രു മൗനധ്യാനത്തില്‍, പ്രയാണഗതി വാനലോകത്തിന്റെ പ്രകാശതീരങ്ങളില്‍ ചെന്നെത്തി. താരകതുല്യരായ  ഋഷിമാരും, മഹാജ്ഞാനികളുമായിരുന്നു അവിടെ പ്രകാശമായി  നിറഞ്ഞുവിരിഞ്ഞത്. വെളിച്ചത്തിന്റെ ആ മഹാവിസ്മയത്തില്‍, ഞാന്‍ ആദ്യം എത്തിച്ചേര്‍ന്നത് ഒരുമിച്ചിരിക്കുന്ന ആദിശങ്കരന്റെയും ശ്രീനാരായണ ഗുരുവിന്റെയും സവിധത്തിലായിരുന്നു.

ചിരപരിചിതരെപ്പോലെ, അതീവ വാല്‍സല്യത്തോടെ ഇരുവരും എന്നെ ആശ്ലേഷിച്ചു. കുറച്ചുസമയം എന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്ന ആദിശങ്കരന്‍ പറഞ്ഞു:

'നിന്റെ മുഖത്തെവിടെയോ ഒരു സന്ദേഹത്തിന്റെ വര്‍ണ്ണം മിന്നിമറയുന്നുണ്ടല്ലോ.'

അതെ എന്ന ഭാവത്തില്‍, ഒരു ചെറു മന്ദഹാസത്തോടെ ഞാന്‍ തല കുലുക്കി.

'ചോദിക്കൂ,' ആചാര്യര്‍ പറഞ്ഞു.

' വളരെ ആത്മനിഷ്ഠമായ എന്റെ അദ്വൈതാനുഭവത്തെ (തൗഹീദ്) എന്തിനാണു അങ്ങ് ഇത്രമാത്രം താത്ത്വികവും താര്‍ക്കികവുമായി പറഞ്ഞു എന്നെ വട്ടംചുറ്റിച്ചത്?'

അതീവസ്വാതന്ത്ര്യത്തോടെ ഞാനിങ്ങനെ ചോദിച്ചപ്പോള്‍, ആ മഹാഗുരു ഒരു കുസൃതിച്ചിരിയോടെ എന്നെ നോക്കി.

എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:

' കാല്‍പനികനും കവിയും കാമുകനുമായ നിനക്ക് ഇതാവശ്യമില്ല; പക്ഷേ , ഇതിലൂടെ മാത്രം വസ്തുത മനസ്സിലാക്കുന്ന നിരവധി പേര്‍ നിന്റെ ചുറ്റിലുമുണ്ട്. '

നിനക്കായുള്ളത് ഞാന്‍ ചൊല്ലിത്തരാം എന്നു പറഞ്ഞ് നാരായണഗുരുവിന്റെ 'ദൈവദശകത്തില്‍' നിന്ന് ഏതാനും വരികള്‍ ഈണത്തില്‍ ചൊല്ലി.

' നീയല്ലോ മായയും, മായാ-
വിയും, മായാവിനോദനും.
നീയല്ലോ മായയേ നീക്കി-
സ്സായൂജ്യം നല്‍കുമാര്യനും..'

വാക്കുകളോ വാദങ്ങളോ ഇല്ലാതെ, ഒരു മൗനമന്ദഹാസത്തോടെ നാരായണഗുരു എല്ലാം കേട്ട് സ്‌നേഹപൂര്‍വ്വം കണ്ണിമ ചിമ്മിത്തുറന്നു.

തൃപ്തിയോടെ കണ്ണുനിറഞ്ഞു നിന്ന എന്നെ, ഇരുവരും അനുഗ്രഹിച്ചു യാത്രയാക്കി. പിന്നെ ഞാന്‍, ആ ജ്ഞാനപ്രഭയുടെ മഹാലോകത്ത് പ്രിയങ്കരനായ ഓഷോയെ തിരഞ്ഞു കണ്ടെത്തി. ആനന്ദവും ആഘോഷവും പ്രഭ ചൊരിയുന്ന ഒരു പ്രകാശോദ്യാനത്തില്‍, ആ അദ്വിതീയ ഗുരു എന്നെ ആശ്ലേഷിച്ച് സ്വീകരിച്ചു.