ശരീരമില്ലാത്ത ദൈവത്തിന്‌ മനുഷ്യരുടെ ലോകത്തിലേക്ക്‌ കടന്നുവരാനാകാത്തതുകൊണ്ടാണോ ദൈവം അമ്മയെ, അച്ഛനെ, ഗുരുവിനെ സൃഷ്ടിച്ചത്‌? വിയറ്റ്‌നാമിൽ അമ്മയുടെ ഗർഭപാത്രത്തിന്‌ ‘കുഞ്ഞിന്റെ കൊട്ടാരം’ എന്ന്‌ പറയുന്നതായി വിശ്രുത സെൻ ബുദ്ധാചാര്യനായ തിയാങ്‌ ങ്യാച്‌ഹാൻ പറയുന്നുണ്ട്‌. ഒന്നിനെപ്പറ്റിയുമുള്ള വിഷമങ്ങളേതുമില്ലാതെ ഒമ്പതുമാസങ്ങൾ നാമവിടെ പാർത്തു. അവിടെവേദനകളില്ല, ഭയമില്ല, ആഗ്രഹമില്ല. യഥാർഥസ്വർഗമായിരുന്നു അത്‌. പക്ഷേ, നാം പിറന്നതോടെ സാഹചര്യങ്ങൾ ആകെ മാറി. പൊക്കിൾക്കൊടി വഴിയാണ്‌ നാം അമ്മയുമായി ബന്ധപ്പെട്ടിരുന്നത്‌. അതുവഴി നമുക്ക്‌ ഓക്സിജനുംഭക്ഷണവും  ലഭിച്ചു. നാം ജനിച്ചുവീണതോടെ പൊക്കിൾക്കൊടി മുറിച്ചുമാറ്റി. നാം അപ്പോൾ നാം മാത്രമായി. ഇതുവരെ പ്രയാസകരവും ആപത്‌കരവുമായ ഒരു സന്ദർഭമായിരുന്നു.

കാരണം നമുക്കുവേണ്ടി ശ്വസിക്കാൻ ഇനി അമ്മയ്ക്കാവില്ല. നമുക്കായി നാം തന്നെ ശ്വസിക്കണം. ഇത്‌ വളരെയേറെ പ്രയാസമുള്ളതാണ്‌ എന്തെന്നാൽ നമ്മുടെ ശ്വാസകോശങ്ങളിൽ ദ്രാവകമുണ്ട്‌. നാം ആദ്യശ്വാസത്തിലൂടെ അതു പുറത്തുകളഞ്ഞുകൊണ്ടാണ്‌ ആദ്യത്തെ പ്രാണവായുവെ ഉള്ളിലേക്കെടുക്കുന്നത്‌. നമുക്കതു ചെയ്യാൻ കഴിയുമോ എന്ന്‌ നാം ഭയന്നിരുന്നു. നാമാദ്യമായി ഭയമനുഭവിച്ചത്‌ അപ്പോഴാണ്‌. അമ്മയിൽ നിന്ന്‌ പുറത്തുവന്നതോടെ നമുക്ക്‌ ഒന്നുംചെയ്യാൻ കഴിഞ്ഞിരുന്നില്ല. നമുക്ക്‌ കൈകളും കാലുകളും ഉണ്ട്‌. പക്ഷേ, അവ എങ്ങനെ ഉപയോഗിക്കണമെന്ന്‌ നമുക്കറിയില്ല. നാം നമ്മുടെ അമ്മയെയോ അച്ഛനെയോ എല്ലാറ്റിനും ആശ്രയിക്കണം. നാം വീണ്ടും ഭയക്കാൻ തുടങ്ങി. ആ മൗലികമായ ഭയത്തോടൊപ്പം അതിജീവിക്കുന്നതിനുള്ള ആഗ്രഹവും നമുക്കുണ്ടായി. മൗലികമായ ഈ ആഗ്രഹത്തോടൊപ്പം നാം വളരുന്നതിനനുസരിച്ചുള്ള മറ്റാഗ്രഹങ്ങളും  നമുക്ക്‌ വന്നുചേർന്നു. പക്ഷേ, ഓരോ ആഗ്രഹവും മൗലികമായ ആ ആഗ്രഹത്തിന്റെ ഒരനുബന്ധമായിരുന്നു.

