സൂര്യനെ ആരാധിച്ചിരുന്ന ഒരു ഗോത്രവര്‍ഗ്ഗ സമൂഹം ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ ജീവിച്ചിരുന്നു. സൂര്യനാണ് പ്രപഞ്ചസ്രഷ്ടാവ് എന്നവര്‍ വിശ്വസിച്ചു. അവര്‍ക്ക് മാത്രമാണ് സൂര്യന്‍ ശരിയായ പ്രകാശം ചൊരിയുന്നതെന്നും, മറ്റുള്ള വിശ്വാസക്കാര്‍ക്കെല്ലാം തെറ്റായ പ്രകാശമാണ് നല്‍കുന്നതെന്നും അവരുടെ മതനേതൃത്വം അവരെ ധരിപ്പിച്ചു. അവര്‍ വസിക്കുന്ന വനാന്തരത്തില്‍ വിളയുന്ന ഭക്ഷ്യധാന്യങ്ങളും പഴങ്ങളും മാത്രമേ കഴിയ്ക്കാന്‍ അനുവദനീയമായുള്ളൂ എന്നവര്‍ അന്ധമായി വിശ്വസിച്ചിരുന്നു.

ഇതര പ്രദേശങ്ങളില്‍ വിളയുന്നവയെല്ലാം ഇരുട്ടിന്റെ പഴങ്ങളാണെന്നും അവര്‍ പ്രചരിപ്പിച്ചു. അവരുടെ വനാതിര്‍ത്തിക്ക് പുറത്തു വസിക്കുന്ന, സൂര്യനെ ദൈവമായി വിശ്വസിക്കാത്തവരുടെ ജീവിതവും വിവാഹവും ആഹാരവുമെല്ലാം നിഷിദ്ധമായ വഴിയിലുള്ളതെന്നും അവര്‍ വിചാരിച്ചു. സൂര്യനെ ആരാധിയ്ക്കാത്തവര്‍ നരകവാസികളാണെന്നും അവരുമായുള്ള എല്ലാ സമ്പര്‍ക്കവും സഹവാസവും പാപമാണെന്നും അവര്‍ വിശ്വസിക്കുന്നു. അങ്ങനെ, തങ്ങളുടെ വനപരിധിയ്ക്ക് പുറത്തെ വായുപോലും അവിശ്വാസികള്‍ ശ്വസിക്കുന്ന വിഷവായുവാണെന്നും, അത്  ഇരുട്ടിലേക്കും നരകത്തിലേക്കും നയിക്കുമെന്നുമുള്ള മൂഢവിശ്വാസം അവരെ കൂടുതല്‍ അന്ധരാക്കിക്കൊണ്ടിരുന്നു. 
    
ഒരിയ്ക്കല്‍, ആ വനപ്രദേശത്ത് വേനല്‍ കടുക്കുകയും, വരള്‍ച്ച വ്യാപകമാവുകയും ചെയ്തു. കഠിനമായ ഭക്ഷ്യക്ഷാമവും അനുഭവപ്പെട്ടു. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അപര്യാപ്തത പുറത്ത് നിന്നും അത്  ശേഖരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കി. ഒരു രക്ഷയുമില്ലാതായപ്പോള്‍, അവിശ്വാസികളുടെ വിളഞ്ഞ ധാന്യവും അവരുടെ നിലങ്ങളില്‍ വിരിഞ്ഞ പഴവും പച്ചക്കറിയും വാങ്ങേണ്ടി വന്നു.

