സാന്ധ്യമേഘങ്ങള്‍ ആലസ്യത്തോടെ ആകാശത്ത് പറന്നു നീങ്ങുന്നു. കടല്‍ത്തീരത്തെ ചക്രവാളസീമയില്‍, ഒരു മനോഹരചിത്രം പോലെ പക്ഷികള്‍ വലംവയ്ക്കുന്നു. അതിനിടയില്‍, തന്നെ തഴുകി കടന്നു പോകുന്ന ഇളംകാറ്റിന്റെ മോഹനമായ മൃദുസ്പര്‍ശം പോലുമറിയാതെ, ആകാശമോ കടലലകളോ കാണാതെ ഒരു മനുഷ്യന്‍ ഓടിക്കൊണ്ടിരിക്കുന്നു. 

തീരത്ത് നൃത്തം ചെയ്തു വന്നു നിറയുന്ന തിരമാലകളെയോ, പ്രകാശവര്‍ണങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന മാരിവില്ലുകള്‍ തീര്‍ത്ത്, കടലുമായി ഇഴചേര്‍ന്ന് ഒന്നായി മറയുന്ന അസ്തമയസൂര്യനെയോ അയാള്‍ കണ്ടതേയില്ല.

ഒരു മതസംഘടനയുടെ സമ്മേളനത്തിലേക്ക് കുതിച്ചോടുകയായിരുന്നു അയാള്‍. ആയിരങ്ങള്‍ തടിച്ചുകൂടുന്ന സമ്മേളനത്തില്‍ പുരോഹിത നേതാവിന്റെ പ്രാര്‍ഥനയില്‍ പങ്കെടുത്തു സായൂജ്യമടയാന്‍ ബദ്ധപ്പെട്ട് ഓടുകയാണ് ആ പാവം മനുഷ്യന്‍.

അതേ സമയത്ത്, കാറ്റിനെയും കടലിനെയും അറിഞ്ഞു ആ തീരത്ത് വിശ്രാന്തനായി ഇരിയ്ക്കുകയാണ് മൗലാ. വിഹ്വലനായി, വെപ്രാളപ്പെട്ട് ഓടുന്ന ആ മനുഷ്യനെ നോക്കി സഹചാരിയായ ആത്മാന്വേഷി മൗലായോട് ഇങ്ങനെ ചോദിച്ചു: 'എന്തുകൊണ്ടാണ് സാമാന്യ ജനം ആള്‍ക്കൂട്ടങ്ങളില്‍ അഭിരമിക്കുന്നത്? ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി അമിതശബ്ദത്തെയും അതിപ്രകാശത്തെയും അവര്‍ ആവേശപൂര്‍വ്വം കൊണ്ടാടുന്നതെന്തിന്? 

Sufi Chinthakal
Image- Pixabay

ആത്മബോധത്തെ വിസ്മൃതിയിലാഴ്ത്തി, ആവേശവും ആക്രമണോത്സുകതയും പടര്‍ത്തുന്ന ഒരു തരം വിഭ്രമാവസ്ഥ സൃഷ്ടിയ്ക്കപ്പെടുന്നത് കൊണ്ടാണ് സാമാന്യ മനസ്സ് അത്രയധികം ആള്‍ക്കൂട്ടത്തില്‍ അഭിരമിക്കുന്നത്.'

മൗലാ പറഞ്ഞു തുടങ്ങി: 'ആള്‍ക്കൂട്ടത്തിന്റെ ആ വിഭ്രാന്തിയില്‍, കാഴ്ചയും കേള്‍വിയുമെല്ലാം ഉച്ചസ്ഥായിയില്‍ ഉദ്ദീപിപ്പിക്കപ്പെടുമ്പോള്‍ മാത്രമേ, കൊടുമുടി കയറുന്ന ആവേശത്തില്‍ ആത്മവിസ്മൃതി പൂര്‍ണമാവൂ. ആ ആള്‍ക്കൂട്ടത്തെ ഏത് വിശ്വാസത്തിന്റെ അടിമകളാക്കാനും, ഏത് രീതിയില്‍ വരുതിയില്‍ നിര്‍ത്താനും എളുപ്പമാണ്. ഇതിന് നേതൃത്വം നല്‍കുന്നവര്‍ ഉയര്‍ന്ന ശബ്ദത്തില്‍, ഒരേ താളത്തില്‍ 'മാസ് ഹിപ്‌നോട്ടിക്' പ്രഭാഷണങ്ങളും പ്രാര്‍ത്ഥനകളും നടത്തുന്നതും ഇതേ ലക്ഷ്യത്തോടെയാണ്.'

