'പ്രകൃതി ദുരന്തങ്ങളിലൂടെയും മറ്റു ദുരിതപര്‍വ്വങ്ങളിലൂടെയും എന്തിനാണ് ദൈവം മനുഷ്യരെ ക്രൂരമായി ഇല്ലായ്മ ചെയ്യുന്നത്? മാനവരാശിയെ മുന്നോട്ടു നയിക്കാന്‍ വൈവിധ്യമാര്‍ന്ന ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരെ ഇങ്ങനെ ഇല്ലാതാക്കുമ്പോള്‍ നിലച്ചുപോകുന്നത് പ്രകൃതിയുടെ താളം തന്നെയല്ലേ'

വളരെ ഉല്‍ക്കണ്ഠയോടെ ചോദിച്ച ചോദ്യം പാതിയില്‍ നിര്‍ത്തി, അന്വേഷി തുടര്‍ന്നു: 'ദുരന്തങ്ങളുടെ കാരണം ദൈവശിക്ഷയാണെന്ന് ഒരു കൂട്ടര്‍ പറയുന്നു. കരയിലും കടലിലും മനുഷ്യര്‍ പ്രവര്‍ത്തിച്ചതിന്റെ പരിണിതഫലമാണ് എല്ലാ പ്രകൃതിക്ഷോഭങ്ങളുമെന്നു ഇവര്‍ വിശ്വസിക്കുന്നു. എന്നാല്‍, പറയപ്പെട്ട ഒരു തെറ്റിലും പങ്കാളിയാവാത്ത നിസ്സഹായരും നിഷ്‌കളങ്കരുമായ പിഞ്ചുകുഞ്ഞുങ്ങള്‍  അടക്കമുള്ള മനുഷ്യര്‍ ദുരിതത്തില്‍ പെടുന്നത് കാണുമ്പോള്‍ ഞാന്‍ കൂടുതല്‍ സന്ദേഹിയാവുന്നു.

മറ്റൊരു വിഭാഗം ആളുകള്‍ പറയുന്നത് ഇതെല്ലാം ദൈവത്തിന്റെ പരീക്ഷണം ആണെന്നാണ്. ദുരിതങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയും മനുഷ്യരെ കൊലക്ക് കൊടുക്കുന്നതിലെ പരീക്ഷണം എന്താണെന്ന് മനസ്സിലാവുന്നില്ല. 
മാത്രമല്ല; പരീക്ഷണം നടത്തി വിജയിയോ പരാജയിയോ എന്ന് നോക്കേണ്ടി വരുന്ന ഒരു ദൈവത്തെയും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. 
 
ഈ രണ്ടു ന്യായങ്ങളും ശരിവയ്ക്കാന്‍ കഴിയാത്തവര്‍ മറ്റൊന്ന് പറയുന്നു. ജീവിതത്തിലെ ദുരിതാനുഭവങ്ങളെല്ലാം 
പൂര്‍വ്വജന്മത്തിലെ കര്‍മ്മഫലമാണെന്ന് അവര്‍ വിശ്വസിക്കുന്നു. പക്ഷേ, അങ്ങനെ ഒരു ജന്മം സംഭവിച്ചിരുന്നോ എന്ന് അറിവില്‍ പോലുമില്ലാത്ത സാത്വികരും  നിഷ്‌കളങ്കരുമായ മനുഷ്യരെ കഷ്ടപ്പെടുത്തുന്നത് എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക ?

നമുക്കിടയിലെ പലര്‍ക്കും ഇതെല്ലാം തൃപ്തികരമായ മറുപടിയാണ്. അവരുടെ വ്യവസ്ഥീകരിക്കപ്പെട്ട വിശ്വാസമനസ്സും, പൊതുവായ സാമൂഹിക ബോധതലവും ഇവയെല്ലാം സാധൂകരിക്കുന്നുണ്ടാകാം. എന്നാല്‍, ഇതിലൊന്നും എന്റെ മനസ്സിന് തൃപ്തിപ്പെടാന്‍ കഴിയുന്നില്ല. ആയതിനാല്‍, എന്റെ ഹൃദയത്തിനു സമാശ്വാസമാകുന്ന ഒരു പ്രതിവചനം ഞാന്‍ മൗലായില്‍ നിന്നും പ്രതീക്ഷിക്കുന്നു. '

അന്വേഷി തന്റെ ദീര്‍ഘമായ ചോദ്യം പൂര്‍ത്തിയാക്കി മൗലായുടെ വാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നു. 

