നിനീര്‍പ്പൂവിന്റെ  കുഞ്ഞിതളില്‍ ഒരു മൃദുചുംബനവുമായ് വന്നെത്തിയ മഞ്ഞുതുള്ളിയോട് ആ പൂവിതള്‍ ചോദിച്ചു: ' എത്ര നൈമിഷികം നിന്റെ ഈ ചുംബനം! ഒരു നിമിഷാര്‍ധം മാത്രം എന്നിലണഞ്ഞു ചുംബിച്ചു പിരിഞ്ഞുപോകും നിന്റെ ജീവിതം എത്ര ക്ഷണികം! അത്ര കുറഞ്ഞ നിമിഷങ്ങള്‍ക്കായ് ഈ ഉദ്യാനത്തില്‍ വന്നുപോകും നിന്റെ ജീവിതരഹസ്യമെന്ത്?

' ഈ നിമിഷം എനിക്ക് അനശ്വരം!' മഞ്ഞുതുള്ളി പറഞ്ഞുതുടങ്ങി: 'എന്റെ ജീവിതനിമിഷങ്ങളെ പൂര്‍ണ്ണമായി അനുഭവിച്ചു, ആനന്ദപൂര്‍വ്വം പ്രണയഭാജനത്തില്‍ വിലയിതമാകുന്ന എന്റെ ജീവിതദൈര്‍ഘ്യം  എത്ര അനന്തമാണെന്ന് അറിയാമോ? താരതമ്യങ്ങളില്‍ നിന്ന് മനസ്സ് മുക്തമായ്, ഹൃദയം കൊണ്ട് ജീവിതം അനുഭവിക്കുന്നവരുടെ കാലം ആര്‍ക്കും അളക്കാനാവില്ല. 

പൂവിന്റെ ആയുസ്സിനെ പൂമ്പാറ്റയുടെ ജീവിതത്തോടും, ചിത്രശലഭത്തിന്റെ ജീവിതകാലം മനുഷ്യരോടും, മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം നക്ഷത്രങ്ങളോടും തുലനപ്പെടുത്തിയാല്‍ അനുഭവത്തിന്റെ ആനന്ദം നഷ്ടമായ് നമുക്ക് അറിവില്‍ നിരാശരാവാം. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ ജീവിക്കുന്ന ഒരു നക്ഷത്രത്തിന്റെ കണ്ണില്‍ പരമാവധി ഒരു നൂറ്റാണ്ട് മാത്രം  ജീവിക്കുന്ന ഒരു മനുഷ്യായുസ്സ് ഒരു നിമിഷാര്‍ധം മാത്രമല്ലേ? ആയതിനാല്‍, താരതമ്യങ്ങളില്‍ നിന്ന് രക്ഷ നേടുന്ന മനസ്സിന് മാത്രമേ ആഴമറിഞ്ഞു അനുഭവിച്ചു ജീവിക്കുന്നതിന്റെ ആനന്ദവും അനശ്വരതയും അറിയാനാവൂ. '

മഞ്ഞുതുള്ളി ഒരിയ്ക്കല്‍ കൂടി ആവര്‍ത്തിച്ചു പറഞ്ഞു : 'എന്റെ ഈ നിമിഷം അനശ്വരം, അനന്തം, ആനന്ദം...ഇതാണ് എന്റെ ജീവിതരഹസ്യം' മഞ്ഞുതുള്ളിയുടെ വാക്കുകള്‍ വിസ്മയത്തോടെ കേട്ട പൂവിതള്‍ പുഞ്ചിരി തൂകി അടുത്ത സംശയം ചോദിച്ചു: 'അത്രമേല്‍ പ്രണയത്താല്‍  ഒന്നായലിഞ്ഞു പിരിഞ്ഞുപോകും നിന്റെ ആത്മരഹസ്യമെന്ത്?'

'പ്രണയത്താല്‍ അലിഞ്ഞുചേര്‍ന്നവര്‍ ഒരിയ്ക്കലും പിരിഞ്ഞുപോകുന്നില്ല' 

പൂവിതളിന്റെ വാക്കുകള്‍ തിരുത്തി മഞ്ഞുതുള്ളി തുടര്‍ന്നു: 'പിരിഞ്ഞുപോവുകയല്ല; അലിഞ്ഞുചേരുകയാണപ്രഭവത്തില്‍ നിന്ന് പ്രസരിച്ചുവന്ന പ്രകാശം അതേ പ്രഭവത്തെ പുണര്‍ന്നറിയുന്ന ദിവ്യാനുഭവം. ഈ പ്രപഞ്ചത്തിലെ ഓരോ ജീവിതത്തിന്റെയും ആത്മരഹസ്യമിതാണ്. ഇത് അറിവായി, അനുഭവമായി ഹൃദയത്തില്‍ വിരിയാത്തവര്‍ സാമ്യതകളില്‍ വഴിതെറ്റി അലയുന്നു എന്ന് മാത്രം.'

മഞ്ഞുതുള്ളിയുടെ മുത്തുപൊഴിയുംപോലുള്ള വാക്കുകള്‍ കേട്ട പനിനീര്‍പ്പൂവിന് ഒരു ചോദ്യം കൂടി ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല:

' ഒരു തുള്ളിയില്‍ ഒരു വസന്തം വഹിക്കും നിന്റെ സൗന്ദര്യരഹസ്യം എന്താണ്? '

' എന്റെ ഹൃദയത്തിന്‍ തൃപ്തിയാണെന്റെ സൗന്ദര്യം. എന്റെ ആകാശത്തോടുള്ള ( ഉറവിടത്തോട്  ) അദമ്യമായ അനുരാഗവും, ഏത് നിമിഷവും അതിലലിയാനുള്ള ആനന്ദപൂര്‍ണമായ ഹൃദയാവായ്പുമാണെന്റെ സൗന്ദര്യരഹസ്യം. '

ഇത്രയും പറഞ്ഞു ആ പൊന്നുഷസ്സിന്‍ പ്രകാശരശ്മിയില്‍ അലിഞ്ഞു, പ്രണയാര്‍ദ്രയായ് മറഞ്ഞുപോയ മഞ്ഞുതുള്ളിയെ നോക്കി ആ പൂവിതള്‍ കൂടുതല്‍ വിസ്മിതയായ് വിരിഞ്ഞു. 

Content Highlights: Spirituality, Sufi Chinthakal