' കരുണാര്‍ദ്രമായ ഹൃദയമാണ് വിശ്വാസത്തിന്റെ അടയാളം. കരുണയില്ലാത്തവന്‍ വിശ്വാസിയല്ല. '

-മുഹമ്മദ് നബി

' എന്തുകൊണ്ടാണ് കനിവിന്റെയും അനുഗ്രഹത്തിന്റെയും ഈ കുഞ്ഞുജീവിതത്തില്‍ മനുഷ്യര്‍ക്ക് അത്ര ക്രൂരതയോടെ കലഹങ്ങളും കലാപങ്ങളും കൊലവിളികളും നടത്താന്‍ കഴിയുന്നത് ? വിദ്വേഷവും വെറുപ്പും നിറഞ്ഞു  മനസ്സുകള്‍ അത്രമേല്‍ വിഷലിപ്തമാകുന്നത് എങ്ങനെയാണ്? മറ്റൊരു ഗോത്രത്തിന്റേയോ വംശത്തിന്റേയോ മതത്തിന്റേയോ ജാതിയുടെയോ രാഷ്ട്രത്തിന്റെയോ രാഷ്ട്രീയത്തിന്റേയോ ഭാഗമായി എന്ന ഒറ്റക്കാരണത്താല്‍ സ്വന്തം സഹോദരനെ നിഷ്‌കരുണം കൊന്നുതള്ളാന്‍ കഴിയുന്ന മനസ്സ് രൂപപ്പെടുന്നത് എവിടെയാണ്?

മനുഷ്യസമൂഹത്തിന്റെ ആദികാലം മുതല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത്? ഏത് പരിഹാരമാണ് മനുഷ്യരാശിക്കായി നല്കാന്‍ നമ്മുടെ കൈയിലുള്ളത്?' ദൂരെനിന്ന് ഒരു കലാപത്തിന്റെ കാഴ്ചകള്‍ കണ്ട് വിറങ്ങലിച്ച ഹൃദയവുമായി, സഹിക്കാനാവാത്ത വേദനയില്‍ ആതുരനായിക്കൊണ്ടിരുന്ന ഒരു ആത്മാന്വേഷി മൗലായെ തിരഞ്ഞെത്തി ചോദിച്ചു.

വളരെ നിര്‍മ്മമനായി ചോദ്യം ശ്രവിച്ച മൗലാ, വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:

' ഒരു മനുഷ്യനെ മൃഗങ്ങളില്‍ വ്യത്യസ്തമായി, ഒരു മനുഷ്യനാക്കി നിലനിര്‍ത്തുന്നത് അവനിലെ കാരുണ്യമാണ്. ആര്‍ദ്രതയും അലിവും അന്‍പും അനുതാപവും അനുകമ്പയുമുള്ളവനാണ് യഥാര്‍ത്ഥ മനുഷ്യന്‍. ഈ കരുണ (റഹ് മത്ത് ) യാണ് മനുഷ്യനെ മനുഷ്യനാക്കുന്ന സവിശേഷഗുണം. ദൈവികഭാവത്തിന്റെ ഏറ്റവും വലിയ ആത്മപ്രകാശനവും ഈ കാരുണ്യമാണ് (ബിസ്മില്ലാഹി ര്‍റഹ്മാനി ര്‍റഹീം). കാരുണ്യം എന്ന ദൈവികഗുണം ഹൃദയത്തില്‍ നിന്ന് ഇല്ലാതാവുന്ന നിമിഷം, അവിടെ പൈശാചികത കടന്നുകയറുന്നു. സ്വാര്‍ത്ഥതാല്പര്യത്തിനായി അവര്‍ ഏത് അനീതിക്കും അക്രമത്തിനും കലഹത്തിനും കലാപത്തിനും നിര്‍ദാക്ഷിണ്യം ഇറങ്ങിത്തിരിക്കുന്നു.'

