നമുക്ക് ഏതുവരെ ക്ഷമിക്കാം? സുഹൃത്ത് ചോദിച്ചപ്പോൾ പെട്ടെന്നുവന്ന മറുപടി ക്ഷമയ്ക്ക് അതിരില്ല എന്നായിരുന്നു. അതോടൊപ്പം ഇത്രകൂടി കൂട്ടിച്ചേർത്തു: നമ്മിൽ അതിരുകളുള്ളതിനാലാണ് നമുക്ക് ക്ഷമിക്കേണ്ടിവരുന്നത്.

ക്ഷമയെ മഹത്തായ ഒരു സ്വഭാവമായാണ് നാം പറഞ്ഞുപോരാറെങ്കിലും അത് നമ്മുടെ അസഹിഷ്ണുതയിൽനിന്ന് ഉടലെടുക്കുന്നതാണെന്നതാണ് സത്യം. നമ്മുടെ ബോധാകാശത്തിന്റെ സങ്കുചിതത്വമാണ് ക്ഷമിക്കേണ്ട അവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നത്. മനുഷ്യരുടെ ബോധം ആശയപരമായി വിശാലമാണെങ്കിലും സത്താപരമായി ഇടുങ്ങിയതാണെന്ന യാഥാർഥ്യം നമ്മെ ബോധ്യപ്പെടുത്തിത്തരുന്നതാണ് ക്ഷമ അനുവർത്തിക്കേണ്ടിവരുന്ന ഓരോ സന്ദർഭവും.

നീ നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്നു പറയേണ്ടിവരുന്നത് സ്നേഹത്തേക്കാൾ വെറുക്കാനും അകറ്റാനുമുള്ള സാധ്യതയാണ് സ്വാഭാവികമായി നമ്മിലുള്ളത് എന്നതിനാലാണ്. എന്തിന്, നാം ഏറെ സ്നേഹത്തോടെ നമ്മോട്‌ ചേർത്തുനിർത്തിയിട്ടുള്ള പ്രിയമുള്ളവർപോലും നമ്മെ ഒന്നു വിമർശിച്ചാൽ ആ നിമിഷം അവർ അന്യരാവുകയും നമ്മിൽനിന്ന് അകറ്റുകയും വെറുക്കപ്പെട്ടവരെപ്പോലെ അവരെ അനുഭവിക്കുകയും ചെയ്യാത്ത ആരും നമുക്കിടയിലുണ്ടാകില്ല. പിന്നെ നാം നമ്മെത്തന്നെ അനുനയപ്പെടുത്തി ശാന്തമാക്കുന്ന പ്രക്രിയയാണ് ക്ഷമയിലൂടെ നടക്കുന്നത്.

നാം നമ്മോട് പറയുകയാണ്. മനസ്സേ, ഒന്നടങ്ങൂ. അത് നിന്റെ ഭാര്യയാണ്, ഭർത്താവാണ്, അമ്മയും അച്ഛനുമാണ്, മക്കളാണ്, സഹോദരിയോ സഹോദരനോ ആണ്. നീ ഇങ്ങനെ വെകിളിപിടിച്ച് അക്രമകാരിയാകാതെ. അത് നിന്റെ സമാധാനത്തെക്കൂടി കെടുത്തിക്കളയും.

ആ അനുനയിപ്പിക്കൽ ഏല്ക്കുമ്പോഴാണ് വക്രിച്ചുവന്ന മുഖത്തെ സൗമ്യമാക്കി നാം ക്ഷമയുടെ മധുരിമയെ പ്രസരിപ്പിക്കുന്നത്. അത് ഉള്ളിലെ എല്ലാ അമർഷങ്ങളെയും അടക്കിവെക്കലാണ്. ആ അടക്കിവെക്കൽ തികച്ചും കൃത്രിമമാണ്. എന്നാൽ ആ കൃത്രിമത്വത്തിലൂടെ മാത്രമേ നമുക്ക് നല്ലൊരു മനുഷ്യനാകാനും മനുഷ്യത്വത്തിലേക്ക് വളരാനും കഴിയുകയുള്ളൂ. അത്രമാത്രം പ്രാകൃതത്വം നിറഞ്ഞ ബോധമാണ് നമ്മുടെ സ്വാഭാവികാവസ്ഥ എന്നതുതന്നെയാണ് അതിനു കാരണം.

