ടുപോയപ്പോഴുംതന്നെ കൈവെടിയാതെ ഒരു മനുഷ്യൻ ജീവിച്ചതിന്റെ ദൃഷ്ടാന്തമായി മാറി.

Mathrubhumi Spirituality P N Das