നാമൊരിക്കൽ അമ്മയുടെ ഗർഭപാത്രത്തിലായിരുന്നുവെന്ന്‌ ഓർത്തെടുക്കാൻ കഴിയുന്നില്ല. നാമൊരു സൂക്ഷ്മബീജമായിരുന്നുവെന്ന്‌ ആശ്ചര്യത്തോടെ നാം അറിഞ്ഞിട്ടുണ്ട്‌. പൂർണമായി അതു മറന്നുപോവില്ല. പക്ഷേ, ഏറെപ്പേരും അത്‌ മുഴുവൻ മറന്നുപോയി. ‘ശിശുവിന്റെ കൊട്ടാര’ത്തിൽ നാമൊരിക്കൽ ഒന്നുമറിയാതെ കഴിഞ്ഞിരുന്നുവെന്ന്‌ നമ്മെയാരും ഓർമിപ്പിക്കുന്നില്ല. നമുക്കു ചിലപ്പോഴൊക്കെ ആ സ്വർഗത്തെപ്പിയുള്ള ഒരു ‘നൊസ്റ്റാൾജിയ’ വിഷാദംപുരണ്ട ഒരു സ്മൃതിയായി വരാറുണ്ട്. ഒമ്പതുമാസം കിടന്ന സ്വർഗത്തിന്റെ ഓർമ. അതു നമ്മിൽ ബാക്കിയുള്ളതുകൊണ്ടാണ് ആ നഷ്ടസ്വർഗത്തെ ഓർത്തുള്ള നൊസ്റ്റാൾജിയ നമ്മിൽ വരുന്നത്.
ഓർക്കേണ്ട ഒരു കാര്യമുണ്ട്. നാം വളരെ ചെറിയ ഒരു ബീജമായാരംഭിച്ചു. അതിൽ നമ്മുടെ അമ്മയും അച്ഛനും നമ്മുടെ മുഴുവൻ പൂർവികരും അതിസൂക്ഷ്മമായി നമുക്കൊപ്പമുണ്ട്.
നാം നമ്മുടെ അച്ഛന്റെയും അമ്മയുടെയും ഒരു തുടർച്ചയാണ്.

‘‘ഞാനെന്റെ അമ്മയാണ് ഞാനെന്റെ അച്ഛനാണ് എന്റെ പൂർവപിതാക്കൾ എന്നിലുണ്ട്’’-വസുബന്ധു

ഞാൻ പുഞ്ചരിക്കുമ്പോൾ സംസാരിക്കുമ്പോൾ സ്നേഹിക്കുമ്പോൾ, വെറുക്കുമ്പോൾ എന്തു ചെയ്യുമ്പോഴും യഥാർഥത്തിൽ ഇവരെല്ലാമാണതു ചെയ്യുന്നത്. അമ്മയിൽനിന്ന്, അച്ഛനിൽനിന്ന്, പൂർവപിതാക്കളിൽനിന്ന് പകർന്നുകിട്ടിയ ബീജങ്ങളാണ് നമ്മെ നല്ലവരാക്കുന്നത്, നല്ലവരല്ലാതാക്കുന്നത്. ഒരു മകൻ അച്ഛനു നേരേ മോശമായി പെരുമാറുമ്പോൾ യഥാർഥത്തിൽ തനിക്കുതന്നെ എതിരായി അയാൾ പെരുമാറുകയാണ്. കാരണം അയാൾ അച്ഛന്റെ ഒരു തുടർച്ചയാണ്. നമ്മുടെ ഓരോ കോശത്തിലും നമ്മുടെ അച്ഛനുണ്ട്. നമ്മുടെ അമ്മയുണ്ട്. ഇത് വിവേകത്തോടെ അറിയുന്ന ഒരു മകനും മകളും സ്വന്തം അച്ഛനോടും അമ്മയോടും മോശമായി പെരുമാറുകയില്ല.

