കുന്തി ധർമപുത്രരെ പ്രസവിച്ചു എന്ന്‌ ഗാന്ധാരി അറിഞ്ഞ ആ നിമിഷം കുരുക്ഷേത്രയുദ്ധത്തിന്റെ തുടക്കമായി. രാജപത്നിയായ കുന്തി ഒരു പുത്രന്‌ ജന്മം നൽകിയാലുള്ള വിപത്ത്‌ ധൃതരാഷ്ട്രർക്കുമുമ്പേ ഗാന്ധാരിക്കറിയാമായിരുന്നു. ഗാന്ധാരിയുടെ മനോഗതി അറിഞ്ഞുകൊണ്ടാണ്‌ ‘യുധിഷ്ഠിരനുശേഷം തന്റെ മകൻ രാജാവാകുമോ’ എന്ന്‌ ഭീഷ്മദ്രോണന്മാരെയും വിപ്രന്മാരെയും വിളിച്ചുവരുത്തി ധൃതരാഷ്ട്രർ ചോദിച്ചത്‌. അനുജന്‌ ഒരു മകൻ ജനിച്ചതറിഞ്ഞ്‌ സന്തോഷിക്കുന്നതിനുപകരം അവനുശേഷം തന്റെ മകന്‌ രാജ്യം ലഭിക്കുമോ എന്നു ചോദിക്കുന്ന അതികാമിയായ ധൃതരാഷ്ട്രമനസ്സിന്റെ യുദ്ധം തെളിയുകയായിരുന്നു. യാദൃച്ഛികമായി രാജ്യം ഭരിക്കാൻ അവസരം ലഭിച്ചതിൽ സന്തുഷ്ടരായിരുന്നു ധൃതരാഷ്ട്രരും ഗാന്ധാരിയും. 

വിചിത്രവീര്യസന്തതികളിൽ മൂത്തവനായിരുന്നു ധൃതരാഷ്ട്രർ. എന്നാൽ, അന്ധനായതുകൊണ്ട്‌ രാജ്യം ഭരിക്കാൻ അയോഗ്യനായി. ഇളയവനായ പാണ്ഡു യോഗ്യനായ രാജാവായി ഹസ്തിനപുരി ഭരിച്ചു. പ്രജാസംരക്ഷകൻ എന്നനിലയിൽ ജനങ്ങളുടെ ആദരം നേടിയ പാണ്ഡു ദ്വിഗ്‌വിജയം നടത്തി രാജ്യവിസ്തൃതിയും വർധിപ്പിച്ചു. 

തന്റെ ഭാര്യമാരായ കുന്തിയും മാദ്രിയുമായി രമിച്ചുജീവിച്ചുകൊണ്ടിരിക്കെയാണ്‌ പാണ്ഡു നായാട്ടിനുപോയതും കുരുമൻ എന്ന മുനിയെ അറിയാതെ അമ്പെയ്തുകൊന്നതും. ഭാര്യയോടൊത്ത്‌ കാമമോഹിതനായി മൈഥുനംചെയ്താൽ മരിക്കും എന്നായിരുന്നു പാണ്ഡുവിന്‌ ലഭിച്ച കുരുമശാപം. ഖിന്നനായ പാണ്ഡു ഭാര്യമാരോടൊത്ത്‌ കാടുകയറി. ദേവകൾ, പിതൃക്കൾ, ഋഷികൾ, മനുഷ്യർ ഇവരോടുള്ള കടം വീട്ടിത്തീർക്കാനുള്ളതാണ്‌ മനുഷ്യജന്മം. പിതൃക്കളോടുള്ള കടം വീട്ടണമെങ്കിൽ പുത്രരുണ്ടാകണം എന്നായിരുന്നു അക്കാലത്തെ വിശ്വാസം. അതിനുവേണ്ടി തന്റെ ഭാര്യമാരിൽ അന്നത്തെ ചട്ടപ്രകാരം ദേവന്മാരിൽനിന്ന്‌ പുത്രരെ ലഭിക്കാൻ പത്നിമാർക്ക്‌ പാണ്ഡു അനുമതിനൽകി. അങ്ങനെ ധർമദേവനിൽ ഉണ്ടായ പുത്രനാണ്‌ യുധിഷ്ഠിരൻ. ഇതിനിടയിൽ കാമമോഹിതനായി മാദ്രിയുമായി രമിച്ച പാണ്ഡു മരിച്ചു. പാണ്ഡുവിന്റെ ചിതയിൽ മാദ്രിയും ഒടുങ്ങി. ഇതിനിടയിൽ രാജ്യം അനാഥമായിത്തീരാതിരിക്കാനാണ്‌ ധൃതരാഷ്ട്രർ ഇടക്കാലരാജാവായത്‌. 

