' സൂഫികള്‍ ദൈവത്തെ പ്രണയിക്കുന്നതിനെ കുറിച്ച് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍, എന്റെ മതപരവും ആത്മീയവുമായ അറിവ് വെച്ച് ഒരു മതവും ദൈവത്തെ പ്രണയിക്കാന്‍ പറഞ്ഞിട്ടില്ല. ദൈവസ്‌നേഹത്തെ കുറിച്ചും, ദൈവത്തെ ഭയപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നതിനെ കുറിച്ചുമാണ് മതങ്ങള്‍ പഠിപ്പിച്ചിട്ടുള്ളത്. സ്‌നേഹം എന്ന വാക്കില്‍ നിന്ന് വ്യത്യസ്തമായി പ്രേമം, പ്രണയം എന്നീ വാക്കുകളെല്ലാം ലൈംഗിക ആകര്‍ഷണവുമായി ചേര്‍ന്നുനില്‍ക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് ദൈവത്തോട് ചേര്‍ത്ത് പ്രേമത്തെയും പ്രണയത്തെയും പറയുക ? 

ചില സൂഫികളും, കൃഷ്ണഭക്തരായ കവികളുമാണ് ദൈവപ്രണയത്തെക്കുറിച്ച് കവിതയും ഗാനവും നൃത്തവുമെല്ലാം രചിച്ചതായി കാണുന്നത്. എന്റെ മതവീക്ഷണം പരമാവധി ദൈവത്തെ സ്‌നേഹിക്കാനേ പഠിപ്പിക്കുന്നുള്ളൂ. ഒരിക്കലും പ്രണയം ചേര്‍ത്തു ദൈവത്തെ പറയുന്നതിനോട് എനിക്ക് യോജിക്കാനാവുന്നില്ല. എന്നിട്ടും, എന്തുകൊണ്ട് സൂഫികള്‍ നിരന്തരം ദിവ്യപ്രണയത്തെ കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നു എന്നത് എനിക്ക് മനസ്സിലാകുന്നേയില്ല. അങ്ങയുടെ ഒരു വിശദീകരണം ഞാന്‍ ആശിക്കുന്നു.'

ഒരു സൂഫിഗുരുവിനൊപ്പം വര്‍ഷങ്ങളോളം സഹവസിച്ചു ജീവിച്ച ഒരു  ശിഷ്യന്‍ മൗലായോട് ആവശ്യപ്പെട്ടു. 

വളരെ സ്‌നേഹപൂര്‍വ്വം ചോദ്യം ശ്രവിച്ച മൗലാ ഒരു മൗനമന്ദഹാസത്തോടെ പറഞ്ഞു തുടങ്ങി:

' പല ഭാഷകളില്‍ പല വിധത്തിലാണ് സ്‌നേഹം എന്ന വാക്ക് പ്രയോഗിച്ചിരിക്കുന്നത്. എല്ലാ തലത്തിലുള്ള ആത്മബന്ധത്തെയും ഉള്‍ക്കൊണ്ടുള്ളതാണ് മലയാള ഭാഷയിലെ  സ്‌നേഹത്തിന്റെ  വ്യാപ്തി. നേഹം, നേയം, നെയ് തുടങ്ങിയ വാക്കുകളിലേക്ക് നിഷ്പത്തി നീണ്ടുപോകുന്ന സ്‌നേഹം എന്ന വാക്കിന് എണ്ണ എന്നര്‍ത്ഥമുണ്ട്. സ്‌നിഗ്ധമായി തഴുകുന്ന അനുഭവം പകരുന്നതാവാം വാക്കിന്റെ പൊരുള്‍. 