മറ്റു  പ്രദേശങ്ങളിലെ സൂര്യന്‍ ഇരുള്‍ നിറഞ്ഞ പ്രകാശം കൊണ്ട് അവിശ്വാസികള്‍ക്കു നല്‍കുന്ന ആഹാരം മനസ്സില്ലാമനസ്സോടെയാണ്  വിശന്നുവലഞ്ഞ അവര്‍ കഴിച്ചത്. എന്നാല്‍, കഴിച്ചുകഴിഞ്ഞപ്പോഴാണ് അവര്‍ ആ സത്യം രുചിച്ചറിഞ്ഞത്. വിശ്വാസികള്‍ മാത്രം പാര്‍ക്കുന്ന വനാന്തര്‍ഭാഗത്ത് വിളയുന്ന വിളവുകളേക്കാള്‍ അതീവ രുചികരമാണ് പുറത്ത് നിന്ന് കൊണ്ടുവന്ന പഴവര്‍ഗ്ഗങ്ങളും ധാന്യങ്ങളുമെല്ലാം. ഒരേ പ്രകാശത്തില്‍ നിന്ന് വിളവെടുക്കുന്ന സത്ത് തന്നെ സകല പ്രപഞ്ചത്തിലും സര്‍വ്വ മനുഷ്യരിലും കുടികൊള്ളുന്നത് എന്ന സത്യം ഒടുവില്‍ അവര്‍  തിരിച്ചറിഞ്ഞു. 

സംസ്‌കൃതരും നാഗരികരുമെന്ന് സ്വയം പ്രഖ്യാപിക്കുന്ന പല മതങ്ങളുടെയും ജാതികളുടെയും വര്‍ഗ്ഗങ്ങളുടെയും സംഘടനകളുടെയും ഉള്ളില്‍ ഇപ്പോഴും മാറാതെ നിലലില്‍ക്കുന്ന സങ്കുചിതത്വം, ഇതേ ഗോത്രവര്‍ഗ്ഗത്തിന്റെ അതേ മനസ്ഥിതി തന്നെയാണ്.

മറ്റു വിശ്വാസങ്ങളെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്യാതെ, ജനിച്ചു വളര്‍ന്നപ്പോള്‍ കേട്ടുപഠിച്ചതല്ലാത്ത എല്ലാ വിശ്വാസധാരയും മാര്‍ഗ്ഗഭ്രംശവും വഴി തെറ്റിയതുമാണെന്ന് ആദ്യമേ വിധിതീര്‍പ്പ് കല്‍പ്പിക്കുന്നവരാണ് മിക്ക വിശ്വാസികളും. അങ്ങനെയാണ് എല്ലാ മതനേതൃത്വവും  അനുയായികളും പഠിപ്പിച്ചുവെച്ചിരിക്കുന്നത്. നിരന്തരം ഉല്‍ബോധനം  നടത്തുന്നതും ഇതേ സങ്കുചിത വിശ്വാസം അരക്കിട്ടുറപ്പിക്കാനാണ്. 

സമഗ്രതയിലും വിശാലതയിലും ദൈവികതയെ ഹൃദയത്തില്‍ അനുഭവിക്കുന്നവര്‍ക്ക് മാത്രമേ വിശ്വാസങ്ങളുടെ ആന്തരിക യാഥാര്‍ഥ്യത്തെയും, ഏകതയുടെ പ്രണയപ്പൊരുളിനെയും ആത്മാവുകൊണ്ട് സ്പര്‍ശിക്കാനാവൂ. ഇത് തിരിച്ചറിഞ്ഞവരുടെ മുന്നില്‍ മറകളും മതിലുകളുമില്ലാതാകുന്നു. പിന്നെ പ്രകാശദര്‍ശനമാണ്! പ്രകാശത്തിന്റെ പ്രഭവത്തെ  അറിഞ്ഞവര്‍ അറിയുന്നു ; സര്‍വ്വ പ്രകാശവും ഒന്നെന്ന്.

വിശ്രുത  സൂഫി ഗുരു മുഹ്യിദ്ദീന്‍ ഇബ്‌നു അറബി പറയുന്നു:

'നിങ്ങളുടെ വിശ്വാസം മാത്രം പുകഴ്ത്തി, മറ്റുള്ളവരെ ഇകഴ്ത്തി കാണരുത്. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജീവിതത്തിന്റെ നന്മ നഷ്ടമാകുന്നു. അല്ല ; വസ്തുതയുടെ സമഗ്രമായ സത്യാത്മകത തന്നെ നഷ്ടപ്പെടുന്നു. സര്‍വശക്തനും സര്‍വ്വവ്യാപിയുമായ ദൈവം ഒരു വിഭാഗത്തിന്റെയും മാത്രം ആളല്ല. സമഗ്രതയും വിശാലതയുമാണവന്‍. 

