എവിടെ ഒരു മനുഷ്യൻ വിശന്നും വേദനിച്ചും ഗതിമുട്ടിയും തളർന്നും ഇരിക്കുന്നുവോ, അവിടെ അവന്റെ ആത്മാവിൽ മുട്ടിവിളിക്കുന്ന ഒരു പുസ്തകമുണ്ട്‌ - വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’. അതു വായിച്ചതിന്റെ ഓർമക്കുറിപ്പ്‌:

വിശക്കുന്ന ഒരാൾക്ക്‌ അന്നംകൊടുക്കുന്നത്‌ ഒരു പ്രാർഥനയാക്കിയ പാതിരിയച്ചൻ ‘പാവങ്ങൾ’ വായിച്ച്‌ എത്രകാലം കഴിഞ്ഞാലും നമ്മെ പിന്തുടരാതിരിക്കില്ല. എന്തെന്നാൽ ജീവിതാനന്ദത്തിന്റെ മഹത്തായ ഒരു സത്യം, ഒരു പൊരുൾ അദ്ദേഹം ജീവിച്ചുകാട്ടുന്നത്‌ നമ്മുടെയൊക്കെ ഉള്ളിൽ മങ്ങിയും ആടിയുലഞ്ഞും അണഞ്ഞുപോകുന്ന വെളിച്ചത്തെ ഒന്നുകൂടി ദീപ്തമാക്കും.

അദ്ദേഹത്തിന്റെ കൊച്ചുമന്ദിരത്തിന്റെ മുൻവാതിൽ ഒരിക്കലും അടച്ചിടില്ല. രാത്രിനേരത്ത്‌ ഏതെങ്കിലുമൊരാൾക്ക്‌ എന്തെങ്കിലും ഒരത്യാവശ്യം ഉണ്ടായാൽ അയാൾക്ക്‌ മടികൂടാതെ കയറിച്ചെല്ലാൻ ഒരിടംവേണം. തണുത്തുവിറയ്ക്കുന്ന ഒരു  പാതിരയിൽ, ജീവപരന്ത്യശിക്ഷകഴിഞ്ഞു പുറത്തുവന്ന ഒരു ജയിൽപ്പുള്ളി, ജീൻ വാൽ ജിൻ ഒരിടത്തുനിന്നും ഭക്ഷണം കിട്ടാതെ, പരിഗണനകിട്ടാതെ ഈ അച്ചന്റെ ആശ്രമതുല്യമായ വീട്ടിലെത്തുന്നു. വളരെ വൈകിയുറങ്ങിയ അച്ചൻ ഈ വിചിത്രനായ അതിഥിയെ സ്നേഹത്തോടെ സ്വീകരിക്കുകയും തളർന്നുറങ്ങുന്ന സഹോദരിയെ വിളിച്ച്‌ അയാൾക്ക്‌ കഴിക്കാനുള്ള ഭക്ഷണം പാകപ്പെടുത്തിക്കൊടുത്തു. അവിടെത്തന്നെ ഉറങ്ങാൻ ഇടംകൊടുക്കുകയും ചെയ്യുന്നു.

ഇത്രയും വായിച്ചെത്തുമ്പോൾ ‘നൽകൽ’, ഹാ എത്ര മഹത്തായ ഒരു കലയാണ്‌ എന്ന്‌ നാമറിയുന്നു. അത്‌ നമുക്കെല്ലാവർക്കും എപ്പോഴും ചെയ്യാനാവില്ലെങ്കിലും അങ്ങനെ ഏതെങ്കിലുമൊരാൾ എവിടെയെങ്കിലും ഉണ്ടെന്നറിയുന്നത്‌ നമ്മെ എന്തുകൊണ്ടാണ്‌ സന്തോഷിപ്പിക്കുന്നതെന്നോ? ‘നൽകുക’യെന്നത്‌ മനുഷ്യനിലെ നൈസർഗികമായ, അയത്നലളിതമായ ഒരു പെരുമാറ്റമത്രെ. നമുക്കൊക്കെയും ഇതുപോലെ നൽകണമെന്നുണ്ട്‌. ഇതുപോലെ ഉറക്കമിളച്ച്‌, അഭയംതേടിയെത്തുന്ന നിർഗതിയായ ഒരാത്മാവിന്‌ അന്നവും അഭയവും നൽകണമെന്നുണ്ട്‌. എന്നാൽ, എവിടെയോ ചില തടസ്സങ്ങൾ, കല്ലുകൾവന്ന്‌ ഈ നീരൊഴുക്കിനുമുന്നിൽ പ്രതിബന്ധമാകുന്നുണ്ട്‌.

