‘‘സ്നേഹം ഒന്നുമാത്രമാണ്‌ ദൈവത്തോടടുത്തെത്തി നിൽക്കുന്ന ഒരേയൊരനുഭവം. എന്തെന്നാൽ സ്നേഹത്തിൽ ഏകമെന്നത്‌ അനുഭവപ്പെടുന്നു. സ്നേഹം ഉള്ളിലില്ലാത്ത ഒരാൾക്ക്‌ ലോകത്തെങ്ങും സ്നേഹമില്ലെന്നു തോന്നും.’’
-ജൂത വിശുദ്ധവചനം

ദൈവം സ്വന്തമായി നടത്തുന്ന ഒരുകടയിൽ സാധനം വാങ്ങാൻ ഒരു സ്ത്രീ വന്നു. കടയുടെ മുൻവശത്തുതന്നെ ദൈവം ഇരിക്കുന്നുണ്ടായിരുന്നു. ദൈവം ചോദിച്ചു: ‘‘മകളേ, നിനക്കെന്താണ്‌ വേണ്ടത്‌? എനിക്ക്‌ ആരോഗ്യവും സൗന്ദര്യവും വേണം; പിന്നെ സമ്പത്തും സൗഭാഗ്യവും’’.

ദൈവം ചിരിച്ചുകൊണ്ടു പറഞ്ഞു: ‘‘മകളേ, ഇതു നാലും നിനക്കുവേണം അല്ലേ? പക്ഷേ, ഇവ ‘റെഡിമെയ്‌ഡാ’യി കിട്ടില്ല. പകരം ഇതെല്ലാം നേടാൻ ഉതകുന്ന ഒരു വിത്ത്‌ നിനക്ക്‌ ഞാൻ തരാം. സ്നേഹം എന്നാണതിന്റെ പേര്‌. ഇത്‌ നിന്റെ ഹൃദയത്തിൽ ഞാനിതാ പാകുന്നു! മൗനത്തിന്റെ ജലം തൂകി, അലിവിന്റെ പോഷണം പകർന്ന്‌ നീയിതു വളർത്തണം. ഉണർന്നിരിക്കുന്ന ഒരുനിമിഷംപോലും ഇതിനെ മറക്കരുത്‌. ക്രമേണ ഉറക്കത്തിലും ഇതു നിന്റെ മനസ്സിലുണ്ടാവും.

കോപത്തിന്റെ മിന്നലേറ്റാൽ, അശ്രദ്ധയുടെ കാറ്റടിച്ചാൽ, അസൂയയുടെ തീ പറ്റിയാൽ, അഹങ്കാരത്തിന്റെ വെയിലേറ്റാൽ ഈ വിത്ത്‌ മുളയ്ക്കില്ല. അതുകൊണ്ട്‌, ഇവയൊന്നും ബാധിക്കാതെ നീ ഈ ബീജം മുളപൊട്ടുന്നത്‌, അതിൽനിന്ന്‌ ആദ്യത്തെ തളിരിലകൾ വരുന്നത്‌, ഇളം തണ്ടുകൾ പൊടിച്ചുവരുന്നത്‌ ശ്രദ്ധയോടെ നോക്കിയിരിക്കണം. സ്നേഹത്തിന്റെ സസ്യം വേഗം വേഗം വളരാൻ സഹനത്തിന്റെ മണ്ണ്‌ എപ്പോഴും അതിന്റെ ചുവട്ടിൽ ഉണ്ടാവണം. കരുണയുടെ നിലാവിൽ അത്‌ വളരെ വേഗം വളർന്നുപൂവിടും, കായ്‌ക്കും, സ്നേഹത്തിന്റെ ഇളം ചെടി ഹൃദയത്തിനകത്ത്‌ വേരോടാൻ തുടങ്ങുന്നതോടെ, മകളെ, നീ ആരോഗ്യവതിയാകും സുന്ദരിയാകും സമ്പന്നയാകും സൗഭാഗ്യവതിയാകും...’’
* * * 
കോഴിക്കോട്‌ സെയിന്റ്‌ മൈക്കിൾസ്‌ ഗേൾസ്‌ ഹൈസ്കൂളിൽ ജൂൺ അഞ്ചിന്‌ പരിസ്ഥിതിദിനം ഉദ്‌ഘാടനം ചെയ്തുകൊണ്ട്‌ ഈ കഥ കുട്ടികൾക്കു പറഞ്ഞുകൊടുത്തു. തുടർന്ന്‌ ഈ ലേഖകൻ അവരോടു സംസാരിച്ചത്‌ ഇവിടെ അതുപോലെ പകർത്തുകയാണ്‌.
പരിസ്ഥിതിദിനത്തിൽ ലോകം മുഴുവൻ ഓർക്കേണ്ട ഒരു കഥയാണിത്‌. പരിസ്ഥിതിക്കുനേരേ നമ്മുടെ ഉള്ളിൽ പ്രേമം വളരണമെങ്കിൽ നമ്മുടെയൊക്കെ ഹൃദയത്തിനുള്ളിൽ സ്നേഹത്തിന്റെ ബീജം നാം നട്ടുപിടിപ്പിക്കണം. നമ്മുടെ ഉള്ളിൽ സ്നേഹസസ്യം വളർന്നുവരണം. അത്‌ പൂക്കണം, അതിന്റെ സുഗന്ധം പരക്കണം.