' നമ്മുടെ കാഴ്ചകള്‍ മൂന്നു വിധത്തിലാണ്. നമ്മുടെ മാത്രം വശത്ത് നിന്ന് കാണുന്ന സ്വാര്‍ത്ഥതയുടെ കാഴ്ചയാണ് ഒന്നാമത്തേത്. സഹജീവിയുടെ കണ്ണുകളിലൂടെ, അവരുടെ അവസ്ഥയറിഞ്ഞു കാരുണ്യത്തോടെ കാണുന്ന മാനവികതയുടെ കാഴ്ചയാണ് രണ്ടാമത്. ഉദാഹരണമായി, നാം തിരക്കിട്ട് ഡ്രൈവ് ചെയ്തു പോകുമ്പോള്‍, മുന്നില്‍ സമാധാനമായി പോകുന്ന വാഹനങ്ങളോട് തോന്നുന്ന ഈര്‍ഷ്യയും, ചെറിയ തെറ്റുകള്‍ വരുത്തുന്ന മറ്റു ഡ്രൈവര്‍മാരോട് തോന്നുന്ന കോപവും  ഒന്നാമത്തെ കാഴ്ച മാത്രമുള്ളപ്പോള്‍ ഉണ്ടാവുന്നതാണ്. 

എന്നാല്‍, ആ തിരക്കിലും ഒരു ആംബുലന്‍സ് സൈറണ്‍ മുഴക്കിയാല്‍ നാം പെട്ടെന്ന് ശാന്തമായി മാറിക്കൊടുക്കുന്നു. 
അപ്പോള്‍ തെളിയുന്ന കാഴ്ചയാണ് രണ്ടാമത്തേത്.

സമഗ്രതയുടെ, സാകല്യത്തിന്റെ സാക്ഷീഭാവം സിദ്ധിച്ചവന്റെ കാഴ്ചയാണ് മൂന്നാമത്തേത്. പ്രാപഞ്ചികതയുടെ പൊരുള്‍ ഉള്‍ക്കാഴ്ചയാല്‍ അറിയുന്ന, പ്രകൃതിയുടെ സുഭദ്രമായ താളലയത്തെ സമുചിതമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരുടെ സമഗ്രദര്‍ശനമാണത്. 

ചോദ്യത്തില്‍ ഉന്നയിച്ച മൂന്നു തരം സന്ദേഹങ്ങള്‍ക്കുമപ്പുറം സ്വസ്തിയില്‍ എത്തിച്ചേരാന്‍ ഈ മൂന്നാമത്തെ ദര്‍ശനാവസ്ഥക്ക് മാത്രമേ സാധ്യമാവൂ. പല ജീവിതങ്ങള്‍ ഒരു മുത്തുമാല പോലെ കോര്‍ത്ത് കഥ പറയുന്ന ഒരു രണ്ടു മണിക്കൂര്‍ സിനിമ മുഴുവന്‍ കണ്ടവന് അതിലെ ഓരോ സീനും അനിവാര്യവും സമുചിതവുമായിരുന്നു എന്ന കാഴ്ച ലഭിക്കുന്നു.

ഒരു സാക്ഷിയെപ്പോലെ നിര്‍മ്മമായി കണ്ടറിയാനും, ഓരോ രംഗവും മനോഹരമാക്കുന്ന സംവിധാനമികവു കണ്ട് വിസ്മയിക്കാനും കഴിയുന്നു. ഈ കാഴ്ച ജീവിതത്തില്‍ ലഭിച്ചവനാണ് സാക്ഷീ ഭാവത്തില്‍ ജീവിതത്തെയും ദര്‍ശിക്കുന്നത്. 

ഒരു ഉദ്യാനത്തെ സമഗ്രമായി, സാകല്യത്തില്‍ ദര്‍ശിക്കുമ്പോള്‍ എന്തുകൊണ്ടാണ് ചില പൂക്കള്‍ ചുവപ്പ്, മറ്റു ചിലത് വെള്ള, വേറെ ചിലത് പിങ്ക് എന്നൊന്നും ചോദിക്കേണ്ടി വരില്ല. ഓരോ വര്‍ണ്ണവും സുഗന്ധവും സൗകുമാര്യവുമെല്ലാം ഓരോന്നിനും അതുല്യവും അന്യൂനവുമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നു. തളിരിലകള്‍ പോലെ കൊഴിഞ്ഞ ഇലകളും ഉദ്യാനത്തിന്റെ ഭാഗധേയം. വിടര്‍ന്നു മന്ദഹസിക്കുന്ന പൂക്കള്‍ പോലെ, വാടിവീണ പൂക്കളും പൂന്തോട്ടത്തിന്റെ ജീവിതം തന്നെ. '