ഇംഗ്ലീഷില്‍ സ്‌നേഹത്തിന്റെ എല്ലാ വകഭേദങ്ങളെയും 'Love' എന്ന ഒറ്റ വാക്കില്‍ പറയുന്നു. സംസ്‌കൃതത്തിലെ ലോഭം (ഘലൗയവ) എന്ന വാക്കില്‍ നിന്ന് നിഷ്പദിച്ചതാണ് 'ഘീ്‌ല' എന്ന് ഭാഷാ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ദൈവസ്‌നേഹം മുതല്‍ കേവലമായ കൃത്രിമ സ്‌നേഹപ്രകടനങ്ങള്‍ക്ക് വരെ 'Love' എന്ന വാക്ക് മാത്രമാണ് ഇംഗ്ലീഷില്‍ പ്രയോഗത്തിലുള്ളത്. അതേസമയം സംസ്‌കൃത വേരുകളുള്ള മലയാള ഭാഷയില്‍, സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളെ പ്രകാശിപ്പിക്കാന്‍ അര്‍ത്ഥവ്യാപ്തിയുള്ള വൈവിധ്യമാര്‍ന്ന പദങ്ങള്‍ നിലവിലുണ്ട്. രാഗം, അനുരാഗം, പ്രേമം, പ്രണയം തുടങ്ങിയവയെല്ലാം  പല തലത്തിലും വിധത്തിലും ഭാഷയില്‍ പ്രയോഗിച്ചു വരുന്നു.'

ചെറിയ ആമുഖത്തിന് ശേഷം മൗലാ വിഷയത്തിലേക്ക് കടന്നു:

' ഇവിടെ സൂഫികള്‍ ദൈവത്തോട് ചേര്‍ത്ത് പ്രണയം എന്ന വാക്ക് ഉപയോഗിക്കുമ്പോള്‍ സൂഫീപ്രയോഗങ്ങളുടെ മൂലഭാഷകളായ അറബി, പേര്‍ഷ്യന്‍ ഭാഷാ സംസ്‌കൃതിയെയും, അതിന്റെ ആഴത്തിലുള്ള അര്‍ത്ഥതലങ്ങളെയും നാം മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ 'പ്രണയം' എന്ന വാക്ക് ദൈവത്തോട് ചേര്‍ത്തു പറയുന്നതിന്റെ പൊരുള്‍ നമുക്ക് ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. അറബി ഭാഷയില്‍ സാമാന്യമായി സ്‌നേഹത്തിനു ഉപയോഗിക്കുന്ന വാക്ക് 'ഹുബ്ബ് ' എന്നാണ്. 
ഇതില്‍ നിന്നാണ് 'മഹബ്ബത്ത്' എന്ന വാക്ക് വരുന്നത്. 

'ഹുബ്ബ്' എന്ന വാക്കിന്റെ നിഷ്പത്തിയിലേക്ക് ചെല്ലുമ്പോള്‍ 'ഹബ്ബ്' എന്ന വാക്ക് കാണാനാവും. 'ഹബ്ബ് ' എന്നാല്‍ വിത്ത് എന്നാണര്‍ത്ഥം. വിത്തായി (ഹബ്ബ് ) വിരിയുന്ന സ്‌നേഹം (ഹുബ്ബ് ) വിടര്‍ന്നു പുഷ്പിച്ചു മധു തൂകുമ്പോള്‍ ആണ് അവിടെ പ്രണയം ( ഇശ്ഖ് ) മൊട്ടിടുന്നത്. ഹൃദയബോധ്യം സിദ്ധിച്ച ദിവ്യാനുരാഗികള്‍ ദൈവത്തെ അതിശക്തമായി സ്‌നേഹിക്കുന്നവരാണ് (വല്ലദീന ആമനൂ അശദ്ദു ഹുബ്ബന്‍ ലില്ലാഹ്) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ ( 2:165 ) പറയുന്നത്. 

അവിടെ സ്‌നേഹം (ഹുബ്ബ് )എന്ന വാക്ക് ആ അനുഭവത്തിന്റെ പൂര്‍ണമായ അര്‍ത്ഥം ധ്വനിപ്പിക്കാതിരുന്നത് കൊണ്ടാണ് അതിശക്തമായ സ്‌നേഹം (അശദ്ദു ഹുബ്ബന്‍) എന്ന് പറഞ്ഞിരിക്കുന്നത്. ആ അതിശക്തമായ സ്‌നേഹത്തെ ആണ് സൂഫികള്‍ 'പ്രണയം' അഥവാ 'ഇശ്ഖ് ' എന്ന് പറഞ്ഞു ഹൃദയത്തില്‍ പ്രണയത്തിന്റെ ശ്രുതിരാഗങ്ങള്‍ മീട്ടുന്നത്.