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ എങ്ങോട്ട് മുഖം തിരിച്ചാലും ദൈവത്തിന്റെ മുഖം അവിടെയുണ്ട്'. 

എല്ലാവരും പ്രശംസിക്കുന്നത് അവരവരുടെ അറിവിനെ തന്നെയാണ്. അതിനെ വിശ്വസിച്ച് സ്തുതിക്കുന്നവന്‍ അവനവനെത്തന്നെയാണ് പ്രശംസിക്കുന്നത്. സത്യബോധം സിദ്ധിച്ചവന് ഒരിക്കലും അങ്ങിനെ  ചെയ്യാന്‍ കഴിയില്ല. കാരണം, അവന്റെ അനിഷ്ടം അവന്റെ അജ്ഞതയെ അടിസ്ഥാനമാക്കിയാണ്.'

അജ്ഞതയില്‍ നിന്നും അന്ധവിശ്വാസത്തില്‍ നിന്നുമുള്ള തെറ്റിധാരണ മാത്രമാണ് മറ്റു വിശ്വാസങ്ങളെ വെറുക്കാനും അവരോട് ശത്രുത പുലര്‍ത്താനും കാരണമാകുന്നത്. എല്ലാ വിശ്വാസങ്ങളിലും ശരികള്‍ ഉള്ളത് പോലെ തെറ്റുകളും ഉണ്ടാവും. എന്നാല്‍, അവയെ സഹിഷ്ണുതയോടെയും സ്‌നേഹത്തോടെയും സമീപിച്ചു തിരുത്തുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. അനുതാപത്തോടെ മാത്രമേ അവനു മറ്റുള്ളവരെ കാണാനാവൂ. 

സഹോദരന്റെ വസ്ത്രത്തില്‍ ചെളി പുരണ്ടത് കണ്ടാല്‍, അത് സ്‌നേഹപൂര്‍വ്വം തുടച്ചുകൊടുത്ത്, ഹൃദയത്തിലെ ഒരേ സൗന്ദര്യപ്രകാശത്തെ തിരിച്ചറിയുന്നവനാണ് ദൈവത്തോടൊപ്പം ചരിക്കുന്നവന്‍. പല രീതിയില്‍ ആലപിയ്ക്കുന്ന ഒരേ ഗാനത്തിന്റെ സ്വരലയത്തെ ഹൃദയരാഗമായി പകര്‍ന്നു പാടുന്നു റൂമി :

'എല്ലാ സ്തുതികളും 
ചെന്നു ചേരുന്നതൊന്നില്‍, 
അപ്പോള്‍ സ്തുതി 
ഒന്ന് മാത്രം. 
വിവിധ വര്‍ണ്ണത്തിലുള്ള 
ചഷകങ്ങളിലേക്ക് 
ജലമെത്തുന്നത് 
ഒരേ കിണറില്‍ നിന്ന് തന്നെ. 
എല്ലാ വിശ്വാസങ്ങളും, 
എല്ലാ ഗാനങ്ങളും 
ഒരേ പാട്ട് തന്നെ. 
പുറമേ കാണുന്ന 
മിഥ്യയായ വര്‍ണങ്ങളില്‍ 
മാത്രമാണ് വ്യത്യാസം. 
ചില ചുമരുകളില്‍ സൂര്യപ്രകാശം 
ചില വ്യത്യസ്ത നിറങ്ങളില്‍ 
കാണുന്നു. 
മറ്റു ചുമരുകളില്‍ 
മറ്റു വര്‍ണങ്ങള്‍!
അത്ര മാത്രം. 
പക്ഷേ, എപ്പോഴും എല്ലാം 
ഒരേ സൂര്യപ്രകാശം !'

Content Highlights: Sufism, Sufi Chinthakal, siddiq muhammad, Spirituality