രാജാവായ ധൃതരാഷ്ട്രർ പാണ്ഡുപത്നിയുടെ എല്ലാ നീക്കങ്ങളും അറിഞ്ഞിരുന്നു. ശന്തനുകുലത്തിന്‌ പുതിയ പിന്തുടർച്ചാവകാശി ജനിച്ചതറിഞ്ഞാണ്‌ മൂപ്പെത്താതെ ഗാന്ധാരി പെ​െട്ടന്ന്‌ പ്രസവിച്ചത്‌. മൂത്തമകൻ ദുര്യോധനൻ ജനിച്ച സമയത്തുതന്നെ കുന്തി ഭീമനും ജന്മംനൽകി. രാജപുത്രന്മാരിൽ മൂത്തവനും സത്‌ഗുണസമ്പന്നനും കുലവർധകനുമായ യുധിഷ്ഠിരൻ രാജാവാകുമെന്ന്‌ ആത്മഗതമായി ധൃതരാഷ്ട്രർ പറയുന്നുണ്ട്‌. അവനുശേഷമെങ്കിലും തന്റെ മകൻ രാജാവാകുമോ എന്ന ചോദ്യത്തിന്‌ പാരമ്പര്യവും നടപടിക്രമവും അനുസരിച്ച്‌ താൻ രാജ്യത്തിന്‌ അവകാശിയല്ല എന്നും അതുകൊണ്ട്‌ ദുര്യോധനന്‌ രാജ്യം ലഭിക്കില്ലെന്നും ധൃതരാഷ്ട്രർതന്നെ മകനോട്‌ പറയുന്നുമുണ്ട്‌. 

mahabharatham logoരാജാവായ പാണ്ഡുവിന്റെ മരണമറിഞ്ഞ്‌ ധൃതരാഷ്ട്രർ അതീവഖിന്നനായി. സഹോദരന്റെ വിയോഗത്തെക്കാൾ രാജ്യം നഷ്ടപ്പെടുമെന്ന ഭീതിയാണ്‌ ധൃതരാഷ്ട്രരെ കൂടുതൽ ദുഃഖിപ്പിച്ചത്‌. പാണ്ഡു മരിച്ച സ്ഥിതിയിൽ ഇടക്കാലരാജാവായ ധൃതരാഷ്ട്രർ പാണ്ഡുപുത്രർക്ക്‌ രാജ്യം കൈമാറാൻ ബുധ്യസ്ഥനാണ്‌. അക്കാലത്തെ ചട്ടം അതായിരുന്നതുകൊണ്ട്‌ പാണ്ഡവർക്ക്‌ രാജ്യം നിഷേധിച്ചാൽ അത്‌ തെറ്റാകും എന്നുമാത്രമല്ല ജനരോഷത്തെ വിളിച്ചുവരുത്തുകയും ചെയ്യും. എന്നാൽ, കൈയിൽവന്ന രാജ്യം ഉപേക്ഷിക്കാൻ ധൃതരാഷ്ട്രമനസ്സ്‌ സന്നദ്ധമായിരുന്നില്ല. അത്‌ മനസ്സിലാക്കിയാണ്‌ കുരുക്കളുടെ ദുർനീതിമൂലം ലോകം മുടിയുമെന്ന്‌ തന്റെ അമ്മയ്ക്ക്‌ വ്യാസൻ മുന്നറിയിപ്പു നൽകിയതും അംബികയുമൊത്ത്‌ സത്യവതി കാടുകയറിയതും. 

ദുര്യോധനന്റെ ദുർനീതിയെക്കുറിച്ച്‌ ഭീഷ്മർ, ദ്രോണർ, വിദുരർ, സഞ്ജയൻ എന്നിവരെല്ലാം പലവട്ടം ധൃതരാഷ്ട്രർക്ക്‌ മുന്നറിയിപ്പു നൽകിയിരുന്നു. പക്ഷേ, ദുർമതിയായ പുത്രനെ നിലയ്ക്കുനിർത്താൻ ധൃതരാഷ്ട്രർ ഒരിക്കലും ശ്രമിച്ചില്ല. പുത്രവാത്സല്യം എന്നാണ്‌ ഈ ദൗർബല്യത്തിന്‌ പേരു നൽകിയിരുന്നതെങ്കിലും രാജ്യത്തോടുള്ള അതികാമം തന്നെയാണ്‌ അതിനു കാരണമെന്ന‌്‌ അല്പം ആലോചിച്ചാൽ മനസ്സിലാകും. രാജ്യം ഉപേക്ഷിക്കാൻ ധൃതരാഷ്ട്രർക്ക്‌ മനസ്സില്ലായിരുന്നു. ആ രാജ്യം നേടി സൂക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ദുര്യോധനൻ ശ്രമിച്ചതും. തന്റെയുള്ളിൽ ഊറിക്കൂടിയ രാജ്യലോഭം തന്നെയാണ്‌ തന്റെ പുത്രനിലൂടെ പുറത്തുവന്നിരുന്നത്‌ എന്ന്‌ ധൃതരാഷ്ട്രർക്ക്‌ അറിയാമായിരുന്നു. പിതാവിൽ നിഗൂഢമായിരുന്നത്‌ പുത്രനിൽ പ്രകടമായി എന്നുമാത്രം. 

