നിഗൂഢത, നിഗൂഢജ്ഞാനം, നിഗൂഢജ്ഞാനി എന്നൊക്കെ അർഥംവരുന്ന തസവ്വുഫ്‌ എന്ന വാക്കിന്റെ മറ്റൊരു പദമായാണ്‌ സൂഫി, സൂഫിസം എന്നൊക്കെ പൊതുവേ വിളിച്ചുപോരുന്നത്‌. സൂഫ്‌ എന്ന അറബി വാക്കിൽനിന്നാണ്‌ സൂഫി എന്ന വാക്കുണ്ടായതെന്നും പറയുന്നു. സൂഫ്‌(suf) എന്നാൽ കമ്പിളി എന്നർഥം. കമ്പിളിധരിച്ച്‌ നടന്നിരുന്ന ദർവീഷുകളെ കമ്പിളിധാരികൾ എന്നർഥത്തിൽ സൂഫികൾ എന്ന്‌ വിളിച്ചുപോന്നു. ജ്ഞാനം, അറിവ്‌ എന്നൊക്കെ അർഥംവരുന്ന ഗ്രീക്ക്‌ വാക്കായ സോഫോസ്‌ (Sophos) എന്ന പദത്തിൽനിന്നാണ്‌ സൂഫി എന്ന വാക്കുണ്ടായതെന്നും പറയാറുണ്ട്‌.

സൂഫ്‌ഫ (suffah) എന്ന ഇരിപ്പിടം (ബെഞ്ച്‌) എന്നർഥംവരുന്ന അറബിവാക്കിൽനിന്നാണ്‌ സൂഫിയുണ്ടായതെന്നും പറയുന്നു. അതിൽനിന്നാണത്രെ ഇംഗ്ലീഷിലെ sofa എന്ന വാക്കുണ്ടായത്‌. അറബിഭാഷയിലെത്തന്നെ സഫ (വിശുദ്ധി), സഫ്വ (തിരഞ്ഞെടുക്കപ്പെട്ടവൻ) എന്നിവയിൽനിന്നാണ്‌ സൂഫിയെന്ന വാക്കുണ്ടായതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ വാക്കുകൾക്കെല്ലാം അതിന്റേതായ ചാരുതയുണ്ട്‌. നിഗൂഢമായ അർഥതലങ്ങളുമുണ്ട്‌. പരുക്കൻ വസ്ത്രം ധരിച്ച്‌ നടന്നിരുന്നവർ, കമ്പിളിധാരികൾ എന്നു കേൾക്കുമ്പോൾത്തന്നെ തികച്ചും പ്രകൃത്യാനുസാരിയായി കഴിഞ്ഞിരുന്നവർ എന്ന ഭാവത്തെ അത്‌ ഉള്ളിൽ നിറയ്ക്കുന്നുണ്ട്‌. ഒരു തരത്തിലുള്ള കൃത്രിമത്വത്തിനും വശംവദരാകാതെ സഹജാവബോധത്തോടൊപ്പം ഒഴുകിയിരുന്ന അവധൂതരായ ഒരുകൂട്ടം മനുഷ്യരുടെ ചിത്രം മനസ്സിലേക്ക്‌ ഓടിവരുന്നു. അവിടെ ബോധിധർമനും സെയ്‌ന്റ്‌ ഫ്രാൻസിസും ശംസ്തബ്രീസും അത്താറും മൻസൂർ ഹല്ലാജും രമണമഹർഷിയുമെല്ലാം അവരുടെ തികച്ചും സഹജമായ ഭാവത്തോടെ പ്രകാശിച്ചുനിൽക്കുന്നു. നിങ്ങൾ കൊത്തുവേല ചെയ്തിട്ടില്ലാത്ത മരക്കഷ്‌ണംപോലെയാകുക എന്ന ലാവോത്സുവിന്റെ വാക്കുകൾ ഉള്ളിൽ നിറയുന്നു. ബെഞ്ചിലിരുന്നിരുന്നവർ എന്നത്‌ എത്ര അർഥവത്തായ വാക്കാണ്‌. ബോധത്തിൽ ഇരുത്തംവന്ന തന്റേടികളായിരുന്നിരിക്കും അവർ. തന്റേതായ ഇടം കണ്ടെത്തിയ സ്വമ്മിന്റെമാത്രം തന്ത്രത്തിനനുസരിച്ച്‌ ഒഴുകിയ സ്വതന്ത്രരായ ആത്മാക്കൾ. ആ അർഥത്തിലും അവരെ സൂഫികളെന്ന്‌ വിളിക്കുന്നത്‌ അന്വർഥംതന്നെ.