മൗലാ തുടര്‍ന്നുപറഞ്ഞു:
' വിധേയരായ അനുയായികളെക്കൊണ്ട് കുറ്റബോധമില്ലാതെ എന്ത് ക്രൂരതയും ചെയ്യിക്കാന്‍ പുരോഹിതന്മാരും രാഷ്ട്രീയ നേതൃത്വവും നൂറ്റാണ്ടുകളായി ചെയ്തു വരുന്ന ഒരു തന്ത്രമുണ്ട്. അനുയായികളുടെ ഹൃദയത്തില്‍ നിന്ന് കാരുണ്യത്തെ എടുത്തുകളയുക എന്നതാണത്. സ്വന്തം വിശ്വാസങ്ങളെ അടിച്ചേല്‍പ്പിച്ചും, ഇതര വിശ്വാസങ്ങളെ വളരെ  നീചമായി ചിത്രീകരിച്ചും മനസ്സുകളെ അക്രമോല്‍ത്സുകമാക്കുന്നു.

ക്രമേണ, നേതാവിന്റെ ആജ്ഞക്കനുസരിച്ച് ഒരു ചാവേറാവാന്‍ വരെ അവര്‍  പാകപ്പെട്ടു വരുന്നു. ഉള്ളിലെ കരുണയുടെ ഉറവ വറ്റിപ്പോയാല്‍ പിന്നെ,  ആര്‍ക്കെതിരെയും എന്ത് ക്രൂരതയും ചെയ്യാന്‍ ഒരു മടിയുമില്ലാതാകുന്നു. അതുകൊണ്ടാണ് പ്രകൃതി ദുരന്തങ്ങളോ പ്രളയമോ പകര്‍ച്ചവ്യാധിയോ അല്ല ഏറ്റവും കൂടുതല്‍   നാശനഷ്ടങ്ങള്‍ വരുത്തിയത് എന്ന് ചരിത്രകാരന്മാര്‍  പറയുന്നത്. 

മതാധികാരത്തിനും രാഷ്ട്രീയാധികാരത്തിനും വേണ്ടി മനുഷ്യരെ കൊന്നു തീര്‍ത്തത്ര ഒരു രോഗാണുവും മനുഷ്യരെ കൊന്നിട്ടില്ല. ഹൃദയത്തിലെ കാരുണ്യത്തിന്റെ അവസാന കണികയെയും നിഷ്പ്രഭമാക്കിയാണ് സ്വന്തം സഹജീവിയുടെ അന്തകനാക്കുന്നത്.'

മൗലാ കുറച്ചു വ്യക്തത വരാന്‍ വേണ്ടി ഇങ്ങനെ വിശദീകരിച്ചു:

' മനുഷ്യമനസ്സ് വളരെ എളുപ്പം അപരിഷ്‌കൃത ഗോത്ര സ്വഭാവത്തിലേക്ക് പോകുന്നത് കാണണമെങ്കില്‍ ഒരു ആള്‍ക്കൂട്ടത്തിലേക്ക് നോക്കിയാല്‍ മതി. 
കൂട്ടംകൂടുമ്പോള്‍ എന്ത് ഭ്രാന്തതയും ചെയ്യാന്‍ മടിക്കാത്ത മൃഗീയത പുറത്തുവരുന്നത് കാണാനാവും. ആ ഗോത്രീയ അപരിഷ്‌കൃതത്വത്തെ വളര്‍ത്തി, എന്ത് ക്രൂരതയും ചെയ്യാന്‍ പാകപ്പെട്ട ചാവേറുകളെ പരിശീലിപ്പിച്ചു എടുക്കുകയാണ് പുരോഹിതന്മാരും രാഷ്ട്രീയ നേതൃത്വവും കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. '

ഇത്രയും പറഞ്ഞു കുറച്ചു സമയം മൗനിയായി നിന്ന മൗലായോട് ആ അന്വേഷി തുടര്‍ന്നു ചോദിച്ചു:

' ഈ അവസ്ഥയില്‍ നിന്ന് മാറി,ഹൃദയത്തില്‍ അലിവും കൃപയും ദയാവായ്പുമുള്ള സംസ്‌കൃതരായ മനുഷ്യര്‍ സൃഷ്ടിക്കപ്പെടാന്‍ നാം എന്താണ് ചെയ്യേണ്ടത്?'