ഹസ്തിനപുരിയിലെത്തിയ പാണ്ഡവരെ ശത്രുക്കളായിട്ടാണ്‌ ദുര്യോധനൻ കരുതിയത്‌. ഭീമനോട്‌ ദുര്യോധനന്‌ തീരാപ്പകയുണ്ടായിരുന്നു. കുട്ടിക്കളിയിൽ ബുദ്ധികൊണ്ടും ഓജസ്സുകൊണ്ടും പാണ്ഡവർ കൗരവരെക്കാൾ മേലെയായിരുന്നു. ഇത്‌ ദുര്യോധനമനസ്സിൽ ക്രോധം വർധിപ്പിച്ചു. ഭീമനെ കൊല്ലണമെന്നത്‌ ഒരു വ്രതമായിത്തന്നെ ദുര്യോധനൻ സ്വീകരിച്ചു. കർണനും ശകുനിയും ദുശ്ശാസനനും അതിന്‌ ഒത്താശചെയ്തു. വഴിപിഴച്ച ലോഭംമൂലം ഭീമനെ ചതിച്ചുകൊല്ലാൻ പദ്ധതി ആവിഷ്കരിച്ചു. അതിനുവേണ്ടി കർണന്റെയും ശകുനിയുടെയും ദുശ്ശാസനന്റെയും സഹായത്തോടെ പ്രമാണകോടിയിൽ ഒരു ജലമേള സംഘടിപ്പിച്ചു. അവിടെവെച്ച്‌ കാളകൂട വിഷം കലത്തിയ ഭക്ഷണം നല്ല രസമുള്ള ഭക്ഷണം എന്ന വിശേഷണത്തോടെ ദുര്യോധനൻ സ്വന്തം കൈകൊണ്ട്‌ വാരി ഭീമനു നൽകി. വിഷബാധയേറ്റ്‌ തളർന്നുകിടന്ന ഭീമനെ കയറുകൊണ്ട്‌ കെട്ടിവരിഞ്ഞ്‌ വെള്ളത്തിൽ തള്ളി. ഭാഗ്യംകൊണ്ടാണ്‌ ഭീമൻ അതിൽനിന്നും രക്ഷപ്പെട്ടത്‌. 

നരഹത്യാശ്രമത്തിനും ഗൂഢാലോചനയ്ക്കും നാലുപേരെയും വിചാരണചെയ്തു ശിക്ഷിക്കാൻ ഉത്തരവുനൽകേണ്ട രാജാവ്‌ അകമേ ചിരിച്ചുകൊണ്ട്‌ നിശ്ശബ്ദനും നിഷ്‌ക്രിയനുമായി ഇരുന്നു. പാണ്ഡവരുടെ മരണം തന്റെ മകന്റെ രാജ്യലബ്ധിക്ക്‌ അനിവാര്യമായ കാര്യമാണ്‌ എന്ന തിരിച്ചറിവുണ്ടായിരുന്ന ധൃതരാഷ്ട്രരാജാവ്‌ അതിന്‌ തടസ്സം നിൽക്കുമെന്നു കരുതുന്നത്‌ അയുക്തികമായ കാര്യമാണ്‌. കൊടുങ്കാറ്റിനെപ്പോലെ പ്രചണ്ഡനായ ഭീമൻ തന്റെ മക്കളുടെ അന്തകനാകുമെന്ന ഭീതിമൂലം ധൃതരാഷ്ട്രമനസ്സ്‌ എന്നും അശാന്തമായിരുന്നു. വിഷം കലർന്ന ഭക്ഷണം അരുമയോടെ വാരിക്കൊടുത്തു കൊല്ലാൻ ശ്രമിച്ച ദുര്യോധനനെയാണ്‌, സ്നേഹപൂർണമായ ആലിംഗനത്തിലൂടെ ഭീമപ്രതിമ ഉടച്ചുകളയുന്ന ധൃതരാഷ്ട്രരിലും കാണുന്നത്‌.

mahabharathamപ്രമാണകോടിയിലെ അപകടത്തിൽനിന്നു രക്ഷപ്പെട്ട ഭീമൻ കൂടുതൽ കരുത്തോടെ തിരിച്ചെത്തിയപ്പോൾ ദുര്യോധനൻ കൂടുതൽ രുഷ്ടനായി. വീണ്ടും വിഷം കലർന്ന ഭക്ഷണം നൽകി കൊല്ലാൻ നോക്കിയെങ്കിലും അതിനെയും ഭീമൻ അതിജീവിച്ചു. തനിക്ക്‌ പാണ്ഡവരോട്‌ പകയുണ്ടെന്നും അവരുടെ ഉത്‌കർഷത്തിൽ അസൂയയുണ്ടെന്നും എന്തു ചെയ്താലും അവർക്ക്‌ രാജ്യം നൽകില്ലെന്നും ദുര്യോധനൻ തുറന്നുപറഞ്ഞു. ദുര്യോധനനിൽ ഉള്ള അതേ വെറുപ്പും അസൂയയും ധൃതരാഷ്ട്രരിലും ഉണ്ടായിരുന്നു. പക്ഷേ, കാപട്യത്തിന്റെകൂടി രാജാവായതുകൊണ്ട്‌ ധൃതരാഷ്ട്രർക്ക്‌ അത്‌ മറച്ചുവെക്കാൻ കഴിഞ്ഞു എന്നുമാത്രം.

