'പറയുന്നവര്‍ അറിയുന്നില്ല; അറിയുന്നവര്‍ പറയുന്നുമില്ല എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. യഥാര്‍ത്ഥ ജ്ഞാനി മൗനി ആയിരിക്കുമെന്നും, മൗനിയായിരിക്കുന്നവനാണ് ശരിയായ ജ്ഞാനിയെന്നും പറയപ്പെടുന്നു. 

മൗലാ, മൗനിയായി നിശ്ശബ്ദനായി മിണ്ടാതിരിക്കലാണോ ഒരു ജ്ഞാനിയുടെ അടയാളം?

അങ്ങനെയാണെങ്കില്‍, മാനുഷ്യകത്തിന് വാക്കുകളിലൂടെയും രചനകളിലൂടെയും ജ്ഞാനപ്രകാശം പകര്‍ന്നുനല്‍കിയ പ്രവാചകന്മാരും മഹാഗുരുക്കന്മാരുമെല്ലാം ജ്ഞാനികള്‍ അല്ലാതാവില്ലേ? ഗുരുപരമ്പരയിലൂടെ വന്നെത്തിയ
വേദവചനങ്ങളും ഗ്രന്ഥസാരങ്ങളുമെല്ലാം ജ്ഞാനമല്ലെന്ന് കരുതുന്നത് എത്ര മൗഢ്യമാണ്? മൗലാ, ജ്ഞാനവും മൗനവും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധവും ശരിയായ വ്യത്യാസവും വിശദീകരിക്കാമോ?'ഒരു അന്വേഷി ചോദിച്ചു.

'ജ്ഞാനത്തിന്റെയും ധ്യാനത്തിന്റെയും പ്രണയത്തിന്റെയുമെല്ലാം സഹജത തന്നെയാണ് മൗനം. വിവേകത്തിലേക്കും ജ്ഞാനത്തിലേക്കും അടുത്തുവരുംതോറും മൗനം ഒരു ഭാവമായ്, സ്വഭാവമായ്  ഭവിയ്ക്കുന്നു.' 

മൗലാ പറഞ്ഞു തുടങ്ങി: ' സാമാന്യമായി തന്നെ, വിദ്യാര്‍ത്ഥികള്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴുള്ള ശബ്ദവും ബഹളവും വലിയ ക്ലാസുകളില്‍ എത്തുമ്പോള്‍ കുറഞ്ഞുവരുന്നത് കാണാവുന്നതാണ്.  പക്വതയും പാകതയും കൈവരുമ്പോള്‍ ശബ്ദം കുറഞ്ഞുകുറഞ്ഞ് മൗനത്തോടടുക്കുന്നു. ഉറക്കെ സംസാരിച്ചിരുന്നവര്‍ വിദ്യാസമ്പന്നരും സംസ്‌കൃതരും ആവുമ്പോള്‍ ശബ്ദത്തില്‍ മിതത്വവും വാക്കുകളില്‍ സൂക്ഷ്മതയും പുലര്‍ത്തുന്നത് സാധാരണയായി കണ്ടുവരുന്നു. ശബ്ദങ്ങളില്‍ നിന്ന് മൗനത്തിലേക്കുള്ള ഗതിമാറ്റം സംസ്‌കാരത്തിന്റെയും സംസ്‌കരണത്തിന്റെയും അടയാളമാണ്. 

Representational Image
Representational Image- pixabay

എന്നാല്‍ മൗനം എന്നത് വാക്കുകള്‍ ഉരിയാടാതിരിക്കലോ നിശ്ശബ്ദത പാലിക്കലോ മാത്രമല്ല. അതിനപ്പുറം, സമ്പൂര്‍ണമായ നിറവിലും തിരിച്ചറിവിലും ഉള്ളടങ്ങുമ്പോള്‍ നിറഞ്ഞു വിരിയുന്നതാണ്  മൗനം. ആ മൗനത്തില്‍ നിന്നാണ് ആത്മാവുള്ള വാക്കുകള്‍ പിറവി കൊള്ളുന്നത്.

വാക്കുകള്‍ക്കു അദൃശ്യമായ ഒരാത്മാവുണ്ട്; അതിനെയാണ് നാം മൗനമെന്നു വിളിക്കുന്നത് എന്ന് മിസ്റ്റിക് എഴുത്തുകാരി സുധ എഴുതിയിട്ടുണ്ട്. അതേ മൗനത്തിന്റെ വിമൂക വിശ്രാന്തിയില്‍ നിന്നാണ് സര്‍ഗ്ഗസിദ്ധിയുള്ള വാക്കുകളും സംഗീതവും ഗാനങ്ങളുമെല്ലാം ജനിക്കുന്നത്. 

മൗനത്തിന്റെ ഉറവയില്‍ നിന്ന് പാനം ചെയ്തവന് മാത്രമേ ഹൃദയത്തില്‍ നിന്ന് ഗാനം ആലപിക്കാനാവൂ എന്ന് ഖലീല്‍ ജിബ്രാന്‍ മൊഴിഞ്ഞതും ഇതേ മൗനദര്‍ശനത്തിന്റെ മിന്നായത്തില്‍ നിന്നാണ്. 

മൗനത്തിന്റെ ആഴങ്ങളെ ഹൃദയം കൊണ്ട് അനുഭവിച്ചു അറിയുമ്പോഴാണ് ഒരാള്‍ ധ്യാനനിരതനാകുന്നത്. ദൈവികതയുടെ വിമൂകശ്രുതികള്‍ ആത്മാവില്‍ തെളിയുന്നത് ആ മൗനനിമിഷങ്ങളിലാണ്. 

റൂമി മൗനിയായ് മൊഴിയുന്നു:

' ശ്രവിയ്ക്കുക മൗനം; ഏറെ മൊഴിയാനുണ്ട് മൗനത്തിന്.. '
മൗനിയായ്, മിഴികള്‍ അകത്തേക്കു തുറന്ന്,  
നിന്നില്‍ മറഞ്ഞിരിക്കുന്ന പൂര്‍ണ്ണ ചന്ദ്രനെ ദര്‍ശിക്കുക
. '

അപാരതയില്‍ മൗനം ശ്രവിച്ചു, മൗനസാഗരത്തിന്റെ ആഴങ്ങളില്‍ നിന്ന് അമൂല്യമായ മുത്തുകളെടുത്ത് വാക്കിലൊതുക്കി ഹൃദയവിനിമയം ചെയ്യുന്നവരാണ് പ്രവാചകന്മാരും ഗുരുപരമ്പരയും കവികളുമെല്ലാം. ഇത്രയും പറഞ്ഞു മൗലാ ഒരു ദീര്‍ഘ മൗനത്തിലേക്ക് പിന്‍വാങ്ങി. പിന്നീട്, ആ ഹൃദയസ്വരങ്ങള്‍ ഇങ്ങനെ മൊഴിഞ്ഞു:

' വാക്കുകള്‍ മൊഴിയാതിരിക്കലല്ല മൗനം; 
വാക്കിന്റെ ഉള്ളറിഞ്ഞു 
ഉറവിടത്തില്‍ ഉണര്‍ന്നിരിക്കലാണത്. 
ആ മൗനിയാണ് മുനി. 
മുനി മൊഴിയുന്നതും മൊഴിയാത്തതും മൗനം.'

Content Highlights: Sufi Chinthakal, Silence is not mute