ഒരു കല്ലുപ്പിനെപ്പറ്റി സുന്ദരമായൊരു കഥയുണ്ട്‌. ഈ കടൽ എത്രത്തോളം ഉപ്പുരസമുള്ളതാണെന്ന്‌ ഒന്നറിയണം. അതിനായി ആ കല്പുപ്പ്‌ കടലിലേക്കെടുത്തുചാടുകയും കടലുമായി ഒന്നിക്കുകയും ചെയ്തു. ഇപ്രകാരം ആ കല്ലുപ്പ്‌ പൂർണമായ ജ്ഞാനം നേടിയത്രെ. എന്തിനെപ്പറ്റിയും മുഴുവനായി അറിയണമെങ്കിൽ ഒരാൾ ആ വിഷയത്തിന്റെ കടലിൽ എല്ലാം മറന്ന്‌ ആണ്ടിറങ്ങണം.

സ്നേഹം, സത്യം, സമത്വം. നമുക്കെത്രപേർക്ക്‌ അതിന്റെ പൂർണമായ അർഥം അനുഭവത്തിലറിയാം. സ്നേഹത്തിന്റെ, സത്യത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ കടലിന്റെ കരയിലിരുന്ന്‌ അതിന്റെ പുറമേയുള്ള തിരകൾ നോക്കി, അതിന്റെ ജലത്തിൽ കാലുനനച്ചു മാത്രം നിൽക്കുന്നൊരാൾക്ക്‌ ഇതിന്റെയൊന്നും അനുഭവം, പൂർണജ്ഞാനം കിട്ടുന്നില്ല ഇതിന്റെയെല്ലാം യഥാർഥമൂല്യം ഒരാൾക്കറിയണമെങ്കിൽ അയാൾക്കത്‌ നിഷേധിക്കപ്പെടണം. അപ്പോഴാണ്‌ അയാൾ ആ വിഷയത്തിന്റെ കടലിൽ ആണ്ടിറങ്ങുന്നത്‌.

അടിയന്തരാവസ്ഥക്കാലത്ത്‌ വിപ്ളവ രാഷ്ട്രീയവുമായുള്ള ബന്ധത്തിന്റെ പേരിൽ ഞാൻ ഒരു വർഷത്തോളം കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. അക്കാലത്തൊരിക്കൽ കടുത്ത പനിബാധിച്ച്‌ എന്നെ ജയിൽവാഹനത്തിൽ രണ്ടു പാറാവുകാരുടെ അകമ്പടിയോടെ സർക്കാർ ആസ്പത്രിയിലേക്ക്‌ കൊണ്ടുപോയി. അന്നത്തെ ആ യാത്രയിൽ ജീവിതത്തിലൊരിക്കലും മറക്കാത്ത ഒരു കാഴ്ച ഞാൻ കണ്ടു. അതൊന്നുമാത്രമാണ്‌ അന്നു കണ്ടതിൽ ഇന്നും ബാക്കിനിൽക്കുന്നത്‌.

ജയിലിലായതുകൊണ്ട്‌ വളരെയായി പുറംലോകത്ത്‌ മനുഷ്യരെങ്ങനെ കഴിഞ്ഞുകൂടുന്നു, അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിവസങ്ങളിൽ ജനങ്ങളെങ്ങനെ ജീവിക്കുന്നു എന്നൊന്നും അറിയാത്തതുകൊണ്ട്‌, ഒരു ചെറിയ കുട്ടി ആദ്യമായി അപരിചിതമായ ഒരിടത്തേക്ക്‌ പോകുമ്പോൾ ഉള്ള അതേ മനസ്സോെട, താത്‌പര്യത്തോടെ നോക്കിയതോർക്കുന്നു. പുറമേ, സാധാരണ മനുഷ്യർ സ്വതന്ത്രരായി, പാതി ഉറക്കത്തിലെന്നപോലെ നടന്നു പോകുന്നത്‌, സംസാരിക്കുന്നത്‌ ലോകത്തെവിടെയും എന്നപോലെ കണ്ണൂരിലെ നിരത്തുകളിൽ ഇതാ അവൻ സ്വതന്ത്രനാണെന്നറിയാതെ സഞ്ചരിക്കുന്നു. സ്വാതന്ത്ര്യം ഇല്ലാതാകുമ്പോൾ  മാത്രമേ അതിന്റെ വില മനസ്സിലാവൂ എന്നോർമിപ്പിക്കുന്നു.