അഭ്യാസകാഴ്ചവേളയിൽ അർജുനൻ കടന്നുവന്നപ്പോൾ ആളുകൾ ഹർഷാരവം മുഴക്കി. അതറിഞ്ഞ ധൃതരാഷ്ട്രർ അസ്വസ്ഥനായി. എന്നാൽ, അത്‌ മറച്ചുവെച്ചുകൊണ്ട്‌ ധൃതരാഷ്ട്രർ ഇങ്ങനെ പ്രതികരിച്ചു. താൻ രക്ഷിതനായിരിക്കുന്നു. കുന്തിയാകുന്ന അരണിയിൽനിന്നുണ്ടായ പാണ്ഡവാഗ്നിത്രയത്താൽ താൻ ഭാഗ്യവാനും ധന്യനുമായി. യഥാർഥഭാവം മറച്ചുവെച്ചുകൊണ്ട്‌ അയഥാർഥഭാവം പ്രകടിപ്പിക്കാൻ ഈ മായാദാസന്‌ എന്നും കഴിഞ്ഞിരുന്നു. പാണ്ഡവരെ മാലോകർ പ്രശംസിക്കുന്നതുകേട്ട്‌ അസൂയയും സ്പർധയും വർധിച്ച ധൃതരാഷ്ട്രർക്ക്‌ ആധികൂടി ഉറക്കം നഷ്ടമായി. പാണ്ഡവരെ ഒതുക്കാൻ മാർഗംതേടിയ ധൃതരാഷ്ട്രർ തന്റെ വിശ്വസ്തനും മന്ത്രിയുമായ കണികനെ വിളിച്ചുവരുത്തി ശത്രുസംഹാരത്തിനുള്ള മാർഗം ആരാഞ്ഞു. ശത്രുവധത്തിനുള്ള ഹീനപദ്ധതി രാജാവിന്റെ അറിവോടെതന്നെ തയ്യാറാക്കി. അങ്ങനെയാണ്‌ വാരണാവതത്തിൽ അരക്കില്ലം പണിതത്‌. പാണ്ഡുവിന്റെ രാജ്യത്തിന്‌ അവകാശികൾ പാണ്ഡവർ. യുധിഷ്ഠിരൻ ഭരിക്കുന്ന രാജ്യം അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കുമായി ലഭിക്കും. അത്‌ അസഹ്യമാണ്‌. അതുകൊണ്ട്‌ അച്ഛൻ അവരെ കുശലം പറഞ്ഞ്‌ വാരണാവതത്തിൽ എത്തിക്കണം എന്ന്‌ ദുര്യോധനൻ ആവശ്യപ്പെട്ടു.

കൗശലപൂർവം പാണ്ഡവരെ വാരണാവതത്തിലെ അരക്കില്ലത്തിലേക്ക്‌ മാറ്റാൻ ധൃതരാഷ്ട്രർക്ക്‌ ഒരു മടിയും ഉണ്ടായിരുന്നില്ല. ഈ രഹസ്യനീക്കം ജനങ്ങൾ അറിയരുതെന്നും മന്ത്രിമാരെയും മറ്റും സൂക്ഷിക്കണമെന്നും മാത്രമാണ്‌ ധൃതരാഷ്ട്രർ പറഞ്ഞത്‌. വിദുരന്റെ സഹായത്തോടെ പാണ്ഡവരും കുന്തിയും തോണിയിലൂടെ ഗംഗകടന്ന്‌ രക്ഷപ്പെട്ടു. പുരോചനനും മറ്റ്‌ അഞ്ചുപേരും അരക്കില്ലത്തിൽ വെന്തുമരിക്കുകയും ചെയ്തു. കപടനായ ധൃതരാഷ്ട്രർ ഉറക്കെക്കരഞ്ഞ്‌ ആഘോഷമായി അടിയന്തരം നടത്തി. പാണ്ഡവരാകട്ടെ കാടുകയറി രക്ഷപ്പെട്ടു. അവരുടെ ആദ്യത്തെ വനവാസവും അജ്ഞാതവാസവുമായിരുന്നു അത്‌.