ഒരു സുദീര്‍ഘ മൗനത്തിന് ശേഷം, തെളിഞ്ഞു പ്രസാദിക്കുന്ന മുഖമുയര്‍ത്തി മൗലാ പറഞ്ഞു:

' ശ്രീനാരായണഗുരു അനുകമ്പാദശകത്തില്‍ പറയുന്ന ഒരു മഹാസന്ദേശമുണ്ട്. മാനുഷ്യകം എക്കാലവും അറിഞ്ഞനുവര്‍ത്തിക്കേണ്ട അതിമഹത്തായ  ജീവല്‍സന്ദേശമാണത്. അതിന്റെ പൊരുളില്‍ നിന്ന് തിരിച്ചറിയാനാകും ദൈവകൃപയുടെ, കാരുണ്യത്തിന്റെ, കനിവിന്റെ, അലിവിന്റെ ദിവ്യരഹസ്യം. 
ഗുരു പറയുന്നു:

' അരുളന്‍പനുകമ്പ മൂന്നിനും 
പൊരുളൊന്നാണിതു ജീവതാരകം. 
' അരുളുള്ളവനാണ് ജീവി'യെന്നു
രുവിട്ടീടുകയീ നവാക്ഷരീ. '

ദൈവകൃപയും ഹൃദയാര്‍ദ്രതയും സഹജീവിസ്‌നേഹവും സദാ ജീവല്‍പ്രകാശമായി വഴിനയിക്കുമ്പോഴേ ഒരു മനുഷ്യന്‍ യഥാര്‍ത്ഥ മനുഷ്യനാവുന്നുള്ളൂ. 
സര്‍വ്വ ലോകത്തോടും സദാ ഹൃദയകാരുണ്യം നിറഞ്ഞിരിക്കുന്നവന്‍ മാത്രമാണ് ജീവസ്സുറ്റവന്‍ എന്നത് എപ്പോഴും ഒരു മന്ത്രജപം പോലെ ഉരുവിട്ടുകൊണ്ടിരിക്കുകയെന്നും ഗുരു പറയുന്നു. 

പച്ചമലയാളത്തിലെ ഒന്‍പതു അക്ഷരങ്ങള്‍ ചേര്‍ത്തു ഗുരു നെയ്‌തെടുത്ത 'അരുളുള്ളവനാണ് ജീവി'എന്ന ഈ പുതുമന്ത്രം ഓരോ മനുഷ്യന്റെയും ഹൃദയബോധത്തില്‍ ഒരു തുടിപ്പായി മിടിക്കേണ്ടതാണ്. ഏതൊരു നിമിഷമാണോ അരുള്‍ എന്ന ആ ദൈവകൃപ(റഹ് മത്ത്) ഹൃദയത്തില്‍ നിന്ന് കൈമോശം വരുന്നത്, ആ നിമിഷം മുതല്‍ അവന്‍ അചേതനമായ ഒരു ശിലാഖണ്ഡം മാത്രം. ആര്‍ക്കും എടുത്തെറിയാവുന്ന, എത്ര വലിയ നോവും സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു കല്ല് മാത്രം. 

ആത്മജ്ഞാനവും(മഅരിഫത്ത്), ദിവ്യപ്രണയവും (മഹബ്ബത്ത് ), ഭൂതദയയും (റഹ് മത്ത്) ഒന്നുചേര്‍ന്നവനാണ് യഥാര്‍ത്ഥ ദൈവികത പ്രാപിച്ചവന്‍ എന്ന ആത്മവിദ്യയുടെ പൊരുളും ' അരുളന്‍പനുകമ്പ' എന്ന മൂന്നു വാക്കുകളില്‍ ഗുരു ആത്മാന്വേഷികള്‍ക്കായി ഉള്‍ച്ചേര്‍ത്തു വെച്ചിട്ടുണ്ട്. ആത്മബോധത്തില്‍ ജ്ഞാനപ്രകാശം സിദ്ധിച്ചവനാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്റെ ജീവന്‍ കരഗതമായവന്‍ എന്ന ആത്മവിദ്യയുടെ പൊരുളും ഈ വരികളില്‍ ഗുരു ഒളിച്ചുവെച്ചിട്ടുണ്ട്. 

