യോജനീസിനെപ്പോലെ പകല്‍വെളിച്ചത്തില്‍ റാന്തലുമായി അലയുകയാണ് മൗലാ. ' ഈ മധ്യാഹ്നത്തില്‍ അങ്ങ്  ആരെയാണ്  വിളക്ക് കത്തിച്ചു തിരയുന്നത് ?'അന്വേഷി ചോദിച്ചു. 

കുറച്ചുനേരം കണ്ണടച്ചിരുന്ന മൗലാ, തീക്ഷ്ണമായ മിഴികളുയര്‍ത്തി പറഞ്ഞു: ' മതവിശ്വാസത്തിന്റെ പേര് പറഞ്ഞു ക്രുദ്ധനായി വാളോങ്ങി മിത്രത്തെപ്പോലും ശത്രുവാക്കുന്ന വിഡ്ഢികളെയല്ല; സ്‌നേഹമതത്തിന്റെ പേരില്‍ കാരുണ്യത്തിന്റെ കൈത്തിരിയുമായി ചെന്ന് ശത്രുവിനെപ്പോലും മനുഷ്യസ്‌നേഹിയാക്കുന്ന അലിവുള്ള ആത്മാവ് തേടി അലയുകയാണ് ഞാന്‍. 

രാജ്യസ്‌നേഹത്തിന്റെ പേര് പറഞ്ഞു സ്വന്തം സഹോദരന് നേരെ പോലും കൊലവിളി നടത്തുന്നവനെയല്ല; മറിച്ച്,  സ്‌നേഹരാജ്യത്തിനായി അന്യനെപ്പോലും ആശ്ലേഷിച്ചു സ്‌നേഹിതനാക്കാന്‍ കഴിയുന്ന ഹൃദയമുള്ള ഒരു  മനുഷ്യനെ തിരയുകയാണ് ഞാന്‍. '

സ്വല്‍പ്പനേരം മൗനിയായി നിന്ന ശേഷം, മൗലാ തുടര്‍ന്നു:' ആള്‍ക്കൂട്ടങ്ങളുടെ ആരവങ്ങള്‍ക്കും ഹുങ്കാരത്തിനുമിടയില്‍ ആത്മബോധം നഷ്ടപ്പെട്ടു, മനസ്സ്  വന്യമായിത്തീര്‍ന്ന  മൃഗങ്ങള്‍ക്കിടയില്‍ ഏതെങ്കിലും മനുഷ്യന്‍ ഇനിയും ബാക്കിയുണ്ടോ എന്ന് തിരയുകയാണ് ഞാന്‍.'

'ദിവാനെ ശംസ് തബ്രീസി'ലെ റൂമിയുടെ പേര്‍ഷ്യന്‍  കാവ്യശകലം മൗലാ ഉച്ചത്തില്‍ പാടി. അതിന്റെ അര്‍ത്ഥം ഇങ്ങനെ ആയിരുന്നു:

'ആത്മജ്ഞാനി 
കൈയിലൊരു റാന്തലുമായി 
പകല്‍വെളിച്ചത്തില്‍ 
എന്തോ പറഞ്ഞുകൊണ്ട് 
ആരെയോ തിരയുന്നുണ്ടായിരുന്നു.
ഈ വന്യമൃഗങ്ങളെ 
കണ്ടു ഞാന്‍ ക്ഷീണിച്ചു. 
ഒരു യഥാര്‍ത്ഥ 
മനുഷ്യന്‍ 
എവിടെയാണുള്ളത്?'

നടത്തം നിര്‍ത്തിയ മൗലാ, കുറച്ചു സമയം ശാന്തനായി നിന്നുകൊണ്ട് തുടര്‍ന്നു: ' ഒരു വിശ്വാസധാരയില്‍ ജന്മംകൊണ്ടു എന്ന ഒറ്റക്കാരണത്താല്‍, ആ വിശ്വാസവഴികള്‍ മാത്രമാണ് ശരിയെന്ന് ധരിച്ചു ജീവിക്കുന്നവരാണ് മഹാഭൂരിപക്ഷം വിശ്വാസികളും. മാത്രമല്ല, ജന്മം കൊണ്ട് മറ്റു വിശ്വാസ വിഭാഗങ്ങളില്‍ പെട്ടു പോയവരെല്ലാം അവിശ്വാസികളും വഴിപിഴച്ചവരുമാണെന്നും ആ വിശ്വാസികളില്‍ വലിയൊരു വിഭാഗം വിശ്വസിക്കുന്നു. 

സാത്വികരും ധാര്‍മ്മികരും വിശുദ്ധരുമായി ജീവിക്കുന്ന മറ്റു വിഭാഗങ്ങളില്‍പ്പെട്ട സഹോദരങ്ങള്‍, തെറ്റായ വിശ്വാസത്തിന്റെ പേരില്‍ വെറുക്കപ്പെട്ടവരും നരകാവകാശികളും ആണെന്ന് വിശ്വസിച്ചു സ്വന്തം ജന്മത്തിലും വിശ്വാസത്തിലും അഹന്ത നടിക്കുന്നവനെക്കാള്‍ മൃഗസമാനന്‍ മറ്റാരാണ് ?' വളരെ രോഷത്തോടെ ഇത്രയും പറഞ്ഞ മൗലാ ഒരു ഖുര്‍ആന്‍ വചനം ഉച്ചത്തില്‍ ഓതി: 

' ലഖദ് ഖലഖ്‌നല്‍ ഇന്‍സാന ഫീ അഹ്‌സനി തഖ് വീം. 
സുമ്മ റദദ്‌നാഹു അസ്ഫല സാഫിലീന്‍. 

- അത്യുന്നതമായ ആത്മസ്വരൂപത്തില്‍ നാം മനുഷ്യന് പിറവി നല്‍കി. പിന്നെ നാം അവനെ അധമരില്‍ അധമനാക്കി.'

സൂക്ഷിച്ചു തിരഞ്ഞാല്‍, ഏറ്റവും അധമമായ വന്യമൃഗത്തെ നമ്മില്‍ തന്നെ നമുക്ക്  കണ്ടെത്താനാവും. അത്രമേല്‍ വന്യതയുടെ ക്രൗര്യഭാവങ്ങള്‍ നമ്മുടെ അന്ധമായ വിശ്വാസ ബോധത്തിന് പിറകില്‍ മറഞ്ഞിരിപ്പുണ്ട്. അവയെ വിളക്ക് തെളിച്ചു കണ്ടെത്തിയാല്‍ മാത്രമേ, അത്യുന്നതമായ ആത്മസ്വരൂപത്തിന്റെ പ്രകാശം അതേ പ്രതലത്തില്‍ തന്നെയാണ് പിറവി കൊണ്ടിരുന്നതെന്ന് തിരിച്ചറിയാനെങ്കിലും നമുക്ക്  കഴിയൂ.

Content Highlights: Sufi Chinthakal, Religion, Faith, and wolld