‘‘ഈ ഇരുളിലെന്റെ എല്ലുംതോലും മാംസവും ചുക്കിച്ചുളിഞ്ഞ് നശിക്കട്ടെ... എന്തുവന്നാലും ബോധോദയം ഉണ്ടാകാതെ ഞാനീ ഇരിപ്പിൽ നിന്നിളകില്ല?’’- ഗൗതമബുദ്ധൻ

ബോധോദയാനന്തരം ഏഴു ദിനരാത്രങ്ങൾ ബുദ്ധൻ പൂർണനിശ്ശബ്ദനായിരുന്നു. സ്വർഗത്തിലെ ദേവതകൾ ഏഴുനാളുകളിലും ബുദ്ധനെ ഉറ്റുനോക്കുകയായിരുന്നു. അവർ ബുദ്ധനോട് വല്ലതും പറയണമെന്നപേക്ഷിക്കുന്നു എന്നാൽ, അദ്ദേഹത്തിന് ഒരക്ഷരവും ഉരിയാടാനായില്ല. ദേവകൾ ഏഴുദിനങ്ങളിലും പ്രാർഥിച്ചു. സ്നേഹത്തെക്കുറിച്ചുള്ള അങ്ങയുടെ തത്ത്വങ്ങൾ ഞങ്ങളോട് ദയവായി പറഞ്ഞാലും... ബുദ്ധനത്, പക്ഷേ, പറയാനായില്ല. ബോധോദയത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യമൊഴികൾ ‘അപ്പ ദീപോഭവ’ എന്നായിരുന്നു. നീതന്നെ നിന്റെ വെളിച്ചമാകുന്നു എന്നാണതിന്റെ അർഥം.

ഓരോ മനുഷ്യനിലും ബോധോദയത്തിനായി കാത്തിരിക്കുന്ന അജ്ഞാതനായ ഒരു ബുദ്ധനുണ്ട്. എല്ലാതരത്തിലുമുള്ള അഹം ചിന്തകളും മുഴുവനായി വെടിഞ്ഞ് പൂർണമായ ശുദ്ധബോധാവസ്ഥയിലെത്തുമ്പോൾ മാത്രം ബോധത്തിന്റെ വിളക്ക് സ്വയമെരിയാൻ തുടങ്ങുന്നു. എത്രവ്രതങ്ങൾ നോറ്റാലും പുണ്യഗ്രന്ഥങ്ങൾ ഉരുവിട്ടാലും ആചാര്യന്മാരെ പൂജിച്ചാലും തീർഥാടനങ്ങൾ നടത്തിയാലും ഇതുണ്ടാവില്ല. ഓരോദിവസവും മുഴുവൻ സമയവും ശാന്തവും കരുണവുമായ മനസ്സോടെ ജീവിക്കുന്ന ഒരാളിൽ ബോധോദയത്തിന്റെ സാധ്യത തീർച്ചയായും ഉണ്ട്.

ഈ സാധ്യതയുള്ളവരെ ചേർത്താണ് ബുദ്ധന്റെ ഭിക്ഷുസംഘം ഉണ്ടായത്. ലോകത്തിലാദ്യമായുണ്ടായ സന്ന്യാസിസംഘം ഇതായിരുന്നു. ഒരിക്കൽ ശ്രാവസ്തിയിൽ ബുദ്ധന്റെ മുന്നിലൊരു യാചകൻ വന്നു. അദ്ദേഹം ചോദിച്ചു. ഗൗതമാചാര്യ, ഞാനും ഭിക്ഷയെടുക്കുന്നു, അങ്ങും ഭിക്ഷയെടുക്കുന്നു. പിന്നെ നാം തമ്മിൽ എന്തന്തരമാണുള്ളത്? ബുദ്ധൻ പറഞ്ഞു. യാചിച്ചു നടന്നാൽ ഭിക്ഷുവാകില്ല. വീട്ടുകാര്യം നോക്കിനടക്കുന്നവൻ ഭിക്ഷുവല്ല. പുണ്യവും പാപവും വെടിഞ്ഞ് വിശുദ്ധജീവിതം നയിക്കുന്ന വിവേകിയാണ് ഭിക്ഷു എന്നറിയപ്പെടുന്നത്.