പിന്നീട് ഗുരു കാരുണ്യത്തിന്റെയും കനിവിന്റെയും അന്‍പിന്റെയും അനുകമ്പയുടെയും പൂര്‍ണ്ണപ്രകാശത്തില്‍ മാനുഷ്യകത്തിന് വെളിച്ചമായി വന്ന ഗുരുപരമ്പരയിലെ മഹാഗുരുക്കന്മാരെ ചേര്‍ത്തുപറയുന്നു:

' പരമാര്‍ത്ഥമുരച്ചു തേര്‍വിടും 
പൊരുളോ? ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം 
ഗുരുവോയീയനുകമ്പയാണ്ടവന്‍?

പുരുഷാകൃതി പൂണ്ട ദൈവമോ ?
നരദിവ്യാകൃതി പൂണ്ട ധര്‍മ്മമോ ?
പരമേശപവിത്ര പുത്രനോ ?
കരുണാവാന്‍ നബി മുത്തുരത്‌നമോ ?'

പരമപ്രകാശത്തെ ആത്മബോധത്തില്‍ തെളിച്ചുതന്ന ശ്രീകൃഷ്ണനോ ?
ജീവകാരുണ്യത്തിന്റെ അനന്തസാഗരമായ ശ്രീബുദ്ധനാണോ ?
ഉപനിഷത്തുക്കള്‍ക്കും ഭഗവദ്ഗീതയ്ക്കുമെല്ലാം 
ഭാഷ്യം രചിച്ച ശ്രീശങ്കരനാണോ ഈ അനുകമ്പ നിറഞ്ഞ ഹൃദയമുള്ളവന്‍. 

ദൈവികത തന്നെ ദേഹമണിഞ്ഞെത്തിയ വ്യാസമഹര്‍ഷിയാണോ ?
ധര്‍മ്മം തന്നെ ദിവ്യമനുഷ്യനായ് വന്നെത്തിയ ശ്രീരാമനാണോ ?
പരമേശ്വരന്റെ പവിത്രപുത്രനായ യേശുവാണോ ?
കാരുണ്യത്തിന്റെ മുത്തുരത്‌നമായ നബിതിരുമേനിയാണോ ?

കരുണയുടെ പൊരുളറിഞ്ഞു ആത്മബോധം പ്രകാശിതമായവന്‍ ഗുരുപരമ്പരയില്‍ കണ്ണിചേര്‍ന്നു ദൈവികതയിലേക്ക് വളരുന്നുവെന്നും, ഹൃദയത്തില്‍ നിന്ന് കരുണ  കൈമോശം വന്നവന്‍ പൈശാചികതയിലേക്ക് നിപതിക്കുന്നുവെന്നും ഈ ഗുരുവാണിയില്‍ നിന്ന് ഗ്രഹിക്കാം. ആ ദൈവകൃപ ഹൃദയത്തില്‍ നിറയുന്ന നേരം ദിവ്യപ്രകാശം ദേഹമണിഞ്ഞ മഹാമനുഷ്യരുടെ മാര്‍ഗ്ഗത്തിലാവുന്നു.'

മൗലായുടെ മൗനാക്ഷരങ്ങള്‍ ഇങ്ങനെ ഉപസംഹരിച്ചു:
 
' അലിവാണ് ദൈവമെന്നും, കൃപയാണ് ജീവിതമെന്നും, കരുണയാണ് കാര്യമെന്നും ജീവിതംകൊണ്ട് കാരുണ്യത്തിന്റെ ദിവ്യരഹസ്യം അനുഭവിച്ചവര്‍ അറിയുന്നു.'

റൂമി പാടുന്നു:

' നിങ്ങളുടെ കരുണാര്‍ദ്രമായ ഹൃദയം കനിവുള്ള കര്‍മ്മങ്ങളായി പൂവിരിയുന്നുവെങ്കില്‍ അറിയുക, ദിവ്യപ്രണയത്തിന്റെ വര്‍ണ്ണോജ്ജ്വലമായ ചിറകുകള്‍  നിങ്ങള്‍ക്കകമേ വിടര്‍ന്നിരിക്കുന്നു. '

Content Highlights: Sufi Chinthakal, god, love and sympathy