ശാരീരികം, മാനസികം, ആത്മീയം എന്നീ മൂന്നു തലങ്ങളില്‍ സ്‌നേഹത്തെ അനുഭവിക്കാനാവും. എന്നാല്‍ ഈ മൂന്നു തലവും ഉള്‍ക്കൊള്ളുന്ന സ്‌നേഹപ്രകാശനമാണ് 'ഇശ്ഖ്' അഥവാ 'പ്രണയം' എന്ന വാക്കിന്റെ ചെപ്പില്‍ ഒതുക്കിവെച്ചിരിക്കുന്നത്. ശാരീരിക കാമനയോട് കൂടിയുള്ള സ്‌നേഹതാല്പര്യങ്ങളെ ആണ് സാമാന്യ ഭാഷയില്‍ പ്രണയം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ അത് ദൈവത്തോട് ചേര്‍ക്കുന്നത് ദൈവിക മഹത്വത്തെ ചെറുതാക്കുന്നു എന്നാണ് ചോദ്യത്തിന്റെ സാരം. 

എന്നാല്‍,  ആ ദേഹകാമനയുടെ പിറകിലെ യഥാര്‍ത്ഥ ലക്ഷ്യം ഒന്നായി അലിഞ്ഞുചേരാനുള്ള അദമ്യമായ അഭിലാഷമാണ്. അതിനേക്കാള്‍ ശക്തമായ ഹൃദയവാഞ്ഛയാണ് ഒരു സൂഫിക്ക് ദൈവത്തോടുള്ളത്. ദൈവികതയുടെ പൂര്‍ണ്ണപ്രകാശത്തില്‍ സ്വയം ഇല്ലാതായി, അലിഞ്ഞലിഞ്ഞു  ഒന്നാവാനുള്ള അദമ്യമായ ആഗ്രഹം ആണത്. യഥാര്‍ത്ഥത്തില്‍, ലൈംഗിക ചോദനക്ക് പിറകിലെ ആത്മീയരഹസ്യവും ആ ഏകത്വാനുഭവം പുല്‍കുക എന്നത് തന്നെയാണ്. വളരെ അപക്വമായ കാഴ്ചയില്‍ നില്‍ക്കുന്നവരാണ് പ്രണയാനുഭവത്തെ വെറും ലൈംഗിക ചേഷ്ടകളിലേക്ക് കുറച്ചു കാണിക്കുന്നത്. 

ദിവ്യമായ ഏകതയെ അനുഭവിക്കുന്നതാണ് ഒരു അനുരാഗിയുടെ സാധാരണ പ്രണയാനുഭവം പോലും. അതിന്റെ പരകോടിയാണ് ദൈവികാനുഭവത്തിന്റെ പ്രണയവഴിയില്‍ ഒരു സൂഫി അനുഭവിക്കുന്നത്.'

മൗലാ തുടര്‍ന്നു വിശദമാക്കി:

' ഈ പ്രണയബോധത്തില്‍ നിന്നാണ് സൂഫികള്‍ പ്രാപഞ്ചികവും ദൈവികവുമായ പ്രണയവഴികളെയെല്ലാം ഒരേ വാക്കില്‍ തന്നെ ഒളിച്ചുവെച്ചു മുത്തുപോല്‍ മൊഴിയുന്നത്. ലൗകിക പ്രണയത്തെ 'ഇശ്ഖേ മജാസി' എന്നാണ് സൂഫികള്‍ പറയുന്നത്. ദൈവിക പ്രണയത്തെ ' ഇശ്ഖേ ഹഖീഖി' എന്നും പറയുന്നു. പ്രവാചക പ്രണയത്തെ ' ഇശ്ഖേ റസൂല്‍ ' എന്നും ദിവ്യപ്രണയത്തെ 'ഇശ്ഖേ ഇലാഹീ' എന്നും പേര്‍ഷ്യന്‍, ഉര്‍ദു സാമാന്യ ഇടങ്ങളില്‍ പോലും സാര്‍വത്രികമായി പ്രയോഗിച്ചുവരുന്നു. 

