'ചില മതാനുയായികള്‍ എന്തുകൊണ്ടാണ് സ്‌നേഹസ്വരൂപനായ ദൈവത്തെ കഠിനഹൃദയനും ക്രൂരനും കണിശക്കാരനുമായി കാണുന്നത്? കൃപാനിധിയായ ദൈവത്തെ, അവരെപ്പോലെ വളരെ സങ്കുചിത മനസ്സുള്ളവനായി മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. എന്താണിതിനു കാരണം?' ഒരു ആത്മാന്വേഷി വളരെ വേദനയോടെ മൗലായോട് ചോദിച്ചു. 

'അടച്ചുപൂട്ടിയ വാതിലുകള്‍ക്കകത്തിരുന്ന്, തന്റെ ജാലകത്തിലൂടെ കാണുന്ന ഒരു കീറു ആകാശം മാത്രമാണ് യഥാര്‍ത്ഥ ആകാശം എന്ന് വിശ്വസിച്ചുവശായവരുടെ തെറ്റുദ്ധാരണയാണിത്.' മൗലാ മറുപടി പറഞ്ഞു തുടങ്ങി: 'അവര്‍ക്ക് നഷ്ടമാകുന്നത് പ്രപഞ്ചത്തേക്കാള്‍ പ്രവിശാലമായ ദൈവികതയുടെ മഹാകാശമാണ്. പൗരോഹിത്യ പാരമ്പര്യ വിവരങ്ങളാല്‍ വ്യവസ്ഥീകരിയ്ക്കപ്പെട്ട മനസ്സുകളുടെ കഠിനതയും പരുഷതയും സങ്കുചിതത്വവും ദൈവത്തില്‍ ആരോപിക്കുകയാണിവര്‍.'

കുറഞ്ഞ വാക്കുകളില്‍ മൗലാ അവസാനിപ്പിച്ചു: 'ഈ പ്രപഞ്ചത്തിലെ സൂക്ഷ്മാണു മുതല്‍ നക്ഷത്ര സമൂഹങ്ങളെ വരെ അരുമയോടെ പരിപാലിക്കുന്ന കാരുണ്യത്തിന്റെ അനന്തസാഗരമായ ദൈവത്തെ, തന്റെ സങ്കുചിത മനസ്സിനപ്പുറമുള്ള മറ്റെല്ലാറ്റിന്റെയും ശത്രുവായി കാണുന്നവനെക്കാള്‍ വലിയ ദൈവനിഷേധി  വേറെയില്ല.'

കുളിര് പകരുന്ന, ശാന്തമായി പെയ്യുന്ന നേര്‍ത്ത മഴ പോലെയാണ് മതവിശ്വാസം. അത് മനുഷ്യര്‍ക്ക് സമാധാനവും സ്‌നേഹവും നന്മയും പകരുന്നു. പ്രവാചക - ഗുരു പരമ്പരകളിലൂടെ വൈവിധ്യമാര്‍ന്ന വിശ്വാസ ധാരകള്‍ അവതീര്‍ണമായത് അതിനു വേണ്ടിയാണ്. 

എന്നാല്‍, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അതേ മഴവര്‍ഷം, സ്വാര്‍ത്ഥരായ പൗരോഹിത്യത്തിന്റെ കൈയില്‍ വന്നപ്പോള്‍ അവരതില്‍ സ്വതാല്പര്യങ്ങളുടെ ന്യൂനമര്‍ദ്ദങ്ങള്‍ തീര്‍ത്തു. അപധാരണകളും ദുര്‍വ്യാഖ്യാനവും ചേര്‍ത്തു അവരതിനെ അവിദ്യയുടെ പേമാരിയാക്കി മാറ്റി. പ്രളയം തീര്‍ക്കുന്ന സര്‍വ്വ നാശത്തിന്റെ മഴയായി, മനുഷ്യവിരുദ്ധമാക്കി അവര്‍ ഹൃദയങ്ങള്‍ക്കിടയില്‍ വന്മതിലുകള്‍ സൃഷ്ടിക്കുന്നു. 

തന്റെ വിശ്വാസം മാത്രമാണ്  ശരിയെന്നും, മറ്റെല്ലാം തെറ്റാണെന്നും, ആ തെറ്റായതെല്ലാം തകര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള പൗരോഹിത്യത്തിന്റെ രഹസ്യ വിശ്വാസത്തിലാണ് തീവ്രവാദത്തിന്റെ വേരുകള്‍ തിരയേണ്ടത്. എന്നാല്‍ യഥാര്‍ത്ഥ ദൈവികത ഹൃദയത്തിലനുഭവിച്ചവര്‍ എക്കാലവും, എല്ലാ സമൂഹത്തിലും സ്‌നേഹം മാത്രമാണ് പ്രഘോഷിച്ചത്. 

റൂമി പറയുന്നു:

'വരിക, വരിക. 
നീ ആരാണെങ്കിലും 
കടന്നു വരിക. 
ഒരായിരം തവണ പ്രതിജ്ഞ ലംഘിച്ചവനെങ്കിലും 
നീ അകത്തേക്ക് വരിക. 
അലഞ്ഞുതിരിയുന്നവനോ, വിഗ്രഹാരാധകനോ, 
അഗ്‌നിയാരാധകനോ 
ആരാണെങ്കിലും ശരി. 
നൈരാശ്യത്തിന്റെ 
പാതയല്ലിത്. 
ഇത് പ്രതീക്ഷയുടെ വഴി. 
വരിക, നമ്മിലേക്ക് 
വന്നണയുക.. '

പൗരോഹിത്യ മതത്തിനപ്പുറം, ഗുരുവഴികളെ ആശ്ലേഷിച്ചവര്‍ക്ക് മാത്രമേ അനശ്വരതയുടെ അനന്തവിശാലതയെ 
ഹൃദയപൂര്‍വ്വം ഉള്‍ക്കൊള്ളാനാവൂ. 

ആനന്ദവും നിര്‍വൃതിയും പകരുന്ന മഴയുടെ ആത്മതാളം തന്നെയാണ് ഭൂമിയെ തരളിതമാക്കുന്നതും, സമൃദ്ധി നിറയ്ക്കുന്നതും. അതേപോലെ, കുളിരും നിറവും പകരുന്ന സ്‌നേഹവര്‍ഷം തന്നെയാണ് ഹൃദയങ്ങളെ ശാന്തിയിലും ആനന്ദത്തിലും എത്തിക്കുന്നത്. 

സ്‌നേഹമഴയുടെ ആത്മരാഗങ്ങളിലേക്ക് ഹൃദയം തുറന്നവര്‍ക്ക് മാത്രമാണ് സ്‌നേഹസ്വരൂപനെ ഓരോ ജീവിതനിമിഷത്തിലും സ്പര്‍ശിക്കാനാവുന്നത്. ദൈവികതയെയും  മതദര്‍ശനത്തെയും  ആത്മാവിലറിഞ്ഞ അവരും ഉറച്ചു പാടുന്നു; റൂമി പാടിയ പോലെ:

' സ്‌നേഹമാണ് എന്റെ മതം. ഹൃദയമാണ് എന്റെ ദേവാലയം. '