ണ്ഡിതന്മാരായ ഏതാനും ദൈവശാസ്ത്ര വിശാരദന്മാരുടെ സദസ്സിനരികിലൂടെ നടക്കുകയായിരുന്നു മൗലാ. ദൈവത്തിന്റെ അനന്യമായ സവിശേഷതകളെ (സ്വി ഫാത്ത്)സംബന്ധിച്ചും ഗുണഗണങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുകയായിരുന്നു അവര്‍. നീണ്ടു നീണ്ട സംവാദം നിഗമനങ്ങളും ഊഹാപോഹങ്ങളുമായി തുടര്‍ന്നുകൊണ്ടേയിരുന്നു. 

അന്ധന്‍ ആനയെ കണ്ട പോലെ എന്ന ഉപമ അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന ദീര്‍ഘസംഭാഷണങ്ങള്‍ തന്നെ. ആ സദസ്സ് പിന്നിട്ട ശേഷം മൗലാ സതീര്‍ഥ്യരോടായി ഇങ്ങനെ പറഞ്ഞു:

' പനിനീര്‍പ്പൂവിന്റെ ആയിരം ഗുണങ്ങള്‍ പറഞ്ഞാലും അത് പനിനീര്‍പ്പൂവാവില്ല. പതിനായിരം സവിശേഷതകള്‍ കേട്ടാലും തേനിന്റെ രുചി അറിയാനാവില്ല. എത്ര കേട്ടുപഠിച്ചാലും കസ്തൂരിയുടെ ഗന്ധം അറിയാനും കഴിയില്ല.  പനിനീര്‍പ്പൂ കാണണം, തേന്‍ രുചിയ്ക്കണം, കസ്തൂരി വാസനിയ്ക്കണം.'

മൗലാ തുടര്‍ന്നു പറഞ്ഞു: ' നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കെല്ലാം അതാതിന്റേതായ തിരിച്ചറിവുകളുണ്ട്. എന്നാല്‍, നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതീതമായ ദൈവികത പിന്നെങ്ങനെ ചര്‍ച്ചകളില്‍ നിന്ന് അനുഭവവേദ്യമാവാന്‍?'മൗലാ വിശദീകരിച്ചു: ' പ്രണയിനിയെ കാണാതെ, സംഗമിക്കാതെ, ഗുണഗണങ്ങള്‍ മാത്രം കേട്ടറിഞ്ഞു പ്രണയം അറിഞ്ഞനുഭവിച്ചെന്നു കരുതുന്നവന്‍ എത്ര വലിയ മൂഡനാണ്.

ബുദ്ധിയുടെ കാഴ്ചയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് മാത്രമേ, ദൈവികതയുടെ പ്രകാശദൃഷ്ടി കൈവരികയുള്ളൂ. അതിനായി പ്രണയത്തില്‍ സ്വയം ഇല്ലാതാവുക. കാരണം, ഗാഢപ്രണയത്തില്‍ മാത്രമാണ് ബുദ്ധിയുടെ കണ്ണുകള്‍ അന്ധമാകുന്നത്.'മൗലാ അവസാനിപ്പിച്ചു: 'പ്രകാശമായ പ്രണയിനിയ്‌ക്കൊപ്പം, ഇടതും വലതും മീതെയും താഴെയും നോക്കാതെ, സമ്പൂര്‍ണമായ ഹൃദയസമര്‍പ്പണത്തില്‍, മൗനിയായ് പ്രയാണം തുടരുന്നവന്‍ പ്രണയിനിയുടെ അനശ്വരമായ ആശ്ലേഷത്തിലമരുന്നു. ആ അപരിമേയമായ ആനന്ദഹര്‍ഷത്തില്‍ ഒന്നും മൊഴിയാനാവാതെ ആ പ്രണയത്തിലലിയുന്നു.'

ഇത്രയും പറഞ്ഞ ശേഷം ' ധ്യാനമായ് എന്നിലണയുമ്പോള്‍ ധന്യനായ് നിന്നിലലിയുന്നു നാം, 'എന്ന ദൈവവചനം (വി. ഖുര്‍ആന്‍ 2:152) ഈണത്തില്‍ ഉരുവിട്ടുകൊണ്ട് മൗലാ മുന്നോട്ടു നടന്നു.

Content Highlights: Sufism, Love and devinity