Sufiഫിലോസഫി എന്ന വാക്കിന്‌ സോഫിയയോടുള്ള, സത്യത്തോടുള്ള പ്രണയം എന്നാണർഥം. സോഫോസ്‌ എന്നാൽ ജ്ഞാനം, അറിവ്‌ എന്നൊക്കെയും. ആ പരമമായ പ്രണയത്തോട്‌ പ്രണയാന്വിതരായ ഹൃദയങ്ങളെ സൂഫികൾ എന്ന്‌ വിളിച്ചുപോന്നെന്നു പറഞ്ഞാൽ അതിനെക്കാൾ മനോഹരമായ അർഥം മറ്റെന്താണുള്ളത്‌. സഫ അല്ലെങ്കിൽ വിശുദ്ധി എന്നർഥത്തിലാണ്‌ സൂഫി എന്നു വിളിച്ചതെന്ന്‌ പറയാനാണ്‌ ഏറെയിഷ്ടം. അത്രമാത്രം ശുദ്ധീകരിക്കപ്പെട്ടവരെയല്ലാതെ മറ്റാരെയാണ്‌ സൂഫികളെന്ന്‌ വിളിക്കുക. അവർതന്നെയല്ലേ തിരഞ്ഞെടുക്കപ്പെട്ടവർ.

ഹൃദയശുദ്ധിയെക്കുറിച്ച്‌ പറയുമ്പോൾ കബീറിനെ ഓർക്കാതെ വയ്യ. ഭാരതത്തിൽ ജീവിച്ചിരുന്ന മഹാത്മാവായ, വിപ്ളവകാരിയായ സൂഫിവര്യൻ, യോഗി, സത്യത്തിലേക്കുമാത്രം നോക്കി സംസാരിച്ചവൻ. ലോകരുടെ നിറംപിടിപ്പിച്ച മനസ്സിന്‌ കബീർ അത്ര സ്വീകാര്യനായിരുന്നില്ല. അല്ലെങ്കിലും സത്യസന്ധമായി അറിവുമൊഴിഞ്ഞ എത്രപേരെ നാം സ്വീകരിച്ചിട്ടുണ്ട്‌. നമ്മുടെ താത്‌പര്യങ്ങളോട്‌ ചേർന്നുനിന്നവരെയല്ലാതെ മറ്റാരെയും നാം മാനിച്ചിട്ടില്ലെന്നത്‌ ചരിത്രം. 
കബീറിനെ വായിക്കുമ്പോൾ സഫ എന്ന അനുഭവത്തിൽനിന്നാണ്‌ സൂഫിയുണ്ടായതെന്ന്‌ പറയാൻ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവരില്ല. അത്ര ധീരരായാലേ അത്രയും ശുദ്ധരാകാൻ പറ്റൂ എന്ന്‌ കബീറാണ്‌ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത്‌.

