അദ്ദേഹം ഒരു സ്‌നേഹവാനായ പിതാവായിരുന്നു. മാതാവും അങ്ങനെത്തന്നെ. അവര്‍ ഒന്നും നാളേക്കു മാറ്റിവെക്കാറില്ല. ചെയ്യേണ്ടതെല്ലാം അപ്പപ്പോള്‍ ചെയ്യും. മക്കള്‍ക്ക് സമയം കൊടുക്കുന്നതില്‍ അവര്‍ വീഴ്ച വരുത്തിയില്ല. പല പ്രായത്തിലായി നാലു മക്കളായിരുന്നു അവര്‍ക്ക്. എത്ര തിരക്കുള്ള ജോലിയിലാണെങ്കിലും ആഴ്ചയില്‍ ഒരു ദിവസം മക്കളുടെകൂടെ ചെലവഴിക്കാന്‍ സമയം കണ്ടെത്തി. പുസ്തകങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും ലോകത്തു നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചും മക്കളുമായി സംവദിച്ചു. സ്വതന്ത്രമായി ചിന്തിക്കാനുള്ള ഇടം അവര്‍ക്ക് നല്‍കി. നാലു വ്യക്തികള്‍ എന്ന രീതിയിലാണ് അവര്‍ മക്കളോട് പെരുമാറിയത്. സ്വന്തം അഭിപ്രായം അതെന്തായാലും ഒരു ഭയവും മടിയും കൂടാതെ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കിടയിലുണ്ടായിരുന്നു.

ഒരു ദിവസം തന്റെ ആറു വയസ്സ് പ്രായമുള്ള മകനെയും കൂട്ടി അദ്ദേഹം പോയത് മലനിരകളാലും താഴ്വരകളാലും വിശാലമായ ഇടത്തേക്കായിരുന്നു. ഒരിടത്ത് ബസിറങ്ങി അവര്‍ നടന്നു. മലഞ്ചെരുവിലൂടെ നടക്കുമ്പോള്‍ മലകളും കുന്നുകളും താഴ്വരകളും എങ്ങനെയാണുണ്ടായതെന്ന് അവന്‍ ചോദിച്ചു. തന്റെ പരിമിതമായ അറിവാണെന്ന ആമുഖത്തോടെ അദ്ദേഹം ഭൂമിയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ലളിതമായി അവനോട് സംസാരിച്ചു. നടന്നുക്ഷീണിക്കുമ്പോള്‍ പാറക്കല്ലിലിരുന്ന് കാറ്റകൊണ്ടു. ഒരു ധൃതിയുമില്ലാതെ നടന്നുനടന്ന് അവര്‍ മലമുകളിലെത്തി.

അവന് സന്തോഷമായി. ഇത്രയും ഉയരത്തിലേക്ക് ആദ്യമായാണ് അവന്‍ പോകുന്നത്. സന്തോഷംകൊണ്ട് അവന്‍ തുള്ളിച്ചാടി. അറിയാതെ അവന്‍ കൂകിപ്പോയി. ആ കുഞ്ഞുശബ്ദം മലകളില്‍ തട്ടി പ്രതിധ്വനിച്ചു. തന്റെ കൂകല്‍ കേട്ട് ആരോ തിരിച്ചു കൂകുന്നത് അവനില്‍ കൗതുകമുണര്‍ത്തി. അവന്‍ വീണ്ടും ഉച്ചത്തില്‍ കൂകി. അതേപോലെ കൂകല്‍ തിരിച്ചുവന്നു. അവനതു തുടര്‍ന്നു. പിന്നെ അവന്‍ ടാ എന്നു വിളിച്ചു. അതേ വിളി തിരിച്ചും കേട്ടു. അവന് ദേഷ്യം വന്നു. പോടാ പട്ടീ... എന്നവന്‍ ദേഷ്യത്തില്‍ കൂകി. തിരിച്ചും അതേവിളി. സങ്കടവും ദേഷ്യവും സഹിക്കാനാകാതെ അവന്‍ അറിയാവുന്ന മോശം വാക്കുകളെല്ലാം വിളിച്ചുകൂകി. അതിനെല്ലാം അതേ മറുപടികേട്ട് അവന്‍ ക്ഷീണിച്ചു.