ആന്തരികമായ മഹാവിവേകവും മഹാസ്നേഹവും ലോകമാകെ ഉണ്ടായിക്കാണാൻ ബുദ്ധനാഗ്രഹിച്ചു. ഇത്‌ ഭൂമിയിൽ നടപ്പാക്കാനുള്ള സ്നേഹയോദ്ധാക്കളായാണ് ബുദ്ധൻ ഭിക്ഷുക്കളെ കണ്ടത്. ഇത്തരത്തിലുള്ള നിരവധി സെൻ ബുദ്ധാചാര്യന്മാരെപ്പറ്റി സെൻ കൃതികളിൽ കാണാം. അങ്ങനെയുള്ള ഒരു കഥയോർക്കുന്നു. തണുത്തുവിറയ്ക്കുന്ന ഒരു ഹേമന്തകാലത്ത് പകൽനേരം ഒരു സാമുരായ്, സെൻഗുരു ഇസായിയെ സമീപിക്കുകയും ഇങ്ങനെ യാചിക്കുകയും ചെയ്തു: ‘‘ഞാൻ ദരിദ്രനും ദീനം പിടിച്ചവനുമാണ്. എന്റെ കുടുംബം വിശന്നുമരിച്ചുകൊണ്ടിരിക്കുകയാണ്. ഗുരോ, ദയവായി ഞങ്ങളെയൊന്നു തുണയ്ക്കണേ’’

ആചാര്യനായ ഇസായി കഠിനവ്രതചര്യയിൽ ജീവിക്കുന്ന ആളായിരുന്നു. അത്രയേറെ ദരിദ്രനും നൽകാനൊന്നുമില്ലാത്തവനും. അദ്ദേഹം ഒന്നും പറഞ്ഞില്ല.  ഹാളിനകത്തുള്ള ബുദ്ധവിഗ്രഹത്തെ ഒരുനിമിഷം ഓർത്തു. അദ്ദേഹം പതുക്കെ അവിടേക്കുചെന്ന്, അതിന്റെ ചമയങ്ങൾ എടുക്കുകയും അത് ദരിദ്രന് നൽകുകയും ചെയ്തുകൊണ്ട് പറഞ്ഞു. ‘‘വേറെ ഒന്നും തരാനില്ല. ഇതുവിൽക്കുക, ഇതുനിങ്ങൾക്കുതകും’’. ഇതുകേട്ടയുടൻ ഒന്നു നടുങ്ങിപ്പോയെങ്കിലും ആ പാവം സാമുറായ് മറ്റു പോംവഴിയൊന്നുമില്ലാത്തതുകൊണ്ട് അതുവാങ്ങി സ്ഥലംവിട്ടു.

 കണ്ടുനിന്ന യുവഭിക്ഷുക്കളിലൊരാൾക്ക് ഇതു താങ്ങാനായില്ല. അയാൾ തൊണ്ടയിടറിക്കൊണ്ട് പറയാൻ തുടങ്ങി: ‘‘ഗുരോ, അങ്ങെന്താണ് ചെയ്തത്. ഇത്രയും ആലോചിക്കാതെ അങ്ങിതു ചെയ്തല്ലോ! ആ ചമയങ്ങൾ എത്ര പാവനമായിരുന്നു.’’

മറുപടിയായി ഗുരു പതുക്കെ പറഞ്ഞു: ‘‘പാവനം! എന്തൊരിമ്പമുള്ള വാക്ക്, അല്ലേ? ഗുരു ടിങ്കയെ കേട്ടിട്ടുണ്ടോ?  അദ്ദേഹം ശൈത്യം താങ്ങാനാകാതെ ഒരർധരാത്രി മരിക്കാൻ പോകുന്നുവെന്നു വന്നപ്പോൾ ബുദ്ധദേവന്റെ ദാരുവിഗ്രഹം ചുട്ടുകിട്ടാനായി കത്തിക്കുകയുണ്ടായി. തീർച്ചയായും അതിന്റെ പാതിപോലും ചീത്തയല്ല ഞാനീചെയ്തത്. ഞാൻ കേവലം ബുദ്ധന്റെ ചമയങ്ങൾ വിശന്നു മരിച്ചുകൊണ്ടിരിക്കുന്ന ആ പാവത്തിന് എടുത്തുകൊടുത്തു. ആ മനുഷ്യനു നേരേയുള്ള കരുണകൊണ്ട് എനിക്കതു ചെയ്യേണ്ടിവന്നു.

ജീവനില്ലാത്ത ബുദ്ധവിഗ്രഹത്തെ അലങ്കരിച്ച ചമയത്തിന് ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാനാവുമെങ്കിൽ അതായിരിക്കും ഏറ്റവും പാവനം.’’