ഒന്നു ചേര്‍ന്നലിയുക എന്നര്‍ത്ഥം വരുന്ന 'അശാഖ്' എന്ന വാക്കില്‍ നിന്നാണത്രെ 'ഇശ്ഖ് ' നിഷ്പദിച്ചത്. അറബി, പേര്‍ഷ്യന്‍, ഉര്‍ദു, ഹിന്ദി ഭാഷകളില്‍ മാത്രമല്ല ടര്‍ക്കിഷ്, ബംഗാളി, പഞ്ചാബി, സിന്ധി, ദാരി, പുഷ്തു, അസര്‍ബൈജാനി തുടങ്ങിയ ഭാഷകളിലെല്ലാം ചെറിയ വകഭേദങ്ങളോടെ പ്രണയം എന്ന അതേ അര്‍ത്ഥത്തില്‍ 'ഇശ്ഖ്' എന്ന വാക്ക് ഉപയോഗിക്കുന്നു. സൂഫികളുടെ വീക്ഷണത്തില്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ 'ഇശ്ഖ്'എന്ന വാക്ക് ദൈവത്തോട് മാത്രം ചേര്‍ത്തു വയ്ക്കാവുന്ന വാക്കാണ്. പ്രണയമെന്ന വാക്കും അതിന്റെ സാക്ഷാല്‍ക്കാരത്തില്‍ ദൈവികതയോട് മാത്രമാണ് ചേരുന്നത്. ബാക്കിയെല്ലാം അപൂര്‍ണ്ണ പ്രയോഗങ്ങള്‍ മാത്രം.'

ഇത്രയും പറഞ്ഞ ശേഷം മൗലാ ഹൃദയഗുരു റൂമിയുടെ ഒരു കവിതാശകലം ഉദ്ധരിച്ചു:

  'പ്രണയിക്കുകയെന്നാല്‍യഥാര്‍ത്ഥത്തില്‍ ദൈവത്തിലെത്തുക എന്നാണ്. '

മൗലാ ആ മനുഷ്യനെ സമീപത്തേക്ക് ചേര്‍ത്തു നിര്‍ത്തി ഇങ്ങനെ പറഞ്ഞു അവസാനിപ്പിച്ചു:

' വേദാന്ത സാരത്തിന്റെ അകവഴികളില്‍ പ്രവേശിച്ചാല്‍ വിശ്വപ്രേമത്തിന്റെ, പ്രേമസ്വരൂപനെ കാണാം. കൃഷ്ണബോധത്തില്‍ നൃത്തമായ്, ഗാനമായ് ദൈവികത പുണരുന്നവര്‍ക്ക് ആ മഹാലീലയുടെ പ്രണയകേന്ദ്രമാണ് പ്രപഞ്ചം. ക്രിസ്തീയ കാഴ്ചപ്പാടില്‍ ദൈവം സ്‌നേഹമാണ്. ആരാധനക്കര്‍ഹനായ ദൈവത്തെ അറിഞ്ഞനുഭവിച്ചവരാണ് ശക്തമായി ദൈവത്തെ സ്‌നേഹിക്കുന്നത് എന്നാണ് മുസ്ലിം കാഴ്ചപ്പാട്. 

വളരെ ഉപരിപ്ലവമായ മത കാഴ്ചപ്പാട് സ്വീകരിച്ചത് കൊണ്ടാണ് അതിനകമേ  മറഞ്ഞിരിക്കുന്ന പ്രണയമുത്തുകളെ സ്പര്‍ശിക്കാന്‍ കഴിയാതെ പോയത്. യാത്ര തുടര്‍ന്ന്, അനുഭവിച്ചറിഞ്ഞ, ജ്ഞാനികളായ  ഗുരുക്കന്മാരില്‍ നിന്നും ജ്ഞാനം നുകരുക. അവിടെ സ്‌നേഹജാലകങ്ങള്‍ക്കപ്പുറം പ്രണയപ്രകാശത്തിന്റെ ആകാശങ്ങളെ അനുഭവിച്ചറിയാനാവും.'

തുടര്‍ന്ന് സൂഫീഗുരു ഉമറുല്‍ ഖാഹിരിയുടെ ഒരു അറബി കാവ്യശകലം ഈണത്തില്‍ പാടിക്കൊണ്ടിരുന്നു മൗലാ:

' ഹുബ്ബു ഹിബ്ബീ ഹബ്ബതുന്‍ ഫീ ലുബ്ബി ഖല്‍ബീ അംബതത്... 

എന്റെ ഹൃദയത്തിന്‍ 
ആത്മസത്തയില്‍ 
മുളച്ചുവരുന്ന 
ഒരു വിത്താണ്
എന്റെ സ്‌നേഹഭാജനത്തോടുള്ള 
എന്റെ സ്‌നേഹം.. '

Content Highlights: love,Faith and god  Sufi chinthakal