കാടുകയറിയ പാണ്ഡവരുടെ ജീവിതം ക്ലേശപൂർണമായിരുന്നു. അക്കാലത്താണ്‌ ഹിഡുംബവധവും ഹിഡുംബി പരിണയവും ഘടോൽക്കച സന്താനലബ്ധിയും ഉണ്ടായത്‌. പാഞ്ചാലീസ്വയംവരത്തിന്‌ ബ്രാഹ്മണവേഷത്തിലെത്തി അവർ ദ്രൗപദിയെ വേട്ടു. സ്വയംവരത്തിൽ പരാജിതരായ കൗരവരും കർണനും പാണ്ഡവരോട്‌ ഏറ്റുമുട്ടി തോറ്റു. അർജുനന്റെ ബ്രഹ്മതേജസ്സ്‌ അജയ്യമെന്നുകരുതി കർണൻ പൊരുതിയില്ല. ദ്രൗപദിയെ വേട്ടത്‌ പാണ്ഡവരാണെന്നറിഞ്ഞ കൗരവർ വിഷണ്ണരായി. വാർത്തയറിഞ്ഞ ധൃതരാഷ്ട്രർ വിദുരന്റെ മുമ്പിൽവെച്ച്‌ സന്തോഷം അഭിനയിച്ചു. ഇതിൽ ദുര്യോധനനും കർണനും ധൃതരാഷ്ട്രരോട്‌ നീരസം പ്രകടിപ്പിച്ചു. അപ്പോൾ ധൃതരാഷ്ട്രർ പറഞ്ഞു: വിദുരന്റെമുമ്പിൽ തനിക്ക്‌ ശരിയായ ഭാവം കാണിക്കാനാകില്ല. അതുകൊണ്ടാണ്‌ സന്തോഷം അഭിനയിച്ചത്‌. അവർ വിചാരിക്കുന്നതുതന്നെയാണ്‌ താനും കരുതുന്നത്‌. സുയോധനനോടും രാധേയനോടും എന്തുചെയ്യണമെന്ന്‌ ചോദിക്കുകയും ചെയ്തു. പരാക്രമംകൊണ്ട്‌ ഭൂമി കൈയടക്കി വാഴണം എന്ന്‌ കർണൻ നിർദേശിച്ചു. ധൃതരാഷ്ട്രർക്ക്‌ അതും സമ്മതമായിരുന്നു. എന്നാൽ, ഭീഷ്മരും ദ്രോണരും വിദുരരും രാജാവിനെ അതിൽനിന്നു വിലക്കി. അങ്ങനെ ചെയ്താൽ അത്‌ രാജാവിന്‌ ദുഷ്‌കീർത്തി ഉണ്ടാക്കും. ദുഷ്‌കീർത്തി മരണംതന്നെയാണെന്ന്‌. അതുകൊണ്ട്‌ ധൃതരാഷ്ട്രർ അന്ന്‌ യുദ്ധത്തിന്‌ സമ്മതം നൽകിയില്ല.

ഈ ഘട്ടത്തിൽ കൗശലക്കാരനായ ധൃതരാഷ്ട്രർ ഒരു വാദം ഉന്നയിച്ചു. പാണ്ഡവർ പാണ്ഡുവിന്‌ എപ്രകാരമാണോ അപ്രകാരം ധർമാനുസരണം അവർ തനിക്കും മക്കളാണ്‌. എന്റെ മക്കൾക്ക്‌ എപ്രകാരമാണോ രാജ്യം വിഹിതമായിരിക്കുന്നത്‌ അപ്രകാരം പാണ്ഡവർക്കും രാജ്യം വിഹിതമാണ്‌. യഥാർഥത്തിൽ കൗരവർക്ക്‌ രാജ്യത്തിൽ അവകാശമില്ല. നിയമപ്രകാരം രാജ്യം ലഭിക്കാനർഹതയില്ലാത്ത മക്കളെ രാജ്യാധികാരികളാക്കാനാണ്‌ കുടിലബുദ്ധിയായ ധൃതരാഷ്ട്രർ ഈ തെറ്റായ വാദം ഉന്നയിച്ചത്‌. ധർമപുത്രർ അതിന്‌ സമ്മതിച്ചു. ഖാണ്ഡവപ്രസ്ഥം കേന്ദ്രമാക്കി പകുതി രാജ്യം ഭരിക്കാനും ധൃതരാഷ്ട്രർ ധർമപുത്രരെ ഉപദേശിച്ചു. അങ്ങനെയാണ്‌ ഹസ്തിനപുരിയും അർധരാജ്യവും ധൃതരാഷ്ട്രർ മക്കൾക്കായി നേടിയത്‌.

ഖാണ്ഡവപ്രസ്ഥത്തിൽ പാണ്ഡവർ ഇന്ദ്രപ്രസ്ഥം പണിതുയർത്തി. കമനീയമായ കൊട്ടാരം മയൻ പണിതുനൽകി. യുധിഷ്ഠിരൻ രാജസൂയം നടത്തി. പാണ്ഡവരുടെ ഐശ്വര്യവും ദുര്യോധനന്റെ അസൂയയും ഒരുപോലെ വർധിച്ചു. പാണ്ഡവരുടെ ഐശ്വര്യം തനിക്ക്‌ അസഹ്യമാണെന്നും താൻ ആത്മഹത്യചെയ്യുമെന്നുമായി ദുര്യോധനൻ. അങ്ങനെയാണ്‌ ശകുനിയും കർണനും ദുശ്ശാസനനും ഒരുമിച്ചുചേർന്ന്‌ കള്ളച്ചൂതുകളി വിഭാവനംചെയ്തത്‌. ചൂത്‌ സർവനാശം വരുത്തുമെന്നും അതിന്‌ അനുമതി നൽകരുതെന്നും ഭീഷ്മരും വിദുരരുമെല്ലാം പറഞ്ഞു. പക്ഷേ, രാജ്യലോഭിയായിരുന്ന ധൃതരാഷ്ട്രർ ചൂതിനും അനുമതിനൽകി. എന്നിട്ടും ധൃതരാഷ്ട്രർ കള്ളം പറഞ്ഞു. ‘വെറും കാഴ്ചയ്ക്കുവേണ്ടി മാത്രമാണ് ചൂതുനടത്താൻ താൻ അനുവദിച്ചത്.’ അതിൽ താൻ ഉദാസീനനാണെന്നും ഇനി വൈരം ഉപേക്ഷിക്കണമെന്നും പറഞ്ഞുകൊണ്ട് രണ്ടാമത്തെ ചൂതിനും അനുവാദം നൽകി. രണ്ടാമത്തെ ചൂതിലാണ് പന്ത്രണ്ടുവർഷത്തെ കാനനവാസവും ഒരു വർഷത്തെ അജ്ഞാതവാസവും വ്യവസ്ഥയായിവെച്ചത്.

