' ഞാന്‍ ഒരു ക്രിസ്ത്യനല്ല, ജൂതനല്ല, മജൂസിയോ മുസ്ലിമോ അല്ല. കരയില്‍ നിന്നോ കടലില്‍ നിന്നോ വന്നവനല്ല. ആകാശത്തു നിന്നോ ഭൂമിയില്‍ നിന്നോ ഉണ്ടായതുമല്ല. മണ്ണില്‍  നിന്നോ, ജലത്തില്‍ നിന്നോ, വായുവില്‍ നിന്നോ, അഗ്‌നിയില്‍ നിന്നോ രൂപപ്പെട്ടതുമല്ല. ഇന്ത്യക്കാരനോ ചൈനക്കാരനോ ബള്‍ഗേറിയനോ ഇറാഖിയോ അല്ല ഞാന്‍. ഈ ലോകത്തിന്റെയോ പരലോകത്തിന്റെയോ ആളുമല്ല. സ്വര്‍ഗ്ഗവാസിയോ നരകവാസിയോ അല്ല. ആദമില്‍ നിന്നോ ഹവ്വയില്‍ നിന്നോ ഉണ്ടായതുമല്ല. എന്റെ ഇടം എന്ന് പറയാന്‍ ഒരിടമില്ല. എന്റെ രൂപം എന്ന് പറയാന്‍ ഒരു രൂപമില്ല. ഞാന്‍ ശരീരമോ ആത്മാവോ അല്ല. എന്റെ പ്രാണനാഥന്റെ പ്രാണാംശം മാത്രം. എല്ലാ ദ്വൈതവും എനിയ്ക്കന്യം. രണ്ടായിരിക്കുന്നതിലെല്ലാം ഞാന്‍ ഒന്ന് മാത്രം കാണുന്നു. ഒന്നാണ് ഞാന്‍ തേടിയത്. ഒന്നാണ് ഞാന്‍ അറിഞ്ഞത്. ഒന്നാണ് ഞാന്‍ ദര്‍ശിച്ചത്. അവനാണ് ആദ്യം; അന്ത്യവും അവന്‍. അവനാണ് പ്രത്യക്ഷം, പരോക്ഷവും അവന്‍ തന്നെ. ഇരുലോകത്തു നിന്നും  മുക്തനാണ് ഞാന്‍. പരമാനന്ദമല്ലാതെ മറ്റൊന്നും എന്നിലില്ല. സര്‍വ്വ ദ്വൈതങ്ങളെയും ഒന്നാക്കുന്ന ആനന്ദഹര്‍ഷത്തിന്റെ പ്രണയസ്വരൂപം ഞാന്‍.' - റൂമി

ബോധപ്രകാശത്തിന്റെ    ദീപ്തനിമിഷങ്ങളില്‍ കവിഞ്ഞൊഴുകുന്ന ഗുരുവചനങ്ങള്‍ പരമബോധത്തിന്റെ മഹാപ്രഭാവത്തിലേക്ക് വഴിനയിക്കുന്നതാണ്. എന്നാല്‍, ഇത്തരം വചനങ്ങള്‍ വൈജ്ഞാനിക പരിധികളില്‍ കുടുങ്ങിയ,  ജ്ഞാനത്തിന്റെ ആകാശദര്‍ശനം ലഭിക്കാത്തവരെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ ഏറെ പ്രയാസവുമാണ്.

ഒരു മതത്തിലും ഉള്‍പ്പെട്ടവനല്ല എന്ന് പറയുമ്പോള്‍, മതവാദികള്‍ ഗുരുവിനെ  മതവിരുദ്ധനെന്ന് മുദ്രകുത്തുന്നു. ഗുരു പറഞ്ഞതിന്റെ പൊരുള്‍ പിടികിട്ടാത്ത  അദ്ദേഹത്തെ സ്‌നേഹിക്കുന്ന മതവിശ്വാസികള്‍, ഈ പറഞ്ഞത് ആരോ എഴുതി ഗുരുവില്‍ ആരോപിച്ചതാണെന്ന് ആശ്വസിക്കുന്നു. ഒരു രാജ്യത്തിന്റെയും ഭാഗമല്ല താനെന്ന് ഗുരു പറയുന്നത് കേട്ട തീവ്ര രാജ്യസ്‌നേഹികള്‍ ഗുരുവിനെ രാജ്യദ്രോഹിയെന്ന് വിധിയെഴുതുന്നു. രൂപമില്ലെന്നും ശരീരമില്ലെന്നും പറയുമ്പോള്‍ 
എത്ര അപഹാസ്യം ഈ വചനങ്ങള്‍ എന്ന് യുക്തിവാദികളും വാദിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ശരീരമോ മനസ്സോ അല്ല ഞാന്‍ എന്ന് പറയുമ്പോള്‍, ശരീരമോ മനസ്സോ ഇല്ലാതാവാത്തത് പോലെ ഒരു രാജ്യത്തിന്റെയും ഭാഗമല്ലെന്ന് പറയുമ്പോള്‍ ജന്മനാടോ, ഒരു മതത്തിന്റെയും ഭാഗമല്ലെന്ന് പറയുമ്പോള്‍ ആദരവോടെ അനുശീലിച്ച മതദര്‍ശനമോ ഇല്ലാതാവുന്നില്ല. പരമമായ ബോധാവസ്ഥയുടെ പരകോടിയില്‍ മൊഴിയുന്ന വചനധാര ചിപ്പിയ്ക്കകത്തെ മുത്തുപോലെ സുഭദ്രമായി സൂക്ഷിയ്ക്കപ്പെട്ടതാണ്. മുത്തിന്റെ മൂല്യം അകമേ വഹിക്കുന്നവര്‍ക്ക് മാത്രമേ, മുത്ത് കൈയില്‍ കിട്ടിയാല്‍ പോലും സ്വന്തമാവുകയുള്ളൂ. കാരണം, ബോധത്തിന്റെ വിവിധ വിതാനങ്ങളില്‍ ഉള്ളവര്‍ ആ വചനപ്രകാശത്തെ അവരവരുടെ ജാലകങ്ങളിലൂടെ നോക്കി വിധിയെഴുതുന്നു.