മൗനത്തിന്റെ ജലം തൂകി, അലിവിന്റെ പോഷണം പകർന്ന്‌ നാം വളർത്തുന്ന സ്നേഹത്തിന്റെ ചെടിയെ ഉണർന്നിരിക്കുന്ന ഒരു നിമിഷംപോലും നാം മറക്കരുത്‌! അപ്പോൾ ഉറങ്ങുമ്പോഴും ഇതു നമ്മുടെ ഉള്ളിലുണ്ടാവും. കോപത്തിന്റെ ഇടിമിന്നലേൽക്കാതെ, അസൂയയുടെ തീപ്പൊരി തട്ടാതെ, അഹംഭാവത്തിന്റെ വെയിൽച്ചൂടേൽക്കാതെ  ഈ വിത്ത്‌ മുളയ്ക്കാനായി നാം കാത്തിരിയ്ക്കണം. ഉറക്കത്തിലും ഉണർന്നിരിക്കണം. ഒടുവിലാ വിത്ത്‌ മുളച്ചുവരും! അതിന്റെ ആദ്യത്തെ തളിരിലകൾ തലനീട്ടും... ഇങ്ങനെ വളർന്നുവരുന്ന സ്നേഹസസ്യം സംരക്ഷിക്കപ്പെടാനായി ക്ഷമയുടെ, സഹനത്തിന്റെ മണ്ണ്‌ എപ്പോഴും ചെടിച്ചുവട്ടിൽ ഉണ്ടായിരിക്കണം. അങ്ങനെ കരുണയുടെ നിലാവിലത്‌ വളരെവേഗം വളർന്നുപൂവിടാൻ തുടങ്ങും.