അധർമത്തിനെതിരേയും അധർമം ചെയ്യാൻ ധർമിഷ്ഠന് അധികാരമില്ല എന്ന യുക്തിയാണ് ധർമപുത്രരെ നയിച്ചിരുന്നത്. അതുകൊണ്ട് യുദ്ധം ഒഴിവാക്കി ശമത്തിലൂടെ കാര്യം നേടാനാണ് ശ്രമിക്കേണ്ടത് എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. പക്ഷേ, നിവൃത്തിയില്ലെങ്കിൽ യുദ്ധം തന്നെ എന്നും അദ്ദേഹം കരുതിയിരുന്നു. യുദ്ധം സർവക്ഷയകരമാണെന്നും യുദ്ധത്തിൽ ജയവും തോൽവിയും തമ്മിൽ വ്യത്യാസമില്ലെന്നും ശമത്തിന് ശ്രമിച്ച എല്ലാവരും പറയുന്നുമുണ്ട്. പക്ഷേ, സൂചികുത്താൻ ഇടം നൽകാൻ കൗരവരും രാജ്യം ലഭിക്കണമെന്ന ശാഠ്യം പാണ്ഡവർക്കും ഉണ്ടായിരുന്നു. എല്ലാവരും Hypocrisy can be a way of life in Kaliyugaഒരേസമയം യുദ്ധത്തെ കാംക്ഷിക്കുകയും അതേസമയം ഭയക്കുകയും ചെയ്തിരുന്നു.

ക്ഷത്രിയസ്ത്രീ എന്തിനുവേണ്ടിയാണോ പ്രസവിക്കുന്നത് അതിന്റെ കാലമായി എന്നാണ് അനിവാര്യമായ യുദ്ധത്തെക്കുറിച്ച് കുന്തി പറഞ്ഞത്. ശമത്തിനായി ദൂതുപോയ ശ്രീകൃഷ്ണൻ മരണത്തിൽനിന്നും ലോകത്തെ രക്ഷപ്പെടുത്താൻ കഴിഞ്ഞാൽ അതില്പരം വലിയ ധർമമില്ല എന്ന് കരുതിയിരുന്നു. പക്ഷേ, യുദ്ധം അനിവാര്യമാണെന്നും കൃഷ്ണനറിയാമായിരുന്നു. പിന്നെ ഇരുകൂട്ടരും തന്ത്രങ്ങൾകൊണ്ടുള്ള പോരും ഒളിപ്പോരും നടത്തി. യുദ്ധത്തിൽ യുധിഷ്ഠിരനെ സഹായിക്കാനായി ശല്യർ സൈന്യസമേതം പുറപ്പെട്ടു. വഴിനീളെ ശല്യർക്ക് ആർഭാടപൂർണമായ സ്വീകരണമൊരുക്കി ദുര്യോധനൻ ശല്യരെ സ്വപക്ഷത്താക്കി. അങ്ങനെ ദുര്യോധനസൈന്യത്തിന്റെ നേതാവായിരിക്കാൻ ശല്യർ സമ്മതിച്ചു. ശല്യരെ സന്ദർശിച്ച യുധിഷ്ഠിരൻ ശല്യർ എതിർപക്ഷത്തു തുടരണമെന്നും കർണന്റെ സാരഥിയായി യുദ്ധഭൂമിയിലെത്തുമ്പോൾ അയാളെ തേജോവധംചെയ്ത്‌ ആത്മവീര്യം കെടുത്തണമെന്ന ഉറപ്പും നേടി.

മനുഷ്യരാരും യുദ്ധം കാംക്ഷിക്കുന്നില്ല എന്ന് യുധിഷ്ഠിരൻ സഞ്ജയനോട് പറയുന്നുണ്ട്. എന്നാൽ, ഇന്ദ്രപ്രസ്ഥം കിട്ടാതെ അടങ്ങില്ല എന്നും പറയുന്നു. കിട്ടാനുള്ളത് കിട്ടിയാൽ യുദ്ധം വേണ്ട എന്നല്ലാതെ യുദ്ധമേ വേണ്ട എന്ന നിലപാട് യുധിഷ്ഠിരനും ഉണ്ടായിരുന്നില്ല. എന്നാൽ, കർണന്റെ ധനുർവേദ സിദ്ധിയിലും ശരവേഗത്തിലും യുധിഷ്ഠിരന് ഭയമുണ്ടായിരുന്നു. അതോർത്ത് തനിക്ക് ഉറങ്ങാൻ കഴിയുന്നില്ല എന്നും യുധിഷ്ഠിരൻ തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല കൗരവപ്പടയുടെ എണ്ണപ്പൊലിമയും ഭീഷ്മദ്രോണാദികളും യുധിഷ്ഠിരനിൽ ഭയം ജനിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ യുദ്ധത്തെ കാംക്ഷിച്ചതോടൊപ്പം ധർമപുത്രരും യുദ്ധത്തെ ഭയന്നിരുന്നു.