തൊഴിൽരഹിതനായി, വൃത്തികെട്ട ചാളകളിലും ചേരികളിലും കഴിഞ്ഞുകൂടുന്ന മനുഷ്യക്കോലങ്ങൾക്ക്‌ സ്വാതന്ത്ര്യം എന്ന വാക്കിന്‌ എന്തു വിലയാണുള്ളത്‌? പുരുഷമേധാവിത്വത്തിന്റെ, പുരുഷന്റെ ക്രൂരതയുടെ ഇരകളായി മാറ്റപ്പെടുന്ന നിസ്സഹായരായ സ്ത്രീകൾക്കും സ്വാതന്ത്ര്യമെന്ന വാക്ക്‌ തീർത്തും അപഹാസ്യമത്രെ.  പരിഷ്കൃത മനുഷ്യന്‌ സാധ്യമായിട്ടുള്ള സ്വാതന്ത്ര്യം വ്യവസ്ഥാപിതവും നിയന്ത്രിതവുമായ സ്വാതന്ത്ര്യം മാത്രമാണെന്നോർക്കുക. ഒരാൾ സ്വാതന്ത്ര്യം എത്രയേറെ അഭിലഷിക്കുന്നുവോ അത്രയധികം അയാൾ അധികാരത്തിന്‌ വഴങ്ങിക്കൊടുക്കണം.

നിരുപാധികമായ സ്വാതന്ത്ര്യം മാത്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക്‌ സ്വാതന്ത്ര്യത്തെപ്പറ്റി കവിതയെഴുതാൻ, ഓഗസ്റ്റ്‌ 15-നെപ്പറ്റി പ്രസംഗിക്കാൻ എളുപ്പമാണ്‌. എന്നാൽ, പാരതന്ത്ര്യം ജീവിതത്തിലെന്നെങ്കിലും വിശപ്പുപോലെ അനുഭവിച്ചൊരാൾക്ക്‌ എടുത്താൽ പൊന്താത്ത വാക്കുകൾ നിരത്തി സ്വാതന്ത്ര്യത്തെപ്പറ്റി ഒരക്ഷരവും പറയാനാവില്ല.

രണ്ട്‌-  മനസ്സ്‌, ബുദ്ധി ഉൾപ്പെടെയുള്ള എട്ട്‌ ഇന്ദ്രിയങ്ങളിൽനിന്നും മുക്തനാകുമ്പോഴാണ്‌ ഒരു വ്യക്തി ജീവിതമുണ്ടാക്കുന്ന എണ്ണമറ്റ തടവുകളിൽനിന്നും സ്വാതന്ത്ര്യം നേടുന്നത്‌. ഒരു ചിത്രശലഭം ഒരു പൂവിൽ ചെന്നിരുന്ന്‌ അതിന്റെ ഇതളുകളെ അല്പംപോലും നോവിക്കാതെ തേൻ നുകരുന്നതുപോലെ ജീവിതത്തിന്റെ ഓരോ ആവശ്യങ്ങളും നിറവേറ്റുവാൻ ശ്രമിക്കുന്ന മനുഷ്യനെപ്പറ്റി ബുദ്ധൻ പറയുന്നുണ്ട്‌. പൂർണസ്വതന്ത്രനായ മനുഷ്യൻ അയാളത്രെ. ബുദ്ധൻ, ലാവോത്സു, യേശു, നബി, സോക്രട്ടീസ്‌, ഡയോജനീസ്‌, ഗുരുനാനാക്ക്‌ എന്നിവർ, ജെ. കൃഷ്ണമൂർത്തി, ദാദാ ലേഖരാജ്‌, രമണ മഹർഷി, ജലാലുദ്ദീൻ റൂവി, എക്‌ഹാർട്‌ ടോളി, തിച്ച്‌ നാട്‌ ഹാൻ എന്നിവർ ഇത്തരം ഒരു സ്വാതന്ത്ര്യസമരം ഉള്ളിൽ നടത്തിയവരത്രെ.

ഇവരൊക്കെയും പറയുന്നതിന്റെ സംഗ്രഹം ഇതാ ഇങ്ങനെയാണ്‌: ശരീരത്തെയല്ല അതിനുള്ളിലെ അഹംബോധത്തെ ഉന്മൂലനം ചെയ്യുക, ഇതത്രെ യഥാർഥസ്വാതന്ത്ര്യം. ഇൗ സ്വാതന്ത്ര്യത്തിലെത്തുന്നതുകൊണ്ട്‌ ഓരോ ശിശുവും വിശുദ്ധനായി ജനിക്കുകയും ഒരു ഭ്രാന്തനായി മരിക്കുകയുമാണ്‌. അസൂയ, മത്സരം, കോപം, അധികാരക്കൊതി എന്നിവ ഇല്ലാത്ത ഒരാളാണ്‌ യഥാർഥ സ്വതന്ത്രൻ. 

സെൻ ഗുരുക്കന്മാരും താവോ സൂഫി ഗുരുക്കന്മാരും ഈ ആന്തരിക സ്വാതന്ത്ര്യസമരത്തിന്റെ അനശ്വര പ്രവാചകന്മാരായിരുന്നു. ഇവരൊക്കെയും സ്വാതന്ത്ര്യത്തിന്റെ കടലിൽ മുങ്ങി അതിന്റെ ആഴം അറിഞ്ഞവരാണ്‌. ഇനിയങ്ങോട്ട്‌ നാം ഇവരിൽനിന്ന്‌ ആന്തരികസ്വാതന്ത്ര്യത്തിന്റെ, വിമോചനത്തിന്റെ സൂക്ഷ്മപാഠങ്ങൾ പഠിക്കാൻ തുടങ്ങണം. നാമിന്ന്‌ നേരിടുന്ന എല്ലാതരത്തിലുള്ള യാതനകളിൽനിന്നും വിഭജനങ്ങളിൽനിന്നും രക്തച്ചൊരിച്ചിലുകളിൽനിന്നും ഇവർ നമ്മെ മുക്തരാക്കും. 