അടക്കിവെക്കലും തുറന്നുവിടലുമല്ല വഴി. അറിയലാണ്. ആദ്യം നാം അറിയണം. ക്ഷമയെക്കുറിച്ചും അത് ഒരു സഹനമാണ് എന്നതിനെക്കുറിച്ചും അതിന്റെ ഉദ്‌ഭവത്തെക്കുറിച്ചും സ്ഥൂലമായും സൂക്ഷ്മമായും അറിയുമ്പോൾ നമ്മിൽ സംഭവിക്കുക ഒരു അടങ്ങലാണ്. ആ അടങ്ങലിലേക്കുള്ള ആദ്യപടിയെന്ന നിലയിൽ അടക്കലിനെ ഒരു സാധനയാക്കിയേ മതിയാകൂ. ക്ഷമ എന്ന അടക്കൽ ഒരു സമ്മർദമാണെങ്കിൽ പിന്നെപ്പിന്നെ അത് അടങ്ങൽ എന്ന മന്ദഹാസത്തിലേക്ക് വഴിമാറും.

ഒരു സെൻ കഥയാണ് ഓർക്കുന്നത്. ഒരു ഗ്രാമത്തിൽ ധ്യാനാത്മകനായി കഴിഞ്ഞിരുന്ന സെൻഗുരുവുണ്ടായിരുന്നു. അദ്ദേഹത്തെ കാണാൻ വന്നിരുന്ന അവിവാഹിതയായ യുവതി ഒരുദിവസം ഗർഭിണിയായി. കാര്യമറിഞ്ഞ വീട്ടുകാരും നാട്ടുകാരും ക്ഷുഭിതരായി. ആരാണ് കാരണക്കാരനെന്ന് അവർ കുത്തിക്കുത്തി ചോദിച്ചപ്പോൾ അവൾ ആ സെൻ ഗുരുവിന്റെ പേരു പറഞ്ഞു.

പെൺകുട്ടിയെയുംകൊണ്ട് അവർ സെൻ ഗുരുവിനടുത്തെത്തി. ഇവൾ ഗർഭിണിയാണ്. നിങ്ങളാണ് അതിനുത്തരവാദിയെന്ന് അവൾ പറയുന്നു. എന്താണ് നിങ്ങൾക്കു പറയാനുള്ളത്? രോഷത്തോടെ ജനം അദ്ദേഹത്തോട് ചോദിച്ചു.

അദ്ദേഹം ആകെപ്പറഞ്ഞ മറുപടി ഇത്രമാത്രം: അങ്ങനെയോ?

അവർ അദ്ദേഹത്തെ കുറെ പഴിച്ച് ആ പെൺകുട്ടിയെ അവിടെ വിട്ട് അവരവരുടെ വീടുകളിലേക്ക് പോയി. അവൾ ആ സെൻ ഗുരുവിനൊപ്പം കഴിഞ്ഞു. അദ്ദേഹം അവളോട് ഒന്നും ചോദിച്ചില്ല. സ്നേഹത്തോടെ അവൾക്കുവേണ്ടത് ചെയ്തുകൊടുത്തു. ദിവസം കഴിയുംതോറും കുറ്റബോധംകൊണ്ട് അവളുടെ ഹൃദയം നീറി. ഒരു ദിവസം അവൾ വീട്ടുകാരോടും ഗ്രാമക്കാരോടും ആ സത്യം തുറന്നു പറഞ്ഞു: അദ്ദേഹം നിരപരാധിയാണ്. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ അടുത്ത ഗ്രാമത്തിലെ യുവാവാണ്. എല്ലാവരെയും ഭയന്നാണ് ഞാ!ൻ അതു മറച്ചുവെച്ചത്.

ഗ്രാമക്കാർക്ക് കുറ്റബോധമായി. സാത്വികനായ ആ ധ്യാനഗുരുവിനെ ചീത്തവിളിച്ചവരെല്ലാം ദുഃഖിതരായി. അപമാനഭാരത്തോടെ അവർ ആ ഗുരുവിന്റെ മുന്നിലെത്തി. ക്ഷമാപണത്തോടെ അവർ പറഞ്ഞു: ഞങ്ങളോട് പൊറുക്കണം. ഇവളുടെ വാക്ക് വിശ്വസിച്ച് ഞങ്ങൾ അങ്ങയെ ഒരുപാട് വിഷമിപ്പിച്ചു. ഇവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ അടുത്ത ഗ്രാമത്തിലെ യുവാവാണ്. അതിനാൽ ഞങ്ങൾ ഇവളെ കൊണ്ടുപോകുന്നു.

മൗനമന്ദഹാസത്തോടെ അദ്ദേഹം മറുപടി പറഞ്ഞത് ഇത്രമാത്രം: അങ്ങനെയോ.