താനും തന്റെ മകനും നേടിയ രാജ്യത്തെ ഉപേക്ഷിക്കാൻ ധൃതരാഷ്ട്രർ ഒരിക്കലും തയ്യാറായിരുന്നില്ല. പക്ഷേ, യുദ്ധക്കളത്തിലെ ഭീമപരാക്രമത്തെ ഓർത്ത് ഭയഗ്രസിതനായ ധൃതരാഷ്ട്രർ അനേകം രാത്രികൾ ഉറങ്ങാതെ ഉണർന്നിരുന്നിരുന്നു. ഭീമൻ തന്റെ മക്കളുടെ അന്തകനാണെന്നു വിലപിക്കുന്ന ധൃതരാഷ്ട്രർ കള്ളച്ചൂതും കെട്ടനീതിയും പാലിക്കുന്ന സ്വപുത്രനെ ന്യായീകരിക്കുകയും ചെയ്തു. അപ്പോഴും രാജ്യം നൽകി യുദ്ധം ഒഴിവാക്കാൻ ധൃതരാഷ്ട്രർക്ക് കഴിയുന്നുമില്ല. യുദ്ധത്തിൽ പാണ്ഡവർ ജയിക്കുമെന്നും തന്റെ കുലം നശിക്കുമെന്നും അറിഞ്ഞിട്ടും യുദ്ധം ഒഴിവാക്കാൻ ശ്രമിക്കാതിരുന്നത് ദൈവനിശ്ചയമാണെന്ന് പറഞ്ഞ് ധൃതരാഷ്ട്രർ സമാശ്വസിക്കുന്നു. സ്വന്തം അതികാമങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന അത്യാഹിതങ്ങൾക്കും ദൈവത്തെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്ന വഴിപിഴച്ച അന്ധബുദ്ധിതന്നെയാണ് ധൃതരാഷ്ട്രരിൽ കാണുന്നത്.

ഭീമനും യുദ്ധത്തെ ഭയമായിരുന്നു. പക്ഷേ, അയാളും യുദ്ധത്തെ കാംക്ഷിച്ചിരുന്നു. തൻെ കൈക്കരുത്തുകൊണ്ട് ധാർത്തരാഷ്ട്രരെ തച്ചുടയ്ക്കാൻ പ്രതിജ്ഞചെയ്ത ഭീമനും ‘ദുര്യോധനന് കീഴ്‌നിന്ന് ഞങ്ങളേവരും താഴ്‌ന്നോരായ്തുടരാ’ എന്നും പറയുന്നുണ്ട്. അപ്പോഴാണ് യുദ്ധം കൊതിക്കുന്നവർക്കും യുദ്ധം വന്നടുക്കുമ്പോൾ മനസ്സിൽ ഭീതിനിറയുമെന്നും ഭീമമനസ്സിലും ഭീതിയുണ്ടെന്നും ശ്രീകൃഷ്ണൻ നിരീക്ഷിക്കുന്നത്. യുദ്ധം ആഗ്രഹിച്ചിരുന്നവർക്ക് എല്ലാം യുദ്ധത്തിന്റെ പരിസമാപ്തിയിൽ സന്ദേഹമുണ്ടായിരുന്നു. വിജയം തന്റെ മക്കൾക്ക് ഉറപ്പായി കിട്ടുമെന്ന് അറിയാമായിരുന്നുവെങ്കിൽ ധൃതരാഷ്ട്രർ യുദ്ധത്തെ പേരിനുപോലും എതിർക്കുമായിരുന്നില്ല. തന്റെ പക്ഷത്തെ മഹാരഥികൾക്കിടയിലുള്ള അനൈക്യവും പാണ്ഡവപക്ഷത്തെ ഐക്യവും ശ്രീകൃഷ്ണസാന്നിധ്യവും ധൃതരാഷ്ട്രർ ഭയന്നിരുന്നു. മക്കളുടെ സർവനാശത്തെ ഓർക്കുമ്പോഴെല്ലാം ഭീതിഗ്രസിതനായിരുന്ന ധൃതരാഷ്ട്രർ ഒരേസമയം യുദ്ധത്തെ ഭയക്കുകയും ആഗ്രഹിക്കുകയും ചെയ്തു.