സങ്കടം താങ്ങാനാകാതെ എല്ലാം മാറിയിരുന്ന് കേട്ടുകൊണ്ടിരുന്ന പിതാവിന്റെ അടുത്തേക്ക് അവന്‍ നടന്നു. നമുക്കു പോകാം, അച്ഛാ. ഈ സ്ഥലം നല്ലതല്ല. ഇവിടെ ഒരു ചീത്ത ആളുണ്ട്. എന്നെ കുറെ ചീത്തവിളിച്ചു. എനിക്കു സങ്കടായി. ഇനി ഇവിടെ നിക്കണ്ട. നമുക്കു പോകാം.

അദ്ദേഹം മകനെ ചേര്‍ത്തു പിടിച്ചു. എന്നിട്ടു പറഞ്ഞു: മോനേ, നീ വിചാരിക്കുന്നതുപോലെ അത്ര മോശമൊന്നുമല്ല അയാള്‍. നീ ഒരു കാര്യം ചെയ്യ്. അവിടെ ചെന്നുനിന്ന് സുഖമാണോ എന്ന് സ്‌നേഹത്തോടെ ഉറക്കെ ചോദിച്ചു നോക്കൂ. 

മനസ്സില്ലാമനസ്സോടെ അവന്‍ മലയുടെ അറ്റത്തു ചെന്നുനിന്ന് ഉറക്കെ വിളിച്ചു ചോദിച്ചു: ''സുഖമാണോ?''

അതേ സ്വരത്തില്‍, അതേ ഭാവത്തില്‍ ചോദ്യം തിരിച്ചു വന്നു. അവന് സന്തോഷമായി. വീണ്ടും അവന്‍ പറഞ്ഞു: ''എനിക്കിഷ്ടാ ട്ടാ.''

അതേ ഉത്തരം തിരിച്ചുവന്നു. ''എനിക്കിഷ്ടാ ട്ടാ... ഉമ്മ...'' സന്തോഷത്തോടെ അവന്‍ വിളിച്ചു പറഞ്ഞു.

അവനും ഉമ്മ തിരിച്ചു കിട്ടി. പിന്നെ അവര്‍ കുറെനേരം സംസാരിച്ചും. ആഹ്ലാദത്തോടെ തിരിച്ചുവന്ന മകന്‍ പറഞ്ഞു: ''അങ്കിള്‍ നല്ല ആളാ അച്ഛാ.. നമ്മള്‍ പറയുന്നത് അതേപോലെ പറയും. നമുക്കിവിടെ ഇനിയും വരണം. നമ്മള്‍ നല്ലതു പറഞ്ഞാല്‍ അങ്കിളും നല്ലതു പറയും. അപ്പോ നമ്മളിനി നല്ലതു പറഞ്ഞാ മതി, ല്ലേ?''

ആ പിതാവ് ചിരിച്ചുകൊണ്ട് അവന്റെ തലയില്‍ തലോടിയിട്ടു പറഞ്ഞു: ''അതെ, മോനേ. നമ്മള്‍ നല്ലതു പറഞ്ഞാല്‍ നമുക്കും നല്ലതു കേള്‍ക്കാം. നാം സ്‌നേഹിച്ചാല്‍ നമ്മളെയും സ്‌നേഹിക്കും.''

എന്തോ ആഴത്തില്‍ മനസ്സിലാക്കിയതുപോലെ ആ കൊച്ചു മോന്‍ തല കുലുക്കി. അവര്‍ മെല്ലെ. മലയിറങ്ങി വീട്ടിലെത്തി.

എത്ര വലിയ പാഠമാണ് ആ കുഞ്ഞിന് ലഭിച്ചത്. വളരെ മുതിര്‍ന്നിട്ടും നമുക്ക് കിട്ടാതെപോയതോ കിട്ടിയിട്ടും വേണ്ടത്ര പ്രയോജനപ്പെടുത്താതെ പോയതോ ആയ ജ്ഞാനം. അറിഞ്ഞത് എന്തുകൊണ്ടാ നമുക്ക് ജീവിതത്തിലേക്ക് സ്വാംശീകരിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ എന്നെന്നും വിഷാദത്തിലും വിരസതയിലും ജീവിച്ചു തീര്‍ക്കേണ്ടിവരുന്നു. എത്ര ഉദാത്തമായി ചിന്തിച്ചാലും ചിന്ത വാക്കായും കര്‍മമായും പുറത്തേക്കൊഴുകിയാലേ സമാധാനം പ്രതിധ്വനിയായി ഹൃദയത്തെ സമ്പുഷ്ടമാക്കുകയുള്ളൂവെന്ന് നാം അറിയേണ്ടതുണ്ട്. പറഞ്ഞുപോയ മോശമായ വാക്കുകള്‍, കര്‍മങ്ങള്‍ എത്ര ആഴത്തിലാണ് പറഞ്ഞവരെയും കേട്ടവരെയും കലുഷമാക്കിയിട്ടുള്ളതെന്ന് നമ്മോട് ആരും പറഞ്ഞുതരേണ്ടതില്ല. നമ്മുടെ ഭൂതകാലത്തേക്ക് നാം തിരിഞ്ഞുനോക്കിയാല്‍ മാത്രം മതി.