ഈ കഥ വ്യത്യസ്ത പ്രായത്തിലുള്ളവരിരിക്കുന്ന പല വേദികളിലും പലപ്പോഴായി പറഞ്ഞിട്ടുണ്ട്‌. ഇതു പറയുമ്പോൾ ഞാൻ സ്വയം മറന്നുപോകാറുണ്ട്‌. ഇതു കേട്ടിരിക്കുന്നവരിലും ഇതിന്റെ തിളക്കം കണ്ടിട്ടുണ്ട്‌. ഇതിൽനിന്ന്‌ മനസ്സിലായത്‌ ലോകത്തിൽ എല്ലാ മനുഷ്യരും പരസ്പരം എന്തെങ്കിലും കൊടുക്കുന്നതിൽ, പങ്കിടുന്നതിൽ ആന്തരികാനന്ദം ഉള്ളവരാണ്‌ എന്നത്രെ. സ്വാർഥതയുടെ, സങ്കുചിതചിന്തയുടെ, അമിതമായ ഉത്‌കണ്ഠയുടെ, അന്യർക്കുനേരെയുള്ള അവിശ്വാസത്തിന്റെ പാറക്കല്ലുകൾ മനസ്സിനുമീതെ കയറ്റിവെച്ച്‌ ഞെരിയുന്നവർപോലും യഥാർഥത്തിൽ നൽകലിന്റെ ആന്തരികസത്ത സ്വയമുള്ളവരത്രെ.

എന്തും വേറൊരാളിൽനിന്ന്‌ കിട്ടുന്നത്‌ ഏതൊരാൾക്കും ഇഷ്ടമാണ്‌. എന്തെങ്കിലുമൊന്ന്‌ ഒരാളിൽനിന്ന്‌ വാങ്ങുമ്പോൾ അത്‌ വെറുതെ കിട്ടുന്നുവെന്നതിനെക്കാൾ, അതു നൽകുന്നയാളിന്റെ ഉള്ളിലുള്ള സ്നേഹമോ പരിഗണനയോ ഉണ്ടാകുന്നതുകൊണ്ട്‌,  ആ കിട്ടുന്നതിൽ അദൃശ്യമായ ഒരു സ്നേഹമുദ്രയുണ്ട്‌. കിട്ടണം എന്നതുപോലെ കൊടുക്കണം എന്നും സഹജമായി ഏതൊരാൾക്കും തോന്നുന്നു. ഏതൊരാളുടെ ഉള്ളിലും ഒന്ന്‌ ലഭിക്കാനുള്ള ആഗ്രഹം പോലെതന്നെ നൽകാനുള്ള ആഗ്രഹവുമുണ്ട്‌. ഒന്ന്‌ ഒരാൾ വേറൊരാൾക്ക്‌ നൽകുമ്പോൾ നൽകുന്ന ആൾക്കുണ്ടാവുന്ന നിർവൃതി, ആത്മാവിന്റെ ഉയർച്ച അതു കിട്ടുന്നവർക്ക്‌ ഉണ്ടാകണമെന്നില്ല.