ഇതാണ് അടങ്ങിയ ബോധത്തിന്റെ അവസ്ഥ. അവിടെ സജീവമായിരിക്കുന്നത് ക്ഷമയല്ല. അലയൊടുങ്ങിയ നിശ്ചല തടാകംപോലെയാണ് ആ ബോധം. ക്ഷമ അങ്ങനെയല്ല. അത് പ്രക്ഷുബ്ധമായ സാഗരത്തെ അടക്കിവെക്കലാണ്. അത് അത്യാവശ്യമാണ്. ആ വഴിയിലൂടെ സഞ്ചരിച്ചേ നമുക്ക് അടങ്ങുകയെന്ന നിശ്ചലത്വത്തിലേക്ക് പ്രവേശിക്കാനാകൂ.

Sand time
Representational Image: Pixabay

നിത്യനിരന്തരമായ ശ്രദ്ധ ആവശ്യമുള്ള സാധനയാണത്. നല്ലൊരു മനുഷ്യനായിരിക്കാൻ അത്രമാത്രം ശ്രദ്ധ ആവശ്യമാണ്. ക്ഷമയാണ് അവിടെ ഏറ്റവും നല്ല വഴികാട്ടി. ആ വെളിച്ചമാണ് നമ്മെ അടങ്ങുകയെന്ന മഹാകാശത്തിലേക്ക് നയിക്കുക. എന്തുകൊണ്ടാണ് നമുക്ക് ക്ഷമയെ ഇത്രമാത്രം ചേർത്തുവെക്കേണ്ടി വരുന്നത്? ആ സമ്മർദത്തിലൂടെയല്ലാതെ സമാധാനത്തിലേക്ക് പ്രവേശിക്കാനാകാത്തത് എന്തുകൊണ്ടാണ്?

നാം ഒരു ഗ്രോത്രജീവിയാണ്. അതിജീവനത്തിനും ഉപജീവനത്തിനുംവേണ്ടി ഗോത്രാതിർത്തിവിട്ട് യാത്ര ചെയ്യേണ്ടി വന്നപ്പോഴാണ് ക്ഷമയെ ഒരു ഉപാധിയാക്കേണ്ടിവന്നത്. രണ്ട് അതിരുകളുള്ളവർ ഒന്നിച്ചിരിക്കേണ്ടിവരുന്ന അവസ്ഥയിൽ അപരനെ ഇല്ലായ്മ ചെയ്യാനുള്ള പ്രവണതയാണ് സ്വാഭാവികമായുണരുക. എന്നാൽ തന്റെ നിലനില്പിന്ന് ആ അപരനുമായി അനുനയത്തോടെ ഇടപെടേണ്ടത് അത്യാവശ്യമായി വന്നിടത്താണ് അക്രമപരതയെ അടക്കി ക്ഷമയെ സജീവമാക്കുകയെന്നത് നാം സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റിയത്.

ലോകത്തിന്റെ പലഭാഗങ്ങളിലും ഗോത്രങ്ങളായി കഴിഞ്ഞിരുന്നവർ അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്ത് കലർന്നുരുകി ഇന്ന് ഒരൊറ്റ ജനതപോലെ ആയിട്ടുണ്ടെങ്കിലും അല്ലെങ്കിൽ ഒരൊറ്റ ജനതയെപ്പോലെ ഒന്നിച്ചിരിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ ഡി.എൻഎ.യിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അത് അടുത്തിരിക്കുന്നവരെ അന്യരായിത്തന്നെയാണ് അനുഭവിക്കുന്നത്. അതുകൊണ്ടാണ് സമത്വം, സാഹോദര്യം, സ്നേഹം, ദയ, അനുകമ്പ, സഹകരണം, ക്ഷമ എന്നൊക്കെയുള്ള മൂല്യങ്ങളെ ബോധപൂർവം ജീവിതത്തിൽ പകർത്തേണ്ടത് അത്യാവശ്യമായി വരുന്നത്. നയതന്ത്രജ്ഞത ഇത്രമാത്രം വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ലോകജീവിതത്തിലും പ്രധാനവിഷയവും വഴിയുമായിരിക്കുന്നതും അതുകൊണ്ടാണ്.