റഷ്യൻ മഹായോഗി ഗുർജിഫ് രചിച്ച ‘All and every thing’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇപ്രകാരമെഴുതിയിട്ടുണ്ട്. പ്രപഞ്ചത്തിലെ അത്യുന്നശക്തികൾ ഒരുവന്റെ പ്രാർഥന കേൾക്കണമെങ്കിൽ അതിനൊന്നാമതായി ഈ പ്രാർഥനയിൽ സ്വന്തം അമ്മയുടെ അച്ഛന്റെ ആത്മാവിന് ഹിതകരമായ ആഴത്തിലുള്ള ഇച്ഛ നിറഞ്ഞിരിക്കണം. സ്വന്തം അമ്മയെ വൈകാരികമായി മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നവർ ലോകത്തിലുള്ള മുഴുവൻ സ്ത്രീകളെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സ്വന്തം അച്ഛനെ വൈകാരികമായി മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്ന മകൻ, മകൾ ലോകത്തിലുള്ള മുഴുവൻ പുരുഷന്മാരുമായുള്ള വിനിമയത്തിൽ പരാജയപ്പെടുമെന്നും വരെ ഇത് സൂചിപ്പിക്കുന്നു.

ഒരു കുഞ്ഞ് ജനിച്ചുവീഴുന്ന നിമിഷം മുതൽ അവന്റെ കോശങ്ങളിൽ ദേഹത്തിന്റെ സൂക്ഷ്മതയിൽ അവന്റെ അനുഭവം ‘നെഗറ്റീവോ’ ‘പോസിറ്റീവോ’ ആയ അടയാളങ്ങൾ വീഴ്ത്തുന്നു. അതവന്റെ ജീവിതകാലം മുഴുവൻ അവനിൽ സൂക്ഷ്മമായി നിലനിൽക്കുന്നു. ജനിച്ചയുടൻ ശിശുവിനെ ആദ്യം സ്പർശിക്കുന്നത് അമ്മയായിരിക്കണം. തുടർന്ന് അച്ഛൻ എടുക്കണം. ശേഷം മാത്രമേ നഴ്‌സ് എടുക്കാവൂ. കാരണം ഒരു നവജാതശിശുവിന് ശാരീരികമായി ആന്തരികമായി പരിചയമുള്ളത് സ്വന്തം അമ്മയെ അച്ഛനെ മാത്രമാണ്. ദേഹം കൊണ്ട് അതിന്റെ ആന്തരിക സൂക്ഷ്മതകൊണ്ടാണ് ഒരു കുഞ്ഞ് അമ്മയെ, അച്ഛനെ അനുഭവിക്കുന്നത്; അറിയുന്നത്.

അച്ഛൻ കുഞ്ഞിനെ ആദ്യമായി തൊടുമ്പോൾ നല്ല വാക്കുപറയണം. പ്രസവവേദനയിൽ കുഞ്ഞിനുണ്ടായ ഭയവും വേവലാതിയും ശമിപ്പിക്കാൻ ഇതു സഹായിക്കും. ഒരു നവജാത ശിശുവിനെ നോക്കി തമാശയായി ഒരു ഡോക്ടർ പറഞ്ഞത്: ‘‘എന്താടോ നേരമായാൽ ഒന്നു വേഗം പുറത്തുവന്നൂടെ?’’ എന്നു ചോദിച്ചതിലെ ‘നെഗറ്റീവ് ചാർജ്’ അവന്റെ ജന്മം മുഴുവൻ അവനെ എപ്പോഴും വൈകിയെത്തുന്നവനാക്കി മാറ്റിയെന്ന് പഠനങ്ങൾ തെളിയിക്കുകയുണ്ടായി. പ്രസവസമയം ആരോഗ്യമുള്ള ഒരമ്മ ഒരു ‘തള്ളലി’ൽ കുഞ്ഞിനെ പുറത്താക്കുന്നു. രണ്ടുമൂന്നു തവണ പുറത്തുവന്ന് അകത്തേക്കുവരുന്ന കുട്ടിയെ അമ്മയുടെ തോൽവി ആഴത്തിൽ നെഗറ്റീവായി സ്വാധീനിക്കുന്നു. ഇത്തരത്തിൽ ജനിച്ച കുട്ടികൾ പേടിയോടെയാണ് എന്തും ചെയ്യുക. ആദ്യത്തെ തരത്തിലുള്ള കുട്ടികൾ എല്ലാറ്റിലും ചാമ്പ്യന്മാരായിമാറുന്നു. അമ്മയാകാൻ പോകുന്ന വ്യക്തിയുടെ ശാരീരികവും മാനസികവും ആത്മീയവുമായ ഊർജം തന്നെയാകും അവരുടെ കുഞ്ഞിൽ ജീവിതകാലം മുഴുവൻ പ്രകടമാകുന്നത്.

