വായന എല്ലാ ആനന്ദങ്ങളിലുംവെച്ച് മഹത്തായതത്രെ. ഒരാൾ ക്ലാസിക്കുകൾ ഹേമന്തത്തിൽ വായിക്കണം. കാരണം, അപ്പോൾ മനസ്സ് ഏറെ ഏകാഗ്രമാണ്. വേനലിൽ ചരിത്രം വായിക്കണം. കാരണം അപ്പോൾ അധികം സമയം കിട്ടും. ശരത്കാലത്തിൽ പ്രാചീന തത്ത്വചിന്തകന്മാരെ വായിക്കണം, കാരണം, അപ്പോൾ വശ്യമായ ആശയങ്ങൾ ഉദിച്ചുയരും. വസന്തത്തിന്റെ നാളുകളിൽ സമകാലീനരായ എഴുത്തുകാരുടെ തിരഞ്ഞെടുത്ത പുസ്തകങ്ങൾ വായിക്കണം. എന്തെന്നാൽ, അപ്പോൾ പ്രകൃതി ജീവിതത്തിലേക്കു തിരിച്ചുവരുന്നു...  ലിൻ യു ടങ് (ചൈന).

ഇരുളിൽ ഒന്നും പ്രകാശിക്കാതിരുന്ന നാളുകളിൽ വെളിച്ചംകാട്ടിയ പുസ്തകങ്ങൾ ഒരിക്കലുമണയാത്ത വിളക്കുകൾപോലെയാണ്. ഭഗവദ്‌ഗീത, ധർമപഥ, ബൈബിൾ, ഖുർ ആൻ, താവൊതെചിങ്, ദസ് സ്‌പെയിക് സരതുഷ്ട, കാരമസോവ് സോദരർ, അന്നാകരിനീന, റിസറക്ഷൻ, ഗീതാഞ്ജലി, റുബയ്യാത്ത്, മസ്‌നവി, ജൊനാഥൻ ലിവിങ്സ്റ്റൺ സീഗൾ, സോർബ ദ ഗ്രീക്ക്, ഗോദോവിനെ കാത്ത്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊ, ദാസ് ക്യാപിറ്റൽ, അമ്മ സെൻ ഫ്ളാഷ് സെൻ ബോൺസ്,  ഫസ്റ്റ് ആൻഡ് ലാസ്റ്റ്‌ ഫ്രീഡം - ജെ. കൃഷ്ണമൂർത്തി, ദി ബുക്ക്‌ ഓഫ്‌ സീക്രട്ട്‌സ്‌ - ഓഷോ, ജ്ഞാനപ്പാന, അനുകമ്പാദശകം, വീണപൂവ്... എണ്ണിയാലൊടുങ്ങാത്ത പുസ്തകങ്ങൾ.

ഇത്തരം പുസ്തകങ്ങൾ ഒരാളുടെ ഹൃദയത്തിൽനിന്നുപാടുന്ന സത്യത്തിന്റെ ഗാനങ്ങൾ കേൾക്കാൻ അയാളെ സഹായിക്കുന്നു. അധികം പുസ്തകങ്ങളും ഏറെ ഉൾക്കൊള്ളുന്നുവെങ്കിലും വളരെയൽപ്പം മാത്രം വിനിമയം ചെയ്യുന്നു. അതുപോലെതന്നെ ഒരു കവിയും ഒരു പുസ്തകവും സത്യത്തെ മുഴുവനായി ഉൾക്കൊള്ളുന്നില്ല. സത്യം ജീവിക്കുന്ന ഒരു വസ്തുവാകുന്നു. അത് വിവരണാതീതമാകുന്നു. എല്ലാ അനശ്വരസാഹിത്യരചനകളും പുരാതനമായാലും പുതിയതായാലും ചോരകൊണ്ടും കണ്ണീരുകൊണ്ടും എഴുതപ്പെട്ടിരിക്കുന്നു.
‘പത്താണ്ടുകൾ പുസ്തകങ്ങൾ വായിച്ചിരിക്കുന്നതിനേക്കാൾ നിന്നോടൊപ്പം ഒരു രാത്രി സംസാരിച്ചിരിക്കുന്നതാണ് നല്ലത്’. എന്ന് ഒരു പണ്ഡിതൻ നല്ല വായനക്കാരനായ ഒരു സുഹൃത്തിനെ അനുമോദിച്ചതായി വായിച്ചിട്ടുണ്ട്.

