ധ്യാനാത്മകതയുടെ ഒരു അഭൗമലോകത്ത്, ആകാശംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കവാടത്തിനരികെ, പ്രകാശരൂപമാര്‍ന്ന വദനവുമായ് സ്വസ്ഥിയിലിരിക്കുന്നു അല്‍ ഗസ്സാലി. ' ഈ മഹാകവാടത്തിനു മുന്നില്‍ അങ്ങെന്താണു ചെയ്യുന്നത്?'ശബ്ദംതാഴ്ത്തി വിനയപുരസ്സരം ഞാന്‍ ചോദിച്ചു.

സ്‌നേഹപൂര്‍വ്വം എന്നെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: 'തത്ത്വജ്ഞാനത്തിന്റെയും ആത്മജ്ഞാനത്തിന്റെയും വഴിയെ സഞ്ചരിക്കുന്നവര്‍ കടന്നുപോകുന്ന കവാടമാണിത്. അവരില്‍ എന്റെ ജ്ഞാനവഴിയെ വന്നത്തിയവരെ കാത്തിരിക്കുകയാണു ഞാന്‍. പക്ഷേ, അതിവിരളമാണല്ലോ അവര്‍.'

ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം, സ്വല്‍പം സന്ദേഹത്തോടെ അല്‍ ഗസ്സാലി  ചോദിച്ചു: 'എന്റെ ഗ്രന്ഥങ്ങളെ അവലംബിക്കുന്നവര്‍ എന്തുകൊണ്ടാണു തത്ത്വജ്ഞാനത്തിന്റെയും ആത്മജ്ഞാനത്തിന്റെയും വഴികളില്‍ എത്തിപ്പെടാത്തത്?'

കുറേ സമയത്തെ ആലോചനക്ക് ശേഷം ഞാന്‍ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു: 'അനവധി ജ്ഞാനവിഷയങ്ങളെ അപഗ്രഥിച്ചുകൊണ്ട്, അതിസൂക്ഷ്മമായ വൈജ്ഞാനിക പാകതയോടെ അങ്ങ് രചനകള്‍ നിര്‍വ്വഹിച്ചു. തത്ത്വചിന്ത പോലുള്ള ഗഹനവും സങ്കീര്‍ണ്ണവുമായ വിഷയങ്ങളുടെ ചുരുളഴിക്കാനും, അവയുടെ നെല്ലും പതിരും വേര്‍തിരിയ്ക്കാനും അങ്ങയ്ക്ക് കഴിഞ്ഞു. എന്നാല്‍, അനുഷ്ഠാനനിയമ (ഫിഖ്ഹ്) വൈജ്ഞാനിക രീതിശാസ്ത്രത്തെ പിന്തുടരുന്നവര്‍ക്ക് ഇതു ശരിയായവിധം ഉല്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

അവരുടെ അളവുകോലുകളില്‍ പലപ്പോഴും, അങ്ങ് അവതരിപ്പിച്ച ജ്ഞാനതലത്തിന്റെ സത്ത തന്നെ നഷ്ടമായി.
ആത്മാന്വേഷണത്തിന്റെ വഴിയെ ചരിക്കുന്നവരെ സാക്ഷാത്ക്കാരത്തിലെത്തിക്കാന്‍, തത്ത്വചിന്തകരുടെ വഴികള്‍ (മഖാസിദുല്‍ ഫലാസിഫ) അശക്തമാണെന്ന് പ്രമാണബദ്ധമായി അവരോട് വിയോജനം ( തഹാഫുത്തുല്‍
 ഫലാസിഫ) രേഖപ്പെടുത്തിയതിനെപ്പോലും അവര്‍ തെറ്റിദ്ധരിച്ചു.

തത്ത്വചിന്തകരുടെ രീതിശാസ്ത്രങ്ങള്‍ ആത്മാന്വേഷിയെ ലക്ഷ്യത്തിലെത്തിക്കില്ലെന്ന് അങ്ങ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതിനെ അവര്‍, തത്ത്വജ്ഞാനവും തത്ത്വജ്ഞാനത്തിലൂന്നിയ ആത്മാന്വേഷണവും വരെ തെറ്റാണെന്നു ധരിച്ചുവശായി.
അങ്ങനെ വൈജ്ഞാനിക വഴികളില്‍ നിന്ന് തത്ത്വജ്ഞാനത്തെ ( അല്‍ ഹിക്മ) ഉപേക്ഷിച്ച അവര്‍, അനുഷ്ഠാന നിയമങ്ങള്‍ക്കപ്പുറത്തെ ജ്ഞാനവഴികളില്‍ നിന്നെല്ലാം അകന്നു പോയി.

