'ജീവന്റെ യാഥാര്‍ത്ഥ്യവും ജീവിതത്തിന്റെ പൊരുളുമന്വേഷിക്കുന്ന ഒരു ജിജ്ഞാസുവാണ് ഞാന്‍. പല വഴികളില്‍ ഞാന്‍ എന്റെ സന്ദേഹങ്ങള്‍ക്കുള്ള ഉത്തരം തിരഞ്ഞു. എന്നാല്‍, എന്റെ ആത്മബോധത്തെ തൃപ്തിപ്പെടുത്തുന്ന ഗ്രന്ഥങ്ങളെല്ലാം ഒരു ഗുരുവിനെ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നു. യഥാര്‍ത്ഥ സാക്ഷാല്‍ക്കാരം ഗുരുവിലൂടെ ആണെന്ന് ഇന്നു ഞാന്‍ അറിയുന്നു. പക്ഷേ, എവിടെയാണ് മൗലാ ഞാന്‍  ഒരു ഗുരുവിനെ തിരയേണ്ടത് ?വഴിവാണിഭം പോലെ ഗുരുവാദികള്‍ വിളിച്ചുക്ഷണിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ ഗുരുവിനെ എങ്ങനെയാണ് തിരിച്ചറിയാനാവുക ?'ആശയക്കുഴപ്പത്തിലായ ഒരു ആത്മാനേഷി സങ്കടത്തോടെ മൗലായോട് ചോദിച്ചു. 

'ഒരു സാധകന്റെ അന്വേഷണവഴിയില്‍ ഏറ്റവും കഠിനമായതും ഏറ്റവും എളുപ്പമായതും ഒരു ഗുരുവിനെ കണ്ടെത്തുക എന്നതാണ്. 'മൗലാ മറുപടി പറഞ്ഞു തുടങ്ങി: ' കാരണം, ഒരാള്‍ എത്ര അന്വേഷിച്ചാലും ഒരു ഗുരുവിനെ കണ്ടെത്താന്‍ കഴിയുന്നതല്ല. അതേസമയം, അന്വേഷിക്കാതെ കണ്ടെത്താനുമാവില്ല. 'മൗലാ വിശദീകരിച്ചു:

'ഒരു ആത്മാന്വേഷിയുടെ അന്വേഷണം അവന്റെ അറിവുകളുടെയും വിശ്വാസങ്ങളുടെയും മാനദണ്ഡമനുസരിച്ച് മുന്നേറുന്നതാണ്. എന്നാല്‍, ഒരു യഥാര്‍ത്ഥ ഗുരു എല്ലാ മാനദണ്ഡങ്ങള്‍ക്കും അതീതനുമാണ്. അതുകൊണ്ടാണ് അന്വേഷിച്ചു കണ്ടെത്താനാവാത്തത്. അതേസമയം, അന്തരാത്മാവില്‍ നിന്ന് ഉറവയെടുക്കുന്ന ആത്മദാഹമായ് ഒരാളുടെ അന്വേഷണം പ്രവഹിച്ചു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് സാഗരത്തിലെത്തുക തന്നെ ചെയ്യും. 

യഥാര്‍ത്ഥ ദാഹിയെ തേടി ദാഹജലം വന്നണയുകയാണ് എന്ന് നമ്മുടെ ഹൃദയഗുരു റൂമി:

'ദാഹിക്കുന്നവന്‍ ദാഹജലം തേടി കണ്ടെത്തുകയാണെന്ന് നീ ധരിക്കുന്നു. 
എന്നാല്‍, എത്ര പരവശമായാണ് ദാഹജലം ദാഹിയെ 
തേടിച്ചെല്ലുന്നത് എന്നറിയാന്‍ നിന്റെ ഉള്‍ക്കണ്ണു തുറക്കണം '

ഒരു ശിഷ്യന്‍ ഒരിക്കലും ഒരു ഗുരുവിനെ കണ്ടെത്തുന്നില്ല. ഗുരു ശിഷ്യനിലേക്ക് വന്നണയുകയാണ്. ആത്മാന്വേഷണത്തിന്റെ വിമൂകമായ പാകപ്പെടലില്‍ വന്നു ചേരുന്നതാണത്. ക്ഷമയോടെ, സ്വാസ്ഥ്യത്തോടെ കാത്തിരിക്കുന്നവനിലേക്ക് സമയമാകുമ്പോള്‍ ഗുരു  വന്നെത്തുന്നു.