ജീവിതത്തിന്റെ എല്ലാ രസവും നിറഞ്ഞിരിക്കുന്നത് മര്യാദയില്‍ത്തന്നെയാണ്. നോക്കിലും വാക്കിലും സൗമ്യതയും സ്‌നേഹവും പുലര്‍ത്താനായാല്‍ നമ്മിലെയും നാം ഇടപെടുന്നവരിലെയും കാര്‍ക്കശ്യങ്ങള്‍ക്ക് അയവുണ്ടായി വരും. ആ ഹൃദയാലുത്വത്തിലാണ് ജീവിതം വെളിച്ചംവിതറുന്ന പ്രവാഹമായി അനുഭവപ്പെടുക. ആ നന്മയെ അനുഭവിക്കാതെ ജീവിച്ചുതീര്‍ക്കേണ്ടിവരികയെന്നത് പരിതാപകരമായ അവസ്ഥയാണെന്ന് ഒരിക്കലെങ്കിലും കാരുണ്യത്തിന്റെ വഴിയില്‍ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് ബോധ്യമായിട്ടുണ്ടാകും.

സ്‌നേഹത്തിനായി ദാഹിക്കുന്നവരാണ് നാം. സ്‌നേഹം ലഭിക്കാനുള്ള ഏറ്റവും നല്ല വഴി അത് അത്യാവശ്യമായവര്‍ക്ക് പകര്‍ന്നുകൊടുക്കലാണെന്ന് നാം മനസ്സിലാക്കാതെ പോകുന്നതാണ് എന്നും കാത്തിരിപ്പ് തുടരുന്നതിന് കാരണം. മുറ്റത്തു വന്നിരിക്കുന്ന പക്ഷിക്ക് കുറച്ച് അരിമണി വിതറിക്കൊടുത്തു നോക്കൂ. തെരുവിലൂടെ അലയുന്ന മൃഗങ്ങള്‍ക്ക് ഇത്തിരി വെള്ളം പകര്‍ന്നുകൊടുത്തു നോക്കൂ. വിശന്നുവലഞ്ഞ് വീട്ടിലെത്തുന്ന യാചകന് ഒരുനേരം അന്നം വിളമ്പിക്കൊടുത്തു നോക്കൂ. അവരിലെ കണ്ണുകളിലെ നിര്‍ജീവതയകന്ന് അത് കൃതജ്ഞതയാല്‍ സജീവമാകുമ്പോള്‍ അവരെക്കാള്‍ ജീവിതം ലഭിക്കുന്നത് നമുക്കാണെന്ന് അനുഭവിക്കാനാകും. സ്‌നേഹത്തിനുവേണ്ടി ദാഹിച്ചിരുന്ന നമ്മില്‍ സ്‌നേഹം വന്നുനിറയുന്നത് എത്ര അലിവോടെയാണെന്ന് നാം അദ്ഭുതംകൂറും.

