ഹൃദയം ഭൗതികതയില്‍ നിന്നകന്ന്, ദൈവികതയോടൊപ്പം വസിക്കുന്ന 'ഉപ'വാസമാണ് യഥാര്‍ത്ഥ വ്രതം. ദേഹത്തിന്റെ ആവശ്യങ്ങളില്‍ നിന്നകന്ന്, ദേഹിയുടെ വിശുദ്ധാവസ്ഥ അനുഭവിക്കലാണ് വ്രതത്തിന്റെ പൂര്‍ണത. ഈ ഭൗതികതയില്‍ നിന്നും ദേഹബോധത്തില്‍ നിന്നും അകന്നുനില്‍ക്കുന്ന (Detached) അവസ്ഥയാണ് ശരിയായ വ്രതം (സൗമ്).

പഞ്ചേന്ദ്രിയങ്ങളിലൂടെ പുറംലോകത്തെ അനുഭവിക്കുന്ന ഐഹികതയില്‍ നിന്നുള്ള വിട്ടുനില്‍ക്കലാണ് വ്രതം കൊണ്ട് വിവക്ഷിക്കുന്നത്. ഉള്ളിലെ ദൈവികതയ്ക്കൊപ്പം വസിച്ചു, ആ ദൈവികതയില്‍ സദാ ആയിത്തീരാനുള്ള പരിശീലനമാണത്.

ഇത് ഏതെങ്കിലും നിശ്ചിത കാലത്തിനകത്ത് ബന്ധിതമല്ല സൂഫികള്‍ക്ക്. മുന്‍കഴിഞ്ഞ എല്ലാ സമൂഹങ്ങളും സാക്ഷാല്‍ക്കാരം അനുഭവിച്ചത് ഇതേ തപശ്ചര്യയിലൂടെ തന്നെയാണ്. അതിന്റെ ഭാഗമാണ് വിവിധ സമൂഹങ്ങളിലെ വൈവിധ്യമാര്‍ന്ന ഉപവാസ  രീതികള്‍.

സ്വത്വത്തിലെ അവിശുദ്ധികളെ ഉപവാസത്തിന്റെ തപസ്സില്‍, അഗ്‌നിയുതിര്‍ത്ത് കരിച്ചുകളയുന്ന ഘട്ടത്തെയാണ് 'റമദാന്‍' അര്‍ത്ഥമാക്കുന്നത്. ചിന്തയിലും വാക്കിലും കര്‍മ്മത്തിലും ആഹാരപാനീയങ്ങളിലും സംയമങ്ങള്‍ പുലര്‍ത്തി, ദേഹേച്ഛകളെ മെരുക്കിയെടുത്തു,  ദൈവബോധത്തിന്റെ (തഖ്വ) നിതാന്തജാഗ്രതയില്‍ ഉണരുമ്പോഴാണ് വ്രതം പൂര്‍ത്തിയാവുന്നത്. 

മുന്‍കഴിഞ്ഞ എല്ലാ സമൂഹങ്ങളിലും ദൈവബോധമുണരാന്‍ ഇതേ രീതിയിലുളള്ള യമരീതികള്‍ തന്നെയാണ് ഉല്ലേഖിതമായിരുന്നതെന്ന് (യാ അയ്യുഹല്ലദീന ആമനൂ കുതിബ അലൈകുമുസ്സ്വിയാമു 
കമാ കുതിബ അലല്ലദീന മിന്‍ ഖബ്ലിക്കും ലഅല്ലകും തത്തഖൂന്‍) വിശുദ്ധ ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നു.