ഇതു ശരിവെയ്ക്കുന്ന ഒരനുഭവം എം.ടി. വാസുദേവൻ നായരോടൊപ്പം ചെലവഴിച്ചത് അവിസ്മരണീയമായിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള പുസ്തകങ്ങളിൽനിന്ന് സത്യത്തിന്റെ ഗാനം കേട്ടുകൊണ്ടിരിക്കുന്ന ഇത്തരം വായനക്കാർ കുറവായിരിക്കും.
‘നിങ്ങളുടെതന്നെ ജീവിതപുസ്തകമിരിക്കെ മറ്റുള്ളവരടെ പുസ്തകങ്ങൾ നിങ്ങളെന്തിനു വായിക്കുന്നു?’ എന്ന് ജെ. കൃഷ്ണമൂർത്തി ചോദിക്കുന്നുണ്ട്. ശുദ്ധബോധാവസ്ഥയിൽ ഓരോ വ്യക്തിയിലും ജീവിതത്തിന്റെ, പ്രപഞ്ചത്തിന്റെ മഹാവിവേകം പ്രവർത്തിച്ചുകൊള്ളുമെന്നും അതിനാൽ പുസ്തകങ്ങളെ വായിക്കുന്നതിനേക്കാൾ ജീവിതത്തെത്തന്നെയാണ് വായിക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഒരിക്കലൊരു തത്ത്വാനേഷി സെയ്‌ന്റ് ആന്റണിയെത്തേടി ഒരു മരുഭൂമിയിലെത്തി. അദ്ദേഹത്തിന് ഒരു സംശയമാണുണ്ടായിരുന്നത്.  അതദ്ദേഹം ചോദിച്ചു:

‘‘വിശുദ്ധ പുസ്തകങ്ങളിൽനിന്നുള്ള ആശ്വാസമൊന്നുമില്ലാതിരുന്നിട്ടും അങ്ങ് എപ്രകാരമാണ് ഇവിടെ ഇത്രയും സന്തോഷവാനായി സ്വസ്ഥതയോടെയിരിക്കുന്നത്?’’അദ്ദേഹം സ്നേഹത്തോടെ മൊഴിഞ്ഞു: ‘‘അല്ലയോ തത്ത്വജ്ഞാനീ, എന്റെ പുസ്തകമെന്നാൽ പ്രകൃതി സൃഷ്ടിച്ചവയൊക്കെയുമാണ്. ആകാശം എന്റെ പുസ്തകമാണ്. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, കാറ്റ്, കിളികൾ, പുൽക്കൊടികൾ, മൺതരികൾ, ഉറുമ്പുകൾ, മേഘങ്ങൾ, പുഴകൾ, മലകൾ, വൃക്ഷങ്ങൾ, ഋതുക്കൾ എല്ലാം എന്റെ പുസ്തകങ്ങളാണ്. എനിക്കവയിലെല്ലാം ഏതുസമയത്തും ദൈവമൊഴികൾ വായിക്കാനാവുന്നു. ആ മഹത്തായ പുസ്തകം ദൈവം സദാ എന്റെമുന്നിൽ തുറന്നുവെച്ചിരിക്കുന്നു. ഇതിൽനിന്ന്‌ എനിക്ക് വേണ്ടതൊക്കെയും ഞാൻ പഠിക്കുന്നു!’’

‘പ്രപഞ്ചമാണ് സ്കൂൾ. ജീവിതമാണ് അവിടെ പഠിക്കാനുള്ള ഒരേയൊരു പാഠപുസ്തകം’. ഈ ബോധത്തിലേക്കുണരുമ്പോൾ ഒരാൾ യഥാർഥ ജീവിതവിദ്യാർഥിയാകുന്നു. ചൈനയിലെ പുരാതനനായ ഒരെഴുത്തുകാരൻ പറഞ്ഞു: അദ്ദേഹം പത്തുവർഷങ്ങൾ വായനയ്ക്കായി സമർപ്പിക്കുന്നു. തുടർന്നുള്ള പത്തുവർഷങ്ങൾ യാത്രയ്ക്കായും പിന്നീടുള്ള പത്താണ്ടുകൾ ശേഖരിച്ചവയൊക്കെയും ക്രമീകരിക്കാനും വിന്യസിക്കാനുമായി ചെലവഴിക്കുന്നു.

അമിതാഹാരത്താൽ വയറുനിറഞ്ഞ ഒരാൾക്ക്‌ അതു മുഴുവൻ ഉപയോഗിക്കാനാവാത്തതുപോലെയാണ് ഇന്നത്തെ ബുദ്ധിജീവികൾ. അവർ ആവശ്യത്തിലേറെ വൈവിധ്യമുള്ള പുസ്തകങ്ങൾ വായിക്കുന്നതു കാരണം അവയൊന്നുപോലും അവരെ സ്പർശിക്കുകയോ മാറ്റുകയോ ചെയ്യുന്നില്ല. വായിച്ചുകഴിഞ്ഞതിനെ മനനത്തിലൂടെ, വിചാരത്തിലൂടെ സൂക്ഷ്മമായറിയുമ്പോൾ മാത്രമാണ് അതൊരു പ്രയോഗമായിമാറ്റുന്നത്.