എന്നാല്‍ ആകാശക്കാഴ്ച്ച ലഭിക്കുന്നൗ നിമിഷത്തില്‍ മാത്രമേ, ആ പ്രകാശദര്‍ശനത്തില്‍ മൊഴിയുന്ന ദര്‍ശനവചസ്സുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ. ഈ കാഴ്ചയിലേക്ക് ഹൃദയങ്ങളെ പാകപ്പെടുത്തുകയാണ് ഗുരുക്കന്മാര്‍  ചെയ്യുന്നത്. 

ശ്രീശങ്കരാചാര്യരുടെ ഹസ്താമലക സ്‌തോത്രത്തില്‍ ഇതുപോലെ, ബോധപൂര്‍ണ്ണതയില്‍ വഴിഞ്ഞൊഴുകുന്ന ഒരു വചനധാരയുണ്ട്:

' നാ ഹം മനുഷ്യോ, നച  ദേവ യക്ഷൗ
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രഃ 
ന ബ്രഹ്മചാരീ ന ഗൃഹീ വനസ്‌തോ 
ഭിക്ഷുര്‍ ന ചാഹം നിജബോധരൂപഃ'

' ഞാന്‍ മനുഷ്യനല്ല,  ദേവനല്ല, യക്ഷനല്ല, ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ അല്ല. ഏതൊന്നാണോ സര്‍വ്വാന്തര്യാമിയും ജ്ഞാനസ്വരൂപനുമായ 
ആത്മാവാകുന്നത്, ആ ബോധപ്രകാശമാണ് ഞാന്‍. '

അതേസമയം, ഇതേ ബോധതലത്തെ പ്രകാശിപ്പിക്കുമ്പോഴും തന്റെ സ്രോതസ്സിനെയും വഴിത്താരയെയും അത്രമേല്‍ അരുമയായി അണച്ചുപിടിക്കുന്നവരുമാണ് ഗുരുക്കന്മാര്‍. സാമാന്യ ജനതയെ വഴിനയിക്കുന്ന പ്രകാശവിളക്കുകളും അവര്‍ തന്നെയാണ്  പകര്‍ന്നുവെച്ചത്. അതേ ബോധതലത്തില്‍ നിലകൊണ്ടു തന്നെയാണ്പരിശുദ്ധ ഖുര്‍ആനിന്റെയും വിശുദ്ധ പ്രവാചകന്റെയും പ്രകാശസൗഭഗത്തെ  അറിഞ്ഞനുഭവിച്ച ഹൃദയഗുരു റൂമി  ഇങ്ങനെയും മൊഴിപകര്‍ന്നത്:

' ദിവ്യപ്രകാശനമായ വിശുദ്ധ ഖുര്‍ആനിന്റെ ഒരു വിനീതസേവകന്‍ ഞാന്‍. തിരഞ്ഞെടുക്കപ്പെട്ട പ്രണയദൂതന്‍ മുഹമ്മദ് നബിയുടെ വിശുദ്ധ വഴിയിലെ ഒരു മണ്‍തരി മാത്രം ഞാന്‍. '

ബോധസൂര്യന്റെ പ്രകാശസ്വരൂപത്തിലിരുന്നും, പ്രകാശ പ്രതിഫലനത്തിന്റെ ദീപ്തവര്‍ണ്ണങ്ങളില്‍ വിസ്മയിച്ചിരുന്നും ജ്ഞാനികള്‍ സംവദിക്കാറുണ്ട്. അത് യഥാവിധം തിരിച്ചറിയാനുള്ള വിവേകം ( Wisdom )തന്നെയാണ് യഥാര്‍ത്ഥത്തില്‍ ജ്ഞാനം. ജ്ഞാനപ്രകാശത്തെ ഉള്‍ക്കൊള്ളാനും ഒരു ജ്ഞാനഹൃദയത്തിനേ സാധിക്കുകയുള്ളൂ. ജ്ഞാനമാര്‍ഗ്ഗത്തിന്റെ പ്രണേതാവായ ഗുരു ഇബ്‌നു അറബി ആ പ്രണയപ്രകാശത്തെ മൊഴിയുന്നത് കേള്‍ക്കൂ:

' പ്രണയമാര്‍ഗ്ഗത്തെ അനുധാവനം ചെയ്യുന്നു ഞാന്‍. ആ സാര്‍ത്ഥവാഹകസംഘം എന്നെ എവിടേക്ക് നയിച്ചാലും ശരി. എന്റെ മതവും വിശ്വാസവും പ്രണയമാണ്. '

Content Highlights: Sufi Chinthakal  spiritual wisdom