‘‘നിങ്ങളും ഭിക്ഷുക്കളും എന്തു പരിശീലിക്കുന്നു? എന്ന് ഒരിക്കൽ ഒരന്വേഷകൻ ബുദ്ധനോടു ചോദിച്ചു. അതിനുള്ള മറുപടി ഇങ്ങനെയായിരുന്നു: ‘‘ഞങ്ങൾ ഇരിക്കുന്നു, ഞങ്ങൾ നടക്കുന്നു, ഞങ്ങൾ തിന്നുന്നു’’

‘‘എല്ലാവരും ഇതൊക്കെയല്ലേ ചെയ്യുന്നത്’’

‘‘ഞങ്ങൾ ഇരിക്കുമ്പോൾ ഞങ്ങൾ ഇരിക്കുന്നുവെന്ന് ഞങ്ങളറിയുന്നു. ഞങ്ങൾ നടക്കുമ്പോൾ ഞങ്ങൾ നടക്കുന്നുവെന്ന് ഞങ്ങളറിയുന്നു. ഞങ്ങൾ തിന്നുമ്പോൾ ഞങ്ങൾ തിന്നുന്നുവെന്ന് ഞങ്ങളറിയുന്നു’’

ബുദ്ധൻ വിശദീകരിച്ചു. ഏറെ സമയവും കഴിഞ്ഞു പോയതിൽ നാം സ്വയം നഷ്ടപ്പെടുന്നു. ഭാവികാര്യങ്ങളിലേക്ക് നാം വലിച്ചിഴയ്ക്കപ്പെടുന്നു. ഇതിനു പകരം ഇപ്പോൾ, ഇവിടെ, വർത്തമാനനിമിഷത്തിൽ പൂർണശ്രദ്ധയോടെ ഉണർന്നിരിക്കാൻ ഞങ്ങൾക്കു കഴിയുന്നു’’

ആനപാനമ്പതി സൂത്ത എന്ന ബുദ്ധന്റെ ധർമപ്രഭാഷണത്തിലാണ് മനുഷ്യനെ വർത്തമാന നിമിഷത്തിൽ ഉണർന്നിരിക്കാൻ സഹായിക്കുന്ന 16 ശ്വസനപാഠങ്ങൾ വിവരിക്കുന്നത്. ഇത് ബുദ്ധനും ഭിക്ഷുക്കളും സ്ഥിരമായി പരിശീലിച്ചിരുന്നു.

ബുദ്ധന്റെ കരുണയും ജ്ഞാനവും ഒരുപോലെ ഏറ്റുവാങ്ങിയ ലോകത്തിലെ ഏറ്റവും ശ്രദ്ധേയനായ സെൻബുദ്ധാചാര്യനും പ്രബോധകനുമായ വിയറ്റ്‌നാമിലെ തിച്ച്‌ നാത്‌ഹാൻ ഇതിനെപ്പറ്റി പറയുന്നു.

‘‘ഒരു ഭിക്ഷുവെന്ന നിലയ്ക്കുള്ള എന്റെ ആദ്യപരിശീലനം ബോധത്തോടെ ശ്വാസമെടുക്കുകയും വിടുകയും ചെയ്യുന്നതായിരുന്നു. ഓരോ ശ്വാസത്തെയും ‘മനോനിറവോടെ’ സ്പർശിക്കൽ. ശ്വാസത്തെ ശ്വാസമായും നിശ്വാസത്തെ നിശ്വാസമായും തിരിച്ചറിയൽ. ഇതു നിങ്ങൾ പരിശീലിക്കുമ്പോൾ നിങ്ങളുടെ മനസ്സും ദേഹവും ഒപ്പമാകുന്നു. നിങ്ങളുടെ അലയുന്ന ചിന്തകൾ നിലയ്ക്കുന്നു. നിങ്ങൾ നിങ്ങളിലെ ഏറ്റവും മികച്ചതിൽ എത്തുന്നു. ‘മനോനിറവ്‌’ ഒരു ബുദ്ധന്റെ സത്തയാകുന്നു. ശ്വസനശ്രദ്ധയിലൂടെ ഈ നിമിഷത്തിലേക്ക്‌ നിങ്ങൾ കടക്കുമ്പോൾ യഥാർഥത്തിന്റെ പ്രകൃതി നിങ്ങൾ കാണുന്നു.

ഈ കാഴ്ച നിങ്ങളെ യാതനയിൽനിന്നും സംശയത്തിൽനിന്നും മുക്തനാക്കുന്നു. ബോധത്തോടെയുള്ള ശ്വസനം സമാധാനത്തെ സ്പർശിക്കാനുള്ള വളരെ അടിസ്ഥാനപരമായ ‘ബുദ്ധതത്ത്വ’മാകുന്നു.

‘ശ്വാസമെടുക്കുമ്പോൾ േദഹത്തെ ഞാൻ ശാന്തമാക്കുന്നു.

ശ്വാസം വിടുമ്പോൾ ഞാൻ പുഞ്ചിരിക്കുന്നു. ഇപ്രകാരം ഈ വർത്തമാന നിമിഷത്തിലിരിക്കുമ്പോൾ ഇത്‌ വിസ്മയകര നിമിഷമെന്ന്‌ ഞാനറിയുന്നു.‘ഞങ്ങളിലുള്ള ബുദ്ധനെ സ്പർശിക്കാൻ ഞങ്ങൾ മനോനിറവോടെയുള്ള ശ്വസനം ശീലിക്കുന്നു.’’