മൗലാ വിശദീകരിച്ചു: 'അരക്ഷിതമായ മനസ്സുള്ളവര്‍ക്ക് എപ്പോഴും കൂട്ടത്തിന്റെ ഭാഗമായി മാത്രമേ നിലനില്‍ക്കാനാവൂ. അല്ലാതെ നിലകൊള്ളുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എപ്പോഴും അരക്ഷിതത്വം വേട്ടയാടുന്ന മാനുകളും ആടുകളുമെല്ലാം കൂട്ടമായാണ് നടക്കുക. എന്നാല്‍ സിംഹം ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടപ്പെടുന്നത്. '

മൗലാ തുടര്‍ന്നു: 'അതുകൊണ്ടാണ് അരക്ഷിത മനസ്സുള്ള സാമാന്യ മനുഷ്യര്‍ കൂട്ടപ്രാര്‍ത്ഥനകളിലും തീര്‍ത്ഥാടന സംഗമങ്ങളിലും സമ്മേളനങ്ങളിലും ഉത്സവങ്ങളിലും പെരുന്നാളുകളിലും പൂരങ്ങളിലുമെല്ലാം നിറഞ്ഞുകവിയുന്നത്. ഇവര്‍ ആന്തരികമായി അന്ധരും അക്രമണോത്സുകരും അസഹിഷ്ണുക്കളുമാകുന്നതും ഇതേ ആത്മബോധത്തിന്റെ അഭാവത്തിലാണ്.

അവര്‍ ഒരു കാര്യത്തെയും സ്വന്തമായി വീക്ഷിക്കുകയോ, ഒന്നിനെക്കുറിച്ചും സ്വതന്ത്രമായി ചിന്തിക്കുകയോ ഇല്ല. പിന്തുടരുന്ന ആശയത്തിന്റെയോ നേതാവിന്റെയോ ചിന്തകള്‍ക്ക് തന്റെ ബോധത്തെയും ബുദ്ധിയെയും അവര്‍ പോലുമറിയാതെ പണയപ്പെടുത്തിയിട്ടുണ്ടാവും. അബോധത്തില്‍ ജീവിക്കുന്നവര്‍ എക്കാലവും എന്തിന്റെയെങ്കിലും അടിമയും വിധേയനുമായിരിക്കും. 

sufiഎന്നാല്‍, തന്റെ സ്വത്വത്തില്‍ അവബോധത്തോടെ നിലകൊള്ളുന്നവന്‍ സ്വതന്ത്രനും മൗലികതയുള്ളവനുമായിരിക്കും. അത്തരത്തിലുള്ളവരുടെ ആധ്യാത്മികതയാണ് ദൈവികതയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് പ്രവാചകന്മാര്‍ക്കും ഗുരുപരമ്പരക്കുമെല്ലാം ബോധോദയവും ദൈവിക വെളിപാടുകളും ഏകാന്തധ്യാനങ്ങളില്‍ ലഭിക്കുന്നത്.'

മൗലാ ഇങ്ങനെ അവസാനിപ്പിച്ചു: 'അബോധത്തില്‍ അഭിരമിയ്ക്കുന്ന ആള്‍ക്കൂട്ടങ്ങളില്‍ നിന്ന്, ആത്മബോധവും ദൈവസാന്നിധ്യവും അനുഭവപ്പെടുന്ന ഏകാന്തനിമിഷങ്ങളെ പ്രണയിച്ചു തുടങ്ങുമ്പോഴാണ് ഒരാള്‍ ആധ്യാത്മികതയുടെ യഥാര്‍ത്ഥ രുചി അറിയാന്‍ തുടങ്ങുന്നത്.

നമ്മില്‍ ബോധപ്രകാശം പകരുന്നു റൂമി:

' എന്റെ പ്രണയമേ, 
നീയില്ലാത്ത ഒരു നിമിഷാര്‍ധമെങ്കിലും ഞാന്‍ ജീവിച്ചെങ്കില്‍, 
ആ നിമിഷത്തെ ഓര്‍ത്ത് ജീവിതം മുഴുവന്‍ ഞാന്‍ പശ്ചാത്തപിച്ചേനെ. 

എന്റെ പ്രാണനാഥാ, 
നിന്നോടൊപ്പമുള്ള ഒരു നിമിഷത്തിന്റെ നിര്‍വൃതി മതിയെനിക്ക്, 
ജീവിതം മുഴുവന്‍ ഹര്‍ഷോന്മാദിയായ് നൃത്തം ചെയ്യാന്‍.'