യഥാർഥ പുസ്തകം ജീവിതമാണെന്നു കാട്ടിയ അനുഭവങ്ങളാണ് അതുവരെ വായിച്ചവയൊന്നും പുസ്തകങ്ങളായിരുന്നില്ല എന്ന സത്യം പറഞ്ഞുതന്നത്! എഴുപതുകളിൽ അടിയന്തരാവസ്ഥയോടനുബന്ധിച്ച് വിപ്ലവരാഷ്ട്രീയവുമായുള്ള ബന്ധത്തിന്റെ പേരിൽ ‘മിസ’ പ്രകാരം അറസ്റ്റുചെയ്യപ്പെട്ട്, ഒരു മാസത്തോളം പോലീസിന്റെ മർദനക്യാമ്പിൽ തികച്ചും അജ്ഞാതനായി കഴിയേണ്ടിവന്ന നാളുകൾ. ജീവിതത്തെ പൂർണവെളിച്ചത്തിൽ അപ്പോഴാണ് ആദ്യമായി വായിച്ചത്. വിശപ്പ്, ഏകാന്തത, ഹിംസ, ഭയം, സ്നേഹം, സ്വാതന്ത്ര്യം ഇതൊക്കെയും നേരത്തേ എനിക്ക് അമൂർത്തമായ ആശയങ്ങളായിരുന്നു.

ഇപ്പോളെനിക്കവ സ്വന്തം അനുഭവങ്ങളായി. ഭക്ഷണമൊന്നും കിട്ടാത്തൊരാൾ വിശന്നിരുന്നുകൊണ്ട് അനുഭവിക്കുന്ന യാതന പുസ്തകങ്ങളിൽ വായിച്ചറിഞ്ഞ വിശപ്പല്ല. നിസ്സഹായനായൊരാൾ എതിരാളികൾക്കിടയിൽ ഏകപക്ഷീയവും ക്രൂരവുമായ പീഡനങ്ങളേൽക്കുമ്പോൾ ഉണ്ടാകുന്ന ഭയം, ഒറ്റപ്പെടൽ, നിസ്സഹായത പുസ്തകങ്ങൾ പകർന്നുതരാത്തതായിരുന്നു. ഒരുമാസത്തെ നരകതുല്യമായ പീഡനക്യാമ്പിന്റെ കണ്ണൂർ സെൻട്രൽ ജയിലിലെ ഇരുട്ടറയിലാണ് പിന്നീടൊരു വർഷം. പകൽസമയങ്ങളിൽ  വായിക്കാനായി പല പുസ്തകങ്ങളും ഞാൻ വരുത്തിയിരുന്നു.

പക്ഷേ, അവയൊക്കെ കടലാസുപുക്കൾക്കപ്പുറത്തൊന്നുമല്ലായിരുന്നു. ‘ഫസ്റ്റ് ഹാൻഡായ’ ഒരു ലോകത്തെയല്ല അവ വെളിപ്പെടുത്തിയത്. വെളിച്ചത്തെപ്പറ്റിയുള്ള ഒരു പുസ്തകമല്ല വെളിച്ചം തന്നെയാണെനിക്ക് അപ്പോൾ വേണ്ടിയിരുന്നത്. അപ്പോൾമുതൽ വായിച്ച പുസ്തകങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ ഒന്നും തരാതായി. ജയിലിൽനിന്നു വന്നതിനു ശേഷമുള്ള അന്വേഷണങ്ങളിൽനിന്ന് ഇങ്ങനെയൊരു ചോദ്യം ഉയർന്നുവരികയുണ്ടായി: ജീവിതപുസ്തകം മാർക്സിന്റെ, ബുദ്ധന്റെ, ഹൈന്ദവന്റെ, ഇസ്‌ലാമിന്റെ, ക്രൈസ്തവന്റെ, മനഃശാസ്ത്രത്തിന്റെ വീക്ഷണത്തിൽ കൂടിയല്ലാതെ, ഒരിസവുംകൂടാതെ വായിക്കാൻ ഒരാൾക്കു കഴിയില്ലേ?
ആഗിഡ എക്‌സിനസ് എന്ന അധ്യാപകൻ ഒരവസരത്തിൽ അപ്പോളോനിയസ് എന്ന മഹാനോടു ചോദിച്ചു.

ഒരു ജനവിഭാഗത്തിന്റെ ആചാര്യനും മഹാനായ ചിന്തകനുമായിരുന്നിട്ടും അങ്ങ് എന്തുകൊണ്ടാണ് ഒരു പുസ്തകംപോലും എഴുതാതിരുന്നത്? അദ്ദേഹം ആലോചനാപൂർവം മൊഴിഞ്ഞു: ‘‘ഞാനിതുവരെയും ഒരു പുസ്തകമെഴുതാൻ വേണ്ടത്രയും നിശ്ശബ്ദനായിട്ടില്ല.’’മഹാമൗനത്തിൽ, നിശ്ശബ്ദതയിൽ എത്തിയൊരാൾക്കു മാത്രമേ ഒരു പുസ്തകമെഴുതാനുള്ള അർഹതയുള്ളൂ. അങ്ങനെയൊരാൾ എഴുതുമ്പോൾ ‘താവൊതെചിങ്’ ഉണ്ടാകുന്നു. ‘ധർമപഥ’ ഉണ്ടാകുന്നു. ഗീത, ബൈബിൾ, ഖുർ ആൻ, കഠോപനിഷത്ത്, അനുകമ്പാദശകം ഉണ്ടാകുന്നു.