ആത്മസ്വരൂപം നിറഞ്ഞുതെളിയേണ്ട സ്വത്വം, പ്രാപഞ്ചികതയോട് ഒട്ടിച്ചേര്‍ന്നപ്പോള്‍ ഭവിച്ച കലര്‍പ്പുകളെ തപിപ്പിച്ചു തന്നെ ഭസ്മീകരിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ആ പരമപരിശുദ്ധ സ്വരൂപം വെളിപ്പെടുകയുള്ളൂ. തപം ചെയ്യുന്ന ഈ സംയമപ്രക്രിയ ആ പരമപ്രകാശത്തിനു വെളിപ്പെടാന്‍ വേണ്ടി മാത്രമുള്ളതാണ്; ആ പ്രകാശം തന്നെയാണ് അതിന്റെ ആത്യന്തിക ഫലവും(അസൗമു ലീ, വ അന അജ്‌സീ ബിഹീ).

തപം ചെയ്ത വിശുദ്ധ ഹൃദയവുമായി, ദൈവമല്ലാത്ത സകലത്തില്‍ നിന്നുമകന്ന് (സൗമ്), മറ്റെല്ലാം സ്വത്വത്തില്‍ നിന്ന് ഭസ്മീകരിയ്ക്കപ്പെടുമ്പോള്‍ (റമദാന്‍ ) പരമപ്രകാശത്തെ സന്ധിയ്ക്കുന്നു. അവിടെയാണ് യഥാര്‍ത്ഥ ആനന്ദം (ഈദ് ).

ഒന്നാമതായി,  അവന്റെ അവിശുദ്ധി ഭസ്മീകരിച്ചു  മുറിയ്ക്കപ്പെട്ടതിന്റെ ആഘോഷം. രണ്ടാമതായി, പ്രകാശങ്ങളുടെ പ്രകാശത്തെ (നൂറുന്‍ അലാ നൂര്‍ ) പൂര്‍ണമായ നിറവില്‍ സന്ധിയ്ക്കുന്നതിന്റെ പരമാനന്ദം. പ്രകാശത്തിനായി സ്വേച്ഛകളെ തപം ചെയ്തവന്റെ നിശ്വാസം പോലും ദൈവികതയില്‍ കസ്തൂരിയേക്കാള്‍ സുഗന്ധവാഹിയാണ് (ലിസ്സ്വാഇമി ഫര്‍ഹതാനി ഫര്‍ഹതന്‍ ഹീന യുഫ്തിറു വ ഫര്‍ഹതന്‍ ഹീന യല്‍ഖാ റബ്ബഹു, 
വലഖലൂഫു ഫമി സ്സ്വാഇമി അത്വയബു ഇന്‍ദല്ലാഹി രീഹില്‍ മിസ്‌ക് ).

റൂമി പാടുന്നു:

'വ്രതത്താല്‍ നിന്റെ അന്തരാളം നിശ്ശൂന്യമാകുമ്പോള്‍, 
 മറഞ്ഞിരിക്കുന്നത് സ്വര്‍ഗീയ മാധുര്യമാണ്. 
നിശ്ശബ്ദമായ മൗനപൂര്‍ണിമയിലാണ് 
അനശ്വരത വീണമീട്ടുന്നത്. 
നിന്റെ ദേഹമാകെ ഉപവാസത്തില്‍ 
ഉരുകിത്തെളിയുമ്പോള്‍,
പിറവിയെടുക്കുന്നു വസന്തത്തിന്റെ വിശുദ്ധ ഗാനം. 
കാര്‍മുകിലുകള്‍ മുഴുവന്‍ നീങ്ങി, 
നിന്റെ ആത്മാകാശം നിറഞ്ഞുതെളിയുന്നു. 
കാരണം, സോളമന്റെ മുദ്രയണിഞ്ഞ മോതിരമാണ് വ്രതം. '

യഥാര്‍ത്ഥ വ്രതമറിഞ്ഞ സൂഫികള്‍ ഒരു ആമന്ത്രണം പോലെ ഇങ്ങനെ ഉരുവിടുന്നു:

'ഈ ലോകം എനിക്ക് ഒരു ദിനം ; അന്ന് ഞാന്‍ വ്രതത്തിലും.'