ഒരിക്കൽ പോപ്പ്‌ ജെ. കൃഷ്ണമൂർത്തിയോട്‌ ‘‘നിങ്ങൾ ഇന്ത്യക്കാരനാണ്‌, അല്ലേ?’’ എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ‘‘ഞാൻ ഇന്ത്യയിൽ നിന്നു വരുന്നു എന്നു പറയാമെന്നു തോന്നുന്നു’’ എന്നായിരുന്നു. ‘‘ഞാൻ ഇന്ത്യയിൽ ജനിച്ചതുകൊണ്ട്‌ ഞാനൊരിന്ത്യക്കാരനാണ്‌. മറ്റേതെങ്കിലും രാജ്യത്താണ്‌ ജനിച്ചതെങ്കിൽ ഞാനവിടത്തുകാരനാവും’’ എന്നത്രെ അദ്ദേഹം ഉദ്ദേശിച്ചത്‌. ഒരു പ്രത്യേകരാജ്യത്ത്‌. ഒരു പ്രത്യേക മണ്ണിൽ ജനിച്ചതിന്റെ പേരിലുള്ള, രാജ്യസ്നേഹത്തിന്റെ ഭാഗമായുള്ള ഏതുതരം സങ്കുചിത ദേശീയവാദവും ദേശസ്നേഹവും മനുഷ്യരാശിയുടെ ഉള്ളിൽ നിന്ന്‌ ‘ഏകലോകം’ എന്ന വിശാലമായ ബോധത്തെ തടഞ്ഞുവെക്കുന്നതിന്റെ നേരേ അദ്ദേഹത്തെ പോലൊരാൾക്ക്‌ കടുത്ത വിയോജിപ്പായിരിക്കും.

‘അറിഞ്ഞതിൽ നിന്നുള്ള സ്വാതന്ത്ര്യം’ എന്നത്‌ കൃഷ്ണമൂർത്തിയുടെ ഉദാത്തമായ ഒരു കണ്ടെത്തലായിരുന്നു. മനസ്സിനെ പൂർണമായും തുറന്നിട്ടുകൊണ്ട്‌, ഒരു തരത്തിലുള്ള ആശയപരമായ കണ്ണടകളും വയ്‌ക്കാതെ ജീവിതത്തെ കാണാനും സംവദിക്കാനും ഒരാൾക്ക്‌ കഴിയണം. വായിച്ച പുസ്തകങ്ങൾ, മതങ്ങൾ, അനുഷ്ഠാനങ്ങൾ, അനുഭവങ്ങൾ ഇതൊക്കെയും വ്യക്തികളെ പ്രത്യേകതരത്തിൽ വ്യവസ്ഥചെയ്യുന്നു. അത്തരത്തിലുള്ള മനസ്സിൽ അറിവുകളൊക്കെയും അടിമത്തമായി മാറുന്നു.

ഓരോ മതത്തിലുമുള്ളവർ അവരുടെ മതമാണ്‌ ഏറ്റവും നല്ലത്‌ മറ്റൊക്കെയും മോശമെന്ന്‌ വിചാരിക്കുമ്പോൾ ഉണ്ടാകുന്ന സംഘർഷമാണ്‌ ഇന്ന്‌ ലോകത്തെങ്ങും ഉയർന്നുവരുന്ന ചെറുതും വലുതുമായ യുദ്ധങ്ങളായി പ്രത്യക്ഷപ്പെടുന്നത്‌. ഇതില്ലാതാകണമെങ്കിൽ  അറിഞ്ഞതിൽ നിന്നൊക്കെയും നാം സ്വതന്ത്രരാവണം. യഥാർഥമായ സ്നേഹം, സർവരുടെയും നേരേയുള്ള മൈത്രി ഉദിച്ചുവരുന്നത്‌ ഇത്തരമൊരു മനസ്സിൽ നിന്നത്രെ, ഇത്തരമൊരു സ്വാതന്ത്ര്യത്തിൽ നിന്നത്രെ.

മനുഷ്യവംശമാകെ അത്തരമൊരു ‘ആന്തരിക സ്വാതന്ത്ര്യ സമര’ത്തിലൂടെയാണ്‌ പൂർണ സ്വതന്ത്രരാകുന്നത്‌. ആകാശത്തിനു ചുവട്ടിൽ മനുഷ്യരൊക്കെയും നാമൊന്നാണെന്ന വികാരത്തോടെ പരസ്പരം സ്നേഹിച്ചും കൊണ്ടും കൊടുത്തും സ്നേഹത്തിന്റെ ആനന്ദഗീതം പാടുന്ന ഒരു മനുഷ്യകുലം ഉണ്ടാവില്ലേ?