'ങ്ങ് സദാ പ്രണയത്തെക്കുറിച്ചും (ഇശ്ഖ് ), ജ്ഞാനത്തെക്കുറിച്ചും (മഅരിഫത്ത് ) സംസാരിക്കുന്നു.യഥാര്‍ത്ഥത്തില്‍, ജ്ഞാനമാണോ പ്രണയമാണോ കൂടുതല്‍ വിശിഷ്ടമായത്? 'ഒരു ആത്മാന്വേഷി മൗലായോട് ചോദിച്ചു. 

'അധ്യാത്മവഴിയില്‍ നിരവധി പേരെ സംശയത്തിലാക്കിയ ചോദ്യമാണിത്. ഓരോരുത്തരും അവരുടെ ആഭിമുഖ്യത്തിനനുസരിച്ച് ഉത്തരം കണ്ടെത്തുകയാണ് പതിവ്.'

മൗലാ പറഞ്ഞുതുടങ്ങി: 'കാല്‍ നൂറ്റാണ്ട് മുമ്പ് ഒരു സൂഫിയോട് ബുദ്ധിജീവിയായ ഒരു  സുഹൃത്ത് ഇതേ ചോദ്യം ചോദിച്ചു. സൂഫിയുടെ മുറിയില്‍ രാത്രി സംവാദങ്ങള്‍ക്ക് ഒടുവിലായിരുന്നു ഈ വിഷയം ചര്‍ച്ചയായത്. പ്രണയത്തിന്റെ പക്ഷത്ത് സൂഫിയും ജ്ഞാനത്തിന്റെ പക്ഷത്ത് നിന്ന് ബുദ്ധിജീവിയും സുദീര്‍ഘമായി വാദിച്ചു. 

ഒടുവില്‍, എന്നത്തേയും പോലെ പഴയ ഹിന്ദിഗാനങ്ങളുടെ കാസറ്റ് വെച്ച് അവര്‍ ഉറങ്ങാന്‍ കിടന്നു. സൂഫി ഉടനെ ഉറങ്ങിപ്പോയി. ഈ വിഷയം തന്നെ ചിന്തിച്ച്, ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് ബുദ്ധിജീവി. 
പൊടുന്നനെ, ടേപ്പ് റെക്കോര്‍ഡറില്‍ കാസറ്റ് കുടുങ്ങി, ഒരു വരി തന്നെ ആവര്‍ത്തിച്ചു പാടിക്കൊണ്ടിരിക്കുന്നു.

ഒരു വെളിപാട് പോലെ ആ വരികള്‍ കേട്ട ബുദ്ധിജീവി സ്വസ്ഥനായി കിടന്നുറങ്ങി. ഇങ്ങിനെയായിരുന്നു ആ വരി :

love
representational Image-Pixabay

 'മഹബ്ബത്ത് കെ സിവാ കുച്ച് ഭീ നഹീം.'- പ്രണയമല്ലാതില്ല മറ്റൊന്നുമീ ഉലകില്‍... 
ഇത്രയും പറഞ്ഞുനിര്‍ത്തിയ മൗലാ, സ്വല്പനേരത്തെ മൗനത്തിനു ശേഷം തുടര്‍ന്നു:

'ജ്ഞാനം പ്രണയം തന്നെയാണ്. അല്ലെങ്കില്‍ പ്രണയമില്ലാത്ത ജ്ഞാനം, ജ്ഞാനമേ  ആകുന്നില്ല. നമ്മുടെ മാര്‍ഗ്ഗത്തില്‍ പ്രണയമെന്നത് (ഇശ്ഖ് )അനശ്വര പ്രകാശത്തില്‍ (നൂറുന്‍ അലാ നൂര്‍ )നിന്നുള്ള അപാരമായ കൃപയുടെ  ഹൃദയാനുഭവമാണ്. ആ പ്രകാശം (നൂര്‍ ) കൃപയായി (റഹ് മത്ത് ) വെളിപ്പെടുമ്പോഴുള്ള അഭിവാഞ്ഛയും ആനന്ദവുമാണ് പ്രണയം. 

യഥാര്‍ത്ഥത്തില്‍, പ്രണയമില്ലാത്ത വൈജ്ഞാനികതയില്‍ വിവരവും അറിവും ശാസ്ത്രവും തത്ത്വശാസ്ത്രവും എല്ലാമുണ്ടാവും.  എന്നാല്‍, അത് ജ്ഞാനമാകുന്നത്  പ്രണയം നിറഞ്ഞു കൃപയും പ്രകാശവുമായി വിളങ്ങുമ്പോഴാണ്. 
കാരണം, യഥാര്‍ത്ഥ പ്രണയികളാണ് ആത്മജ്ഞാനം സംവഹിക്കുന്നവര്‍. ജ്ഞാനനിഷേധികള്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രണയമോ ജ്ഞാനമോ ഇല്ല. 