കപിലവസ്തുവിൽ ജനിച്ച ചരിത്രത്തിലെ ഒരു വ്യക്തിയാണ്‌ ബുദ്ധൻ. എന്നാൽ, നമ്മുടെയൊക്കെയും ഉള്ളിൽ ഒരു ബുദ്ധനുണ്ട്‌. സ്ഥലകാലങ്ങളെ അതീന്ദ്രിയതയോടടുപ്പിക്കുന്ന ബുദ്ധൻ. ഇതാണ്‌ ജീവിക്കുന്ന ബുദ്ധൻ. ഇത്തരത്തിലുള്ള ഒരാളെ നേരിട്ടുകാണുകയും കേൾക്കുകയും ചെയ്യുന്ന ഒരനുഭവമാണ്‌ തിച്ച്‌ നാത്‌ഹാൻ എന്ന സെൻബുദ്ധഗുരുവിന്റെ വാക്കുകൾ കേൾക്കുന്നതും അദ്ദേഹത്തെ അറിയുന്നതും. ‘ഫ്രാൻസിലെ എന്റെ ആശ്രമത്തിലെ അൾത്താരയിൽ ബുദ്ധന്റെയും യേശുവിന്റെയും പ്രതീകങ്ങളാണുള്ളത്‌. സദാ ഞാനവിടെ സുഗന്ധം പുകയ്ക്കുന്നു. എന്റെ ആത്മീയ മുൻഗാമികളായി ഇരുവരെയും ഞാൻ സ്പർശിക്കുന്നു’ -എന്നദ്ദേഹം എഴുതി.

ഗൗതമബുദ്ധനുശേഷം 2600 വർഷങ്ങൾ കഴിഞ്ഞ്‌ നമ്മുടെ സമകാലീനനായി ജീവിക്കുന്ന അദ്ദേഹം ‘ശ്വാസത്തിലൂടെ ദൈവത്തെയറിയുന്നത്‌ എളുപ്പം’ എന്നുപറഞ്ഞത്‌ ലോകം മുഴുവനുമുള്ള അന്വേഷികളെ സ്പർശിക്കുകയുണ്ടായി. ‘Breath you are alive” എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥം ബുദ്ധന്റെ 16 ശ്വസനപാഠങ്ങളെ ആധാരമാക്കി ഓരോ വ്യക്തിക്കും എങ്ങനെ ബോധാദയത്തിലെത്താമെന്ന്‌ ലളിതമായി വിവരിക്കുന്നു.

മനുഷ്യന്റെ ശ്വാസം ശരിയായാൽ അവന്റെ ചിന്ത ശരിയാകുന്നു. മനുഷ്യന്റെ മുഴുവൻ വൈകല്യങ്ങൾക്കും കാരണം അവന്റെ ശ്വാസത്തിലുള്ള വൈകല്യമാണ്‌ എന്നത്‌ ബുദ്ധന്റെ മഹത്തായ ഒരു കണ്ടെത്തലായിരുന്നു. ‘ശ്വാസം എടുക്കുമ്പോഴും ശ്വാസം വിടുമ്പോഴും നിങ്ങളെന്തു വിചാരിക്കുന്നുവോ അതു നടപ്പാക്കാനുള്ള വിസ്മയകരമായ കഴിവ്‌ നിങ്ങളുടെ കോശങ്ങളിൽ പ്രപഞ്ചം നിക്ഷേപിച്ചിരിക്കുന്നു.

ശ്വസനധ്യാനത്തെത്തുടർന്ന്‌ ഒരാളുടെ ദേഹവും മനസ്സും ശ്വാസവും ഒന്നിച്ചാവുന്നത്‌ ശാന്തമാകുന്നത്‌ മഹത്തായ ഒരനുഭവമാണ്‌. ഈയൊരവസ്ഥയിൽ അയാൾ സദാ വർത്തമാനകാലത്തിൽ നൂറുശതമാനവും ഉണർന്നിരിക്കുന്നവനായിരിക്കും. ബോധോദയാനന്തരം ബുദ്ധൻ നാലുപതിറ്റാണ്ടോളം ജീവിച്ചിരുന്നു. അക്കാലമത്രയും ബുദ്ധൻ മുടങ്ങാതെ ശ്വസനധ്യാനം പരിശീലിച്ചിരുന്നു. അന്ത്യനിമിഷം വരെ അദ്ദേഹം മനോനിറവോടെ ജീവിക്കുകയും ഒടുവിൽ മനോനിറവോടെ മരിക്കുകയും ചെയ്തു.