ശംസ് തബ്രീസ് പറഞ്ഞു:

'ക്ഷമയോടെ കാത്തിരിക്കുക എന്നത് വെറുതെ ഇരിയ്ക്കലല്ല. 
ആത്മദര്‍ശനത്തിന്റെ ഒരു ഇരിപ്പാണത്. 
മുള്ള് മുന്തി നില്‍ക്കുമ്പോഴും നിറഞ്ഞു വിരിയുന്ന പനിനീര്‍പ്പൂവിനെ കാണലാണത്. 
രാത്രി ഇരുണ്ടിരിക്കുമ്പോഴും സൂര്യോദയത്തെ തെളിഞ്ഞു കാണലാണ്. 
അത്രമേല്‍ ക്ഷമയുള്ളവരാണ് അനുരാഗികള്‍. അവര്‍ക്കറിയാം, 
പൂര്‍ണചന്ദ്രനായ് നിലാവല നിറയ്ക്കാന്‍ ചന്ദ്രികക്ക് സമയമെടുക്കുമെന്ന്.'

ഇത്രയും പറഞ്ഞു നിര്‍ത്തിയ മൗലാ, കുറച്ചു സമയത്തെ മൗനത്തിനു ശേഷം എന്തോ ഓര്‍മ്മ വന്ന പോലെ ഇങ്ങനെ തുടര്‍ന്നു:

'ആത്മാന്വേഷണ യാത്രയില്‍ അതീവ ജാഗ്രതയോടെ നില കൊള്ളേണ്ടതുണ്ട്. അതുകൊണ്ട്, രണ്ടു വിഭാഗം ഗുരുവാദികളെ അകറ്റിനിര്‍ത്തേണ്ടത് സാക്ഷാത്കാരം കാംക്ഷിക്കുന്ന സാധകന് അത്യന്താപേക്ഷിതമാണ്. സൂക്ഷിക്കേണ്ട രണ്ടു വിഭാഗം ഗുരുവാദികള്‍ ഇവരാണ്:

Guru1. പാരമ്പര്യ ഗുരുവാദികള്‍

പൂര്‍ണത പ്രാപിച്ച ഒരു ഗുരുവിന്റെ കാലശേഷം, ഗുരുവാദവുമായി പ്രത്യക്ഷപ്പെടുന്ന സന്തതികളും അവരുടെ പരമ്പരയുമാണ് ഇതില്‍ ഏറെ സൂക്ഷിക്കേണ്ട ഒരു വിഭാഗം. ഗുരുജന്മം ഒരിക്കലും പൈതൃകമായി കൈമാറ്റം ചെയ്യപ്പെടുന്നതല്ല എന്ന സത്യത്തെ ചിലര്‍ സ്വാര്‍ത്ഥ താല്പര്യത്തിനായി ബോധപൂര്‍വം മറച്ചുവെക്കുന്നു. അതേസമയം, സന്തതികളില്‍ പ്രകൃത്യാ ഗുരുപ്രാപ്തി കൈവരിച്ചവര്‍ ഉണ്ടാവുന്നതിനെ നിഷേധിക്കേണ്ടതുമില്ല. 

എന്നാല്‍ ഒരു ആത്മീയഗ്രൂപ്പില്‍ അംഗമായി, മന്ത്രദീക്ഷ സ്വീകരിച്ചു നല്ല അനുയായിയും ശിഷ്യനുമായി തുടരാന്‍ ജനിച്ചവര്‍ക്ക് ഇത്തരം ഗുരുക്കന്മാര്‍ മതിയായതുമാണ്. അതുപോലെ, പ്രവാചക പൈതൃകവും ഗുരു പൈതൃകവും ജന്മപാരമ്പര്യമാണെന്നു അവകാശപ്പെട്ടു ഗുരു ചമയുന്ന വാദക്കാരില്‍ നിന്നും അകലെയാവുക. അവര്‍ സാക്ഷാത്ക്കാരത്തിന്റെ വഴിയില്‍ നിന്ന് അതിവിദൂരതയിലാണ്. 