നയപരമായി ഇടപെടുന്നിടത്താണ് സമാധാനം പുലരുകയെന്ന് നമ്മോട് ആരും പറഞ്ഞുതരേണ്ടതില്ലല്ലോ. അത് ഏറെ പ്രിയത്തോടെ ചേർത്തുവെച്ചിരിക്കുന്ന, അല്ലെങ്കിൽ ഒന്നെന്നപോലെ ഒന്നിച്ചു കഴിയുന്ന ഉറ്റവർക്കിടയിൽപ്പോലും അത്യാവശ്യമാണെന്ന യാഥാർഥ്യം മനസ്സിലാക്കുമ്പോഴാണ് എത്രമാത്രം സങ്കീർണമായ ഒരു ജീവിയാണ് നാം എന്ന് ബോധ്യമാകുക. അത്ര ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അത്രമാത്രം ജാഗ്രതയുണ്ടെങ്കിലേ പ്രാണപ്രിയരായിരിക്കുന്നവരോടൊപ്പംപോലും സമാധാനത്തോടെ കഴിയാനാകൂ എന്നു നാം അറിയേണ്ടതുണ്ട്. അത് നമ്മുടെ ജീവിതത്തിന്റെ സാധനയാക്കി മാറ്റേണ്ടതുമുണ്ട്.

ക്ഷമ ഒരു മഹത്ത്വമല്ലെന്നും അത് ഒരു നിസ്സഹായതയും നിവൃത്തികേടുമാണെന്നും അറിയുന്നത് നല്ലതുതന്നെയാണ്. ദുരഭിമാനങ്ങളിൽനിന്നുള്ള മുക്തിക്ക്‌ അത് ഏറെ സഹായകമാകും. ഏറ്റവും സൂക്ഷ്മവും ഒഴിവാക്കാൻ വളരെ പ്രയാസവുമുള്ള അഹങ്കാരം വിനയമാണെന്ന് ഒരു സൂഫി പറഞ്ഞിട്ടുണ്ട്. അതും ക്ഷമയെ നാം വിശകലനം ചെയ്തതുപോലെ സൂക്ഷ്മമായറിയേണ്ട വിഷയമാണ്.

ശങ്കരാചാര്യർ വിവേകചൂഢാമണിയിൽ തിതിക്ഷയ്ക്ക് നല്ലൊരു നിർവചനം നല്കിയിട്ടുണ്ട്. നമ്മുടെ ദുഃഖങ്ങളെയെല്ലാം പ്രതികാരബുദ്ധിയില്ലാതെയും ചിന്താവിലാപമില്ലാതെയും സഹിക്കുന്നതാണ് തിതിക്ഷ. അല്ലെങ്കിൽ ക്ഷമ.

നമ്മുടെ ക്ഷമ പലപ്പോഴും പ്രതികാരബുദ്ധിയും ചിന്താവിലാപവും ചേർന്നതാണ്. ഇപ്പോൾ ഞാൻ ക്ഷമിക്കുന്നു. നിനക്കുള്ളത് പിന്നെ തരാം എന്നു നിനച്ചുള്ള ക്ഷമിക്കലാണ് ഒന്ന്. രണ്ടാമത്തേത്, എന്നാലും എന്നോട് ഇതു ചെയ്തല്ലോ എന്നു ചിന്തിച്ചുള്ള വിലാപവും. ഇതു രണ്ടുമില്ലാതെ ക്ഷമ, തിതിക്ഷ നമ്മിൽ സംഭവിക്കണമെങ്കിൽ നമുക്ക് അറിവുണ്ടാകണം. നമ്മുടെ ബോധവികാസമില്ലായ്മയാണ്, ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയില്ലായ്മയാണ് ക്ഷമയെ സൃഷ്ടിക്കുന്നതെന്നും അത് ഒരു മഹത്ത്വമായി കാണേണ്ടതില്ലെന്നും വഴിയായി സ്വീകരിച്ചാൽ മതിയെന്നും നാം അറിയണം. ആരും അന്യരല്ലെന്ന അറിവ് അനുഭവമായി മാറാനുള്ള മനുഷ്യജീവിയുടെ അദമ്യമായ വെമ്പലിനും വിതുമ്പലിനും ഒരു തുറവിയുണ്ടാകാൻ നാം ഓരോരുത്തരും ക്ഷമയെ സമാധാനത്തോടെയും സഹിഷ്ണുതയോടെയും ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്നുമുള്ള അറിവ് ഉണ്ടായാലാണ് ആചാര്യർ പറയുന്നത് നമുക്ക് ബോധ്യമാകുക. അനുഭവമാകുക.

നമ്മുടെ ക്ഷമ പലപ്പോഴും പ്രതികാരബുദ്ധിയും ചിന്താവിലാപവും ചേർന്നതാണ്. ഇപ്പോൾ ഞാൻ ക്ഷമിക്കുന്നു. നിനക്കുള്ളത് ഞാൻ പിന്നെ തരാം എന്ന രീതിയിലാണ് പലരുടെയും ക്ഷമിക്കൽ

Content Highlights: Patience and  forgiveness way of simple life