തിരമാലകളുടെ രഹസ്യമറിയാന്‍ അവള്‍ കടല്‍ത്തീരത്തെത്തി. അലറിമറിഞ്ഞു കുതിച്ചെത്തുന്ന ഭീമന്‍ തിരമാലകള്‍ കണ്ട് ആദ്യം അവള്‍ അന്ധാളിച്ചുപോയി. പിന്നെ, രൗദ്രത മാറി ആര്‍ദ്രമായി വന്നുപോയ തിരകളെ അവള്‍ ആസ്വദിച്ചു തുടങ്ങി. 

ഒടുവില്‍ ശാന്തമായ കടല്‍പ്പരപ്പില്‍, മന്ദമായ് ഒരു മൗനരാഗം പോലെ തന്റെ കാലുകളെ തഴുകിക്കടന്നു പോയ തിരകളുടെ മൃദുസ്പര്‍ശത്തില്‍ അവള്‍ ആനന്ദമറിഞ്ഞു. 

ആ ആനന്ദനിര്‍വൃതിയില്‍, തീരം തേടിവന്നു തുരുതുരെ ചുംബിച്ചു പോയ ഓരോരോ തിരമാലയെയും അവള്‍ അതീവ വാത്സല്യത്തോടെ നോക്കി. 

ഒരു സാക്ഷിയായ്, കടല്‍ത്തിരകളെയും സാഗരത്തിന്‍ അനന്തനീലിമയെയും നോക്കിനില്‍ക്കെ, സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്ന് തിരമാലകള്‍ക്കിടയിലൂടെ നീന്തിത്തുടിച്ച് അവന്‍ തീരത്തെത്തി. 

കടലോളം ആഴമേറിയ അവന്റെ കണ്ണുകള്‍ കണ്ട്, സ്വയമറിയാതെ അവള്‍ അവന്റെ സമീപമെത്തി. 

' ഇവിടെ നീ എന്ത് ചെയ്യുന്നു ?'അവന്‍ ചോദിച്ചു. 

' ഞാന്‍ തിരമാലകള്‍ എണ്ണുന്നു. 'അവള്‍ പറഞ്ഞു. 

' എണ്ണുകയോ ?'അവന്‍ വിസ്മയത്തോടെ അവളെ നോക്കി തുടര്‍ന്നു ചോദിച്ചു:' എന്നിട്ട് കടലിനെ എണ്ണിയില്ലേ ?'

അവന്റെ ചോദ്യം കേട്ട ആഹ്ലാദത്തില്‍ അവള്‍ ആവേശത്തോടെ മറുപടി പറഞ്ഞു: ' കടല്‍ ഒന്നല്ലേ ഉള്ളൂ, തിരമാലകള്‍ അനേകം. എണ്ണിയാല്‍ തീരാത്ത രൂപത്തില്‍, ഭാവത്തില്‍.. '

ഇത്രയും പറഞ്ഞു തുടരാന്‍ ശ്രമിച്ച അവളെ നോക്കി, ഇടപെട്ടുകൊണ്ട് അവന്‍ പറഞ്ഞു: ' നോക്കൂ,  നിങ്ങള്‍ വളരെ ആസ്വദിച്ചുകൊണ്ട്, മനോഹരമായി തിരമാലകള്‍ എണ്ണുന്നു. പക്ഷേ, തിരമാല തുടങ്ങുന്നത് എവിടെ നിന്നാണെന്ന് നിരീക്ഷിച്ചിട്ടുണ്ടോ ? തീരത്തണഞ്ഞു വിശ്രാന്തനായ്,  സമാധിയില്‍ സമുദ്രത്തില്‍ അലിയുന്ന തിരമാലയുടെ അന്ത്യം നോക്കിയിട്ടുണ്ടോ ?'

ഒരു നിമിഷം സ്തബ്ധയായ് നിന്ന്, അവള്‍ അത്ഭുതത്തോടെ  അവനെ നോക്കി. 

അവന്‍ ഒരു മന്ദഹാസത്തോടെ തുടര്‍ന്നു: ' യാഥാര്‍ഥ്യത്തില്‍ നിന്ന് ഒരു കടല്‍ ദൂരെയാവുമ്പോള്‍ എല്ലാം വിഭിന്നമെന്ന് തോന്നും. വൈവിധ്യം പോലും വൈരുധ്യമെന്ന് അനുഭവപ്പെടും. എന്നാല്‍, സത്യത്തോട് അടുത്തു വരുമ്പോള്‍ ഏതൊന്നിന്റെയും ആദ്യവും അന്ത്യവും ഏതെന്ന് അറിയാനാവും. 
ഒരേ പ്രഭവം തന്നെയാണ് തുടക്കവും ഒടുക്കവുമെന്ന്. 

അതേസമയം, യാഥാര്‍ഥ്യത്തിന്റെ കടലില്‍, ആഴങ്ങള്‍ അറിഞ്ഞവര്‍ക്കറിയാം ഒരേ ഒരു കടല്‍ മാത്രമേ ഉള്ളൂ എന്ന്. തിരയും കടലും വേറെയല്ലെന്ന്. '

അവന്‍ ഇങ്ങനെ പറഞ്ഞു അവസാനിപ്പിച്ചു:' തിരഞ്ഞവര്‍ക്ക് തിരിയുന്നു തിര കടല്‍ തന്നെയെന്ന്..'

പ്രണയവിസ്മയത്തിന്റെ പരകോടിയില്‍ അവള്‍  അവന്റെ മിഴികളിലേക്ക് തന്നെ നോക്കി നിന്നു. അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു  അവന്‍ 
ആ സമുദ്രത്തിലേക്ക് നടന്നു.

Content Highlights: Sufi and ocean Sufi Chinthakal