Nature
Image Credit- Pixabay 

മൗലാ ചില യാഥാര്‍ഥ്യങ്ങളെ പ്രായോഗികമായി സ്പര്‍ശിച്ചുകൊണ്ട്,ഒരു ഉപമാകഥയിലൂടെ  വിശദീകരണം തുടര്‍ന്നു:

'ഒരിക്കല്‍ വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു ഗ്രാമീണ പെണ്‍കുട്ടി വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ കൂടെ നഗരത്തിലെ ഫ്ളാറ്റില്‍ താമസമാക്കി. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനു പെട്ടെന്ന് ഒരു മാസത്തേക്ക് വീട്ടില്‍ നിന്ന് മാറി വിദേശത്ത് പോകേണ്ടി വന്നു. ആ സമയത്ത് ഭാര്യയുടെ എല്ലാ ആവശ്യങ്ങളും നിര്‍വ്വഹിക്കാനായി ഒരു സ്മാര്‍ട്ട് ഫോണ്‍ നല്‍കി. 

പണത്തിന്റെ ആവശ്യത്തിനു ബാങ്ക്, വീട്ടുസാധനങ്ങള്‍ വാങ്ങിക്കാനുള്ള സൂപ്പര്‍ മാര്‍ക്കറ്റ്, റെസ്റ്റാറന്റ്, ടാക്‌സി, പത്രം, ലൈബ്രറി, മ്യൂസിക്, സിനിമ തുടങ്ങിയ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തു ഭാര്യയെ പഠിപ്പിച്ചു നല്‍കി. എല്ലാ ആവശ്യങ്ങള്‍ക്കും ഫോണിനെ ആശ്രയിച്ച ഭാര്യ സുഖമായി മുന്നോട്ടു പോയി. 

എന്നാല്‍ ഒരു ദിവസം വളരെ അപ്രതീക്ഷിതമായി ഫോണ്‍ നിലത്തുവീണ് പൊട്ടിത്തകര്‍ന്നു. ഉപയോഗശൂന്യമായ ഫോണ്‍ കൈയില്‍ വെച്ചു ആ സ്ത്രീ പൊട്ടിക്കരയാന്‍ തുടങ്ങി. തന്റെ പണവും ബാങ്കും മാര്‍ക്കറ്റും റെസ്റ്ററന്റുമെല്ലാം തകര്‍ന്നു പോയെന്നും ഇനി എങ്ങനെ മുന്നോട്ടു ജീവിക്കുമെന്നും പറഞ്ഞു അവര്‍ കരഞ്ഞുകൊണ്ടേയിരുന്നു. ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് അടുത്ത ഫ്‌ലാറ്റിലെ വീട്ടമ്മ അവരുടെ വാതിലില്‍ മുട്ടി കാര്യമന്വേഷിച്ചപ്പോള്‍ അവര്‍ വാതില്‍ തുറന്നു. 

കരച്ചിലിന്റെ ശരിയായ കാരണം പിടികിട്ടിയ ബുദ്ധിമതിയായ ആ വീട്ടമ്മ സ്‌നേഹപൂര്‍വ്വം ഇങ്ങനെ പറഞ്ഞു:
' നിന്നോട് പൊട്ടിച്ചിതറിയ ഫോണ്‍ ഒരു കൂട് മാത്രമാണ്. വെറുമൊരു ബോഡി. യഥാര്‍ത്ഥത്തില്‍ അതിനു ജീവന്‍ നല്കുന്നത് അതിലേക്കു വരുന്ന കണക്ഷന്‍ ആണ്. നീ ഉപയോഗിച്ചിരുന്ന എല്ലാ സൗകര്യവും നിന്നിലേക്ക് എത്തിച്ചുതന്നത് ആകാശത്ത് നിന്നും നിന്റെ ഫോണിലേക്ക് വരുന്ന ആ കണക്ഷന്‍ ആണ്. നിന്റെ പണമോ, ബാങ്കോ, മാര്‍ക്കറ്റോ ഒന്നും ഇല്ലാതായിട്ടില്ല. എല്ലാം അവിടെ തന്നെ ഉണ്ട്. 