ഒരമ്മ, അസുഖമായി ഉറക്കംവരാത്ത കുഞ്ഞിന്‌ ആവശ്യമായ മുഴുവൻ പരിഗണനയും ശ്രദ്ധയും നൽകുമ്പോൾ ഞാനെന്റെ കുഞ്ഞിനുവേണ്ടി ഒരു മഹാത്യാഗം ചെയ്യന്നുവെന്നോ എന്തെങ്കിലും വലിയൊരു കാര്യം ചെയ്യുന്നുവെന്നോ ഒന്നും കരുതുന്നില്ല. മറിച്ച്‌ അമ്മ, തനിക്കുവേണ്ടി, തന്റെ ശരീരത്തിനും മനസ്സിനുംവേണ്ടി എന്തൊക്കെ ചെയ്യുന്നുവോ അതുപോലെതന്നെയാണ്‌ തന്റെ കുഞ്ഞിനുവേണ്ടി ചെയ്യുന്നതിനെയും കാണുന്നത്‌. ഒരു കുഞ്ഞിനെ തീറ്റുമ്പോൾ അമ്മ സ്വയം തിന്നതായി അവർക്കുതോന്നുന്നു.

നൽകലിന്റെ കല പരമമായ നിലയിലെത്തുന്നതും ‘പാവങ്ങളി’ൽ വരുന്നുണ്ട്‌. പാതിരിയച്ചന്റെ വീട്ടിൽനിന്ന്‌ പുലർച്ചയ്ക്ക്‌ ഉറങ്ങിയെണീറ്റ ജീൻ വാൽ ജിൻ അവിടെക്കണ്ട വെള്ളിയുടെ ഒരു മെഴുകുതിരിക്കാൽ ഏതോ ഒരു പ്രേരണയാൽ കയ്യിലെടുത്ത്‌ ഒരു കള്ളനെപ്പോലെ സ്ഥലംവിടുകയും വഴിക്കുവെച്ച്‌  പോലീസിന്റെ കൈയിലകപ്പെട്ട ഇയാളെ പോലീസുകാരൻ കയ്യോടെ അച്ചന്റെമുന്നിൽ ഹാജരാക്കുകയുമാണ്‌. അപ്പോൾ ഭാഗ്യദോഷിയായ ജീൻ വാൽ ജിനെപ്പറ്റി അച്ചൻ പോലീസുകാരനോടെന്താണ്‌ പറഞ്ഞത്‌? ‘‘നോക്കൂ! ഇദ്ദേഹം കഴിഞ്ഞ ദിവസം എന്റെ ഒരതിഥിയായിരുന്നു. ആ മെഴുകുതിരിക്കാൽ ഞങ്ങളുടെ എളിയ പാരിതോഷികമായി അദ്ദേഹത്തിനു നൽകിയതാണ്‌’’ ഇതുകേട്ട്‌ ക്ഷമയഭ്യർഥിച്ച്‌ പോലീസുകാരൻ അവിടന്ന്‌ അപ്രത്യക്ഷനായപ്പോൾ കുറ്റബോധത്താലും സ്നേഹത്താലും സ്വയമൊരു മെഴുകുതിരിപോലെ ഉള്ളുരുകാൻ തുടങ്ങിയ ജീൻ വാൽ ജിൻ ആ മഹാസ്നേഹത്തിന്റെ പാദങ്ങളിൽ വർഷങ്ങൾക്കു മുമ്പെങ്ങോ കരഞ്ഞ കണ്ണുകളിൽ കണ്ണീർ നിറച്ച്‌ വിതുമ്പിക്കരയുന്നു...

 ആ മെഴുകുതിരിക്കാൽ ജീൻ വാൽ ജിന്റെ കൈയിൽ വെച്ചുകൊടുത്തുകൊണ്ടദ്ദേഹം പറഞ്ഞത്‌: ‘‘ഇതിന്റെ വെളിച്ചം നിന്നെ ബഹുദൂരം മുന്നോട്ടുനയിക്കട്ടെ’’ എന്നുമാത്രമായിരുന്നു. അങ്ങനെ ജീൻ വാൽ ജിന്‌ അദ്ദേഹത്തിന്റെ അണഞ്ഞുപോയ ജീവിതത്തിന്‌ ക്രിസ്തുമാർഗത്തിൽ ജീവിച്ച ആ അച്ചൻ അർഥം നൽകി, വെളിച്ചവും.