സൗഹൃദം പ്രണയത്തോട് ചോദിച്ചു: 

' നീ വന്നെത്തുമ്പോള്‍ എന്തേ ഞാന്‍ അറിയാതെ തപിച്ചുരുകുന്നു? എന്റെ ശക്തി ചോര്‍ന്ന് ഞാന്‍ ബാഷ്പമായ് മാറുന്നു. നിന്റെ ഈ ചൂടിന്റെയും  ശക്തിയുടെയും രഹസ്യം എന്താണ്? എന്തിനു വേണ്ടിയാണ് നീ ഹൃദയങ്ങളെ ഇത്രമേല്‍ തപിപ്പിയ്ക്കുന്നത്?'

പ്രണയത്തിനു പ്രതിവചിക്കാന്‍ വാക്കുകള്‍ ഒന്നുമുണ്ടായിരുന്നില്ല. പ്രണയമായ് പുണരുകയല്ലാതെ പ്രണയത്തിന് മറ്റൊന്നുമറിയില്ല. പ്രണയമല്ലാതെ പ്രണയത്തിന് വേറൊരു ലക്ഷ്യവുമില്ല. ഒരു നറുപുഞ്ചിരിയായ് പ്രണയമായ് പ്രവഹിക്കുക മാത്രം. 

അപ്പോള്‍ ചോദ്യം ശ്രവിച്ച ഒരു അനുരാഗി മറുപടിയുമായി മന്ദഹസിച്ചുകൊണ്ട് അവര്‍ക്കിടയില്‍ പ്രത്യക്ഷനായി. 

ഒരു പ്രണയിക്ക് മാത്രമേ പ്രണയത്തെ മൊഴിയാനാവൂ. ആ പ്രണയഭാഷ ഗ്രഹിക്കാനും മറ്റൊരു പ്രണയിക്കേ കഴിയൂ. 

' ഞാന്‍ പറയാം, 'ചോദ്യം സസൂക്ഷ്മം ശ്രവിച്ച ആ അനുരാഗി പറഞ്ഞു തുടങ്ങി:

' പ്രണയം കൊടുമുടിയാണ്. സൗഹൃദം താഴ്‌വരകളും. പ്രണയം തീവ്രവും തപിപ്പിയ്ക്കുന്നതുമാണ്. എന്നാല്‍, സൗഹൃദം ശാന്തവും തണുപ്പുമാണ്. സൗഹൃദം ജീവിപ്പിക്കുമ്പോള്‍ പ്രണയം നിഷ്‌കാസനം ചെയ്യുന്നു. കണ്ണുതുറന്നു നടക്കാന്‍ സൗഹൃദം പഠിപ്പിക്കുമ്പോള്‍, പ്രണയം കണ്ണടച്ച് എടുത്തുചാടാന്‍ പ്രേരിപ്പിക്കുന്നു. സൗഹൃദം കൂട്ടത്തിലേക്കും കൂട്ടായ്മയിലേക്കും കൊണ്ടുപോകുമ്പോള്‍ പ്രണയം നിന്നെ തികച്ചും ഏകനാക്കുന്നു.

സൗഹൃദം സാമൂഹികമാണ്. സുലഭവുമാണ്. എന്നാല്‍, പ്രണയം ആത്മനിഷ്ഠമായ ഒരു വിശുദ്ധരഹസ്യമാണ്. അപൂര്‍വ്വവുമാണ്. പ്രണയം തന്റെ ആത്മസത്തയിലേക്ക് കൊണ്ടുപോകുന്ന തീക്ഷ്ണപ്രകാശമാണ്. ആത്മപ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്ന് ഇരുള്‍വഴികളെ വിശുദ്ധീകരിച്ചു പ്രകാശമാക്കാന്‍ താപവും തീക്ഷ്ണതയും അത്യന്താപേക്ഷിതമാണ്. അവിടെ  അത്യപൂര്‍വ്വവും നിഗൂഢവും ദൈവികവുമാണ് പ്രണയം.'

പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത വിധം അനുരാഗിയില്‍ നിന്ന് വാക്കുകളുടെ  പ്രവാഹം തുടര്‍ന്നു:

' സൗഹൃദം ഉപരിതലത്തിലൂടെ കൈപിടിച്ചു നടക്കുമ്പോള്‍, പ്രണയം നിന്നെ ആഴങ്ങളില്‍ വിസ്മയിപ്പിക്കുന്നു. സര്‍വ്വം സമര്‍പ്പിതനാക്കി 
സ്വത്വത്തിന്റെ അഗാധതകളില്‍ പ്രണയം നിന്നെ വഴിനയിക്കുമ്പോള്‍, സൗഹൃദം സൂക്ഷ്മത പുലര്‍ത്തുകയും, വിട്ടുവീഴ്ചകളില്‍ ചേര്‍ത്തു പിടിച്ചു സംസ്‌കാരം പ്രകടിപ്പിക്കുകയും ചെയ്യുന്നു. പ്രണയം എല്ലാം കവരുന്നു. സര്‍വ്വം ഇല്ലായ്മ ചെയ്യുന്നു. നീ നിന്നെത്തന്നെ കൈവിടുവോളം പ്രണയത്തിന് നിന്റെ ആത്മസത്തയെ സ്പര്‍ശിക്കാനാവില്ല. അതുകൊണ്ട് തന്നെ സാമൂഹിക കാഴ്ചയില്‍, യഥാര്‍ത്ഥ പ്രണയം അത്രമേല്‍ അപകടകരവും ആത്മഹത്യാപരവുമാണ്. എന്നാല്‍,  പ്രണയത്തോളം നിന്റെ ആത്മസ്വരൂപത്തിലെ ദൈവികപ്രകാശത്തെ ചൈതന്യവത്താക്കുന്ന മറ്റൊരു ശക്തി വേറെയില്ലെന്ന് ആത്മദൃഷ്ടി തെളിഞ്ഞവര്‍ക്ക് അറിയാന്‍ കഴിയുന്നു. അതുകൊണ്ടാണ് ധ്യാനപൂര്‍ണ്ണിമയുടെ അന്ത്യഘട്ടത്തില്‍ ഭവിയ്ക്കുന്ന ആന്തരികമാറ്റം, പ്രണയപൂര്‍ണ്ണതയുടെ ആദ്യനിമിഷങ്ങളില്‍ തന്നെ സംഭവിക്കുന്നു എന്ന് ഗുരുക്കന്മാര്‍ പറയുന്നത്.'

റൂമി പ്രണയമായ് പകരുന്നു:

' മുള്ളിനെ പനിനീര്‍പ്പൂവാക്കുന്നു പ്രണയം. 
വിഷത്തെ പിയൂഷമാക്കുന്നു. 
വെള്ളത്തെ വീഞ്ഞാക്കുന്നു. 
വേദനയെ ആനന്ദമാക്കുന്നു പ്രണയം. 
ചക്രവര്‍ത്തിയെ ഭൃത്യനാക്കുന്നു. 
കൈപ്പിനെ മധുരമാക്കുന്നു. 
കല്ലിനെ മുത്താക്കുന്നു പ്രണയം. '

ക്രിയാത്മകമായ സര്‍വ്വവിധ സര്‍ഗ്ഗസിദ്ധികളും പൂവിരിയുന്നത് പ്രണയപൂര്‍ണ്ണതയുടെ കൊടുമുടികളിലാണ്. അതുകൊണ്ടാണ് അത്തരം സൃഷ്ടികള്‍ കാലത്തെ അതിജയിച്ചു അനശ്വരതയെ രുചിപ്പിക്കുന്നത്. പ്രണയത്തിന്റെ കൊടുമുടികള്‍ അതീവ സാഹസികര്‍ക്ക് മാത്രമുള്ളതാണ്. ഒരു ബുദ്ധന് മാത്രമേ ശരിയായ പ്രണയം സാധ്യമാവൂ എന്ന് ഗുരുക്കന്മാര്‍ പറയുന്നതും അതുകൊണ്ടാണ്. 

റൂമി ഓര്‍മ്മപ്പെടുത്തുന്നു:

' ഒരു യഥാര്‍ത്ഥ അനുരാഗിയെങ്കില്‍, 
പ്രണയത്തിനായ് 
സര്‍വ്വവും ചൂതാടുക നീ. 
അല്ലെങ്കില്‍,  പ്രണയികളുടെ ഈ കൂട്ടത്തെ  
വിട്ടുപോവുക. '

Content Highlights: Peaks of love and valleys of friendship- Sufi Chinthakal