‘എന്റെ അമ്മ ഞാൻ തന്നെ’ എന്നൊരു ചെറുപുസ്തകം ലണ്ടനിൽവെച്ചു താൻ വായിച്ചതായി സെൻ ബുദ്ധഗുരു തിയാങ്‌ ഒരിടത്തെഴുതിയിട്ടുണ്ട്. ഒരാൾ അയാളുടെ അമ്മയുടെ തുടർച്ചയാണ്. അയാളുടെ പെങ്ങൾ അയാളുടെ അമ്മയുടെ തുടർച്ചയാണ്. അതുപോലെ അയാളുടെ മകളും അമ്മയുടെ തുടർച്ചയാണ്. നിങ്ങൾ നിങ്ങളുടെ നെറ്റിയിൽ കൈവെക്കുമ്പോൾ നിങ്ങളുടെ കൈ മാത്രമല്ലയവിടെ വെക്കുന്നത്. നിങ്ങളുടെ അമ്മയുടെ കൈകൂടി അവിടെ വെയ്ക്കുകയാണ്. കാരണം, നിങ്ങളുടെ അമ്മ അവരുടെ സ്പർശത്തിന്റെ ഉഷ്മളത നിങ്ങളിലേക്കു പകർന്നുതന്നിട്ടുണ്ട്. ആ കൈ ഇപ്പോഴും നിങ്ങളിൽ ജീവനോടെയുണ്ട്. നിങ്ങൾ, ഒരച്ഛൻ നിങ്ങളുടെ മകനൊരു പാട്ടുപാടികൊടുക്കുമ്പോൾ നിങ്ങളുടെ അച്ഛൻ പകർന്നുതന്ന നാദമാധുര്യം കൂടി പകർന്നു നൽകുകയാണ്.

‘നിങ്ങളുടെ ഗുരു നിങ്ങൾ തന്നെ’ എന്നും നിങ്ങൾക്ക്‌ അനുഭവപ്പെടാതിരിക്കില്ല. നിങ്ങൾ മക്കൾക്കോ ശിഷ്യർക്കോ ഒരറിവിന്റെ തേൻ പകർന്നുനല്കുമ്പോൾ, ഒരറിവിന്റെ തിരി കൊളുത്തിവെക്കുമ്പോൾ അതിൽ നിങ്ങളുടെ ഗുരു കൊളുത്തിവെച്ച വിളക്കിന്റെ പ്രകാശവുമുണ്ട്. ഒപ്പം നിങ്ങളുടെ ഗുരുവിന്റെഗുരു പകർന്നു നൽകിയ വെളിച്ചവും കൂടിയുണ്ട്. ദൈവത്തിന് നേരിട്ടുവന്ന് ജ്ഞാനം പകർന്നുതരാനാവില്ല. അതുകൊണ്ട്, സ്നേഹധനനായ ഒരു ഗുരുവിലൂടെ ദൈവം അതു നിർവഹിക്കുകയാണ്. ഒരച്ഛനിൽ അന്നുവരെ ഭൂമിയിലുണ്ടായ മുഴുവൻ പിതാക്കളുമുണ്ട്. ഒരു ഗുരുവിൽ ലോകാരംഭം മുതൽ ഉണ്ടായ സർവഗുരുക്കന്മാരുമുണ്ട്. പൈത്തഗോറസും പ്ലേറ്റോയും സോക്രട്ടീസും ബുദ്ധനും യേശുവും നബിയും മുതലുള്ള എല്ലാ ഗുരുക്കന്മാരും വിശ്വത്തിലേക്ക് പറഞ്ഞയക്കപ്പെട്ടു. ജ്ഞാന സ്നേഹധനനായ ഒരു ഗുരു ഒരു വാക്കുച്ചരിക്കുമ്പോൾ അതിൽ ഈ മഹാഗുരുക്കന്മാരുടെയെല്ലാം ഹൃദയജ്ഞാനരക്തമുണ്ട് !.....