Travel
Image Credit- Pixabay

അതെ, കൊടുക്കുന്നിടത്താണ് സ്‌നേഹത്തിന്റെ ഉറവ. കാത്തിരിക്കുന്നിടത്തല്ല. കാത്തിരിപ്പ് നഷ്ടമാണ്. ക്ഷീണമാണ്. വിരസമാണ്. തൊട്ടുമുന്നില്‍ തെളിനീരുറവ ഒഴുകുമ്പോള്‍ കുടിവെള്ളത്തിനായി ദാഹിച്ചിരിക്കുന്നവരെപ്പോലെയാണ് നാം. ആ തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. നമ്മിലുള്ളത് അതെന്തുമാകട്ടെ; ഇത്തിരി സമയം, ധനം, സമാധാനം, അന്നം, പുഞ്ചിരി, ഒരു സ്പര്‍ശം... അതു പകര്‍ന്നുകൊടുക്കാനുള്ള മനസ്സുണ്ടാവുകയെന്നതാണ് വഴി. പരമമായ വഴിയാണത്. എതിരേ വരുന്ന അപരിചിതനോട് വെറുതേ ഒന്നു ചിരിക്കുമ്പോള്‍ തിരികെക്കിട്ടുന്ന പുഞ്ചിരിയില്‍ എത്ര പ്രാവശ്യമാണ് നമ്മുടെ ഹൃദയം കാലുഷ്യമകന്ന് പ്രസന്നമായിട്ടുള്ളത്. ആരോ ഒരാള്‍ സ്‌നേഹത്തോടെ ഒന്നു തൊട്ടുപോയപ്പോള്‍ എത്ര പെട്ടെന്നാണ് നാം പ്രസന്നരായിട്ടുള്ളത്.

ഞാനോര്‍ക്കുന്നു. വിഷണ്ണനായി, ഹൃദയംനൊന്ത് ട്രെയിനില്‍ യാത്രചെയ്ത ആ ദിവസം. അടുത്തിരുന്ന ആള്‍ എന്നെ ശ്രദ്ധിക്കുന്നതറിഞ്ഞിട്ടും ഞാന്‍ കണ്ട ഭാവം നടിച്ചില്ല. കുറച്ചുകഴിഞ്ഞ് അദ്ദേഹം തന്റെ ബാഗില്‍നിന്ന് ഒരു നോട്ടുപുസ്തകമെടുത്ത് അതില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ഒരു കത്തെടുത്ത് എന്റെ നേര്‍ക്കു നീട്ടി. അലക്ഷ്യമായി ഞാനത് വാങ്ങി. ഗുരു നിത്യ അദ്ദേഹത്തിനെഴുതിയ കത്ത്. അതിന്റെ തുടക്കത്തിലെ വരി ഇങ്ങനെ; സുഖമില്ലാത്തതിനാല്‍ പ്രിയ സുഹൃത്ത് ഷൗക്കത്തിന് പറഞ്ഞുകൊടുത്താണ് ഇതെഴുതിക്കുന്നത്.

എന്റെ ഹൃദയം നിറഞ്ഞു. അടിമുടി വെളിച്ചംവന്നു നിറഞ്ഞതുപോലെ. അദ്ദേഹം ചോദിച്ചു: ''ഈ ഷൗക്കത്തല്ലേ നിങ്ങള്‍...' ''അതേ'' എന്നു ഞാന്‍ പുഞ്ചിരിച്ചു. നിങ്ങളെ വായിച്ചിട്ടുണ്ട്. ഗുരു നിത്യയുടെ വഴിയില്‍ നിങ്ങള്‍ സഞ്ചരിക്കുന്നത് വാക്കുകളില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. പരിചയപ്പെടാനായതില്‍ സന്തോഷം. ഫോട്ടോ കണ്ടിട്ടുണ്ട്. അതൊന്നുറപ്പിച്ചതാണ്.

ഞങ്ങള്‍ കുറെനേരം സംസാരിച്ചിരുന്നു. നന്മയുടെ ഒരാള്‍രൂപമായിരുന്നു അദ്ദേഹം. വേദനിക്കുന്നവരുടെ ഹൃദയത്തോട് ചേര്‍ന്നിരുന്ന് യാത്രചെയ്യുന്ന ആള്‍. എന്റെ ഒരു നീരസം, വിഷണ്ണത. അതില്‍ അങ്ങനെത്തന്നെ അള്ളിപ്പിടിച്ചിരുന്നിരുന്നെങ്കില്‍ എനിക്കു നഷ്ടമാകുമായിരുന്നത് ധന്യമായ ഒരു സൗഹൃദത്തെയാകുമായിരുന്നു. ചിന്തിക്കുന്നതും പറയുന്നതും ജീവിക്കുന്ന, ജീവിക്കാന്‍ ശ്രമിക്കുന്ന ഒരാളെ സുഹൃത്തായി ലഭിക്കുകയെന്നതിനെക്കാള്‍ വലിയ ഭാഗ്യമില്ലെന്ന് അദ്ദേഹത്തെപ്പോലുള്ള മനുഷ്യരോട് ചേര്‍ന്നിരിക്കുമ്പോഴാണ് ബോധ്യമാകുക. അവരുടെ ഹൃദയസ്പന്ദനം നമ്മിലും വന്നു പ്രതിധ്വനിക്കുന്നത് അനുഭവിക്കാനാകും. ആ കുഞ്ഞ് സ്‌നേഹം പറയുമ്പോള്‍ തിരിച്ചു സ്‌നേഹംനല്‍കുന്ന മലനിരകളെപ്പോലെത്തന്നെയാണ് അതും.