ആത്മാന്വേഷികളുടെ ഇരുചിറകുകളാണ് പ്രണയവും ജ്ഞാനവും;ദൈവികതയുടെയും. ഒറ്റച്ചിറകുമായി പക്ഷികള്‍ പിറക്കാറില്ല; പറക്കാറുമില്ല.'

മൗലാ ഉപസംഹരിച്ചു:'ഹൃദയാനുഭവമായി പ്രണയം ഉറവയെടുത്താല്‍ പിന്നെ, ജ്ഞാനപ്രവാഹം കൂട്ടുണ്ടാവും; അപാരതയുടെ ദിവ്യസാഗരത്തിലലിയും വരെ. ജ്ഞാനമാണ് പ്രണയത്തെ വഴിനയിക്കുന്നത്; ജ്ഞാനത്തിനു വഴിയൊരുക്കുന്നത് പ്രണയവും. '

sufiസര്‍വ്വ അറിവുകളില്‍ നിന്നും മുക്തമായ, നിശൂന്യ പ്രണയ ഹൃദയത്തിനു മാത്രമേ ജ്ഞാനപ്രകാശം സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. 

ആ ജ്ഞാനം വെളിപ്പെട്ടാല്‍ പിന്നെ അതുവരെ പഠിച്ചുവെച്ച അറിവുകളെല്ലാം വ്യര്‍ത്ഥം. ആത്മജ്ഞാനികള്‍ക്ക് മുന്നില്‍ അറിവുകള്‍ സമാഹരിച്ചവന്‍  വെറും പണ്ഡിതന്‍. അവന്റെ വിജ്ഞാനീയങ്ങളെല്ലാം ആ പ്രകാശജ്യോതിസ്സിനു മുന്നില്‍ അര്‍ത്ഥശൂന്യം!

വിവിധ ആധ്യാത്മ ധാരകളിലെ ഗുരുപരമ്പരകളെല്ലാം ഒരേ ജ്ഞാന സ്രോതസ്സിനെ സ്ഥിരീകരിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് അയ്യാ വൈകുണ്ഠനാഥരുടെ ഈ വരികള്‍ :

'തന്നെ അറിന്തതുണ്ടാല്‍ 
തലൈവനെ നീ അറിവായ് മകനേ !'

'സ്വയം (ആത്മസ്വരൂപത്തെ ) അറിഞ്ഞു കഴിഞ്ഞാല്‍ നീ  ദൈവത്തെ അറിഞ്ഞു കഴിഞ്ഞു മകനേ.'

ദ്വൈതബോധത്തില്‍ നിന്ന്, ഏകത്വം അനുഭവിക്കുന്ന പ്രണയത്തിന്റെ പരകോടിക്ക് മാത്രമേ സ്വസ്വരൂപത്തെ അറിയാനാവൂ. 
അവിടെയാണ് ജ്ഞാനത്തിന്റെ പൂര്‍ണ്ണപ്രകാശനം

അയ്യാ വൈകുണ്ഠനാഥര്‍ ആ ആത്മാനുഭവത്തെ അതിമനോഹരമായി ഇങ്ങനെ വാക്കുകളില്‍ ഒതുക്കുന്നു :

'നാനാനോം നാനാനോം, 
താനാനോം താനാനോം!'

'ഞാന്‍ അതായി. 
അത് ഞാനായി. 
ഭേദഭാവം ഇല്ലാതായി.
തത്പദം ദര്‍ശിച്ചു. '

പ്രണയപൂര്‍ണതയില്‍ അപാരതയുടെ പൊരുളറിഞ്ഞ റൂമി ആ ജ്ഞാനാനുഭവത്തെ അതിലളിതമായി ഇങ്ങനെ വെളിപ്പെടുത്തുന്നു:

' നീ കരുതുന്നുവോ, 
എന്റെ കര്‍മ്മങ്ങള്‍ 
എന്റെ അറിവിലധിഷ്ഠിതമെന്ന് ?
എന്റെ ശ്വാസവും 
നിശ്വാസവും 
എന്റെ കര്‍മ്മമെന്ന് ?
എഴുതുന്നതെന്തെന്ന് 
ഒരു പേനക്ക് അറിയുന്നത് 
എത്രയാണോ, 
ഏത് ലക്ഷ്യത്തിലേക്കാണ് 
കുതിക്കുന്നതെന്ന് 
ഒരു പന്തിനു അറിയുന്നത് എത്രയോ 
അത്രമാത്രം ഈ ഞാനും. '