ദുര്യോധനന് അർജുനനെയും ഭീമനെയും ഭയമായിരുന്നു. അർജുനപരാക്രമത്തെ ഓർത്ത് ദുര്യോധനൻ ഭയന്നപ്പോഴെല്ലാം താൻ അർജുനനെ വധിക്കുമെന്നുപറഞ്ഞ് കർണൻ സമാധാനിപ്പിച്ചു. എന്നാൽ, കർണനെ ആശ്രയിച്ചാൽ ജയിക്കാനാകില്ല എന്ന അഭിപ്രായക്കാരനായിരുന്നു ഭീഷ്മർ. പാണ്ഡവന്റെ നാലിലൊന്ന് ഒക്കുന്നവനല്ല കർണൻ എന്ന് ഭീഷ്മർ തുറന്നുപറയുകയും ചെയ്തു. കർണൻ പ്രമാദിയും കൈപ്പിഴ പറ്റുന്നവനുമാണെന്ന അഭിപ്രായക്കാരനായിരുന്നു ധൃതരാഷ്ട്രർ. പക്ഷേ, അർജുനനെക്കാൾ കേമനാണ് കർണൻ എന്ന വിശ്വാസം ദുര്യോധനനുണ്ടായിരുന്നു. അതുകൊണ്ടാണ് താനും കർണനും ചേർന്ന് യുദ്ധം ജയിച്ചുകൊള്ളാമെന്നും ഭീഷ്മദ്രോണാദികളെയല്ല കർണനെ ആശ്രയിച്ച്‌ തനിക്ക് യുദ്ധം ജയിക്കാനാകുമെന്നും ദുര്യോധനൻ പറഞ്ഞത്. പാർഥനെ വധിക്കേണ്ടത് തന്റെ മാത്രം ഉത്തരവാദിത്വമാണെന്നും അത് താൻ നിറവേറ്റുമെന്നും കർണൻ പ്രതിജ്ഞയെടുത്തപ്പോൾ ദുര്യോനൻ ആഹ്ലാദചിത്തനായിരുന്നു. അപ്പോഴും ഭീമാർജുനൻമാരെക്കുറിച്ചുള്ള ഭയം ദുര്യോധനനെ വിട്ടുപോയിരുന്നില്ല.

Mahabharatha vicharangalരാജ്യം ലഭിക്കാതെ ശമം വേണ്ടെന്ന അഭിപ്രായമായിരുന്നു ദ്രൗപദിക്ക്. ദൂത് പറയാൻപോയ കൃഷ്ണനോട് അക്കാര്യം തുറന്നുപറയാൻ ദ്രൗപദിക്ക് മടിയുണ്ടായിരുന്നില്ല. തന്റെ ആത്മാഭിമാനത്തിന് ക്ഷതമേല്പിച്ചവരെ വലിച്ചുകീറിക്കൊല്ലണമെന്ന കാര്യത്തിൽ ദ്രൗപദിക്ക് അദമ്യമായ ആഗ്രഹമുണ്ടായിരുന്നു. അതിനു കഴിയാതെവന്നാൽ യുദ്ധത്തിൽ മരിക്കുന്നതാണ് കരണീയമെന്ന് അവൾ വിശ്വസിച്ചിരുന്നു. ദുര്യോധനൻ, ദുശ്ശാസനൻ, കർണൻ എന്നിവരോടുള്ള തീരാപ്പക പാഞ്ചാലിയുടെ മനസ്സിൽ എരിഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ട് പാഞ്ചാലി യുദ്ധത്തെ ആഗ്രഹിച്ചു; ഒപ്പം യുദ്ധഭയവും അവൾക്കുണ്ടായിരുന്നു. യുദ്ധം വേണ്ട ശമം മതി എന്ന് രാജ്യസഭയിൽവന്ന് ദുര്യോധനനെ ഉപദേശിക്കുന്നത്‌ ഗാന്ധാരിയാണ്. യുദ്ധത്തിൽ തന്റെ മക്കൾ കൊല്ലപ്പെടുമെന്ന ഭീതിയായിരുന്നു മനസ്സിൽ. പക്ഷേ, അനിവാര്യമാണെങ്കിൽ യുദ്ധം തന്നെ മതി എന്നും അതിൽ മകൻ ജയിക്കണമെന്നും അവർ ആഗ്രഹിച്ചിരുന്നു.

ശിഖണ്ഡി തന്റെ കാലനാണെന്ന് ഭീഷ്മർക്കും ധൃഷ്ടദ്യുമ്നൻ തന്റെ അന്തകനാണെന്ന് ദ്രോണർക്കും അറിയാമായിരുന്നു. യുദ്ധത്തിൽ പാണ്ഡവരെ ജയിക്കാനാകില്ല എന്ന ഭയവും അവർക്കുണ്ടായിരുന്നു. എന്നാലും യുദ്ധം കൗരവപക്ഷത്ത് നിന്നുകൊണ്ട് ചെയ്യാനും സേനാനായകരാകാനും അവർ സമ്മതിച്ചു. എല്ലാവരും ഒരുപോലെ ഭയക്കുകയും ആഗ്രഹിക്കുകയും ചെയ്തതുകൊണ്ടാണ് കുരുക്ഷേത്രയുദ്ധം ഉണ്ടായത്. എല്ലാവരും അർഥകാമികളായിരുന്നു. അർഥകാമികളുടെ മനസ്സ് എന്നും ഭയസഹിതമായിരിക്കും. യുദ്ധത്തിന്റെ ആരംഭം ഗാന്ധാരിമനസ്സിലെ കാമനയായിരുന്നു എങ്കിലും അത് പിന്നീട് എല്ലാവരുടെ മനസ്സിലും ഒരുപോലെ സ്വാധീനം ചെലുത്തി. അതിന്റെ ഫലമായിരുന്നു കുരുക്ഷേത്രയുദ്ധം.  

Content Highlights: war begins in mind, Mahabharatha Vicharangal