കാരണം, മാനവകുലത്തില്‍ അതിവൈവിധ്യം തീര്‍ത്ത നാഥന്‍, അതില്‍ ചമച്ച അപാരമായ സൗന്ദര്യദര്‍ശനത്തിന്റെ പ്രതിഫലനമായി സര്‍വ്വ സമൂഹങ്ങളിലും വിഭാഗങ്ങളിലും ഗുരുജന്മങ്ങള്‍ക്ക് പിറവി നല്‍കിയിട്ടുണ്ട്. ആ വിശുദ്ധ ഹൃദയങ്ങളിലൂടെയാണ് മാനുഷ്യകത്തെ എല്ലാ കാലത്തും ദൈവികതയിലേക്ക് വഴി നടത്തിയത്. 

മനുഷ്യന്‍ ഈ ഭൂമിയില്‍ ജന്മമെടുത്തത് മുതല്‍, എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലും പിറവി കൊള്ളുന്ന ഗുരുപരമ്പരയാണ് യഥാര്‍ത്ഥത്തില്‍ ആത്മഭവനത്തിന്റെ അവകാശികള്‍( അഹ്ലു ബൈത്ത്). ബ്രഹ്മത്തെ അറിഞ്ഞ യഥാര്‍ത്ഥ ബ്രാഹ്മണരും ഇതേ ഗുരുജന്മ പരമ്പര തന്നെയാണ്. ആയതിനാല്‍, യഥാര്‍ത്ഥ ഗുരുജന്മത്തെ വരിയ്ക്കാന്‍ പാരമ്പര്യ ഗുരുവാദികളില്‍ നിന്നും അകന്നുപോവുക. 

അതുപോലെ, ഒരു മഹാഗുരുവിന്റെ ശിഷ്യത്വത്തിലും സാമീപ്യത്തിലും കുറച്ചു കാലം കഴിഞ്ഞതിന്റെ പേരില്‍, തന്നെ പിന്‍ഗാമിയാക്കി എന്ന ഗുരുവാദവുമായി വരുന്നവരെയും വളരെ സൂക്ഷിക്കുക. ഉള്ളിലെ ഗുരു ഉണരാന്‍ ഗുരുപ്രകാശത്തിന്റ സാന്നിധ്യം സുനിശ്ചിതമാണ്. എന്നാല്‍,  നൂറ്റാണ്ടു കാലത്തെ ഒരു ഗുരുവിന്റെ സഹവാസമോ സാമീപ്യമോ മാത്രം കൊണ്ട് ഒരു ശിഷ്യനും ഗുരുവായി തീരുന്നില്ല എന്നതും  മറക്കരുത്. 

ആയതിനാല്‍, ഒരു യഥാര്‍ത്ഥ ഗുരുവിന്റെ ശിഷ്യത്വത്തിന്റെ പേരില്‍ മാത്രമായി ഗുരുവാദവുമായി വരുന്ന ആരും സാക്ഷാത്ക്കാരത്തിലേക്ക്  നയിക്കില്ല. ആത്മീയ അനുഭവങ്ങളും മന്ത്രദീക്ഷയും മതിയെങ്കില്‍ ഇത്തരം അഭിനവഗുരുക്കന്മാരും ധാരാളം. 