പ്രേമത്തിന്റെ ഇളംചെടി ഹൃദയത്തിനുള്ളിൽ വളർന്നുവരുന്നതോടെ നാമൊക്കെ ആരോഗ്യമുള്ളവരാകും. ഗുണങ്ങളാൽ സുന്ദരികളും സുന്ദരന്മാരുമാകും... അതോടെ മനുഷ്യന്റെ ബന്ധങ്ങൾ മനോഹരമായി മാറും. ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ, രാഷ്ട്രത്തിന്റെ പേരിൽ, ലിംഗത്തിന്റെ പേരിൽ ഉള്ള എല്ലാ വേർതിരിവുകളും അസ്തമിക്കും. എല്ലാതരം കുറ്റകൃത്യങ്ങളും കുറഞ്ഞുവരും...
പരിസ്ഥിതി സംരക്ഷിക്കാൻ മണ്ണിൽ കുറെ മരങ്ങൾ നട്ടുപിടിപ്പിച്ചതുകൊണ്ടുമാത്രം ആയില്ല... മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതു സ്നേഹം നിറഞ്ഞ മനസ്സോടെയായിരിക്കണം. അത്തരത്തിൽ വളർന്നുവരുന്ന വൃക്ഷങ്ങളുടെ സ്നേഹത്തണലിൽ ജീവിക്കുമ്പോൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഇന്ന്‌ വൻ വെല്ലുവിളികൾ ഉയർത്തുന്ന ഹിംസയുടെ രാക്ഷസവൃക്ഷങ്ങൾ മുഴുവൻ ഉണങ്ങിക്കരിഞ്ഞു പോകും.

തലമുറകൾ മുൻപ്‌ നമ്മുടെ പൂർവികർ നമ്മുടെയൊക്കെ ജീനുകളിൽ പാകിവളർത്തിയ വെറുപ്പിന്റെ വിത്തുകൾ അതുപോലെ നിലനിൽക്കുന്നതുകൊണ്ടാണ്‌ ഒരു ഭാഗത്ത്‌ നാം പരിസ്ഥിതിപ്രേമം പറയുമ്പോഴും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമ്പോഴും മറുഭാഗത്ത്‌ നാം സ്വയമറിയാതെ പരസ്പരം ചോരചിന്തി മരിച്ചുകൊണ്ടിരിക്കുന്നത്‌!

ബുദ്ധനും യേശുവും നബിയും ഗുരുനാനാക്കും ജൂതവിശുദ്ധന്മാരും സെൻ-സൂഫി-താവൊ ഗുരുക്കന്മാരും മുതൽ ഫ്രാൻസിസ്‌ പുണ്യവാളനും മഹാത്മാഗാന്ധിയും വരെയുള്ള എണ്ണമറ്റ സ്നേഹപൈതൃകങ്ങളുടെ ബീജങ്ങൾ ഇന്നും നമ്മുടെയൊക്കെ ഉള്ളിൽ സൂക്ഷ്മമായ വിത്തുകളായി നിലനിൽക്കുന്നുണ്ട്‌. ആ വിത്തുകളാണ്‌ യഥാർഥമായ പരിസ്ഥിതി ധർമത്തിന്റെ വിത്തുകൾ. ആ വിത്തുകൾ നമ്മുടെ ഹൃദയത്തിൽ മുളച്ചുവളർന്നുവരാൻ തുടക്കത്തിൽ പറഞ്ഞ കഥയുടെ പൊരുൾ സ്വജീവിതംകൊണ്ടു പകർത്തുവാൻ നമുക്കു കഴിയണം.
* * *
ഫ്രാൻസിസ്‌ പുണ്യവാളൻ ഒരിക്കൽ ശിഷ്യനായ ലിയോവിന്‌ ഒരു കഥ പറഞ്ഞുകൊടുക്കുന്നുണ്ട്‌. ഒരു വിശുദ്ധൻ മരണാനന്തരം സ്വർഗത്തിൽ ദൈവസന്നിധിയിലെത്തി. അവിടെയിരുന്ന്‌ അദ്ദേഹം അവസാനമായി ഭൂമിയിലേക്കൊന്ന്‌ എത്തിനോക്കി. അവിടെ ഇളം കാറ്റിലാടിക്കളിക്കുന്ന വൃക്ഷങ്ങളെ നോക്കി ആ വിശുദ്ധൻ അപ്പോൾ വികാരതരളിതനായി ദൈവത്തോട്‌ ഇങ്ങനെ പറഞ്ഞത്രേ! എനിയ്ക്കാ പച്ചിലയിൽ ‘‘ഒന്നുകൂടി തൊടണം...!’’