അതിലേക്കു നിന്നെ ബന്ധിപ്പിച്ചിരുന്ന താല്‍ക്കാലിക ഉപകരണം മാത്രമാണ് പൊട്ടിയത്. ഓരോ ഉപകരണത്തിനും 
നിശ്ചിതമായ സമയമുണ്ട്. അതിന്റെ ഉറപ്പിനും ഉപയോഗത്തിനുമെല്ലാം കാലാവധിയുണ്ട്. അത് പല രീതിയില്‍ ഇല്ലാതാവും. 
ആയതിനാല്‍, പുതിയൊരു ഉപകരണത്തില്‍ ഇതേ കണക്ഷന്‍ ചേര്‍ത്തു ആദ്യത്തെതിനേക്കാള്‍ നന്നായി പ്രവര്‍ത്തിപ്പിക്കാം. 
കാരണം, കണക്ഷന്‍ അവിടെത്തന്നെയുണ്ട്. 

അതേ കണക്ഷന്‍ തന്നെയാണ് പല ഫോണില്‍ പല വിധത്തില്‍, പലതായ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാവുമ്പോള്‍, ചീത്തയാവുമ്പോള്‍, പൊട്ടിപ്പോകുമ്പോള്‍ മാറ്റപ്പെടുന്നു എന്ന് മാത്രം. കണക്ഷന്‍ അതിന്റെ കര്‍മ്മങ്ങള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 

ഒരു കൂട് മാത്രമായ ഫോണ്‍ എന്ന ഉപകരണത്തിന്റെ കാഴ്ചയിലല്ല; കോടാനുകോടി ഫോണുകളെ പ്രവര്‍ത്തിപ്പിക്കുന്ന കണക്ഷന്റെ കണ്ണിലൂടെ കാഴ്ച കാണുക. പിന്നെ, എല്ലാ കണക്ഷനുകള്‍ക്കും പിറകിലെ പരമമായ കണക്ഷന്റെ കാഴ്ച ലഭിക്കുമ്പോള്‍ മാത്രമേ പൂര്‍ണ്ണ വിശ്രാന്തിയില്‍, ബോധ്യത്തിലൂടെ സ്വസ്തിയിലെത്തൂ എന്ന് കൂടി അറിയുക. അവിടെയാണ് അവധൂതദര്‍ശനത്തിന്റെ നിര്‍മ്മലവും നിര്‍മ്മമവുമായ അവസ്ഥ പ്രാപ്യമാവുന്നത്. 

ഈ ശരീരമെന്ന കൂടിനപ്പുറം, പല രൂപങ്ങളില്‍ പലതായ് ജീവിതം ജീവിക്കുന്ന ആ പരമപ്രകാശത്തെ അവബോധത്തോടെ അറിയുമ്പോള്‍ മാത്രമേ പ്രകാശമായി ദൈവികത അനുഭവിക്കാന്‍ കഴിയുകയുള്ളൂ.'

ഇത്രയും വിശദമായി പറഞ്ഞ ശേഷം വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തം ഈണത്തില്‍ ചൊല്ലിക്കൊണ്ട് മൗലാ നടന്നു നീങ്ങി. ആ വിശുദ്ധവചനത്തിന്റെ  സാരം ഇതായിരുന്നു:

' ഈ പ്രാപഞ്ചികത ഒരു മഹാലീല!
ആനന്ദമയവും വിസ്മയകരവുമായ ഒരു കളി മാത്രമെന്നറിയുക. 
വസന്തത്തില്‍ പൂക്കള്‍ വിരിഞ്ഞ് നൃത്തമാടി ഉല്ലാസം പകരുന്നു. 
കുറച്ചു കഴിയുമ്പോള്‍ അത് വാടിക്കൊഴിഞ്ഞു വീണ് കരിഞ്ഞുണങ്ങുന്നു. 

അത്രമേല്‍ ക്ഷണികവും നിസ്സാരവുമായ ഈ ലോകത്ത് സമ്പത്തിന്റെയും സന്തതികളുടെയും പേരില്‍ അഹന്ത നടിയ്ക്കുന്നത് എത്ര വലിയ അജ്ഞതയാണ്. ആന്തരിക ലോകത്തെ  വെളിച്ചത്തിലേക്കുള്ള ശിക്ഷണവഴികള്‍ രക്ഷയിലേക്കും മോക്ഷത്തിലേക്കും നയിക്കുന്നു. മായയും മരീചികയുമല്ലാതെ മറ്റൊന്നുമല്ല ഈ ലോകം.'

Content Highlights: you see what you want to see, life and world in Sufi thoughts