2. പൗരോഹിത്യ ഗുരുവാദികള്‍

ഏറെ സൂക്ഷിക്കേണ്ട മറ്റൊരു വിഭാഗമാണ് പൗരോഹിത്യ ഗുരുവാദികള്‍. ശരിയായ അന്വേഷകരെ വഴിയില്‍ കുരുക്കിയിടുന്നവരാണിവര്‍. പുരോഹിത നേതാവിനെയും വാഗ്മികളെയും ചില ഗുരുക്കന്മാരുടെ പ്രതിനിധികളായി വാഴിച്ചു വഴിയടയ്ക്കുന്നവരാണിവര്‍. പൗരോഹിത്യ അധികാരത്തിനും അധീശത്വത്തിനും മാറ്റു കൂട്ടാനായി, തികഞ്ഞ ഭൗതിക താല്‍പ്പര്യം മാത്രമായി അനുയായികളെ കബളിപ്പിക്കുന്നു  ഇത്തരം ഗുരുവാദികള്‍. 

ആധ്യാത്മികതയുടെ ഏറ്റവും അധമരൂപം പകര്‍ന്നു നല്‍കുന്നവരാണ് പുരോഹിതന്മാര്‍. ചില മന്ത്രജപങ്ങളിലും അനുഷ്ഠാനമുറകളിലും അനുയായികളെ കുടുക്കിയിടുക മാത്രമാണ് ഇവരുടെ ആത്മീയപരിശീലനമുറ (തര്‍ബിയത്ത് ).

പിന്നീട്, ചില രീതിയിലുള്ള പാരമ്പര്യ പൗരോഹിത്യ വേഷവും , പുരോഹിത ഭാഷയും  അവര്‍ സ്വയം വരിക്കുന്നു. എന്നാല്‍, വേഷത്തില്‍ കുരുങ്ങിയവര്‍ പില്‍ക്കാലത്ത്  തിരിച്ചറിവ് വന്നാലും സമൂഹത്തെ ഭയന്ന് കപടവേഷത്തില്‍ ജീവിയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നു. ആയതിനാല്‍, പൗരോഹിത്യ ആത്മീയതയുടെ ഏഴയലത്ത് പോലും സാക്ഷാത്ക്കാരം സാധ്യതയില്ലെന്നു തിരിച്ചറിയുക. ഈ രണ്ടു വിഭാഗത്തില്‍ നിന്നും വഴിമാറി ഗമിക്കുമ്പോള്‍ തന്നെ,  യഥാര്‍ത്ഥ വഴി തേടിയെത്തും. '

ഇത്രയും പറഞ്ഞു നിര്‍ത്തിയ മൗലായോട്, അവസാനമായി ഒരു സംശയം കൂടി അന്വേഷി ചോദിച്ചു: ' ബോധപ്രാപ്തി നേടിയ ഒരു ശിഷ്യനെയെങ്കിലും സൃഷ്ടിച്ച ഗുരു മാത്രമാണ് പൂര്‍ണത പ്രാപിച്ച ഗുരുവെന്നും, അല്ലാത്തവര്‍ ആചാര്യന്മാര്‍ മാത്രമാണെന്നും ഈയിടെ ഒരു സൂഫി  പറഞ്ഞുകേട്ടു. ഒരു ഗുരുവിനെ തിരിച്ചറിയാന്‍ ഇതാണോ ഏകവഴി? '

' ഇത് വളരെ യുക്തിഭദ്രമായ നിരീക്ഷണമാണ്. ഒരു സന്തതി ജനിക്കുമ്പോള്‍ മാത്രമാണ് ഒരു പുരുഷന്‍ പിതാവാകുന്നത് എന്നത് തന്നെയാണ് യാഥാര്‍ഥ്യം. പൂര്‍ണതയിലേക്ക് നയിക്കാന്‍ കഴിയുന്ന ഗുരുവിനെ മനസ്സിലാക്കാനുള്ള പ്രമാണം തന്നെ ആണിത്. എന്നാല്‍, പരമമായ ദര്‍ശനതലത്തില്‍ ഒരു ഗുരുജന്മത്തിനു ശിഷ്യനോ ഗുരുവോ പ്രത്യക്ഷത്തില്‍ അനിവാര്യമേ അല്ല. ഗുരു ഒരു ജന്മമാണ്. ആദ്യമേ ആയതാണ് (Being )ഗുരു; അല്ലാതെ ആയിക്കൊണ്ടിരിക്കുന്നതല്ല(Becoming).'