എവിടെയാണ്‌ നിങ്ങളെന്നെ തേടുന്നത്‌? ഞാൻ കോവിലിലോ മസ്‌ജിദിലോ ഇല്ല. കഅബയിലോ കൈലാസത്തിലോ എന്നെ കണ്ടെത്താനാവില്ല. ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ എന്നെ തേടേണ്ട. യോഗയിലോ ത്യാഗത്തിലോ എന്നെ പ്രതീക്ഷിക്കേണ്ട. നിങ്ങളൊരു യഥാർഥ അന്വേഷകനെങ്കിൽ ഇപ്പോൾ ഇവിടെത്തന്നെ എന്നെ സ്പർശിക്കാവുന്നതേയുള്ളൂ. ഒരു നിമിഷംപോലും അതിനാവശ്യമില്ല. കബീർ പറയുന്നു, ഹേ സാധൂ, പ്രാണനിൽ പ്രാണനായിരിക്കുന്നവനല്ലോ ദൈവം! അദ്ദേഹം തുടരുന്നു: മീട്ടാത്ത സംഗീതത്തിന്റെ താളം നിങ്ങൾ കേൾക്കുന്നില്ലേ? മുറിയുടെ നടുക്കുതന്നെ മൃദുവായും മധുരമായും ആനന്ദത്തിന്റെ സാരംഗി പാടുമ്പോൾ അത്‌ കേൾക്കാതെ മുറിവിട്ടുപോകേണ്ട കാര്യമെന്താണ്‌? അകമേ സംഗീതമില്ലെങ്കിൽ, നീ നിന്റെ സദാചാരചർമത്തെ തേച്ചുമിനുക്കിയിട്ടെന്തുകാര്യം? പരമമായ സ്നേഹത്തിൽ കുതിർന്ന ഹൃദയമില്ലാതെ ഖുർആൻ പഠിച്ചിട്ടും അത്‌ ലോകത്തിനു പകർന്നിട്ടും എന്തുകാര്യം? യോഗി തന്റെ വസ്ത്രം കാവിമുക്കുന്നു. എന്നാൽ, ഹൃദയം സ്നേഹവർണത്തിൽ മുക്കിയെടുക്കാതെ വസ്ത്രങ്ങളിൽ നിറംപിടിപ്പിച്ചിട്ട്‌ എന്തുകാര്യം?

Religionകബീർ പറയുന്നു: ഞാൻ അമ്പലത്തിലോ വീട്ടുവരാന്തയിലോ ആകട്ടെ, കൂടാരത്തിലോ പൂന്തോട്ടത്തിലോ ആകട്ടെ, സത്യമായും ഞാൻ നിങ്ങളോടു പറയുന്നു; ഓരോ നിമിഷവും ഞാനും എന്റെ പ്രഭുവും പ്രണയത്തിലാണ്‌.
അതേ, ആ അറിവിനെക്കുറിച്ചാണ്‌, അലിവിനെക്കുറിച്ചാണ്‌ നാം അറിയേണ്ടത്‌. അതിന്‌ കേവലം സ്ഥൂലതയിൽ അഭിരമിക്കുന്ന മനസ്സിനെ സൂക്ഷ്മതയിലേക്ക്‌ ഉണർത്തിക്കൊണ്ടുവരേണ്ടതുണ്ട്‌. വിശുദ്ധ ഖുർആൻ പറയുന്നത്‌ കേൾക്കുക:
സത്യവിശ്വാസം സ്വീകരിക്കുകയും സത്‌കർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരെ സന്തോഷവാർത്ത അറിയിക്കുക. അവരുടെ ആരാമങ്ങളിൽക്കൂടി ഗർഗളസ്വനം പൊഴിച്ച്‌ ഉല്ലാസത്തോടെ ഒഴുകിപ്പോകുന്ന അരുവികളുണ്ട്‌. ആ ജലംകൊണ്ട്‌ ധന്യതയാർജിക്കുന്ന ഔഷധികളും വനസ്പതികളും ജീവിതാരാമത്തിൽ സസുഖം ജീവിക്കുന്നവർക്കെല്ലാം സൗഭാഗ്യത്തിന്റെ  തേനും പഴവും. എവിടെയെല്ലാം അവന്റെ സ്പർശനവും ദർശനവുമുണ്ടോ അവിടെയെല്ലാം ധന്യതയുണ്ട്.