ഇത്തരം എത്രയോ സന്ദര്‍ഭങ്ങളാണ് ഞാന്‍ നഷ്ടപ്പെടുത്തുന്നതെന്ന് അന്നാലോചിച്ചിരുന്നു. മൂഡില്ലെന്ന ഒരൊറ്റ കാരണത്താല്‍ അനുഭവിക്കാനാകാതെപോയ അനുഗ്രഹങ്ങള്‍ ഏറെയാണ്. നഷ്ടമായ ജീവിതസന്ദര്‍ഭങ്ങളൊന്നും നമുക്ക് വീണ്ടെടുക്കാനാകില്ലല്ലോ? മുന്നില്‍ വന്നുനിറയുന്ന സാഹചര്യങ്ങളെ ശ്രദ്ധയോടെ കൈവിടാതിരിക്കാനുള്ള കരുതലുണ്ടായാല്‍ ജീവിതത്തിന്റെ ഏറ്റവും ഹൃദ്യമായ പ്രതിധ്വനികളെ നമുക്കനുഭവിക്കാനായേക്കും. അവിടെയാണ് നല്ലൊരു മനുഷ്യനാകാനുള്ള സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നത്.

ഒന്നും നമുക്കു മാറ്റിവെക്കാതിരിക്കാന്‍ ശ്രമിക്കാം. മക്കളോട്, സുഹൃത്തുക്കളോട്, നമ്മോട് ചേര്‍ന്നുനില്‍ക്കുന്നവരോട്, ചേര്‍ന്നുനില്‍ക്കുന്നതിനോട് മുഖം തിരിക്കുന്ന മനോഭാവത്തില്‍നിന്ന് നാം നമ്മെ മാറ്റിയെടുക്കേണ്ടതുണ്ട്. അതെല്ലാം പരിഗണിക്കുന്ന വിവേകത്തിലേക്ക് നാം നടന്നടുക്കേണ്ടതുണ്ട്. ഞാന്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയല്ലോ എന്ന വിലാപം നമ്മില്‍നിന്ന് ആത്മഗതമായി പ്രതിധ്വനിക്കാതിരിക്കാന്‍ അത് ഇടയാക്കും. ആ കാഴ്ചയാണ് നമ്മില്‍ ഇനിയും സംഭവിക്കേണ്ടത്. എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവരെപ്പോലെ അനാഥമായ ഒരവസ്ഥയിലേക്ക് ബോധം വീണുപോകുന്നത് ഈ ശ്രദ്ധ അറ്റുപോയതുകൊണ്ടുതന്നെയാണ്. അറിവായ അറിവെല്ലാമുണ്ടായിട്ടും അസ്വസ്ഥരായി കഴിയേണ്ടി വരുന്നത് അരുളില്ലാത്തതിനാല്‍ തന്നെയാണ്.

പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലെല്ലാം മുഴങ്ങുന്ന ആ ധ്വനി ഹൃദയത്തില്‍ പ്രതിധ്വനിക്കാന്‍ നാം ആകെ ചെയ്യേണ്ടത് അതുതന്നെയാണ്. തൊട്ടടുത്തിരിക്കുന്നതിലേക്ക് നമ്മുടെ ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും ഒന്ന് സ്വരലയപ്പെടുത്തുക. നാം കുറച്ചുകൂടി നമ്മോടും ചുറ്റുപാടിനോടും കരുണയുള്ളവരാകുക.

ആ വഴിയിലൂടെ ഇഴഞ്ഞും നീന്തിയും മുടന്തിയും നടക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാനും. വിജയത്തെക്കാള്‍ പരാജയമാണ് അനുഭവമെന്നിരിക്കിലും അതല്ലാതെ മറ്റൊരു വഴിയില്ലെന്നതിനാല്‍ യാത്ര തുടരുകയാണ്. വെളിച്ചത്തില്‍നിന്നും വെളിച്ചത്തിലേക്ക് നമുക്ക് യാത്ര തുടരാതെ വയ്യല്ലോ...

Content Highlights: Sufi Chinthakal Love and Life