ഗുരുജന്മത്തെ കുറിച്ച് മൗലാ വിശദമായി സംസാരിച്ചു: ' ആധ്യാത്മ ലോകത്തു സൂര്യജന്മവും ചന്ദ്രജന്മവുമുണ്ട്. ഗുരുജന്മവും ശിഷ്യജന്മവും. ഒരു സവിശേഷ ജന്മമാണ് ഗുരു. കുറെ കാലം ശിഷ്യപ്പെട്ടു ആയിത്തീരുന്ന ഒരു പ്രക്രിയയല്ല അത്. 

എന്നാല്‍, ഗുരുപ്രഭാവത്തിന്റെ വാതില്‍ പുറത്തു നിന്ന് തുറക്കാന്‍ ഗുരുപരമ്പരയില്‍ നിന്ന് ആരെങ്കിലും വന്നെത്തിയേക്കാം എന്ന് മാത്രം. അതുകൊണ്ടാണ് പല മഹാഗുരുക്കന്മാരുടെയും ഗുരു ആരാണെന്നു ചരിത്രത്തില്‍ കണ്ടെത്താന്‍ കഴിയാതെ പോകുന്നത്. അതുപോലെ, ഗുരു ആയിത്തീരുക എന്ന ലക്ഷ്യത്തോടെ ആര്‍ക്കെങ്കിലും ശിഷ്യപ്പെടുന്നവന്‍ ഗുരുവോ ശിഷ്യനോ ആകുന്നുമില്ല. യഥാര്‍ത്ഥത്തില്‍, എല്ലാ പരമ്പരകള്‍ക്കും പാരമ്പര്യത്തിനും അതീതനാണ് ഗുരു. ബാക്കിയെല്ലാം കഥകള്‍ മാത്രം. ശിഷ്യമനസ്സിന്റെ ചെറുബോധ്യങ്ങള്‍ക്കായി ചേര്‍ത്തുവെക്കുന്നത്.'

ഒടുവില്‍ മൗലാ ഒരു ഉപമയിലൂടെ ഉപസംഹരിച്ചു: 'ഗായകത്വം ജന്മസിദ്ധമായി ലഭിച്ചവന് മാത്രമേ യഥാര്‍ത്ഥ ഗാനം ആലപിയ്ക്കാനാവൂ. പഠിച്ചു പരിശീലിച്ച് ആര്‍ക്കും ഒരു ഗായകനാവാന്‍ കഴിയില്ല. ജന്മസിദ്ധമായി തന്നെ ഗായകത്വം ഉണ്ടാവണം. പരിശീലനം കൊണ്ട് ആ സിദ്ധിയെ ഉണര്‍ത്തിയെടുക്കാനും പരിപോഷിപ്പിക്കാനും കഴിയുമെന്ന് മാത്രം.  അതുകൊണ്ടാണ് ഒരു മഹാഗായകനെ പാട്ടു പഠിപ്പിച്ചത് ആരാണെന്നു തിരയുന്നത് അത്രമേല്‍ അര്‍ത്ഥശൂന്യമാവുന്നത്. 

ആയതിനാല്‍, പുറമെയുള്ള എല്ലാ തിരച്ചിലുകളും അവസാനിപ്പിക്കുക. അനുരാഗതീവ്രമായ ക്ഷമയോടെ കാത്തിരിക്കുക.'
അവസാനമായി, ഗുരു ശംസ് തബ്രീസിന്റെ ഉപദേശം നല്‍കി മൗലാ  അന്വേഷിയെ യാത്രയാക്കി:

'വഴി എങ്ങോട്ട് നയിക്കുന്നു എന്നതിലല്ല നിന്റെ ശ്രദ്ധ പതിയേണ്ടത്. 
നീ നിന്റെ അടുത്ത പടവില്‍ മാത്രം ശ്രദ്ധയൂന്നുക. 
അവിടെ ജാഗ്രതയുടെ നിറവിലാവുക '