രു സുഹൃത്തില്‍ നിന്നുണ്ടായ ദുരനുഭവം സംബന്ധിച്ച് പരിഭവം പറയുകയായിരുന്നു ശിഷ്യന്‍. സുദീര്‍ഘകാലം സുഹൃത്തായിരുന്ന ആള്‍ തന്നോടു വിശ്വാസവഞ്ചന കാണിച്ചു എന്നായിരുന്നു പരാതി. സൂക്ഷിച്ചുകേട്ട മൗലാ  തിരിച്ചു ചോദിച്ചു: 'ഇതിന് മുന്‍പ് നിങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങനെ ഉള്ളതായിരുന്നു?'

'വളരെ ആത്മാര്‍ഥമായ സൗഹൃദമായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ബന്ധത്തിനൊടുവിലാണ് അവന്‍ എന്നോട് ഈ വിശ്വാസവഞ്ചന കാണിച്ചത്.'

അപ്പോള്‍ മൗലാ  പറഞ്ഞു: 'നാം മനുഷ്യര്‍ക്ക് വളരെ നീചമായ ഒരു സ്വഭാവമുണ്ട്. പതിനായിരം തവണ നമ്മെ സഹായിച്ച സഹായിച്ച സുഹൃത്തിനു ഒരിക്കല്‍ പിണഞ്ഞ അബദ്ധം മാത്രം നാം ഓര്‍ത്തു വയ്ക്കും. എന്നിട്ട്, നമ്മോട് കാണിച്ച സ്‌നേഹവും നന്മയും കാരുണ്യവുമെല്ലാം മറന്നു, നിര്‍ദ്ദാക്ഷിണ്യം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും.
 
ദൈവത്തോടും പ്രകൃതിയോടും സൗഹൃദത്തോടും ചെയ്യുന്ന ഏറ്റവും വലിയ കൃതഘ്‌നതയാണിത്. എണ്ണിയാല്‍ തീരാത്ത നന്മകള്‍ പരസ്പരം പങ്കുവെച്ചിട്ടും, ഒടുവില്‍ എപ്പോഴോ സംഭവിച്ചുപോയ മനുഷ്യസഹജമായ ഒരു തെറ്റിന്റെ പേരില്‍ വേര്‍പ്പിരിഞ്ഞു പോയ ലക്ഷക്കണക്കിന് സൗഹൃദങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്.'

മൗലാ  തുടര്‍ന്നു: 'പനിനീര്‍പ്പൂവിനൊപ്പം മുള്ളുകളുമുണ്ടെന്ന കാര്യം നാം മറന്നുകൂടാ. അതുകൊണ്ട്, തന്റെ സുഹൃത്തിലെ ശക്തിയെയും ദൗര്‍ബല്യത്തെയും ഒരുപോലെ സ്വീകരിക്കാനും സ്‌നേഹിക്കാനും കഴിയുന്നവനാണ് യഥാര്‍ത്ഥ സ്‌നേഹിതന്‍. '

നാരായണ ഗുരുവിന്റെ വാക്കുകള്‍ ഉണര്‍ത്തി മൗലാ  മൗനിയായി:

'നല്ലതല്ല ഒരുവന്‍ ചെയ്ത 
നല്ല കാര്യം മറപ്പത്. 
നല്ലതല്ലാത്തതുടനേ 
മറന്നീടുന്നതുത്തമം'

നമ്മിലേക്ക് വന്നെത്തുന്ന ഓരോ സൗഹൃദവും ഓരോ സന്ദേശവുമായാണ് വന്നെത്തുന്നത്. അത് ഗ്രഹിക്കാന്‍ കഴിയുന്നവര്‍ ബന്ധങ്ങളുടെ രഹസ്യം തിരിച്ചറിയുന്നു. ഓരോ സംഗമത്തിലും വിരഹത്തിലും സന്ദേശമുണ്ട്. ഇണക്കത്തിലും പിണക്കത്തിലും ദൈവം ഒരു ദൂത് ഒളിച്ചു വച്ചിരിക്കുന്നു. അത് ഹൃദയം കൊണ്ട് വായിച്ചറിയുന്നവര്‍ക്ക് സൗഹൃദം ഹൃദ്യമാവുന്നു. 

റൂമി പറയുന്നു:

'വന്നെത്തുന്ന സൗഹൃദങ്ങളോടെല്ലാം കൃതജ്ഞരാവുക. 
നിന്നിലെത്തുന്ന ഓരോ വ്യക്തിയും 
അനശ്വരത നിനക്കായ് അയക്കുന്ന മാര്‍ഗ്ഗദര്‍ശികളാണ് '

നിന്റെ സഹജപ്രകൃതമാണ്  ഓരോ സുഹൃത്തിലും നീ തിരയുന്നത്. അത് കണ്ടെത്തുവോളം മാറി മാറി പരീക്ഷിക്കുന്നു സൗഹൃദാന്വേഷികള്‍. 

റൂമി തുടരുന്നു:

'നിന്റെ ഹൃദയചാരത്തുള്ള സ്‌നേഹിതനില്‍ നിന്റെ സഹജപ്രകൃതം തിരയുക. 
പനിനീര്‍പ്പൂവില്‍ നിന്ന് പനിനീര്‍ നുകര്‍ന്നെടുക്കും പോലെ അത് കണ്ടെത്തുക നീ'

തന്നെത്തന്നെ സ്‌നേഹിതനില്‍ കണ്ടെത്തും വരെ അന്വേഷണം തുടരുകയാണ് ഓരോ അന്വേഷിയും. ഒടുവില്‍, ഓരോ കാല്‍വെപ്പിലും യഥാര്‍ത്ഥ സ്‌നേഹിതന്റെ സാമീപ്യം അനുഭവിയ്ക്കും വരെ സൗഹൃദത്തിന്റെ സ്വര്‍ഗ്ഗവാതിലുകള്‍ തുറന്നുകിടക്കണം. അപ്പോഴാണ് ഹൃദ്യമായ സൗഹൃദം നിറഞ്ഞുവിരിയുന്നത്. 

റൂമി വ്യക്തത വരുത്തുന്നു:

'നിന്റെ പാദം പതിയുന്ന ഓരോ മണല്‍ത്തട്ടിലും 
സ്‌നേഹിതന്റെ നിശ്ചയദാര്‍ഢ്യം അനുഭവിയ്ക്കും വരെ 
വളര്‍ന്നതാണ് യഥാര്‍ത്ഥ ആത്മബന്ധം'

നമ്മെ ആന്തരികമായി വളര്‍ത്തുന്ന, ആത്മവിശ്വാസം പകരുന്ന സൗഹൃദങ്ങള്‍ക്കൊപ്പം നിലകൊള്ളാന്‍ ശ്രദ്ധിക്കുക. നാം നില്‍ക്കുന്ന ഇടത്തില്‍  നിന്നും ഒരടി എങ്കിലും മുന്നോട്ടു നയിക്കുന്ന സൗഹൃദം മാത്രം നിലനിര്‍ത്തുകയെന്നു സ്വാമി വിവേകാനന്ദന്‍ ഓര്‍മ്മിപ്പിക്കുന്നു.