അനുഷ്ഠാനതലത്തിലെ വാദപ്രതിവാദത്തിനും തര്‍ക്കവിതര്‍ക്കത്തിനുമപ്പുറം അവര്‍ക്ക് വളര്‍ച്ചയില്ലാതായി. ഈ തലങ്ങളിലൂടെയെല്ലാം കടന്നു പോയ അങ്ങ്, ഒടുവില്‍ ഇനിയൊരിക്കലും വാദപ്രതിവാദത്തിനു നില്‍ക്കില്ലെന്നു പറഞ്ഞ് ആത്മജ്ഞാനവഴിയില്‍ പ്രവേശിച്ചത് അവര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. അങ്ങയുടെ ആദ്യകാല ഗ്രന്ഥങ്ങള്‍ തന്നെയാണു, ജ്ഞാനബോധത്തിന്റെ അഭാവത്താല്‍ പല ഘട്ടത്തിലും അവരെ അങ്ങയുടെ വഴിയില്‍ നിന്ന് തടഞ്ഞു നിര്‍ത്തിയതും.'

ഇത്രയും പറഞ്ഞ് ഭയ - ബഹുമാനത്തോടെ ആ മഹാഗുരുവിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ എന്നെ ശരിവെച്ചുകൊണ്ട് തലയാട്ടി. ഇതെന്നെ കൂടുതല്‍ പ്രചോദിതനാക്കി. ഇതിന്റെ തുടര്‍ച്ചയായി ഞാന്‍ ചോദിച്ചു: 'ആത്മജ്ഞാന വഴിയിലെ തിരിച്ചറിവിനു ശേഷം അങ്ങ് എഴുതിയ ' ഇഹ്യാ ഉലൂമിദ്ദീന്‍' പോലും എന്തേ അങ്ങയുടെ അതേ വഴിയില്‍ യാത്രികരെ സൃഷ്ടിച്ചില്ല?'

ഇതിനു കിട്ടിയ മറുപടി ആത്മാന്വേഷികള്‍ക്ക് മാത്രം മനസ്സിലാവുന്ന ഭാഷയിലായിരുന്നു: ' എന്റെ ആത്മജ്ഞാന പാതയില്‍ ഞാന്‍ കൊയ്‌തെടുത്ത നെല്‍ വയലിലെ വൈക്കോല്‍ മാത്രമാണു 'ഇഹ്യ.' പിന്നെ ഗുരു ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: 'വിതച്ചു മാത്രമേ കൊയ്‌തെടുക്കാനാവൂ.'

പിന്നീട് കുറേ സമയത്തെ മൗനത്തിനു ശേഷം അല്‍ ഗസ്സാലി ഇങ്ങനെ അവസാനിപ്പിച്ചു: 'എന്റെ ഗ്രന്ഥങ്ങളില്‍ നിന്ന് രുചി പിടിച്ചവര്‍ പിന്നീട്, എഴുതാനാവാത്ത ആത്മജ്ഞാന രഹസ്യങ്ങള്‍ ശിഷ്യരിലൂടെ കൈമാറി വന്ന ഗുരുക്കന്മാരുടെ പാശത്തില്‍ കണ്ണി ചേര്‍ന്നിട്ടുമുണ്ടാവുമല്ലേ?' ഒരു മൗനമന്ദഹാസത്തോടെ ഗുരു ഇതു കൂടി പറഞ്ഞപ്പോള്‍ പൂര്‍ണ്ണ മൗനിയായി ഞാന്‍. 

അങ്ങനെ, ആ മഹാ കവാടത്തിലുടെ കടന്നു ചെന്ന ഞാന്‍ എത്തിച്ചേര്‍ന്നത് നമ്മുടെ ഹൃദയഭാജനമായ പ്രണയസൂര്യന്‍ മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ പ്രകാശ സവിധത്തില്‍ ആയിരുന്നു. 

( തുടരും)

Content Highlights: Sufi chinthakal Abu Hamid Al-Ghazali