കാട്ടരുവിയുടെ സംഗീതം കേട്ട്, കിളികളോട് കൂട്ടുകൂടി കാട്ടുവഴികളിലൂടെ മല കയറുകയാണ് മൗലായും സതീര്‍ഥ്യരും. 

പുതുതായി മൗലായെ സന്ദര്‍ശിക്കാനെത്തിയ സന്ദേഹിയായ ഒരു പ്രൊഫസറും കൂട്ടത്തിലുണ്ടായിരുന്നു. കാടിനകത്തെ വന്യമായ വഴിയിലൊരിടത്ത് വിശ്രമിക്കവേ, പ്രൊഫസര്‍ ഒരു സംശയം ചോദിച്ചു:

' പല വിധത്തിലുള്ള സൂഫി അന്വേഷകരെ നമുക്ക് ചുറ്റും കാണുന്നു. എന്നാല്‍ ചിലര്‍ മാത്രമാണ് ആധ്യാത്മികതയുടെ 
 അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളും ജീവിതത്തില്‍ പകര്‍ത്തുന്നവര്‍. വേറെ ചിലര്‍ താത്ത്വികമായും ജ്ഞാനപരമായുമാണ് സൂഫിസത്തെ സമീപിക്കുന്നത്. 

മറ്റുചിലരാകട്ടെ, സൂഫിസത്തെ വളരെ കാല്പനികമായി കണ്ട് അതിനെ ആസ്വദിക്കുകയും അതിന്റെ അനുഭൂതിയില്‍ നിരതമാവുകയും ചെയ്യുന്നു. ഇവരില്‍ അനുഷ്ഠാനങ്ങളും കര്‍മ്മവും പിന്തുടരുന്നവര്‍ മാത്രമാണ് ശരിയായ വഴിയിലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജ്ഞാനപരമായും താത്ത്വികമായും സൂഫിസത്തെ സമീപിക്കുന്നവര്‍ സ്വയം തെറ്റിദ്ധരിക്കുകയും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയല്ലേ ?'

വളരെ മൗനപൂര്‍വം ചോദ്യം ശ്രവിച്ച മൗലാ, ശാന്തസ്വരത്തില്‍ ഇങ്ങനെ മറുപടി പറഞ്ഞു:

' സൂഫിസത്തിന്റെ ആന്തരികവഴികളെ കുറിച്ച് ജ്ഞാനം സിദ്ധിക്കുമ്പോള്‍ മാത്രമേ ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം ഗ്രഹിക്കാനാവൂ. കാരണം, ആത്മീയതയുടെ സാമാന്യ തലത്തില്‍ കര്‍മ്മവും അനുഷ്ഠാനങ്ങളും മാത്രമാണ് കാണാന്‍ കഴിയുന്നത്. താത്ത്വികവും ജ്ഞാനപരവുമായ തലത്തിന്റെ ആത്മശക്തിയെ കാണാന്‍ കഴിയുക വളരെ പ്രയാസമാണ്. 

എന്നാല്‍, കാല്പനികവും കാവ്യാത്മകവും കലാപരവും സംഗീതാത്മകവുമായ ഹൃദയത്തിന്റെ ധ്യാനതലം ബാഹ്യകാഴ്ചക്ക് എത്രയോ അതീതവുമാണ്.'

മൗലാ ഒരു സൂചനയിലൂടെ ഇങ്ങനെ അത് വ്യക്തമാക്കി:

' ഒരു മണിക്കൂര്‍ ദൈവധ്യാനം ആയിരം വര്‍ഷത്തെ പ്രാര്‍ഥനാ കര്‍മ്മങ്ങളെക്കാള്‍ ശ്രഷ്ഠമാണെന്ന പരിശുദ്ധ പ്രവാചകന്റെ ഒരു മൊഴിയുണ്ട്. ധ്യാനത്തിന്റെ ആത്മശക്തിയെ, ആ അകര്‍മ്മത്തിലടങ്ങിയ അനന്തകര്‍മ്മത്തെ അനാവൃതമാക്കുകയായിരുന്നു ആ വിശ്വഗുരു. '

മൗലാ തുടര്‍ന്നു പറഞ്ഞു:

'അതായത്, കാണപ്പെടുന്ന കര്‍മ്മാനുഷ്ഠാനങ്ങളുടെ ആയിരമിരട്ടി മഹത്വം, കാണാനാവാത്ത ഹൃദയാന്തരത്തിലെ ധ്യാനാത്മകതയ്ക്കുണ്ട്. ജ്ഞാനവഴിയില്‍ നിരതരായവരും, കാല്പനിക ഹൃദയമുള്ളവരും സൂഫിസത്തെ ആശ്ലേഷിക്കുമ്പോള്‍ ധ്യാനത്തിന്റെ നിറവാണ് അവരുടെ ആത്മബോധത്തെ നയിക്കുന്നത്.'

പ്രൊഫസര്‍ക്ക് എളുപ്പം മനസ്സിലാവുന്ന ഒരു ഉദാഹരണം പറഞ്ഞു മൗലാ:

' ഒരേ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ പല തരത്തിലുള്ള പഠനരീതി ശ്രദ്ധിച്ചു കാണുമല്ലോ. കഠിനമായി പഠിച്ചു മന:പാഠമാക്കുന്ന ഒരു വിഭാഗമുണ്ട്. സദാസമയവും പഠനത്തിലായിരിക്കും അവര്‍. 

സാമാന്യ കാഴ്ചയില്‍, ഇത് മാത്രമാണ് പഠനമെന്ന് ചിലര്‍ ധരിച്ചുവശാവുന്നു. അതുകൊണ്ടാണ് വിഷയത്തിന്റെ മര്‍മ്മമറിഞ്ഞു സ്വന്തം രീതിയില്‍ ഗ്രഹിച്ച വിദ്യാര്‍ഥി, പാഠ്യേതര വിഷയങ്ങളിലും കലാസാംസ്‌കാരിക പരിപാടികളിലും സജീവമാകുമ്പോള്‍ അവര്‍ പഠിക്കാതെ പോകുന്നുവല്ലോ എന്നാണ് അവര്‍ കരുതുന്നത്. 

എന്നാല്‍, പലപ്പോഴും റിസള്‍ട്ട് വരുമ്പോഴും, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും ഇവരാണ് മുന്നേറിയിട്ടുണ്ടാവുക.'

ഇത്രയും കേട്ടപ്പോള്‍, തന്റെ കാഴ്ചപ്പാടുകള്‍ കീഴ്‌മേല്‍ മറിഞ്ഞതിന്റെ ജാള്യതയിലും പ്രൊഫസറുടെ മുഖത്ത് ജ്ഞാനത്തിന്റെ മിന്നലാട്ടം തെളിഞ്ഞു.

അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി, ഹൃദയഗുരു റൂമിയുടെ ഒരു കവിത ചൊല്ലി മൗലാ മലമുകളിലേക്ക് നടന്നുകയറി:

' ജീവിക്കുന്നൊരു കവിതയായ് തീരാന്‍ 
നിന്റെ ജീവിതം വിട്ടു നല്‍കുക നീ.. '

Content Highlights: Sufi Chinthakal the way to learn divinity