മനുഷ്യാ, നിന്നെക്കാൾ ആരുണ്ട്‌ ധന്യനായി? ഈ ലോകത്തിൽ പരംപൊരുളിന്റെ പരമാർഥം ഉറക്കെപ്പറയാനും ഉറങ്ങിക്കിടക്കുന്നവർക്ക്‌ ഉണർത്തുപാട്ടായി സൂര്യോദയത്തിന്റെ ഗീതകങ്ങൾ ചൊല്ലിക്കൊടുക്കാനും നിന്നെയല്ലേ ചുമതലപ്പെടുത്തിയിരിക്കുന്നത്‌. അങ്ങനെ നീ സനാഥനായി ഭവിച്ചിരിക്കുന്നു. അനാഥനെന്നുകരുതി ഭഗ്നാശനാകേണ്ടതില്ല. സർവസമ്പത്തിനും നീ നിന്റെ വിശ്വാസംകൊണ്ടുതന്നെ അവകാശിയായിത്തീർന്നിരിക്കുന്നു.
സത്യദർശനത്തിൽ ആകൃഷ്ടമാകുന്ന ബോധം അനുഭവിക്കുന്ന അനുഭൂതിയെക്കുറിച്ചാണ്‌  ഖുർആൻ നമ്മെ ഓർമിപ്പിക്കുന്നത്‌. ഇവിടെ, ഇപ്പോൾ സത്യമായിരിക്കുന്ന ഇഹലോകത്തിൽ ദൈവമഹിമയറിഞ്ഞ്‌ ജീവിക്കുന്നതാണ്‌ യഥാർഥവിശ്വാസമെന്ന്‌ ജീവിതംകൊണ്ടാണ്‌ നാം അറിയേണ്ടത്‌.  അതിന്‌ പരമകാരുണികനും ദയാനിധിയുമായ ദൈവത്തിന്റെ അനുഗ്രഹംകൂടി വേണമെന്നുള്ളതാണ്‌ അതിന്റെ നിഗൂഢത, തസ്സവുഫ്‌.
ദൈവത്തിലുള്ള ജീവിതം എങ്ങനെയൊക്കെയായിരിക്കണം എന്നതിലേക്ക്‌ വെളിച്ചംവീശുന്ന വഴികളാണ്‌ സൂഫികൾ അവതരിപ്പിച്ചിട്ടുള്ളത്‌.

സ്ഥൂലതയിൽനിന്ന്‌ സൂക്ഷ്മതയിലേക്ക്‌ ധൃതിയില്ലാതെ നടന്നടുക്കാനുള്ള വഴികളാണത്‌. ചരിക്കുന്ന മാർഗം സഹജമാണെങ്കിൽ മാറ്റത്തിന്‌ പരിണാമത്തിന്റെ സൗമ്യതയുണ്ടായിരിക്കണമെന്ന്‌ ഗുരു നിത്യ പറയാറുണ്ട്‌. ആ സൗമ്യമായ പരിണാമത്തിലൂടെവേണം നാം മ.അ്‌രിഫത്തിന്റെ  വെളിച്ചത്തിലേക്ക്‌ യാത്രതിരിക്കാൻ. യൂനൂസ്‌ ഉമർ എന്ന സൂഫിവര്യൻ പറയുന്നു: നിങ്ങൾ ദൈവത്തെ അന്വേഷിക്കുമ്പോൾ അവനെ തേടേണ്ടത്‌ ഹൃദയത്തിലാണ്‌. ദൈവത്തിന്‌ പക്ഷപാതമില്ല. അവൻ ഒരിടത്തും അവന്റെ പ്രവാചകനെ അയക്കാതിരുന്നിട്ടില്ല. ഒരാളിൽനിന്നും അവന്റെ വാക്കിനെ ഒളിച്ചുവെച്ചില്ല. കണ്ണുതുറന്നുനോക്കാത്തവനെ, ഹൃദയംതുറന്ന്‌ ഉൾക്കൊള്ളാത്തവനെ, കാതുകൂർപ്പിച്ച്‌ കേൾക്കാത്തവനെ നിരാകരിക്കുന്നത്‌  ദൈവമല്ല, ദൈവത്തെ നഷ്ടപ്പെടുന്നവന്റെ അഹന്തമാത്രമാണ്‌. എത്ര സത്യമായ വാക്കുകൾ. സൂര്യനെ മറച്ചിരിക്കുന്ന അഹന്തയാകുന്ന കാർമേഘത്തിൽനിന്നാണ്‌ നമുക്ക്‌ മോചനംവേണ്ടത്‌. അതിന്‌ നാം പല താഴ്‌വരകൾ മുറിച്ചുകടന്ന്‌ യാത്ര തുടരണം.

ContentnHighlights: Sufism We need to salvation from our egoism